അമ്പമ്പോ, ഇതെന്തൊരു പൊക്കം! ട്രംപിനേക്കാള്‍ ഉയരമുള്ള മകനെ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നല്ല പൊക്കമുള്ളവരാണ്. മെലാനിയക്ക് അഞ്ചടി ഒന്‍പത് ഇഞ്ചും ട്രപിന് ആറടി മൂന്നിഞ്ചുമാണ് ഉയരം. കഴിഞ്ഞദിവസം നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച ട്രംപ് മെലാനിയക്കും മകന്‍ ബാരണ്‍ ട്രംപിനുമൊപ്പം പൊതുവേദിയിലെത്തിയിരുന്നു. പൊക്കമുള്ള മാതാപിതാക്കളുടെ അതിലേറെ പൊക്കമുള്ള മകനെ സോഷ്യല്‍ മീഡിയ കാര്യമായിത്തന്നെ ശ്രദ്ധിച്ചു. അച്ഛനേക്കാളും അമ്മയേക്കാളും ഉയരമുള്ള മകനെ കണ്ട് അക്ഷരാര്‍ഥത്തില്‍ പലരും ഞെട്ടി. ബാരണിന്റെ പൊക്കം എത്രയായിരിക്കുമെന്ന് ഊഹിക്കാനും തുടങ്ങി.
6.8 ഇഞ്ചോ 6.9 ഇഞ്ചോ ആയിരിക്കും ബാരണിന്റെ പൊക്കമെന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കമന്റിട്ടത്. ഐറിഷ് സ്റ്റാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതുപ്രകാരം 6.7 ഇഞ്ചാണ് (ഏകദേശം 206 സെന്റിമീറ്റര്‍) ബാരണിന്റെ പൊക്കം. ട്രംപിന്റെ ഇളയ മകനാണ് 18-കാരനായ ബാരണ്‍ ട്രപ്. മെലാനിയയില്‍ ട്രംപിനുപിറന്ന ഒരേയൊരു മകന്‍. കോളേജ് വിദ്യാര്‍ഥിയായ അദ്ദേഹത്തിന്റെ കന്നിവോട്ടായിരുന്നു ഇത്തവണത്തേത്. പിതാവിനുവേണ്ടി ബാരണ്‍ കന്നിവോട്ട് രേഖപ്പെടുത്തിയെന്ന് മെലാനിയ എക്‌സില്‍ കുറിച്ചിരുന്നു. ആദ്യമായി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുമ്പോള്‍ പത്തു വയസ്സായിരുന്നു ബാരണ്.
കച്ചവടമാക്കി വെബ്‌സൈറ്റുകള്‍
ബാരണിന്റെ ജനപ്രീതി മുതലെടുത്ത് ആമസോണ്‍, ഇറ്റ്‌സി പോലുള്ള സ്ഥാപനങ്ങള്‍ പ്രത്യേക ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്. യു.എസ്. പ്രസിഡന്റാവാന്‍ വേണ്ട അടിസ്ഥാന പ്രായം 35 വയസ്സാണ്. 2041-ല്‍ മാത്രമേ ബാരണ്‍ ആ പ്രായത്തിലെത്തൂ. ബാരണില്‍ ഭാവി യു.എസ്. പ്രസിഡന്റിനെ കാണുന്ന ഒരു കൂട്ടം ആളുകള്‍ 2044-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാരണ്‍ മത്സരിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ബാരണിന്റെ മുഖത്തോടൊപ്പം 2044, 2048 തുടങ്ങിയ വര്‍ഷങ്ങളും ചേര്‍ത്ത് ടീഷര്‍ട്ടുകള്‍ ഇതിനകം വിപണിയിലെത്തിച്ചിട്ടുണ്ട്.
ബാരണ്‍ ട്രംപ് പിന്‍, കോഫീ മഗ്, ബട്ടണ്‍ തുടങ്ങിയവ ഇബേയില്‍ വില്‍പനയ്‌ക്കെത്തി. ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ജെന്‍സികളിലൊരാളായി മാറുകയാണ് ബാരണ്‍.
മകന്റെ ശ്രദ്ധേയമായ ഉയരത്തിന് പിന്നിലെ രഹസ്യം മുത്തശ്ശിയുടെ ഭക്ഷണമാണെന്നാണ് ട്രംപ് ഒരിക്കല്‍ പറഞ്ഞത്. 'അവന്‍ അവരുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചു. നീ ഒരു ബാസ്‌ക്കറ്റ്ബോള്‍ കളിക്കാരനാകുമെന്ന് ഞാനവനോട് പറഞ്ഞു. പക്ഷേ അവന് സോക്കര്‍ ആണിഷ്ടം. എല്ലാ കാര്യങ്ങളിലും അവരോട് അങ്ങനെ സംസാരിക്കാനാവില്ല'-ട്രംപ് പറഞ്ഞു.
Content Highlights: barron trump's height stirs internet melania trump donald trump