വീട്ടമ്മയാവുന്ന ആൺമീനുകൾ, മറ്റാരും ഇണചേരാതിരിക്കാൻ സ്വയം വലുതാവാൻ നോക്കും

കോമാളിമത്സ്യങ്ങളുടെ (clownfish) കുടുംബഘടനയ്ക്കൊരു പ്രത്യേകതയുണ്ട്. അവിടെ വീട്ടമ്മമാർക്കാണ് ആധിപത്യം. കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ള പെൺമത്സ്യമായിരിക്കും ഈ വീട്ടമ്മ (ആണിനേക്കാൾ മൂന്നോ നാലോ ഇരട്ടി വലിപ്പം). ഓരോ സീ അനിമോണിനെയും ചുറ്റിപ്പറ്റിയാണ് ക്ലൗൺഫിഷുകൾ ഓരോ കുടുംബമുണ്ടാക്കുന്നത്. അവിടെത്തീർന്നില്ല, അടിമുടി അദ്ഭുതങ്ങളാണ് ക്ലൗൺ മത്സ്യങ്ങളുടെ ലോകത്ത് നടക്കുന്നത്.
കൂട്ടത്തിലെ രണ്ടാമത് വലിപ്പമുള്ളതും ഏറ്റവും ഊർജ്ജസ്വലനുമായ ആൺ മത്സ്യവുമായി മാത്രമേ ഈ പെൺമത്സ്യം ഇണചേരൂ. തിരിച്ചും അങ്ങനെതന്നെ. ഏറ്റവും വലിയ പെൺമത്സ്യവുമായി മാത്രമേ വലിപ്പത്തിൽ രണ്ടാമത് നിൽക്കുന്ന ആൺമത്സ്യം ഇണചേരൂ. സമൂഹത്തിന്റെ ബാക്കിയുള്ളവർ ലൈംഗികമായി പക്വതയില്ലാത്ത ആൺ മത്സ്യങ്ങളായിരിക്കും.
ജനിക്കുക ആണായി
എല്ലാ ക്ലൗൺ ഫിഷുകളും ആണായിട്ടാണ് ജനിക്കുന്നതെന്നതാണ് മറ്റൊരു സത്യം. പക്ഷേ, എപ്പോൾ വേണമെങ്കിലും അവർക്ക് പെണ്ണായി മാറാനാവും. ഉന്നതസ്ഥാനത്തുള്ള സ്ത്രീ മരിക്കുമ്പോൾ, രണ്ടാമത്തെ വലിപ്പമുള്ള ആൺ മത്സ്യം പെണ്ണായിമാറാനുള്ള ശ്രമം തുടങ്ങും. പതുക്കെ ഭാരം കൂട്ടും. ശാരീരികമായും ഹോർമോണലായുമുള്ള മാറ്റങ്ങളിലൂടെ സ്ത്രീയായി മാറുകയും ചെയ്യും. സ്ത്രീയായിക്കഴിഞ്ഞാൽ കൂട്ടത്തിലെ അടുത്ത വലിപ്പമുള്ള പുരുഷനായിരിക്കും ഇണ.
അതേസമയം, പ്രത്യുത്പാദനത്തിന് തയ്യാറെടുക്കുന്ന ആൺ മത്സ്യം മറ്റ് യുവ മത്സ്യങ്ങളുടെ വളർച്ചയെ തടയും. ഏറ്റവും വലിയ ഭക്ഷണം പിടിച്ചെടുത്തും മറ്റും വലിപ്പവും ആധിപത്യവും നിലനിർത്താനും ശ്രമിക്കും. മറ്റുള്ളവർ രാജ്ഞിയുമായി ഇണചേരാൻ യോഗ്യത നേടാതിരിക്കാനും തന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണത്.
പെണ്ണായി മാറിയ ക്ലൗൺഫിഷ് കൂട്ടത്തിൽ ഏറ്റവും ശക്തയായിരിക്കുമെങ്കിലും ഇണയെ കണ്ടെത്താൻ ദൂരെ പോകാൻ മിനക്കെടാറില്ല. ശത്രുക്കളുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നതിനാൽ സ്വന്തം അനിമോണിനുള്ളിൽ നിന്നാണ് പങ്കാളിയെ കണ്ടെത്തുക.
മത്സ്യങ്ങൾക്ക്, സ്ത്രീ എത്ര വലുതാണോ അത്രയധികം മുട്ടകൾ ഇടാനാവും. അതുകൊണ്ടു തന്നെ കൂടുതൽ വലിപ്പം വെക്കുന്നതിലൂടെ ക്ലൗൺഫിഷുകൾക്ക് പ്രജനനശേഷി വർധിക്കുന്നു. അതേസമയം, മുട്ടകൾ പരിപാലിക്കാനുള്ള ചുമതല പുരുഷനും സ്ത്രീയും ഊഴംവെച്ച് ചെയ്യും. അത് വലിയൊരു ദൗത്യമായതിനാൽ പങ്കാളികളിരുവരും ശക്തരായിരിക്കണം, ഇവർ പരസ്പരം ആശ്രയിക്കുകയും ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clownfish are protandrous hermaphrodites, born male and capable of transitioning to female., The largest, most dominant individual in a group is always female., Dominant males suppress the growth of younger males to protect their mating status., Gender transition occurs when the dominant female dies, triggered by hormonal and physical changes., Both parents share the responsibility of guarding and caring for eggs.