10 മിനുറ്റ് ഡെലിവറി സംവിധാനങ്ങള്‍ ജീവിതം എളുപ്പമാക്കുന്നതിനും മുമ്പേ..

വര്‍ഷം 2006, രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്ന ഞാന്‍ വീടിനടുത്തുളള മാര്‍ക്കറ്റിലെ സ്ഥിരം സന്ദര്‍ശകയാണ്. ആളൊഴിഞ്ഞ വഴിയിലൂടെ വാങ്ങാനുളള സാധനങ്ങളുടെ ലിസ്റ്റുമായി മാര്‍ക്കറ്റിലേക്ക് പോകും. വഴിയില്‍ വച്ച് കാണുന്ന നാട്ടുകാരോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ് അങ്ങനെ നടക്കും. ചേട്ടാ, ഒരു കിലോ പാല്‍...'. കടയിലെ ചേട്ടന്‍ ചിരിച്ചു. പിന്നീട് പാല്‍ ലിറ്ററിലാണെന്ന ബോധ്യം വന്നു. ഉണ്ടായ വീഴ്ചകളും അതില്‍ നിന്ന് പഠിച്ച പാഠങ്ങളുമാണ് മുന്നോട്ടുളള ജീവിതത്തിനു വെളിച്ചമേകിയത്. കടക്കാരനു കൊടുക്കുന്ന പൈസയിലാണ് ഞാന്‍ മനക്കണക്കിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. പച്ചക്കറികള്‍ നല്ലത് നോക്കി എടുക്കാനും, വിലപേശി സാധനം വാങ്ങാനുമൊക്കെ പിന്നീട് എപ്പൊഴോ പഠിച്ചു. എന്നിരുന്നാലും ആദ്യത്തെ ജീവിതപാഠങ്ങള്‍ ഇതൊക്കെ തന്നെ ആയിരുന്നു. കടയില്‍ പോയി തിരികെയെത്തുമ്പോള്‍ ആവശ്യമുളള സാധനങ്ങളെല്ലാം സഞ്ചിയില്‍ ഭദ്രം. സാധനങ്ങള്‍ വാങ്ങാന്‍ അമ്മ തന്നുവിട്ട പൈസയുടെ ബാക്കികൊണ്ട് മിഠായി വാങ്ങിയ ഒര്‍മകള്‍ക്കെന്തൊരു ഗൃഹാതുരത്വമാണ്. അതൊരു പതിവാക്കിയപ്പോള്‍ അമ്മ മുഖം കനപ്പിച്ചു. എന്നാലും മിഠായി വാങ്ങാതെ മടങ്ങാന്‍ മനസ്സ് അനുവദിക്കാറില്ല. ഫോണിന്റെ ഉപയോഗം നന്നേ കുറഞ്ഞൊരു കാലഘട്ടം. കുട്ടിത്തം മാറാത്ത ബാല്യത്തിനു ആത്മവിശ്വാസവും ആവേശവും ആളുകളുമായി ഇടപെടാനുളള കൗതുകവും കൂടുതലായിരുന്നു. സ്ഥിരമായി പോകുന്ന കടയിലെ ചേട്ടനുമായും നാട്ടുകാരുമായും എനിക്കുണ്ടായിരുന്ന സൗഹൃദം ബാല്യത്തിന്റെ മായാത്ത ഓര്‍മകളാണ്. പിന്നീട് ആ ചന്തയില്‍പ്പോക്ക് പതിയെ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കായി. പതിയെ പതിയെ സ്ഥിരമായി കടയില്‍ പോകുന്ന ശീലം കുറഞ്ഞു.
വിപ്ലവം സൃഷ്ടിച്ച ഡിജിറ്റല്‍ യുഗം
പിന്നീട് ടെക്‌നോളജികളുടെ നൂറ്റാണ്ടായിരുന്നു. അവിടേക്ക് Blinkit, Zepto, Instamart പോലുള്ള 10 മിനിറ്റ് ഡെലിവറി സംവിധാനങ്ങള്‍ വന്നു. സാധനം വാങ്ങാന്‍ എളുപ്പം, 10 മിനിറ്റ് കൊണ്ട് സാധനങ്ങള്‍ വീട്ടുവാതില്‍ക്കലെത്തും. ഇവയെല്ലാം ജീവിതം വളരെ എളുപ്പമാക്കി. സാധനങ്ങള്‍ക്ക് വില കൂടി. ജീവിത സാഹചര്യങ്ങള്‍ മാറി. അതിനൊപ്പം കടക്കാരനും ചെറിയ മാര്‍ക്കറ്റ് ചുറ്റുപാടുകളും മനുഷ്യബന്ധങ്ങളും പതിയെ അപ്രത്യക്ഷമാകുന്നു. ചന്തയിലെ കച്ചവടക്കാരുടെ ബഹളം, സാധനം വാങ്ങാന്‍ എത്തുന്ന നാട്ടുകാരുമായുളള സൗഹൃദം, വിലപേശി ആവശ്യമുളള സാധനങ്ങള്‍ മാത്രം വാങ്ങിക്കൊണ്ടിരുന്ന ശീലം എല്ലാം മാറി. വീട്ടിലെ മുതിര്‍ന്നവരും ഈ സൗകര്യങ്ങള്‍ക്ക് സ്വാഗതം പറഞ്ഞു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈനായി വാങ്ങാം. ഡെലിവറി ചാര്‍ജ് കൊടുക്കാതിരിക്കാന്‍ ആവശ്യമുളളതും ഇല്ലാത്തതുമായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. കുറേ പാഴാകുന്നു. എന്നിരുന്നാലും മനുഷ്യന്റെ ജീവിതമൂല്യങ്ങള്‍ പലതും നഷ്ടമാകുന്നു.
ഇന്ന് ജോലി സമയം ഒമ്പത് മുതല്‍ അഞ്ച് വരെ മാത്രമല്ല, രാത്രിയിലും ചിലപ്പോള്‍ ജോലി തുടരും. അങ്ങനെ, ഒരാള്‍ക്ക് കടയില്‍ പോയി സാധനം വാങ്ങാന്‍ സമയം കണ്ടെത്താന്‍ കഴിയാറില്ല. അങ്ങനെയുളള ദിവസങ്ങളില്‍ 10 മിനുറ്റ് ഡെലിവറികള്‍ ഒരനുഗ്രഹമാണ്. പക്ഷേ ഒരുപാടുപേര്‍ ഇപ്പോഴും കടയിലെത്തും. പച്ചക്കറികളോ,പഴങ്ങളോ സ്വന്തം കൈകൊണ്ട് തിരഞ്ഞെടുക്കും. സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് അത് വാങ്ങാനായി ഇറങ്ങിത്തിരിക്കും. തിരികെ എത്തുമ്പോള്‍ എന്തെല്ലാമോ നേടിയ സന്തോഷം മുഖത്തു കാണാം. ചുറ്റുപാടുമുളള മനുഷ്യരെ കാണുമ്പോള്‍, അവരോടൊന്നു മിണ്ടി സാധങ്ങളൊക്കെ വാങ്ങി വീട്ടില്‍ വന്നു ആഹാരമുണ്ടാക്കി കഴിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാത്മ സംതൃപ്തിയാണ്. ഇതെല്ലാം ഒരു ആപ്പ് സ്‌ക്രീനില്‍ ഒതുങ്ങുമ്പോള്‍ ജീവിതം എളുപ്പമാകും എന്നാല്‍ പല ശീലങ്ങളും സന്തോഷങ്ങളും ഇല്ലാതായേക്കാം.
(തയ്യാറാക്കിയത്: അനുശ്രീ രാംദാസ്)
Content Highlights: Exploring the impact of instant delivery services on social interactions and daily life. Are we losing valuable experiences for the sake of speed?