ആ കുഞ്ഞിക്കിളിയെ പോലെ നമുക്കും ഇതില്‍ പങ്കാളിയാകാം; വേണ്ടത് വൃത്തിയുള്ള ശൗചാലയങ്ങൾ

World Toilet Day 2023
World Toilet Day 2023

ഇന്ന് ലോക ടോയ്‌ലെറ്റ് ദിനം. ഹമ്മിങ്‌ബേര്‍ഡാണ് ഇത്തവണത്തെ പ്രതീകം. വൃത്തിയുള്ള കുളിമുറിയും വൃത്തിയുള്ള ശൗചാലയങ്ങളും ഒരുക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് എല്ലാ വര്‍ഷവും നവംബര്‍ 19 ലോക ടോയ്‌ലെറ്റ് ദിനമായി യു.എന്‍ ആചരിക്കുന്നത്.  
ഇത്തവണത്തെ പ്രതീകമായി ഹമ്മിങ് ബേര്‍ഡിനെ തിരഞ്ഞെടുത്തതിനുപിന്നിലൊരു ലക്ഷ്യമുണ്ട്. പഴങ്കഥകളിലെ കുഞ്ഞിക്കിളിയാണ് ഇതിനുകാരണം. തന്റെ കൊച്ചുകൊക്കില്‍ വെള്ളം നിറച്ച് വലിയ തീപ്പിടിത്തം കെടുത്താനായി ശ്രമിച്ച കിളിയുടെ കഥ. അതുപോലെ ശുചിത്വത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഓരോ ചെറിയ ശ്രമങ്ങളും ഈ വലിയ പ്രശ്‌നം പരിഹരിക്കാനാവശ്യമാണ്.
ലോകത്ത് വേണ്ടത്ര ശുചിത്വസംവിധാനങ്ങളില്ലാതെ ഒട്ടേറെ പേര്‍ ഇന്നുമുണ്ട്. വേള്‍ഡ് ടോയ്‌ലെറ്റ് ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ 40 ശതമാനത്തിനും ശാസ്ത്രീയമായ ശുചിമുറി സൗകര്യങ്ങളില്ല. 3.5 ബില്യണ്‍ ആളുകള്‍ വൃത്തിയുള്ള ശുചിമുറിയില്ലാതെയാണ് ജീവിക്കുന്നത്. മലമൂത്ര വിസര്‍ജനം നടത്താനായി തുറസ്സായ സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നവരുടെ എണ്ണം 419 മില്യണ്‍ വരും. കുട്ടികളിലും മറ്റും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമെ, അവരുടെ മാനസികാരോഗ്യത്തെയും ഇത് ബാധിക്കുന്നുണ്ട്.

ഇതൊന്നും വെറും കണക്കുകളല്ല
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനവും മാലിന്യം ശരിയായി സംസ്‌കരിക്കാത്തതും വലിയൊരു പ്രശ്‌നമാണ്. അതിനൊപ്പം ചില പ്രദേശങ്ങളിലെ സെപ്റ്റിക് ടാങ്കുകളുടെ ഓവര്‍ ഫ്‌ളോയും ലീക്കേജും വിഷയം ഗുരുതരമാക്കുന്നു. ഇങ്ങനെയുള്ള മാലിന്യങ്ങള്‍ വെള്ളത്തിലും മറ്റും കലരുന്നു. ശുദ്ധജലക്ഷാമം മൂലം പലപ്പോഴും ഇങ്ങനെയുള്ള വെള്ളമാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നത്. ഇത് കോളറ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള അസുഖങ്ങള്‍ ബാധിച്ച് അഞ്ച് വയസ്സില്‍ താഴെയുള്ള ആയിരത്തോളം കുഞ്ഞുങ്ങള്‍ ഓരോ ദിവസവും മരിക്കുന്നുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മലിനജലം, ശുചിത്വമില്ലായ്മ, പൊതുവിടങ്ങളിലെ മലമൂത്രവിസര്‍ജനം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. ലോകത്താകമാനം 600 മില്യണ്‍ കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാവുന്നില്ലെന്ന കണക്കുകൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
ഇതെല്ലാം കേവലം കണക്കുകള്‍ മാത്രമായി കാണാന്‍ പറ്റില്ല. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളും അടിസ്ഥാനസൗകര്യങ്ങളും കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. 2030-ഓടെ എല്ലാവര്‍ക്കും വൃത്തിയുള്ള ശുചിമുറിയും നല്ല വെള്ളവും ഉറപ്പാക്കണമെന്നാണ് യു.എന്‍ ആവശ്യപ്പെടുന്നത്.  

ശുചിത്വവും പ്രധാനം തന്നെ
രോഗങ്ങള്‍ വരാതിരിക്കാന്‍ ശുചിത്വ പാലിക്കുന്നതും വളരെ പ്രധാനമാണ്. ഓരോ തവണയും ശുചിമുറിയില്‍ പോയശേഷം കൈകള്‍ നന്നായി വൃത്തിയാക്കണം. സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ചുവേണം കഴുകാന്‍. പൊതുവായുള്ള ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നത്. പൊതുവിടങ്ങളിലെ ടോയ്‌ലെറ്റില്‍ പോകുമ്പോള്‍, ടോയ്‌ലെറ്റ് സാനിറ്റൈസര്‍ ഉപയോഗിക്കാം. ടോയ്‌ലെറ്റ് സീറ്റും ഉപകാരപ്പെടും.

 

Content Highlights: world toilet day, clealiness, awareness