വാടിയ പൂക്കൾ നീക്കാൻ മറക്കരുത്, ശംഖുപുഷ്പം ബാൽക്കണിയിൽ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശംഖുപുഷ്പം | AI
ശംഖുപുഷ്പം | AI

ദുർഗാദേവിയുടെ ഇഷ്ടപ്പെട്ട പൂവാണ് ശംഖുപുഷ്പമെന്നൊരു വിശ്വാസമുണ്ട്, അപരാജിത എന്നും വിളിപ്പേരുള്ള ശംഖുപുഷ്പത്തിന് (butterfly pea) ആരോഗ്യഗുണങ്ങൾ ഒട്ടേറെയാണ്. അധികം ശ്രദ്ധ കൊടുക്കാതെ തന്നെ വീട്ടിലും ഫ്ലാറ്റുകളിലും വളർത്തിയെടുക്കാവുന്ന മനോഹരമായൊരു വള്ളിച്ചെടിയാണിത്. ശംഖുപുഷ്പം വളർത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം.

നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ശംഖുപുഷ്പം നന്നായി വളരും, ദീർഘകാലം പൂക്കളും തരും. ബാൽക്കണിയിൽ രാവിലെയും വൈകുന്നേരവും നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തെ ചെടിച്ചട്ടിയിൽ വളർത്താം.

ഏകദേശം 8 മുതൽ 12 ഇഞ്ച് വരെ ആഴവും 12 മുതൽ 14 ഇഞ്ച് വരെ വീതിയുമുള്ള ഒരു ചട്ടി നടാനുപയോഗിക്കാം. നീർവാർച്ചയ്ക്കായി ചട്ടിയിൽ ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കണം. കെട്ടിക്കിടക്കുന്ന വെള്ളം വേരുകളെ കേടുവരുത്തും. ചട്ടിയിൽ അയഞ്ഞ പോട്ടിംഗ് മിശ്രിതം, കുറച്ച് കമ്പോസ്റ്റ് എന്നിവയിട്ട് മണ്ണ് വായുസഞ്ചാരമുള്ളതാക്കാം.

വിത്തുകൾ കുതിർത്തുവെക്കാം
വിത്തു മുളപ്പിച്ചെടുത്താണ് പുതിയ തൈകളുണ്ടാക്കുന്നത്. വിത്തുകൾ പാകിയാലും മുളയ്ക്കുമെങ്കിലും ഏതാനും മണിക്കൂറുകളോ രാത്രി മുഴുവനോ വെള്ളത്തിൽ കുതിർത്തുവെക്കുന്നത് വിത്തുകളുടെ പുറംതൊലി മൃദുലമാകാനും മുള പെട്ടെന്ന് വരാനും സഹായിക്കും.

വിത്തുകൾ പോട്ടിംഗ് മിശ്രിതത്തിൽ ഏകദേശം 1 ഇഞ്ച് ആഴത്തിൽ നടുക, വിത്തുകൾ പരസ്പരം അകലത്തിൽ വേണം പാകാൻ. മുള വരുന്നതുവരെ മണ്ണ് ചെറുതായി ഈർപ്പമുള്ളതായി സൂക്ഷിക്കുക. തൈ ആയ ശേഷം പതിവായി നനയ്ക്കുന്നതിനു പകരം മണ്ണിന്റെ മുകൾ ഭാഗം ഉണങ്ങാൻ തുടങ്ങുമ്പോൾ മാത്രം നനയ്ക്കുക. വളർന്നുവരുമ്പോൾ ഒരു ചെറിയ പന്തൽ ഇട്ടുകൊടുക്കാം. കയറുകെട്ടിക്കൊടുക്കുകയോ ബാൽക്കണി ഗ്രില്ലിലേക്ക് പടർത്തുകയോ ഒക്കെയാവാം. താങ്ങില്ലാതെ, വളർന്നാൽ ചെടി കാണാൻ ഭംഗിയുണ്ടാവില്ല.

കൂടുതൽ പൂക്കളുണ്ടാവാൻ ചെടി വെട്ടിക്കൊടുക്കാനും വാടിയ പൂക്കൾ നീക്കാനും മറക്കരുത്. കൃത്യമായ ഇടവേളകളിൽ മുറിച്ചുകൊടുക്കുന്നത് ശംഖുപുഷ്പത്തെ ഇടതൂർന്നുവളരാൻ സഹായിക്കും. വള്ളി വളരെയധികം നീണ്ടുപോയി എന്ന് തോന്നിയാൽ, വളരുന്ന അഗ്രങ്ങൾ ചെറുതായി മുറിച്ചുകൊടുക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Requires direct sunlight for optimal growth and flowering., Needs pots with adequate drainage to prevent root rot., Soaking seeds before planting improves germination rates., Regular pruning and deadheading promote denser growth and more flowers., Provide support structures like trellises or balcony grills for healthy climbing.