മൂന്നുമിനിറ്റ് പരസ്യത്തിന് രണ്ടുകോടി വരെയുള്ള ബുര്‍ജ് ഖലീഫ; ട്രെയിലറുമായി ആദ്യ മലയാളചിത്രം കുറുപ്പ്

ദുബായിലെ ഏറ്റവും പ്രശസ്തമായ ബുര്‍ജ് ഖലീഫ. 828 മീറ്റര്‍ ഉയരമുള്ള ഈ ടവറാണ് ലോകത്തിലെ മനുഷ്യനിര്‍മിതമായ കെട്ടിടങ്ങളില്‍ ഏറ്റവും ഉയരം കൂടിയത്. 2004-ല്‍ തുടങ്ങിയ ബുര്‍ജ് ഖലീഫയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നത് 2009-ലാണ്. 2010-ല്‍ ഉദ്ഘാടനവും. ആദ്യം ബുര്‍ജ് ദുബായ് എന്ന പേരാണ് നിശ്ചയിച്ചതെങ്കിലും, പിന്നീട് ബുര്‍ജ് ഖലീഫയെന്ന് ഉറപ്പിച്ചു.
വിശേഷാവസരങ്ങളില്‍ ബുര്‍ജ് ഖലീഫ പലനിറങ്ങളിലുള്ള വെളിച്ചത്തില്‍ കുളിച്ചുനില്ക്കും. പല സിനിമകളും പ്രൊമോഷനായി ബുര്‍ജ് ഖലീഫ തിരഞ്ഞെടുക്കാറുണ്ട്. അതിനൊപ്പം ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിലും ബുര്‍ജ് മനോഹരമായ നിറങ്ങളില്‍ ആളുകളെ ആകര്‍ഷിക്കും. ടിക്ടോക്, ഡിസ്നി തുടങ്ങിയവയെല്ലാം തങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി ബുര്‍ജ് ഖലീഫ തിരഞ്ഞെടുക്കാറുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' എന്ന സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാളംസിനിമ കൂടിയായി 'കുറുപ്പ്'. പിന്നീട്, മമ്മൂട്ടി ചിത്രമായ 'സി.ബി.ഐ 5: ദ ബ്രെയിനി'ന്റെ ട്രെയിലറും ബുര്‍ജില്‍ മിന്നിത്തെളിഞ്ഞു.
സിറിയന്‍ യൂട്യൂബറായ അനസ് മര്‍വ തങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തിയതും ബുര്‍ജ് ഖലീഫയിലൂടെയാണ്. കൗണ്ട്ഡൗണിനുശേഷം ബുര്‍ജ് നീലവെളിച്ചത്തിലേക്ക് മാറി, പിന്നാലെ 'ഇറ്റ്സ് എ ബോയ്' എന്ന വാക്കുകള്‍ തെളിഞ്ഞു. ഇതിന്റെ മുഴുവന്‍ വീഡിയോ അനസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടപ്പോള്‍ 24 മണിക്കൂര്‍ കൊണ്ട് 10 ദശലക്ഷം പേരാണ് കണ്ടത്.
ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി എമിറേറ്റ്സ്, വ്യത്യസ്തമായാണ് ചിന്തിച്ചത്. ബുര്‍ജ് ഖലീഫയുടെ മുകളില്‍ എമിറേറ്റ്സ് എയര്‍ഹോസ്റ്റസിന്റെ യൂണിഫോമിട്ട് നില്ക്കുന്ന യുവതി. അവരുടെ കൈകളില്‍ കുറേ മെസേജ് ബോര്‍ഡുകളും കാണാം. മെസേജ് ബോര്‍ഡ് അവര്‍ മാറ്റിക്കൊണ്ടേയിരിക്കുന്നു, അവസാനത്തെ ബോര്‍ഡില്‍ ഇങ്ങനെ കാണാം, Fly better. ലോകത്തെ ഞെട്ടിച്ച പരസ്യമായിരുന്നുവത്.
മ്യുള്ളന്ലൊവ് മിന എന്ന കമ്പനിയാണ് ബുര്‍ജ് ഖലീഫയിലെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പരസ്യം, സന്ദേശം എന്നിവയ്ക്കനുസരിച്ച് ഇവിടെ പരസ്യം ചെയ്യാനുള്ള ചെലവും മാറിക്കൊണ്ടിരിക്കും. മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് ഏകദേശച്ചെലവ് 82 ലക്ഷം രൂപയാണ്. വാരാന്ത്യങ്ങളില്‍ അതിലും കൂടും. അപ്പോള്‍ ഒരുകോടി രൂപയ്ക്ക് മുകളിലാവും. രാത്രി ഏഴുമണിക്കും അര്‍ധരാത്രിക്കുമിടയില്‍ അഞ്ചുതവണ ഒരേ പരസ്യം കാണിക്കുന്നതിന് രണ്ടുകോടിക്ക് മുകളിലാണ് ചാര്‍ജ്.
Content Highlights: advertisements at burj khalifa