ബെയ്ജിങ് ബിക്കിനി നാണക്കേടെന്ന് നാട്ടുകാർ, നിരുത്സാഹപ്പെടുത്തി ചൈന

ബെയ്ജിങ് ബിക്കിനിയെപ്പറ്റി കേട്ടിട്ടുണ്ടോ? അതൊരു ബിക്കിനിയാണെന്ന് തെറ്റിദ്ധരിക്കേണ്ട, ചൈനയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ, ചില പുരുഷന്മാർക്കിടയിൽ കാണുന്നൊരു ശീലമാണിത്. മധ്യവയസ്കരോ പ്രായമായവരോ ആയ പുരുഷൻക്ക് മുകൾവസ്ത്രം വയറിനു മുകളിലേക്ക് ചുരുട്ടിവെക്കുന്ന ശീലമുണ്ട്, ഇതിനെയാണ് ബെയ്ജിങ് ബിക്കിനി എന്നുവിളിക്കുന്നത്. സാധാരണയായി ചൂടിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെചെയ്യുന്നത്. ഷർട്ട് കക്ഷത്തിൽ തിരുകുന്നതോടെ വയറ് പുറത്ത് കാണുകയും ചെയ്യും. വടക്കൻ ചൈനയിലെ നഗര, ഗ്രാമ പ്രദേശങ്ങളിൽ സാധാരണമാണിത്.
ബെയ്ജിങ് ബിക്കിനി ഔദ്യോഗികമായ ഒരു പേരല്ല, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും വിദേശികളും ചൈനക്കാരുടെ ഈ സ്വഭാവത്തെ വിളിക്കാൻ ഉപയോഗിക്കുന്ന പേരുമാത്രമാണിത്. പുറത്ത് കഠിനമായ ജോലികളിലേർപ്പെടുന്നവരിലാണ് ഈ ശീലം കൂടുതലുള്ളത്.
എന്നാൽ പുതിയ തലമുറയ്ക്ക് ഈ രീതിയോട് വലിയ താത്പര്യമില്ല. ചിലർ വളരെ സാധാരണമായ ഒന്നായി കരുതുമ്പോൾ മറ്റു ചിലർ ബെയ്ജിങ് ബിക്കിനിയെ വിമർശിക്കുന്നു. പഴയ ആളുകളുടെ സാധാരണശീലമായിരുന്നെങ്കിലും യുവതലമുറയ്ക്ക് ഇത് ലജ്ജിപ്പിക്കുന്ന ശീലമാണ്. പൊതുവിടങ്ങളിൽ ആധുനികമര്യാദയോടെ ഇടപെടണമെന്ന് വാദിക്കുന്നവരാണ് ചൈനക്കാരിൽ ഭൂരിപക്ഷവും.
പൗരപ്രതിച്ഛായ മുൻനിർത്തി ചില നഗരങ്ങൾ ഇത് നിരോധിക്കുകപോലും ചെയ്തിട്ടുണ്ട്. ജിനാൻ, ടിയാൻജിൻ, ഷെൻഷെൻ തുടങ്ങിയ നഗരങ്ങളാണ് ബെയ്ജിങ് ബിക്കിനി നിരോധിക്കുകയോ കർശനമായി നിരുത്സാഹപ്പെടുത്തുകയോ ചെയ്തവ. കാമ്പെയ്നുകൾ പോലും ഇതുസംബന്ധിച്ച് നടത്തിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi