ജലത്തിലാണ് ഇനി ആഘോഷം, അനന്തിന്റെ വിവാഹം, വേദയുടെ പിറന്നാള്‍; വിസ്മയിപ്പിച്ച് ആഡംബര കപ്പല്‍യാത്ര

800-ലധികം വി.വി.ഐ.പികള്‍, ലോകത്തെ എണ്ണം പറഞ്ഞ പാചകവിദഗ്ധര്‍, വലിയ കിടപ്പുമുറികള്‍, മെയ് 29-ന് ഇറ്റലിയുടെ തീരത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ 4380 കിലോമീറ്റര്‍ സഞ്ചരിച്ച് ജൂണ്‍ ഒന്നിന് ഫ്രാന്‍സിന്റെ തീരം തൊടുമ്പോള്‍ അത് ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളില്‍ ഒന്നായി മാറും. അനന്ത് അംബാനിയുടെ പ്രീവെഡിങ് പാര്‍ട്ടിയാണ് ആഡംബര ക്രൂയിസ് കപ്പലില്‍ വിസ്മയയാത്രയായി മാറുന്നത്. തന്റെ മകന്റെ വിവാഹം ലോകം ഒരിക്കലും മറക്കറുതെന്ന വാശിയില്‍ തന്നെയാണ് മുകേഷ് അംബാനിയും നിത അംബാനിയും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ആഡംബരത്തിന്റെ അവസാന വാക്കാണ് എപ്പോഴും അംബാനി കുടുംബത്തിലെ ആഘോഷങ്ങള്‍. മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റുമായുള്ള വിവാഹത്തിന് മുന്നോടിയായി ജാംനഗറില്‍ നടന്ന പ്രീവെഡിങ് ഇവന്റ് ലോക ശ്രദ്ധ ആകര്‍ഷിച്ചത് ഈ അത്യാഡംബരം കൊണ്ടുതന്നെയാണ്. ആഘോഷത്തിന്റെ രണ്ടാം പതിപ്പാണ് കപ്പല്‍ യാത്രയില്‍ അരങ്ങേറുന്നത്. 2024 ജൂലൈ 12-ന് ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ലോകം കാത്തിരിക്കുന്ന വിവാഹം നടക്കുന്നത്. മൂന്ന് ദിവസം നീളുന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടക്കുക.
കപ്പല്‍ നിറയെ നക്ഷത്രങ്ങള്‍...
സല്‍മാന്‍ ഖാന്‍, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, രണ്‍വീര്‍ സിങ് തുടങ്ങി ബോളിവുഡിലെ താരനക്ഷത്രങ്ങളെല്ലാം ഈ കപ്പല്‍യാത്രയുടെ ഭാഗമാണ്. സിനിമാതാരങ്ങള്‍, വ്യവസായ പ്രമുഖര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവർ അതിഥികളുടെ പട്ടികയിലുണ്ട്.
800 അതിഥികളാണ് ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിന്റെ തെക്കന്‍ തീരത്തേക്ക് പുറപ്പെട്ട കപ്പലില്‍ യാത്ര ചെയ്യുന്നത്. 600 സ്റ്റാഫുകളാണ് അതിഥികളെ സ്വീകരിക്കാനായി കപ്പലിലുള്ളത്. അതിഥികളുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ ആവശ്യപ്പെടുന്ന ഏത് ഭക്ഷണവും പാചകം ചെയ്ത് നല്‍കാന്‍ ലോകത്തെ ഏറ്റവും മികച്ച പാചകവിദഗ്ധരെയാണ് കപ്പലില്‍ എത്തിച്ചിരിക്കുന്നത്. ഇറ്റാലിയന്‍, തായ്, മെക്‌സിക്കന്‍, ഫ്രഞ്ച്, ജാപ്പനീസ്, ഗുജറാത്തി, നോര്‍ത്ത് ഇന്ത്യന്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം ഭക്ഷണവൈവിധ്യങ്ങളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. ആകാശ് അംബാനിയുടെ മകളായ വേദയുടെ ജന്മദിനാഘോഷവും ഈ കപ്പല്‍ യാത്രയ്ക്കിടയില്‍ നടക്കും.
ആഘോഷങ്ങളുടെ തീം...
ക്രീം സലാഡുകള്‍, ചീസി പിസ്സകള്‍, ഫ്രഷ് സീ ഫുഡ്, പാസ്ത എന്നിവയടങ്ങുന്ന ഇറ്റാലിയന്‍ വിഭവങ്ങളായിരുന്നു യാത്രയുടെ ആദ്യ ദിനത്തിലെ പ്രധാന ആകര്‍ഷണം. ആദ്യ ദിവസത്തിലെ തന്നെ രാത്രി ഇവന്റായ ഓണ്‍ ബോര്‍ഡ് അറ്റ് സീയില്‍ ഷാംപെയ്ന്‍ ആണ് പ്രധാനം.
റോമന്‍ ഹോളിഡേ തീമിലാണ് രണ്ടാമത്തെ ദിവസത്തെ ആഘോഷങ്ങള്‍ നടന്നത്. ഓരോ നേരത്തും കപ്പലില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് പ്രത്യേക തീമിലുള്ള വസ്ത്രങ്ങളാണ്. അതിഥികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ യാത്രയില്‍ മൊബൈല്‍ ഫോൺ കര്‍ശനമായി നിരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറ്റലിയിലെ പലേര്‍മോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ പ്രധാനതീരങ്ങളില്‍ നങ്കൂരമിടുന്നുണ്ട്. റോം, കാനീസ്, പെര്‍ട്ടോഫിനോ എന്നീ നഗരങ്ങളിലാണ് കപ്പല്‍ നങ്കൂരമിടുക. കാനിലെ മാസ്‌ക്വെറേഡ് ബോളില്‍ നടക്കുന്ന ആഘോഷത്തില്‍ ലോകപ്രശസ്ത ഗായിക കാറ്റിപെറി സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട്.
Content Highlights: anant ambani radhika merchant prewedding cruise