പിന്‍മുറ്റത്തെ തള്ളേണ്ട, മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ഇന്റര്‍ലോക്ക് ചെയ്യുകയോ അരുത്

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

മാറുന്ന കാലാവസ്ഥയ്ക്ക് ഇണങ്ങുന്നരീതിയില്‍ മുറ്റമൊരുക്കിയാല്‍ ചൂടും വെള്ളക്കെട്ടും പോലുള്ള പ്രശ്‌നങ്ങളെ പടികടത്താം. മഴവെള്ളം ആഗിരണംചെയ്യാന്‍ മണ്ണിനെ പ്രാപ്തമാക്കുംവിധമുള്ള സ്വാഭാവികപ്രതലമായിരിക്കണം മുറ്റത്തിന്. പഴയ വീടുകളുടേതുപോലെ മണലും മണ്ണും വിരിച്ച മുറ്റത്തിനും ഭംഗിയേറെയുണ്ട്. വീടുപണിയുമ്പോള്‍ ചെറിയ സ്ഥലമാണെങ്കിലും ഒരു മരമെങ്കിലും അവശേഷിപ്പിക്കാന്‍ മടിക്കേണ്ട. മുറ്റം എളുപ്പത്തില്‍ പരിചരിക്കാനും സൂക്ഷിക്കാനും കഴിയുന്നവിധത്തില്‍ നിര്‍മിക്കുകയാണ് പ്രധാനം. മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ഇന്റര്‍ലോക്ക് ചെയ്യുകയോ വേണ്ട. ഇന്റര്‍ലോക്ക് ടൈലുകള്‍ ഭംഗിയും വൃത്തിയും തരുമെങ്കിലും വീടിനുള്ളില്‍ ചൂടു കൂട്ടും.

മഴക്കാലത്ത് മുറ്റത്തുവീഴുന്ന വെള്ളം നമ്മുടെതന്നെ മുറ്റത്തെ മണ്ണില്‍ ഇറങ്ങിയാലേ കിണറ്റില്‍ വെള്ളമുണ്ടാവൂ. മഴവെള്ളം റോഡിലേക്കും ഓടയിലേക്കും കുത്തിയൊലിച്ചുപോകുന്നതോടെ ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയുന്നു. അതുകൊണ്ട് മുറ്റത്ത് ഇന്റര്‍ലോക്കിങ് ടൈലുകള്‍ വിരിക്കുമ്പോള്‍ ഇടയില്‍ സ്ഥലമിട്ടുമാത്രം ചെയ്യുക. ടൈല്‍ വിരിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്യാതെ എംസാന്‍ഡോ മെറ്റലോ വെച്ച് അതില്‍ ടൈലിടാം. ടൈലുകളുടെ ഇടയിലെ വിടവില്‍ മെക്‌സിക്കന്‍ ഗ്രാസോ പറ്റിവളരുന്ന ചെടിയോ മണലോ വിരിച്ച് ഭംഗിയാക്കാം. 

പ്രകൃതിദത്തമായ കോട്ടാ സ്റ്റോണ്‍ , കടപ്പ, ബാംഗ്ലൂര്‍ സ്‌റ്റോണ്‍, തന്തൂര്‍ സ്‌റ്റോണ്‍, കോബിള്‍ സ്‌റ്റോണ്‍, ഷാബാദ് എന്നിവയും ഉപയോഗിക്കാം. ഇവയെല്ലാം ചൂടാകുമെങ്കിലും രാത്രി പെട്ടെന്ന് തണുക്കുകയും ചെയ്യും. മറ്റൊന്ന് ഫ്‌ളെയിംഡ് ഗ്രാനൈറ്റ് എന്ന ചീകിമിനുക്കാത്ത ഗ്രാനൈറ്റ് പാളികളാണ്. കോണ്‍ക്രീറ്റ് ടൈലിനുപകരം ടെറാക്കോട്ട ടൈലുകളാണ് നല്ലത്. 

ആര്‍ട്ട് ലൈന്‍ പേവിങ്‌സ് രീതിയും പ്രചാരത്തിലുണ്ട്. ഗ്രാസ് പേവര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ജാളിപോലുള്ള കല്ലുകള്‍ പതിച്ച് ഇടയില്‍ പുല്ല് വളര്‍ത്തുന്ന രീതിയാണ് ഇത്. ചെലവുകുറച്ച് മുറ്റമൊരുക്കുകയാണെങ്കില്‍ വാഹനം പോകുന്ന വഴിയില്‍മാത്രം ടൈല്‍ വിരിക്കാം. ബാക്കിഭാഗങ്ങളില്‍ പുല്ലോ ചെടികളോ നടാം. 

പിന്‍മുറ്റത്തെ തള്ളേണ്ട
അനാവശ്യസാധനങ്ങള്‍ വലിച്ചുവാരിയിടേണ്ട ഇടമല്ല പിന്‍മുറ്റം.  പച്ചക്കറിത്തോട്ടമോ ഓപ്പണ്‍ ഡൈനിങ് ഏരിയയോ ആക്കിമാറ്റാം. കുടുംബത്തിന്റെ മാത്രം ഇടമായി പിന്‍മുറ്റത്തെ മാറ്റിയെടുക്കാം. ഔട്ട്ഡോര്‍ കിച്ചണും സെറ്റുചെയ്യാം. ഡൈനിങ്ങില്‍നിന്നോ അല്ലെങ്കില്‍ അടുക്കളയില്‍നിന്നോ പിന്‍മുറ്റത്തേക്കിറങ്ങാന്‍ ഒരു ഗ്ലാസ് വാതില്‍ നല്‍കാം. ചെറിയൊരു ലോണും പൂച്ചെടികളും ഇരിപ്പിടങ്ങളും നല്‍കി മനോഹരമാക്കാം.

പച്ചമുളക്, ചീര, മല്ലി, പയര്‍, വെണ്ട എന്നിങ്ങനെ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ ഇവിടെ വിളയിക്കാം. തുളസി, പനിക്കൂര്‍ക്ക, അരൂത പോലുള്ള ഔഷധസസ്യങ്ങളും നടാം. റിപ്പയറിങ്, ക്ലീനിങ് ഉപകരണങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കാനുള്ള സ്റ്റോര്‍റൂമാക്കി മാറ്റാം. നീലയോ പച്ചയോ ചുവപ്പോ നിറം നല്‍കി ഭംഗിയാക്കാം. ചുറ്റും ചെടികളോ റൂഫിലൂടെ വള്ളിച്ചെടികളോ പടര്‍ത്താം. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലമാക്കാം. മണല്‍ വിരിച്ച് ലൈറ്റുകളും ഊഞ്ഞാലുമൊക്കെ വെയ്ക്കാം.നീളമുള്ള സ്ഥലമാണെങ്കില്‍ ഷട്ടില്‍ കോര്‍ട്ടാക്കാം. വിശാലമായ പിന്‍മുറ്റമാണെങ്കില്‍ സ്വിമ്മിങ് പൂളും ഒരുക്കാം.

(കടപ്പാട്
മുജീബ് റഹ്മാന്‍
മെഡോബ്രൗണ്‍ ആര്‍ക്കിടെക്ചര്‍, കോഴിക്കോട്
)

Content Highlights: home yard ideas and tips new home stylish yard