സ്‌കൂള്‍ബസിന്റെ വലിപ്പമുള്ള ക്രോണോസോറസ്; ഇതെന്ത് ജീവി?

നിലവില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ഉരഗമാണ് സാള്‍ട്ട് വാട്ടര്‍ ക്രോക്കോഡൈല്‍. ഉപ്പുവെള്ളത്തില്‍ താമസിക്കുന്ന ഈ മുതലകള്‍ക്ക് ഏകദേശം ആറുമീറ്റര്‍ വരെ നീളവും 1000 കിലോ ഭാരവും ഉണ്ടാകും. എന്നാല്‍ ഓസ്ട്രേലിയയില്‍ കുഴിച്ചെടുത്ത ക്രോണോസോറസ് ക്വീന്‍സ് ലാന്‍ഡിക്കസ് എന്ന ഉരഗത്തിന്റെ താടിയെല്ലിന് മാത്രം 1.6 മീറ്റര്‍ നീളമുണ്ട്. ഭീമാകാരനായ ക്രോണോസോറസാണ് ഇപ്പോള്‍ ചര്‍ച്ച.
1924-ല്‍ ഹെബര്‍ ലോങ്മാനാണ് ഇവയ്ക്ക് ക്രോണോസോറസ് എന്ന പേരിട്ടത്. ക്വീന്‍സ്ലാന്‍ഡിക്കസില്‍ നിന്ന് കണ്ടെടുത്ത താടിയെല്ലിന്റെ അവശിഷ്ടത്തില്‍ നിന്നാണ് ക്രോണോസോറസിനെക്കുറിച്ച് ലോകം അറിയുന്നത്. 1932-ല്‍ ഇവയുടെ മുഴുവന്‍ അസ്ഥികൂടവും കണ്ടെത്തി ഹാര്‍വാഡ് മ്യൂസിയത്തിലേക്ക് അയച്ചു. അവിടെ പ്രദര്‍ശിപ്പിച്ച അസ്ഥികൂടത്തിന് 'പ്ലാസ്റ്റെറോസോറസ്' എന്ന വിളിപ്പേര് ലഭിച്ചു. പിന്നീടുള്ള പഠനങ്ങളിലാണ് ക്രോണോസോറസ് എന്ന കൂറ്റന്‍ ഉരഗത്തെക്കുറിച്ചുള്ള കഥ പുറത്തുവരുന്നത്.
ചരിത്രാതീത കാലഘട്ടത്തില്‍ കടലിലൂടെ സഞ്ചരിക്കുന്ന ഭീമാകാരനായിരുന്നു ക്രോണോസോറസ് ക്വീന്‍സ്ലാന്‍ഡിക്കസ് എന്ന ഉരഗം. ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ തുടക്കത്തില്‍, മധ്യ ഓസ്ട്രേലിയയുടെ ഭൂരിഭാഗവും എറോമാംഗ കടലിനാല്‍ മൂടപ്പെട്ടിരുന്നു. ഇന്ന് സാള്‍ട്ട് വാട്ടര്‍ ക്രോക്കോഡൈലുകൾ ആധിപത്യം പുലര്‍ത്തുന്നതുപോലെ ക്രോണോസോറസും ഈ ജലാശയങ്ങളുടെ തലവന്മാരായിരുന്നു. സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള പേടിതോന്നിപ്പിക്കുന്ന ഇവയ്ക്ക് ഏകദേശം 9 മുതല്‍ 11 മീറ്റര്‍ വരെ (30-36 അടി) നീളമുണ്ടായിരുന്നെന്ന് കണക്കാക്കപ്പെടുന്നു. 2.2 മുതല്‍ 2.85 മീറ്റര്‍ വരെ നീളമുള്ള തലയോട്ടിയാണ് ഇവയുടെ മറ്റൊരു പ്രത്യേകത. സാധാരണ മുതലകളുടെ ഇരട്ടി ശക്തിയുള്ള പല്ലുകള്‍ ത്രികോണാകൃതിയിലുള്ളതും 30 സെന്റീമീറ്റര്‍ വരെ നീളമുള്ളതുമായിരുന്നു. വലിയ ശരീരത്തോടുകൂടിയ ക്രോണോസോറസിന് നാല് ഫ്‌ലിപ്പറുകളാണുള്ളത്.
പ്ലീസിയോസറുകളുടെ ഫോസിലുകളില്‍ നിന്ന് കൂറ്റന്‍ പല്ലുകളുടെ അടയാളങ്ങള്‍ കണ്ടെത്തിയതോടെ ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ കണ്ടെത്താനായി.
കണവ, അമോണൈറ്റുകള്‍, ആമകള്‍ തുടങ്ങി പ്ലീസിയോസറുകള്‍ പോലുള്ള മറ്റ് ഉരഗങ്ങള്‍ വരെ ഇവരുടെ ഇരകളായിരുന്നു. പാലിയന്റോളജിസ്റ്റുകള്‍ക്ക് ക്രോണോസോറസ് ചരിത്രാതീത കാലത്തേക്കുള്ള വാതിലാണ് തുറന്നുകൊടുത്തത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: discover the gigantic Chronosaurus, a prehistoric marine reptile the size of a school bus