വീട് നിര്‍മ്മാണത്തിനായി ഡിസൈനറെ സമീപിക്കുന്നതിനുമുമ്പ്...

വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡിസൈനറെ സമീപിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൃത്യമായ പ്ലാനിങ്ങോടുകൂടി മാത്രം ഡിസൈനറെ സമീപിക്കുക. കഴിവതും അദ്ദേഹത്തിന്റെ സമയം പാഴാക്കാതെ കാര്യങ്ങള്‍ നടപ്പിലാക്കുക. വീടുനിര്‍മ്മാണ സമയത്ത് പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്ന ഘട്ടമാണിത്. ക്ലയന്റും ഡിസൈനറും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ ചിലപ്പോള്‍ ഡിസൈനര്‍ക്ക് അഡ്വാന്‍സ് ഒന്നും നല്‍കിയില്ലെന്നുവരാം. അല്ലെങ്കില്‍ ഡിസൈന്‍ ചെയ്തു കഴിഞ്ഞശേഷം നൂറായിരം പ്രശ്‌നങ്ങള്‍ കൊണ്ട് ക്ലയന്റ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങിയേക്കാം. നിര്‍മ്മാണം ഉദ്ദേശിക്കുന്ന പ്ലോട്ടില്‍ പ്ലാന്‍ അനുവാദം കിട്ടില്ല, എന്‍ജിനീയര്‍ പറയുന്ന പൈസ മുടക്കാന്‍ തല്ക്കാലം കഴിയില്ല, അല്ലെങ്കില്‍ അടുത്ത വര്‍ഷമേ വീട് നിര്‍മ്മാണം സാധ്യമാകൂ, സ്ഥലത്തിന് മറ്റു അവകാശികള്‍ കൂടി ഉള്ളതുകൊണ്ട് താന്‍ മുടക്കിയ പൈസ വെറുതെയാകുമോ എന്നൊരു പേടി, ഫ്‌ലാറ്റ് എടുത്താലോ എന്ന ആഗ്രഹം, വീട്ടിലേക്കുള്ള വഴി പ്രശ്‌നം, ഡിസൈന്‍ ചെയ്ത പ്ലോട്ട് താമസത്തിന് പറ്റിയതല്ലെന്ന് ജോത്സ്യന്‍ പറയുന്നു... ഇങ്ങനെ പല കാരണങ്ങള്‍ ഉടലെടുക്കാം. അവസാനം പ്രോജക്ട് അവസാനിപ്പിച്ച് ക്ലയന്റ് പിന്മാറുമ്പോള്‍ ആര്‍ക്കിടെക്ട് ഓഫീസില്‍ ഈ പ്ലാന്‍ ഡിസൈന്‍ ചെയ്യാന്‍ ചെലവഴിച്ച സമയവും സ്റ്റാഫിന് നല്‍കേണ്ടി വരുന്ന ശമ്പളവും എല്ലാം നഷ്ടം എന്ന അവസ്ഥ വന്നേക്കാം. ഇത്തരം അനുഭവങ്ങള്‍ മിക്കവാറും എല്ലാ ഡിസൈനര്‍മാര്‍ക്കും അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. ഇങ്ങനെ പലപ്പോഴും ചൂട് വെള്ളത്തില്‍ വീഴുന്ന ഡിസൈനര്‍മാര്‍ പച്ചവെള്ളം കാണുമ്പോഴും പേടിക്കും. അതുകാരണം ക്ലയന്റിനോട് അഡ്വാന്‍സ് തന്നാലേ ഡിസൈന്‍ തുടങ്ങാന്‍ സാധിക്കൂ എന്ന് പറയുന്ന ഡിസൈനര്‍മാരുണ്ട്.
അക്കാരണം കൊണ്ടു തന്നെ ചില ക്ലയന്റ്‌സ് മറ്റ് ഡിസൈനറെ തേടിപ്പോവാനും സാധ്യതയുണ്ട്.
അതുകൊണ്ട് വീട് നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ ഏതു പ്ലോട്ട് ആണെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക. വീട്ടുകാര്‍ ചേര്‍ന്ന് കൂട്ടായ തീരുമാനമെടുത്ത്, ഡോക്യുമെന്റ് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു മാത്രം ഡിസൈനറെ കാണുക. പുതിയ ഒരു ക്ലയന്റിനെ കിട്ടിയാല്‍ ഏതൊരു ഡിസൈനറും ഒന്നോ രണ്ടോ മണിക്കൂര്‍ ഇവര്‍ക്കായി മാറ്റിവെക്കാന്‍ തയ്യാറാണ്. ഈ അവസരത്തില്‍ മനസ്സ് തുറന്ന് സംസാരിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍, താമസക്കാരുടെ എണ്ണം, സാമ്പത്തിക സ്ഥിതി, വീടിന് വേണ്ടി മാറ്റിവെക്കാവുന്ന പരമാവധി തുക... അങ്ങനെ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുക. ഈ കൂടിക്കാഴ്ചയില്‍ പരിചയസമ്പന്നനായ ഡിസൈനര്‍ക്ക് നിങ്ങളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും.
ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഡിസൈനര്‍ നിങ്ങളുടെ വീടിന്റെ നിര്‍മ്മാണത്തിനുവേണ്ടി എന്തെല്ലാം സേവനങ്ങള്‍ ചെയ്യും, മൊത്തം വീട് നിര്‍മ്മിക്കുന്ന അവസരങ്ങളില്‍ എന്തെല്ലാം ഡ്രോയിങ് തയ്യാറാക്കും, ഏതൊക്കെ അവസരങ്ങളില്‍ സൈറ്റ് വിസിറ്റിങ് ഉണ്ടാകും, ഡിസൈനറുടെ ഓഫീസിന് ഫീസ് ഇനത്തില്‍ എത്ര രൂപ നല്‍കേണ്ടി വരും, ഏതെല്ലാം സ്റ്റേജില്‍ എത്ര ഗഡുക്കള്‍ ആയാണ് ഇത് നല്‍കേണ്ടത്, വീട് നിര്‍മ്മാണത്തിന്റെ ഡിസൈന്‍ അല്ലാതെ മുനിസിപ്പല്‍ അപ്രൂവല്‍ കംപ്ലീഷന്‍ എസ്റ്റിമേറ്റ് തുടങ്ങിയവയ്ക്ക് അധിക ഫീസ് നല്‍കേണ്ടതുണ്ടോ എന്നൊക്ക ചോദിച്ചു മനസ്സിലാക്കി വേണം മുന്നോട്ട് പോകാന്‍. മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഡിസൈനര്‍ക്കും ക്ലയന്റിനും സമ്മതമാണെങ്കില്‍ മാത്രം ഡിസൈന്‍ തുടങ്ങിയാല്‍ മതിയാകും.
വീട് നിര്‍മ്മിക്കേണ്ടത് ക്ലയന്റിന്റെ ആവശ്യമാണ്. ഡിസൈനര്‍ അതിനുവേണ്ടി അദ്ദേഹത്തിന്റെ കഴിവും പരിചയസമ്പത്തും നല്‍കുന്നു. അഡ്വാന്‍സ് നല്‍കാതെ ആദ്യ ഡിസൈന്‍ കഴിഞ്ഞ് വഴിയില്‍ വെച്ച് പദ്ധതി ഒഴിവാക്കുമ്പോള്‍ അതിന്റെ സാമ്പത്തിക നഷ്ടം ക്ലയന്റിന് തന്നെ ആയിരിക്കും. മറ്റൊരു കാര്യം, നിങ്ങളുടെ വീടിന്റെ ഡിസൈനര്‍ ആരാണെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. ചില ക്ലയന്റ്‌സ് നല്ലൊരു തുക ഫീസ് ആയി ഡിസൈനര്‍ക്ക് കൊടുക്കും. പിന്നീട് സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി അയാള്‍ക്കിഷ്ടമുള്ള മെറ്റീരിയല്‍ വാങ്ങി, ഡിസൈനര്‍ക്കുപോലും പേരുദോഷം ഉണ്ടാകുന്ന രീതിയില്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.
നിങ്ങളുടെ ഡിസൈനറെ വിശ്വസിക്കുക, അദ്ദേഹത്തെക്കൊണ്ട് നിങ്ങളുടെ ആവശ്യങ്ങള്‍ സാധിപ്പിച്ചെടുക്കുക. പങ്കാളികളെപ്പോലെ, കൂട്ടുകാരെപ്പോലെ തന്നെ ക്ലയന്റും ഡിസൈനറും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോയാലേ നിങ്ങളുടെ സ്വപ്‌ന ഭവനം സ്വരചേര്‍ച്ചകള്‍ ഇല്ലാതെ, കല്ലുകടി ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ...
Content Highlights: The perfect meet-up with your home designer