ചൈനയില്‍ നിന്ന് കപ്പല്‍ കയറിവന്ന മഞ്ഞക്കള്ളന്‍, തുരത്തി ബ്രിട്ടന്‍

ഏഷ്യന്‍ കടന്നല്‍ | Shutterstock
ഏഷ്യന്‍ കടന്നല്‍ | Shutterstock

ഏകദേശം 20 വര്‍ഷം മുമ്പ് ചൈനയില്‍ നിന്ന് മണ്‍പാത്ര ചരക്കുകള്‍ക്കൊപ്പം ഫ്രാന്‍സിലെത്തിയവരാണ് മഞ്ഞക്കാലുകളുള്ള കടന്നലുകള്‍ (ഏഷ്യന്‍ ഹോര്‍നെറ്റ്). വളരെ വേഗത്തില്‍ യൂറോപ്പിന്റെ പല ഭാഗങ്ങളിലും കടന്നലുകള്‍ വ്യാപിച്ചു. തദ്ദേശീയരല്ലാത്ത ഏഷ്യന്‍ കടന്നലുകള്‍ മേഖലയാകെ പ്രശ്‌നങ്ങളുണ്ടാക്കി, അധിനിവേശക്കാരായി അവിടുത്തെ തേനീച്ചകളെ കൊന്നുകൊണ്ടേയിരുന്നു.

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ തേനീച്ചകള്‍ പ്രധാനികളാണല്ലോ! ചെടികളില്‍ പരാഗണം നടക്കാനും ഭക്ഷ്യശൃംഖലയെ നിലനിര്‍ത്താനുമെല്ലാം തേനീച്ചകള്‍ കൂടിയേ തീരൂ. തേനീച്ചകള്‍ ഇല്ലാത്ത പക്ഷം ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുക വലിയ വെല്ലുവിളിയായിരിക്കും. ഒരു ദിവസം 50 തേനീച്ചകളെയെങ്കിലും ഈ കടന്നലുകള്‍ക്ക് കൊല്ലാന്‍ കഴിയുമെന്നും ഫ്രാന്‍സിലെയും ഇറ്റലിയിലെയും തേനീച്ച കോളനികളെ ഇവര്‍ നശിപ്പിക്കുമെന്നും വിദഗ്ധര്‍ മനസ്സിലാക്കി. 

2016-ലാണ് ബ്രിട്ടനില്‍ ആദ്യമായി ഇവയെ കണ്ടെത്തിയത്. കെന്റ്, ഈസ്റ്റ് സസെക്സ് എന്നിവിടങ്ങളില്‍ സ്ഥിരമായി കാണാന്‍ തുടങ്ങി.
തേനീച്ചകളെയും മറ്റ് പരാഗകാരികളെയും ഈ കടന്നലുകള്‍ ഇരയാക്കുന്നുണ്ടെന്ന് മനസ്സിലായതോടെ അവയുടെ കൂടുകള്‍ നശിപ്പിക്കാനുള്ള യജ്ഞം രാജ്യത്തുതുടങ്ങി. അല്ലാത്ത പക്ഷം മേഖലയിലെ ആവാസവ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കും.

കടന്നല്‍ കൂടുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ തുടങ്ങി. പൊതുജനങ്ങളും ദൗത്യത്തിന്റെ ഭാഗമായി. കടന്നലുകളെയോ കൂടുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അങ്ങനെ ദൗത്യം വിജയിക്കുക തന്നെ ചെയ്തു. ഏഷ്യന്‍ കടന്നലുകളെ ബ്രിട്ടനില്‍ നിന്ന് ഏറെക്കുറെ ഉന്മൂലനം ചെയ്തുകഴിഞ്ഞു.

ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ കാലാവസ്ഥയും ആവാസ വ്യവസ്ഥയും കടന്നലുകള്‍ക്ക് വളരാന്‍ അനുയോജ്യമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു.
 

Content Highlights: asian hornets halted in uk, bee killer