ക്രിസ്മസ് അത്താഴത്തിന് കെഎഫ്സി പാരമ്പര്യമുള്ള രാജ്യം, യൂൾ ലാഡ്സ് ഇറങ്ങിവരുന്നത് ഐസ്ലാൻഡിൽ

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങൾ ഓരോ പ്രദേശത്തിന്റെയും സവിശേഷ സ്വഭാവങ്ങൾ കൂടി ചേർന്നുള്ളതായിരിക്കും എപ്പോഴും. അലങ്കരിച്ച മരങ്ങളും പാട്ടുകളും സമ്മാനങ്ങളുമൊക്കെ ലോകത്തിന്റെ എല്ലാ ഭാഗത്തും നമ്മൾ കണ്ടുവരുന്നതാണ്. എന്നാൽ അധികം പരിചിതമല്ലാത്ത മറ്റു ചില സമ്പ്രദായങ്ങൾ കൂടിയുണ്ട്. തീർത്തും വിചിത്രവും അതിശയിപ്പിക്കുന്നതുമായവ. ജപ്പാനിലെ കെഎഫ്സി വിരുന്നുകൾ മുതൽ ഐസ്‌ലാൻഡിലെ കുസൃതിക്കാരായ യൂൾ ലാഡുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.  

ക്രിസ്മസ് അത്താഴത്തിന് കെഎഫ്സി

ജപ്പാനിൽ, പരമ്പരാഗത ക്രിസ്മസ് ടർക്കി വിഭവങ്ങൾ താരതമ്യേന കുറവാണ്. പകരം, പല കുടുംബങ്ങളും ഡിസംബർ 25 ന് കെന്റക്കി ഫ്രൈഡ് ചിക്കനാണ് ആസ്വദിക്കുന്നത്. 1970 കളിൽ കെഎഫ്സി "കെന്റക്കി ഫോർ ക്രിസ്മസ്" എന്ന പേരിൽ ഒരു മാർക്കറ്റിങ് പ്രചാരണം ആരംഭിച്ചിരുന്നു. അത് വൻ വിജയമായി. അതോടെയാണ് ഈ ട്രെൻഡ് തുടങ്ങിയത്. ഇന്ന്, ജാപ്പനീസ് കുടുംബങ്ങൾക്ക് ക്രിസ്മസ് എന്നാൽ കെഎഫ്സി വേണം. പലപ്പോഴും ആഴ്ചകൾക്ക് മുമ്പുതന്നെ ബക്കറ്റുകൾ മുൻകൂട്ടി ഓർഡർ ചെയ്യാറുണ്ട്, അങ്ങനെ കെഎഫ്സി ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി. ദശലക്ഷക്കണക്കിന് ആളുകളാണ് ക്രിസ്മസിന് കെഎഫ്സി കഴിക്കുന്നത്.

യുക്രെയ്നിലെ ചിലന്തി വല ക്രിസ്മസ് ട്രീകൾ

ലോകമെമ്പാടും ക്രിസ്മസ് ട്രീകൾ സാധാരണമാണെങ്കിലും, യുക്രെയ്‌നിൽ പല കുടുംബങ്ങളും അവയെ കൃത്രിമ ചിലന്തി വലകൾ കൊണ്ട് അലങ്കരിക്കാറുണ്ട്. ഒരു പാവപ്പെട്ട സ്ത്രീക്ക് ക്രിസ്മസ് അലങ്കാരങ്ങൾ വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ രാത്രിയിൽ ചിലന്തികൾ വല നെയ്തു കൊടുത്തെന്നും, അത്ഭുതമെന്നപോലെ അവ വെള്ളിയും സ്വർണ്ണവുമായി മാറിയെന്നുമാണ് ഐതിഹ്യം. ഇന്ന്, ചിലന്തി വല കൊണ്ടുള്ള അലങ്കാരങ്ങൾ ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു.

ഐസ്‌ലാൻഡിലെ യൂൾ ലാഡ്‌സും കുസൃതിയും

ക്രിസ്മസ് കാലത്ത് പട്ടണങ്ങളിലേക്ക് ഇറങ്ങിവരുന്ന പർവതവാസികളായ യൂൾ ലാഡ്സും ഉൾപ്പെടുന്നതാണ് ഐസ്‌ലാൻഡിലെ ക്രിസ്മസ് നാടോടിക്കഥകൾ. അതിൽ പ്രശസ്തരാണ് യൂൾ ലാഡ്സ്. ക്രിസ്മസിന് തൊട്ടുമുമ്പുള്ള 13 രാത്രികളിൽ ഈ 13 കുസൃതിക്കാർ കുട്ടികളെ സന്ദർശിക്കാനെത്തുമെന്നാണ് വിശ്വാസം. വ്യത്യസ്ത വ്യക്തിത്വമുള്ളവരാണ് ഇവരിലോരോരുത്തരും. മെഴുകുതിരി മോഷ്ടാവ് മുതൽ ജനൽ തകർത്തുകളയുന്നവരും കുട്ടികളെ തിന്നുന്ന രാക്ഷസന്മാരും വരെ ഇക്കൂട്ടത്തിലുണ്ട്. കുട്ടികൾ സമ്മാനങ്ങൾക്കായി ജനലിനരികിൽ ഷൂസ് വെക്കും. അനുസരണയില്ലാത്ത കുട്ടികൾക്ക് ചീഞ്ഞ ഉരുളക്കിഴങ്ങൊക്കെയായിരിക്കും ഇവർ സമ്മാനിക്കുക. കുട്ടികളെ അനുസരണയുള്ളവരാക്കാനും പേടിപ്പിക്കാനുമെല്ലാമാണ് ഈ കഥകളുപയോഗിക്കുന്നത്. 

പള്ളിയിലേക്കൊരു റോളിങ് സ്കേറ്റിങ്

വെനസ്വേലയിലെ കാരക്കാസിൽ, ആളുകൾ പുലർച്ചെയുള്ള ക്രിസ്മസ് പ്രാർഥനകൾക്കായി റോളിങ് സ്കേറ്റിങ് നടത്തുന്നത് ഒരു സമ്പ്രദായമാണ്. സുരക്ഷയ്ക്കായി തെരുവുകളിൽ ട്രാഫിക് നിയന്ത്രണങ്ങളുണ്ടാവും. ദശാബ്ദങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ചതാണ് ഈ ആചാരം.

ചൂലുകൾ മറച്ചുവെക്കുന്ന നോർവേക്കാർ

മന്ത്രവാദിനികളും ദുഷ്ടാത്മാക്കളും ചൂലുകൾ മോഷ്ടിക്കുന്നത് തടയുന്നതിനായി, നോർവേയിലെ ആളുകൾ ക്രിസ്മസ് ദിനത്തിൽ അവരുടെ ചൂലുകൾ ഒളിപ്പിച്ചുവെക്കുന്ന രീതിയുണ്ട്. പഴയ നാടോടിക്കഥകളിൽ നിന്ന് രൂപംകൊണ്ടതാണ് ഈ വിചിത്രമായ അന്ധവിശ്വാസം. അവധിക്കാലത്തെ തയ്യാറെടുപ്പുകളിൽ ഒരു കൗതുകം കൂടിയാണിത്.

സ്പെയിനിലെ കഗാ ടിയോ

കാറ്റലോണിയയിൽ, ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്ന, മുഖമുള്ളൊരു മരത്തടിയാണ് കഗാ ടിയോ. ക്രിസ്മസിനോട് അടുത്ത ആഴ്ചകളിലാണ് അലങ്കരിച്ച മരത്തിനുള്ളിൽ സമ്മാനങ്ങൾ നിറയ്ക്കുക. ക്രിസ്മസിനോ അതിനോടടുത്ത ദിവസങ്ങളിലോ കുട്ടികൾ പാട്ട് പാടിക്കൊണ്ട് വടികൾ കൊണ്ട് മരത്തിനെ അടിക്കും. അപ്പോഴത് ചെറിയ സമ്മാനങ്ങളും മധുരപലഹാരങ്ങളും വിസർജിച്ചുകൊടുക്കും, അതാണ് ആചാരം.

ഫിൻലാൻഡിലെ എൽഫ് ഹൗസുകൾ

ഫിൻലാൻഡിൽ, ക്രിസ്മസ് ദിനങ്ങളിൽ എൽഫുകൾക്ക് ചെറുവീടുകളൊരുക്കാറുണ്ട്. വീടുകളെ സംരക്ഷിക്കുകയും സൗഭാഗ്യം കൊണ്ടുവരികയും ചെയ്യുമെന്ന് വിശ്വസിക്കുന്ന ക്രിസ്മസ് എൽഫുകൾക്കുവേണ്ടിയാണ് കുടുംബങ്ങൾ വീടിനു ചുറ്റും ചെറുവീടുകളൊരുക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore bizarre Christmas traditions from around the world, including Iceland`s Yule Lads, Japan`s KFC feasts, Ukraine`s spiderwebs, and more. Discover unique holiday customs!