'സീക്രട്ട് ഓപ്പറേഷൻ' പോലെ ആയിരുന്നു അനുഷ്‌ക-വിരാട് വിവാഹം, വ്യാജപേരുകളിൽ ഹോട്ടൽ ബുക്ക് ചെയ്തു

ഇക്കഴിഞ്ഞ 11-നാണ് അനുഷ്‌ക ശർമയും വിരാട് കോഹ്‌ലിയും തങ്ങളുടെ എട്ടാം വിവാഹവാർഷികം ആഘോഷിച്ചത്. ഇരുവരും
പ്രണയത്തിലാണെന്നത് എല്ലാവർക്കുമറിയാമായിരുന്നു. എന്നാൽ, വിവാഹമെന്നാണെന്ന് ആർക്കുമൊരു ധാരണയുമുണ്ടായിരുന്നില്ല. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടെല്ലാം അനുഷ്‌ക മൗനംപാലിച്ചു. തന്റെ സ്വകാര്യ ജീവിതത്തിലല്ല, ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറഞ്ഞു. ആ ഡിസംബറിൽ തനിക്ക് ക്രിക്കറ്റ് മത്സരങ്ങളിൽനിന്ന് ഒഴിവുവേണമെന്ന് വിരാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവാഹമെന്ന അഭ്യൂഹങ്ങൾക്ക് അപ്പോൾ തന്നെ തുടക്കമായി. എങ്കിലും വിശ്രമം ആവശ്യമുള്ളതിനാലാണ് വിരാട് ഇതാവശ്യപ്പെട്ടതെന്ന് വാർത്ത വന്നു. അതിനിടയിലാണ് തികച്ചും സ്വകാര്യമായുള്ള ചടങ്ങിൽ ഇറ്റലിയിൽവെച്ച് ഇരുവരും വിവാഹിതരാകുന്നത്.
ഒരു വർഷം മുൻപ് വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും, ആരും ഇതൊന്നുമറിഞ്ഞിരുന്നില്ല. അവസാന ആഴ്ചകളിലാണ് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയത്. ആഴ്ചകളോളം നടന്ന രഹസ്യമായ തയ്യാറെടുപ്പുകളായിരുന്നു വിവാഹത്തിനു പിന്നിലെന്ന് പിന്നീട് വെഡിങ് പ്ലാനർമാർ തുറന്നുപറഞ്ഞു. ''ഞങ്ങളുടെ സ്വന്തം ടീമിൽ നിന്ന് പോലും ഒളിച്ചുവെച്ച നാലുമാസത്തെ രഹസ്യം. രഹസ്യമായുള്ള കൂടിക്കാഴ്ചകൾ, അർദ്ധരാത്രിയിൽ നടന്ന മീറ്റിങ്ങുകൾ, അവ്യക്തമായ സംഭാഷണങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾ...അതിനൊടുവിലായിരുന്നു വിവാഹം''. വ്യാജപേരുകളിലാണ് അന്ന് ഹോട്ടൽ ബുക്ക് ചെയ്തതുപോലും.
'സീക്രട്ട് ഓപ്പറേഷൻ' എന്നാണ് കരൺ ജോഹർ ഈ വിവാഹത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. 'ദ മാന്യവർ ശാദി ഷോ'യിൽ ഇന്ത്യയിലെ മാറുന്ന വിവാഹങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കരൺ. ഒരു സൂചന പോലും നൽകാതെ വിവാഹചിത്രങ്ങളിലൂടെ തങ്ങളുടെ വിവാഹവാർത്ത പുറംലോകത്തെ അറിയിച്ചത് ഒരു 'സീക്രട്ട് ഓപ്പറേഷനി'ൽ കുറവല്ലെന്ന് അദ്ദേഹം പറയുന്നു.
''വിവാഹങ്ങളുടെ, പ്രത്യേകിച്ച് ഡെസ്റ്റിനേഷൻ വിവാഹങ്ങളുടെ, ഘടന പൂർണമായും മാറിയിരിക്കുന്നു. ആ മാറ്റത്തിനുള്ള ക്രെഡിറ്റ് ഞാൻ അനുഷ്‌ക-വിരാട് വിവാഹത്തിന് നൽകും. ആരും അറിയാതെ നടന്ന ഈ വിവാഹത്തിലേക്കാണ് അന്ന് രാവിലെ രാജ്യം മുഴുവൻ ഉണർന്നത്. ഇത് മിക്കവാറും ഒരു രഹസ്യ ഓപ്പറേഷനായിരുന്നു. ഇതുപോലൊന്ന് സംഭവിക്കുമെന്ന് ഒരു സൂചന പോലും ഉണ്ടായിരുന്നില്ല. അവരുടെ വിവാഹവസ്ത്രം മുതൽ സ്ഥലം വരെ, എല്ലാവരും അതിനോട് പ്രണയത്തിലായി''.
വിവാഹത്തോടെ അനുഷ്‌ക സിനിമയിൽ അത്ര സജീവമല്ല. ബുൾബുൾ, ഖാല, ചക്ദ എക്‌സ്പ്രസ് എന്നിവയിലാണ് അവർ അതിനുശേഷം അഭിനയിച്ചത്. 'ചക്ദ എക്‌സ്പ്രസ്' ഇനിയും റിലീസായിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how Anushka Sharma and Virat Kohli`s `secret operation` wedding redefined Indian marriages and destination weddings