“പർദ്ദ പരാജയപ്പെട്ടതിൽ എനിക്ക് നിരാശയുണ്ട്, ഞാനത് അംഗീകരിക്കുന്നു’’-അനുപമ പരമേശ്വരന്‍

അനുപമ പരമേശ്വരൻ/ ഇൻസ്റ്റഗ്രാം(anupamaparameswaran96)
അനുപമ പരമേശ്വരൻ/ ഇൻസ്റ്റഗ്രാം(anupamaparameswaran96)

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ തുടർച്ചയായി സിനിമകൾ റിലീസ് ചെയ്യുന്നതിൻ്റെ സന്തോഷത്തിലാണ് അനുപമ പരമേശ്വരൻ. ഈ വർഷം മാത്രം ഡ്രാഗൺ, പർദ്ദ, കിഷ്കിന്ധാപുരി, ജെഎസ്‌കെ, ദി പെറ്റ് ഡിറ്റക്റ്റീവ്, ബൈസൺ എന്നിങ്ങനെ ആറ് സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. അവയിൽ ചിലത് ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററുകളായി മാറിയെങ്കിലും, എല്ലാ സിനിമകളും തിയേറ്ററുകളിൽ വിജയം കണ്ടില്ല. അടുത്തിടെ തന്റെ പുതിയ ചിത്രമായ ബൈസണിന്റെ തെലുങ്ക് പ്രസ് മീറ്റിൽ, പർദ്ദയ്ക്ക് തിയേറ്ററുകളിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ നിരാശയുണ്ടെന്നും എന്നാൽ ഹിറ്റിനപ്പുറം നല്ല സിനിമകൾ ചെയ്യാനാണ് തന്റെ ശ്രമമെന്നും അനുപമ പറയുകയുണ്ടായി.

"പർദ്ദ പരാജയപ്പെട്ടതിൽ എനിക്ക് നിരാശയുണ്ട്, ശരിക്കും സങ്കടമുണ്ട്. അതാണ് സത്യം, ഞാനത് അംഗീകരിക്കുന്നു. നമ്മൾ ചെയ്യുന്ന ഓരോ സിനിമയും ബോക്സ് ഓഫീസ് ഹിറ്റായില്ലെങ്കിലും, അത് നന്നായി വരണമെന്നും പ്രേക്ഷകർക്കെല്ലാം ഇഷ്ടപ്പെടണമെന്നും പ്രതീക്ഷിക്കുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കിഷ്കിന്ധാപുരിയിലെ എൻ്റെ വേഷം ബൈസണിലെ കഥാപാത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമ വിജയിക്കുമ്പോൾ, മികച്ച സിനിമകൾ ചെയ്യാനും തിരക്കഥകൾ വിവേകപൂർവ്വം തിരഞ്ഞെടുക്കാനും അതെന്നെ പ്രേരിപ്പിക്കുന്നു." 
 

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ,സംഗീത കൃഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്ത ചിത്രമാണ് പർദ്ദ. ഓഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രം കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഒരു ഗ്രാമത്തിലെ മനോഹരിയായ ഒരു യുവതിയുടെ കഥയാണ് പറയുന്നത്. മുഖം പര്‍ദ്ദ കൊണ്ട് മറയ്ക്കുന്ന പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയായാണ് അനുപമ ചിത്രത്തിൽ വേഷമിട്ടത്.

മികച്ച അഭിപ്രായങ്ങൾ നേടിയിട്ടും ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. തെലുങ്കിന് പുറമെ പർദ്ദ മലയാളത്തിലും റിലീസ് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 15 കോടി രൂപ ബജറ്റിൽ നിർമ്മിച്ച പർദ്ദയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 1.2 കോടി മാത്രമായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Anupama Parameswaran expresses disappointment over her film "Pardha`s" box office failure but remains committed to choosing good scripts and diverse roles.