'മോഹൻലാലിന് പോലും, ഐശ്വര്യയെ ഒഴികെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല': ബൃന്ദാ മാസ്റ്റർ

ഇന്ന് സിനിമാലോകത്തെ ഏറ്റവും പ്രശസ്തരായ കൊറിയോഗ്രാഫർമാരിലൊരാളാണ് ബൃന്ദാ മാസ്റ്റർ. ഒട്ടേറെ സിനിമകളിൽ സഹായിയായി പ്രവർത്തിച്ച അവർ, ആദ്യമായി കൊറിയോഗ്രഫി ചെയ്ത ചിത്രമാണ് 'ഇരുവർ'. മണിരത്‌നം സംവിധാനവും തിരക്കഥാരചനയും നിർവഹിച്ച സിനിമയിൽ മോഹൻലാൽ, ഐശ്വര്യ റായ്, പ്രകാശ് രാജ്, തബു, രേവതി തുടങ്ങിയവരാണ് അഭിനയിച്ചത്. അതുകഴിഞ്ഞ് മണിരത്‌നത്തിന്റെ തന്നെ 'ഗുരു' എന്ന സിനിമയ്ക്ക് ബൃന്ദാ മാസ്റ്റർ തന്നെയാണ് കൊറിയോഗ്രഫി ചെയ്തത്.
തന്റെ സിനിമകളിലെ ഗാനരംഗങ്ങളിലെല്ലാം അതിമനോഹരമായി നൃത്തം ചെയ്യുന്ന താരമാണ് ഐശ്വര്യ റായ്. സിനിമകൾക്കായി ഐശ്വര്യയ്‌ക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പറയുകയാണ് ബൃന്ദാ മാസ്റ്റർ. ''ഗുരു എന്ന സിനിമയിൽ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ തുടങ്ങിയ അഭിനേതാക്കൾ ഉണ്ടായിരുന്നത് വലിയൊരു അനുഗ്രഹമായിരുന്നു. ഞാൻ സ്വതന്ത്രമായി നൃത്തസംവിധാനം ചെയ്തത് ഇരുവർ എന്ന സിനിമയിലായിരുന്നു. അതുകൊണ്ടാവാം ഇന്നും നർത്തകി എന്ന നിലയിൽ ഞാൻ ഐശ്വര്യയുടെ വലിയൊരു ആരാധികയാണ്. അവർക്ക് എല്ലാ നൃത്തരൂപങ്ങളുമറിയാം. വളരെ സുന്ദരിയാണ് ഐശ്വര്യ. അത്രയും തന്നെ സമർപ്പിതയുമായതിനാൽ നൃത്തം ചെയ്യുമ്പോൾ അവർ ഏറ്റവും മികച്ചത് തന്നെ കൊണ്ടുവരും''.
ഐശ്വര്യയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും അവർ ഓർക്കുന്നു. അത് ഐശ്വര്യ ലോകസുന്ദരിപ്പട്ടം (Miss World Title) നേടുന്നതിനും മുമ്പായിരുന്നു. ''ഒരു ഫിലിംഫെയർ അവാർഡ്ദാനച്ചടങ്ങിൽ പെർഫോം ചെയ്യുമ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. അന്ന് മിസ് വേൾഡ് ആയിട്ടില്ല ഐശ്വര്യ. ആ സമയത്ത് അവരൊരു പരസ്യം ചെയ്തിരുന്നു. ആ പരസ്യത്തിലൂടെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിരുന്നു താരം. അന്ന് എനിക്കൊപ്പം നൃത്തം ചെയ്യാൻ വന്ന ആൺകുട്ടികൾക്കെല്ലാം ഐശ്വര്യയോട് ആരാധനയായിരുന്നു. റിഹേഴ്‌സൽ നടത്തുമ്പോൾ ഐശ്വര്യ എന്റെയടുത്തുവന്ന് പറഞ്ഞു, 'നിങ്ങൾ വളരെ നന്നായി നൃത്തം ചെയ്തു'. എനിക്ക് വളരെ സന്തോഷമായി. അതുകേട്ട എല്ലാ ആൺകുട്ടികൾക്കും എന്നോട് അസൂയ തോന്നി, 'ഓ, മാസ്റ്റർ, അവൾ നിങ്ങളെ പ്രശംസിച്ചു. അവൾ ഞങ്ങളെ നോക്കുക പോലും ചെയ്തില്ല' എന്ന് അവരെന്നോട് പറഞ്ഞു''.
അതിനുശേഷവും വളരെ മനോഹരമായ ബന്ധമായിരുന്നു തങ്ങൾ തമ്മിലുണ്ടായിരുന്നതെന്നും ബൃന്ദാ മാസ്റ്റർ വെളിപ്പെടുത്തുന്നു. 'ഇരുവറി'ലെ 'കണ്ണെ കട്ടിക്കൊല്ലാതെ' (Kannai Kattikolathey) എന്ന ഗാനചിത്രീകരണം തനിക്ക് മറക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. ''ഒരിക്കൽ ഗാനചിത്രീകരണം വെച്ചത് പുലർച്ചെ 5 മണിക്കാണ്. ഐശ്വര്യ അതിനും മുന്നേ എഴുന്നേറ്റ് റെഡിയായി സെറ്റിലെത്തി. എന്നിട്ട് തമിഴിൽ പറഞ്ഞു, 'അയ്യോ, അയ്യോ, നിങ്ങൾ എന്നെ ഇങ്ങനെ പീഡിപ്പിക്കുകയാണോ?' പക്ഷേ എന്നിട്ടും ആ ഗാനരംഗത്തിൽ ഐശ്വര്യയുടെ നൃത്തം അത്ര മനോഹരമായിരുന്നു. എല്ലാ ആൺകുട്ടികൾക്കും, മോഹൻലാലിന് പോലും, ഐശ്വര്യയെ ഒഴികെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. അത്ര ഭംഗിയായിരുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Choreographer Brinda Master reveals her unforgettable experiences working with Aishwarya Rai, especially on the film `Iruvar`