സിങ്കില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടോ? പരിഹാരം അടുക്കളയില്‍ തന്നെയുണ്ട്

എഐ നിർമിത ചിത്രം
എഐ നിർമിത ചിത്രം

ഭംഗിയുള്ള,വൃത്തിയുള്ള അടുക്കള വീടിന്റെ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും അത്യാവശ്യമാണ്. നിരന്തരം വെള്ളവും എണ്ണമെഴുക്കും ചൂടും പറ്റുന്ന അടുക്കളയിലെ സിങ്ക് നിറം മങ്ങുന്നത് വലിയ അദ്ഭുതമുള്ള കാര്യമല്ല. എന്നാല്‍, കൃത്യമായി ഇടയ്ക്കിടെ സിങ്ക് വൃത്തിയാക്കിയാല്‍ അടുക്കള ദുര്‍ഗന്ധമില്ലാത്ത തിളക്കമുള്ള ഇടമാക്കിയെടുക്കാം. ബാക്ടീരിയകളെ തടുത്ത് സ്വാസ്ഥ്യവും ഉറപ്പുവരുത്താം. ഇടയ്ക്കിടെ അഴുക്കടിയുന്നത് ഒഴിവാക്കിയാല്‍ പൈപ്പിന്റെയും ഡ്രെയിനേജിന്റെയും ആയുസ്സും കൂട്ടാം. സിങ്ക് അഴകോടെയും വൃത്തിയോടെയും സൂക്ഷിക്കാന്‍ നിത്യേന ഒരു അഞ്ച്- പത്തു മിനിട്ടു മാത്രം ചെലവിട്ടാല്‍ മതി. സിങ്ക് വൃത്തിയാക്കുന്നത് അടുക്കളയിലെ മറ്റ് പണികള്‍ക്കൊപ്പമുള്ള ഒരു പതിവാക്കി മാറ്റാം.

  • സിങ്കിലെ ഡ്രെയിനിനുമുകളില്‍ സിങ്ക് സ്ട്രെയ്‌നറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറിയ ഭക്ഷ്യവസ്തുക്കള്‍ പോലുള്ള അവശിഷ്ടങ്ങള്‍ നേരിട്ട് ഡ്രെയിനിലേക്ക് ഒഴുകിപ്പോയി സിങ്ക് ബ്ലോക്ക് ആവുന്നത് തടയാനാകും. ദുര്‍ഗന്ധത്തിനുള്ള പരിഹാരം കൂടിയാണിത്.
  • സിങ്കില്‍ ചെറിയ അവശിഷ്ടങ്ങള്‍പോലും ഇല്ലാത്ത വിധം വെള്ളമൊഴിച്ചുകഴുകണം. ശേഷം സ്‌പോഞ്ചോ പേപ്പര്‍ ടവ്വലോ ഉപയോഗിച്ച് തുടയ്ക്കാം.
  • ഡിഷ് വാഷറും വിനാഗിരിയും വെള്ളവും തുല്യഅളവില്‍ കലര്‍ത്തി ഒരു ലായനി തയ്യാറാക്കാം. ഇത് സിങ്കില്‍ തളിച്ച് മൃദുവായ ബ്രഷോ സ്‌പോഞ്ചോ കൊണ്ട് സിങ്ക് ഉരച്ചുകഴുകിയെടുക്കാം.
  • സിങ്കില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ നാരങ്ങയും ബേക്കിങ് സോഡയും കലര്‍ന്ന ലായനി ഒഴിക്കാം. പതിനഞ്ച് മിനിട്ടിനു ശേഷം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയണം.
  • പാത്രങ്ങളില്‍ ബാക്കി വരുന്ന എണ്ണയോ നെയ്യോ സിങ്കിലേക്ക് ഒഴിക്കരുത്. ഇത് ഡ്രെയിനില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കിയേക്കാം. ഇടയ്ക്കിടെ ചൂടുവെള്ളം ഒഴിച്ചുകൊടുത്താല്‍ ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാം.
  • സിങ്ക് ഏത് മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചതാണ് എന്നതിനനുസരിച്ചാണ് വൃത്തിയാക്കുന്ന വിധം തീരുമാനിക്കേണ്ടത്.
  1. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുള്ള സിങ്കുകള്‍ ശക്തമായ രാസവസ്തുക്കള്‍ കൊണ്ട് വൃത്തിയാക്കരുത്. ഇത് സിങ്കിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തും.
  2. പോര്‍സിലീന്‍ സിങ്ക് പെട്ടെന്ന് നിറം പോകാനും കറ പിടിക്കാനും സാധ്യതയുള്ളതാണ്. വീര്യമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കരുത്. വല്ലാതെ ഉരച്ചുകഴുകാനും പാടില്ല.
  3. ഗ്രാനൈറ്റ് സിങ്കുകളില്‍ അസിഡിക്കായ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ബ്ലീച്ചുകള്‍ ഒഴിവാക്കുക.
  4. കോപ്പര്‍ സിങ്കുകള്‍ ഉരച്ചുകഴുകരുത്. ഇത് കോട്ടിങ് നഷ്ടമാകാന്‍ ഇടവരുത്തും. സോപ്പുലായനി ഉപയോഗിച്ച് കഴുകുന്നതാകും നല്ലത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Banish kitchen sink smells with simple solutions! Learn how to clean your sink, prevent clogs, and keep it sparkling. Easy tips for all sink materials.