യൂറോപ്പിന്റെ ജനസംഖ്യ പകുതിയാക്കിയ പ്‌ളേഗിന് പിന്നില്‍ ജൂതന്മാരെന്ന് ആരോപിച്ച് അവരെ ചുട്ടുകൊന്നു

ലണ്ടനിലെ പ്ളേഗ് ബാധിതരുടെ കൂട്ട ശ്‌മശാനം(Getty Images)
ലണ്ടനിലെ പ്ളേഗ് ബാധിതരുടെ കൂട്ട ശ്‌മശാനം(Getty Images)

സാങ്കേതികവിദ്യ മനുഷ്യനെ നിര്‍മിതബുദ്ധിയിലും ചൊവ്വയിലും സൂര്യന് തൊട്ടടുത്തും വരെ കൊണ്ടെത്തിച്ച കാലത്താണ് ഒരു വൈറസ് ലോകത്തെ ചുമരുകള്‍ക്കുള്ളിലാക്കിയത്. മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് പ്രകൃതി ഓര്‍മിപ്പിച്ചത് പോലെയാണ് കോവിഡ് വന്നുപോയത്. ആഢ്യനും ദരിദ്രനും മുതലാളിയും തൊഴിലാളിയും വെളുത്തവനും കറുത്തവനുമെല്ലാം ഒരുപോലെ പേടിച്ചരണ്ട ലോക്ഡൗണ്‍ കാലം.

ഇതിനേക്കാള്‍ ഭീകരമായി ലോകത്തെ വിറപ്പിച്ച പാന്‍ഡെമിക് ഉണ്ടായിട്ടുണ്ട്. യൂറോപ്പിന്റെ ജനസംഖ്യ പകുതിയാക്കിയ പാന്‍ഡെമിക്. കറുത്ത മരണം അഥവാ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന ബ്യൂബോണിക് പ്‌ളേഗ്. 1346-53 വര്‍ഷങ്ങളില്‍ യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ മരണം 50 മില്യണിലധികം ജീവനെടുത്തു.

കോവിഡിന്റെ തുടക്കം ചൈനയിലായിരുന്നല്ലോ. പ്‌ളേഗിന്റെ രോഗാണുക്കള്‍ വന്നതും ചൈനയില്‍ നിന്ന് തന്നെയായിരുന്നു. ചരക്കുകപ്പല്‍ വഴി രോഗാണു മെഡിറ്ററേനിയന്‍ തീരത്തെത്തി. ആഫ്രിക്കന്‍ വന്‍കരയില്‍ പടര്‍ന്ന പ്‌ളേഗ് പിന്നെ യൂറോപ്പിലേക്കും കടന്നു. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ഹങ്കറി, ഓസ്ട്രിയ, ജര്‍മനി, ബ്രിട്ടന്‍... അതങ്ങനെ പടര്‍ന്നുപിടിച്ചു.

ഫ്ലോറൻസിലെ പ്ളേഗ് ആംബുലൻസ്(Getty Images)

ജനങ്ങള്‍ തിങ്ങിക്കൂടിയ നഗരങ്ങളെയാണ് പ്‌ളേഗ് കൂടുതല്‍ ബാധിച്ചത്. പ്രഭുക്കന്മാരും മതനേതാക്കളും മരിച്ചു. രാജകുടുംബങ്ങള്‍ പോലും മരണത്തിനു കീഴടങ്ങി. പല കുടുംബങ്ങളും ഇല്ലാതായി. ചില പ്രദേശങ്ങളിലെ മുഴുവന്‍ താമസക്കാരും പ്‌ളേഗ് ബാധിച്ചു മരിച്ചു. 

കാന്റര്‍ബറിയിലെ രണ്ട് ആര്‍ച്ബിഷപ്പുമാര്‍ പ്‌ളേഗ് ബാധിച്ച് മരണപ്പെട്ടതോടെ ആളുകളില്‍ മതവിശ്വാസം കുറഞ്ഞു. പരിഭ്രാന്തരായ ജനം മന്ത്രവാദത്തിലും ആഭിചാരത്തിലും ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. ജൂതന്മാരാണ് പ്‌ളേഗ് ബാധ പടര്‍ത്തുന്നതെന്ന് ആരോപിച്ച ഒരു കൂട്ടര്‍ ജൂതസമൂഹത്തെ വേട്ടയാടാന്‍ തുടങ്ങി. ജൂതരെ കൂട്ടമായി ചുട്ടുകൊന്ന സംഭവങ്ങളുണ്ടായി. 

മേലാകെ വേദനിപ്പിക്കുന്ന തടിപ്പുകള്‍ ഉയരുന്നതും അതില്‍ നിന്ന് പഴുപ്പും രക്തവും ഒലിക്കുന്നതുമാണ് ആദ്യ ലക്ഷണം. പിന്നെ കടുത്ത പനി. വൈകാതെ രോഗി രക്തം ഛര്‍ദിച്ച് തുടങ്ങും. രോഗബാധയുണ്ടായി പരമാവധി 7 ദിവസം വരെയേ രോഗി ജീവിച്ചിരിക്കൂ. 60 മുതല്‍ 90 ശതമാനം വരെയായിരുന്നു മരണനിരക്ക്.  

 പ്ളേഗ് ഡോക്ടർ (Getty Images)

പ്രത്യേകതരം വസ്ത്രവിധാനമുള്ള, മാസ്‌ക് ധരിച്ച പ്‌ളേഗ് ഡോക്ടര്‍മാര്‍ വീടുകള്‍ തോറും കയറിയിറങ്ങി ചികിത്സിച്ചു. ലക്ഷണങ്ങള്‍ കാണിച്ചവരെ മാറ്റി താമസിപ്പിച്ചു. ധാരാളം ഹോസ്പിറ്റലുകള്‍ പണിതു. വെനീസില്‍ കപ്പലുകള്‍ 30 നാള്‍ തീരത്തടുപ്പിക്കാതെ തടഞ്ഞു വെച്ചിരുന്നു. പിന്നീടിത് നാല്‍പ്പത് നാളായി കൂട്ടി. അങ്ങനെയാണ് ക്വാറന്റീന്‍ എന്ന വാക്ക് വരുന്നത് തന്നെ.

ഭീകരമായ നഷ്ടങ്ങള്‍ വിതച്ചുകൊണ്ട് പ്‌ളേഗ് പതിയെ കെട്ടടങ്ങി. എന്നാലും ചിലയിടങ്ങളിലൊക്കെ പ്‌ളേഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1500 ആയപ്പോഴേക്കും പ്‌ളേഗ് അതിശക്തമായി തിരിച്ചുവന്നു. ഇക്കുറി മരണസംഖ്യ കൂടുകയും ചെയ്തു.
 

Content Highlights: the black death that terrorised europe in the 14th century