മഴക്കാലത്തെ പൂപ്പലും ഈര്‍പ്പവും ചോര്‍ച്ചയും ദുര്‍ഗന്ധവും; കരുതേണ്ടതെല്ലാം

മഴ തകൃതിയായി പെയ്യുന്ന കാലമാണ്. പൂപ്പലും ഈര്‍പ്പവും ചോര്‍ച്ചയും ദുര്‍ഗന്ധവും... മഴയുടെ രസം കൊല്ലുന്ന വില്ലന്മാര് അനവധി. ചെറിയ കരുതലെടുത്താല്‍ ഈ വില്ലന്മാരുടെ ശല്യമില്ലാതെ വീട്ടിലിരുന്ന് മഴ ആസ്വദിക്കാം.
- വീടിനുള്ളിലെ കട്ടിയുള്ള പരവതാനിയും ചവിട്ടികളും കര്‍ട്ടനുകളും മഴ മാറുന്നത് വരെ മാറ്റിയിടുന്നതാണ് നല്ലത്. ഇവ ഈര്‍പ്പം വലിച്ചെടുത്ത് വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടാക്കും.
- പടികളില്‍ പ്ലാസ്റ്റിക് മാറ്റുകള്‍ വിരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വഴുതാന്‍ സാധ്യതയുണ്ട്. വീടിനു ചുറ്റും ബ്ലീച്ചിങ് പൗഡര്‍ വിതറിയാല്‍ പായല്‍ തടയാം.
- ചട്ടിയില്‍ മഴവെള്ളം കെട്ടിനിന്ന് ചെടികള്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഒരുപാട് വെള്ളം ആവശ്യമില്ലാത്ത ചെടികള്‍ മഴകൊള്ളാതെ മാറ്റി വെയ്ക്കാം. മഴക്കാലത്ത് അന്തരീക്ഷ ഈര്‍പ്പം കൂടുതലാണെന്നതിനാല്‍ ഇന്‍ഡോര്‍ ചെടികള്‍ എപ്പോഴും നനയ്ക്കേണ്ടതില്ല.
- ചിതലുണ്ടാകാന് ഇടയുള്ളതിനാല്‍ വാതിലുകള്‍ നനയുന്നില്ല എന്ന് ഉറപ്പ് വരുത്തണം. വീട് തുടയ്ക്കുമ്പോള്‍ വേപ്പെണ്ണ ഉപയോഗിക്കുന്നത് ചിതലിനെ തുരത്താനുള്ള എളുപ്പവഴിയാണ്.
- വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. പല വിദേശ ബ്രീഡുകള്‍ക്കും മഴക്കാലം രോഗത്തിന്റേതാണ്. വീടിനുള്ളില്‍ മൃഗങ്ങളുടെ രോമം കൊഴിയുന്നത് കൃത്യമായി വൃത്തിയാക്കിയിരിക്കണം.
- പുറത്ത് അഴിച്ചിട്ട ഷൂസുകള്‍ ഉപയോഗിക്കും മുന്‍പ് അവയ്ക്കുള്ളില്‍ വിഷജന്തുക്കള്‍ കയറിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. ചവിട്ടികളും കുടഞ്ഞിടണം. അവയ്ക്കടിയില് പാമ്പ് ചുരുണ്ടുകൂടാന്‍ ഇടയുണ്ട്. ഓവുകളും മൂടാം.
- വിള്ളലുകള്‍ എത്രയും പെട്ടെന്ന് അടയ്ക്കുക. അല്ലെങ്കില്‍ ചോര്‍ച്ചയുണ്ടാകുകയും വീട്ടില്‍ പൂപ്പല്‍ വരികയും ചെയ്തേക്കാം.
- മരത്തില്‍ പണിത ഫര്‍ണിച്ചറുകളില്‍ നേരിട്ട് വെള്ളം വീഴുന്നില്ലെന്ന് ഉറപ്പാക്കണം. പൂപ്പല്‍ ബാധ ഉണ്ടായേക്കാം. ഉണങ്ങിയ തുണി ഉപയോഗിച്ച് ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കുക.
- ലോഷന്‍ ഉപയോഗിച്ച് തറ അണുവിമുക്തമാക്കുക.
- ശക്തമായി മഴ പെയ്യുമ്പോള്‍ അടച്ചിടണമെങ്കിലും അല്ലാത്തപ്പോള്‍ ജനലുകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കണം. വീടിനുള്ളില്‍ നല്ല വായുസഞ്ചാരം ഇല്ലെങ്കില്‍ ഈര്‍പ്പം വര്‍ധിക്കും.
- ബെഡ്ഷീറ്റ്, തലയിണയുടെയും കുഷ്യനുകളുടെയും കവറുകള്‍ ഇടയ്ക്കിടെ മാറ്റണം.
Content Highlights: how to take care home during rainy season