കാലിഫോർണിയയിലെ കാട്ടുപന്നികളുടെ മാംസത്തിന് നീലനിറം, അത്ഭുതമല്ല, സംഭവിച്ചത് ഇതാണ്

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

കാലിഫോർണിയയിൽ ഇലക്ട്രിക് ബ്ലൂ നിറമുള്ള മാംസത്തോടുകൂടിയ പന്നികളുണ്ടെന്ന് വേട്ടക്കാർ പറയാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. പക്ഷേ, ഇക്കൊല്ലം ഫെബ്രുവരിയിൽ മാത്രമാണ് ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു പരിശോധന നടക്കുന്നത്. കാട്ടുപന്നിയുടെ മാംസം മുറിച്ചുനോക്കിയപ്പോൾ പേശികൾക്കും ശരീരത്തിലെ കൊഴുപ്പിനും വരെ നീലനിറം കണ്ട വേട്ടക്കാർ അറിയിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. ഡൈഫാസിനോൺ എന്ന എലിവിഷത്തിലെ നീലചായത്തിൽ നിന്നാണ് പന്നികളുടെ ശരീരത്തിലേക്ക് ഈ നിറം വന്നതെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.

ഇക്കാര്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ വേട്ടക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലിഫോർണിയ വന്യജീവി വകുപ്പ്. കാലിഫോർണിയയിൽ ഡൈഫാസിനോൺ ഒരു നിയന്ത്രിത വിഷമാണ്. എലിയടക്കമുള്ള കീടങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ളത്. രക്തം കട്ടപിടിക്കുന്നത് തടയുന്ന ഈ വിഷം കർശനമായി നിയന്ത്രിക്കുമ്പോഴും പൂർണമായി നിരോധിച്ചിട്ടില്ല. എലികളെയും അണ്ണാനെയും കൊല്ലാൻ വെക്കുന്ന വിഷം പലപ്പോഴും കഴുകന്മാരും കറുത്ത കരടികളും ബോബ്ക്യാറ്റുകളും കഴിക്കാനും ജീവൻ നഷ്ടമാകാനും കാരണമാവാറുണ്ട്.

വലിയ അളവിൽ ഉള്ളിൽച്ചെന്നാൽ, ഡൈഫാസിനോൺ മനുഷ്യരിലും മറ്റ് സസ്തനികളിലും കഠിനമായ രക്തസ്രാവത്തിന് കാരണമാകും, ഇത് ഒടുവിൽ മരണത്തിലേക്ക് നയിച്ചേക്കാം. പാചകം ചെയ്താലും ഇതിലെ വിഷാംശം ഇല്ലാതാവില്ല.

വർഷങ്ങൾക്കുമുമ്പ് കാലിഫോർണിയയിലെ തന്നെ ഒരു കാട്ടുപന്നി കോബാൾട്ട് നിറമുള്ള കൊഴുപ്പിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2021-ൽ സാൻ ഫ്രാൻസിസ്കോ ബേ മേഖലയിലെ ഒരു കൂട്ടം വാത്തകളുടെ ആന്തരികാവയവങ്ങൾ നീലനിറത്തിൽ കണ്ടെത്തിയിരുന്നു.

എലികളെ കൊല്ലാനാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെങ്കിലും, അവ നേരിട്ട് കഴിക്കുന്നതിലൂടെയോ വിഷമേറ്റ മൃഗങ്ങളെ കഴിക്കുന്നതിലൂടെയോ മറ്റ് മൃഗങ്ങൾക്കും ഈ വിഷം ഹാനികരമാകും. വിഷമാണെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് പലപ്പോഴും നിറമുള്ള ചായങ്ങൾ അതിൽ ചേർക്കുന്നത്. കാട്ടുപന്നി, മാൻ, കരടി, വാത്ത തുടങ്ങിയുടെ ശരീരത്തിൽ നീലനിറമുണ്ടെങ്കിൽ ആ മാംസം കഴിക്കരുതെന്ന് നായാട്ടുകാർക്ക് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hunters warned after blue-tinged pig found with rodent poison. Diphacinone contamination poses risks to wildlife and humans.