ക്രിസ്മസിന് അവർ ഹോളിബെറികൾ പറിച്ചെടുക്കും, അലങ്കാരങ്ങൾക്ക് മാറ്റുകൂടും

ക്രിസ്മസ് മരങ്ങളിൽ കോർത്തുവെക്കുന്ന ചുവന്നുതുടുത്ത ഹോളി ബെറികൾക്ക് എന്തൊരു അഴകാണല്ലേ.. നമ്മുടെ കൈയിലെത്തുന്ന പ്ലാസ്റ്റിക്കിലും ക്ലേയിലുമൊക്കെയുണ്ടാക്കിയ പ്രതീകാത്മക ബെറികളുടെ ഒറിജിനൽ യൂറോപ്പിലും വടക്കേ അമേരിക്കയിലുമൊക്കെ വളരുന്ന ഹോളി ബെറിയാണ്. ഹോളി ട്രീയെന്ന മരത്തിലുണ്ടാകുന്ന ബെറികൾ. ഹോളിബെറികൾ പറിച്ചുകൊണ്ടുവന്ന് ക്രിസ്മസ് അലങ്കാരങ്ങൾക്കൊപ്പം ചേർത്തുവെക്കുന്ന ശീലം പല രാജ്യങ്ങളിലും ഇന്നും തുടരുന്നുണ്ട്. ചിലയിടങ്ങളിൽ കൃത്രിമബെറികൾ ഇടംപിടിച്ചെങ്കിലും പരമ്പരാഗതരീതികൾ തുടരുന്നവർ ധാരാളം.
മനോഹരമായ അലങ്കാരത്തിനപ്പുറം അതിന് ഒരുപാട് കഥകളുണ്ട്. യൂറോപ്പിലും വടക്കേ അമേരിക്കയിലും പശ്ചിമേഷ്യയിലുമെല്ലാം ധാരാളമായി ഈ മരങ്ങൾ കാണാം. കൂർത്ത മുള്ളുപോലുള്ള ഇലകളാണിവയ്ക്ക്. മിക്ക സസ്യങ്ങൾക്കും ഇലകൾക്കും നിറം നഷ്ടപ്പെടുന്ന ശീതകാലത്ത് ഹോളിബെറികൾ ഊർജ്ജസ്വലതയോടെ വേറിട്ടുനിൽക്കും.
ക്രിസ്തുമതത്തിൽ, കുരിശുമരണം സംഭവിച്ച ദിവസം യേശു കുരിശിൽ ചിന്തിയ രക്തത്തെ ചുവന്ന ബെറികളോട് ഉപമിക്കാറുണ്ട്. ഹോളിയുടെ കൂർത്ത ഇലകൾ യേശുവിൻറ മുൾക്കിരീടത്തിന്റെ പ്രതീകമായും കണക്കാക്കുന്നു.
കാലക്രമേണ, ഈ വിശ്വാസം ബെറിയെ ക്രിസ്മസ് അലങ്കാരങ്ങളുടെയും ആചാരങ്ങളുടെയും ഒരു പ്രധാന ഭാഗമാക്കി മാറ്റി.
നൂറ്റാണ്ടുകളായി വീടുകൾ, ക്രിസ്മസ് റീത്തുകൾ, ട്രീകൾ, ഉത്സവകാലത്തെ മാലകൾ എന്നിവ അലങ്കരിക്കാൻ ഹോളി ബെറി ഉപയോഗിച്ചുവരുന്നു. ഇതിന്റെ കടുംപച്ചയിലകൾ അനശ്വരമായ ജീവിതത്തെയും പ്രത്യാശയെയും നവീകരണത്തെയും പ്രതിനിധീകരിക്കുമ്പോൾ, ബെറികൾ സ്നേഹം, സന്തോഷം, ക്രിസ്മസ് ചൈതന്യത്തിന്റെ ഊഷ്മളത എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഹോളി ബെറികൾ കാണാൻ ആകർഷകമാണെങ്കിലും അത് കഴിക്കാൻ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്. വിഷാംശമുള്ളതിനാൽ അകത്തുചെന്നാൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്.
ക്രിസ്തുമതത്തിന് മുമ്പ് തന്നെ ഈ ബെറികൾക്ക് മതപരമായ പ്രാധാന്യമുണ്ടായിരുന്നെന്നും ചില രേഖകളിൽ പറയുന്നു. ഹോളി ബെറിയുടെ ഉത്ഭവം വടക്കേ യൂറോപ്പിൽ നിന്നാണെന്നാണ് കരുതുന്നത്. പഗോഡകളാണ് (പാഗൻ മതവിശ്വാസികൾ) ഇതിനെ വളരെ പ്രാധാന്യമുള്ള ഒരു ചെടിയായി ആദ്യം ആഘോഷിച്ചതത്രേ. ഫലപുഷ്ടിയുടെ പ്രതീകമായാണവർ ഹോളിയെ കണക്കാക്കിയത്. കൂടാതെ ദുരാത്മാക്കൾ, മന്ത്രവാദികൾ, ദൗർഭാഗ്യം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. വാതിലുകളിലും ജനലുകളിലും വീടിന്റെ മുൻവശവും ഇവകൊണ്ട് അലങ്കരിക്കുമായിരുന്നു. റോമാക്കാരും പവിത്രമായ ചെടിയായി ഹോളിയെ കണ്ടു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Holly berries are a classic symbol of Christmas decorations and winter charm., Evergreen leaves represent everlasting life, while red berries symbolize joy and love