അകത്തളങ്ങളിലെ ചെടികള്‍ കരുത്തോടെ സംരക്ഷിക്കാം

വീടിന്റെ അകത്തളങ്ങളില്‍ പച്ചപ്പ് നിറയ്ക്കുന്നത് ഒരു ട്രെന്‍ഡ് എന്നതിനപ്പുറം നിര്‍ബന്ധംപോലെയാണ് ഇപ്പോള്‍. ഒരു മണി പ്ലാന്റ് എങ്കിലും വളര്‍ത്താത്ത അകത്തളങ്ങളുണ്ടാവില്ല. ഇന്റീരിയറിന് ഭംഗിയേകാന്‍ എത്ര വില കൊടുത്തും ചെടികള്‍ വാങ്ങാന്‍ തയ്യാറുമാണ്. എന്നാല്‍ പരിപാലനം കൂടിപ്പോയാലോ കുറഞ്ഞുപോയാലോ ചെടി വാടിത്തളരാന്‍ തുടങ്ങും. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിലത് ഉണങ്ങിപ്പോവുന്നു ഇലകള്‍ പൊഴിയുന്നു തുടങ്ങിയ പരാതികള്‍ കേള്‍ക്കാം. ഇന്‍ഡോര്‍ പ്ലാന്റുകളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിതാ...
1. ഇലയുടെ പച്ചനിറം, നന, വളപ്രയോഗം, വെളിച്ചം...അകത്തളങ്ങളിലെ ചെടികളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണിവ.
2. അകത്തളങ്ങളില്‍ വെളിച്ചം കുറഞ്ഞ ഇടങ്ങളിലേക്കാണ് ചെടികള്‍ വാങ്ങുന്നതെങ്കില്‍ കരിംപച്ച നിറമുള്ളവ വാങ്ങുന്നതാണ് നല്ലത്. ഓര്‍ണമെന്റല്‍ പാം, ടേബിള്‍ പാം, ഡ്രസീന തുടങ്ങിയവയൊക്കെ ഇതിനു പറ്റിയതാണ്.
3. മാസത്തിലൊരിക്കല്‍ ചെടികള്‍ പുറത്തെടുത്ത് തണലത്ത് വെക്കണം. വരാന്തയിലോ മറ്റോ അധികം വെയില് കൊള്ളാത്തിടത്ത് വെക്കാം. ചെടികള്‍ക്ക് ഉന്മേഷം കിട്ടാന്‍ നല്ലതാണ്.
4. ചെടികളുടെ നനയുടെ കാര്യത്തിലാണ് എല്ലാവര്‍ക്കും അബദ്ധങ്ങള്‍ പറ്റുന്നത്. നന ആഴ്ചയിലൊരിക്കല്‍ മതി.
5. സക്കുലന്റ് പ്ലാന്റ്‌സ് ഇനത്തില്‍പ്പെട്ടവയാണെങ്കില്‍പോലും ആഴ്ചയിലൊരിക്കല്‍ നനച്ചാല്‍ മതിയാവും.
6. കണ്ണില്‍ തുള്ളിമരുന്ന് ഇറ്റിക്കുന്നതുപോലെ ചെയ്യാതെ മണ്ണിന് നന്നായി നനവ് കിട്ടുന്ന തരത്തില്‍ ചെയ്യണം. കൂടാതെ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇലയില്‍ തുള്ളിനനയായും നല്‍കാം.
7. കാലാവസ്ഥ നോക്കാതെ വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ ചെടികള്‍ നനയ്‌ക്കേണ്ടതാണ്.
8. കൂനൂര്‍പോലെ തണുപ്പുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്ന സക്കുലന്റ് ചെടികള്‍ ഇവിടുത്തെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. എന്തൊക്കെ ചെയ്താലും ചീഞ്ഞുപോകാനിടയുണ്ട്. അവ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
9. നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന ചില സക്കുലന്റ് ചെടികളാണ് സ്‌നേക്ക് പ്ലാന്റ്, സിസി പ്ലാന്റ്, അലോ എന്നിവ.
10. സക്കുലന്റ് ചെടികള്‍ സിന്റര്‍ മീഡിയം ഉപയോഗിച്ച് നട്ടാല്‍ നല്ലതാണ്. ചാരം കലര്‍ന്നത് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. നന്നായി കഴുകിയെടുത്ത സിന്റര്‍മീഡിയം മാത്രം ഉപയോഗിക്കുക. ചെടി കുറച്ചുകാലമെങ്കിലും നിലനില്‍ക്കും.
11. ചിലര്‍ എയര്‍പ്ലാന്റുകള്‍ മണ്ണില്‍ നടാറുണ്ട്. ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. പശ വെച്ച് ഒട്ടിക്കുകയോ കരി നിറച്ചതിലേക്ക് വെറുതെ വെക്കുകയോ ചെയ്യാം.
12. എയര്‍ പ്ലാന്റിന്റെ ഇലകള്‍ക്കാണ് നനവ് വേണ്ടത്. ഇവ വായുസഞ്ചാരമുള്ളിടത്ത് വെക്കുന്നത് നല്ലതാണ്.
13. വാഷ് കൗണ്ടറിലും മറ്റും വെക്കുന്ന ചെടികളൊക്കെ മാസത്തിലൊരിക്കലെങ്കിലും പുറത്തിറക്കി വെക്കണം. എപ്പോഴും വെള്ളം വീഴുന്ന ഇടമാണെങ്കിലും ആഴ്ചയിലൊരിക്കല്‍ നന നല്‍കാം.
14. വളപ്രയോഗമാണ് ശ്രദ്ധ വേണ്ട മറ്റൊരു കാര്യം. ജൈവവളങ്ങള്‍ മണ്ണുമായി യോജിപ്പിച്ച് കൊടുക്കാം.
15. ഇലകളിലൂടെ വളം നല്‍കുന്ന രീതിയുമുണ്ട്. ഇലകളുടെ പ്രതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളായ സ്റ്റൊമേറ്റകളിലൂടെയാണ് വളം ഇലകള്‍ക്കുള്ളിലേക്ക് എത്തുന്നത്.
16. വെള്ളത്തില്‍ നല്ലതുപോലെ അലിയുന്ന വളങ്ങളോ വളക്കൂട്ടുകളോ ആണ് ഇലകള്‍ക്കാവശ്യം. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങളും 19:19:19 പോലുള്ള വളക്കൂട്ടുകളും ഇലകള്‍ക്ക് നല്ലതാണ്.
17. ചെടികള്‍ക്ക് ഉന്മേഷം കിട്ടാന്‍ 19:19:19 സ്‌പ്രേചെയ്ത് കൊടുക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം കലക്കി ഇലയില്‍ സ്‌പ്രേചെയ്യാം. ഇലയ്ക്ക് തണുപ്പും പച്ചപ്പും കിട്ടും, പൊടിമൂടി അടഞ്ഞിരിക്കുന്ന സുഷിരങ്ങള്‍ തുറക്കുകയും ചെയ്യും.
18. കൂടുതല്‍ പൊടി അടിഞ്ഞാല്‍ ഇലകള്‍ പൊഴിയുന്നതാണ്. അതുകൊണ്ട് ഇലകള്‍ പ്രത്യേകം നനയ്ക്കണം.
19. ഇടുങ്ങിയ മുറികളില്‍ ചെടികള്‍ വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വായുസഞ്ചാരമുള്ള ഇടമായാല്‍ ഏറ്റവും നല്ലത്.
20. ചെടികള്‍ സെറാമിക് ചട്ടികളില്‍ നേരിട്ട് ഇറക്കിവെക്കാതെ പ്ലാസ്റ്റിക് ചട്ടികളിലാക്കിയശേഷം വെക്കാം.
21. ചെടികള്‍ക്ക് വെളിച്ചം പ്രധാനമാണ്. സൂര്യപ്രകാശം ലഭിക്കാത്തിടത്ത് ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ വെക്കാം. അകത്തളങ്ങളില്‍ ഏറ്റവും കൂടുതല്‍ ആര്‍ട്ടിഫ്യല്‍ ലൈറ്റ് ലഭിക്കുന്നിടത്ത് ചെടികള്‍ വെക്കാം. വെളിച്ചത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ് ചെടികള്‍ വളരുന്നത്.
Content Highlights: how to keep indoor plants alive