അവധി തീര്‍ന്നോ? തിരിച്ച് ജോലിക്കുവരാന്‍ പ്രയാസമാണോ? ടിപ്‌സുണ്ട്

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ഹ്രസ്വമോ ദീര്‍ഘമോ ആയ അവധിയെടുത്തശേഷം ജോലിസ്ഥലങ്ങളിലേക്ക് തിരികെച്ചെല്ലുമ്പോള്‍ വിഷമവും സമ്മര്‍ദ്ദവും തോന്നാറുണ്ടോ? തിങ്കളാഴ്ച ജോലിക്കു പോകണമല്ലോയെന്നോര്‍ത്ത് തലേദിവസം തന്നെ അസ്വസ്ഥരാകാറുണ്ടോ? അവധി കഴിഞ്ഞ് ജോലിയിലേക്ക് മടങ്ങുമ്പോള്‍ ആളുകള്‍ക്ക് 'തല്‍ക്ഷണ സമ്മര്‍ദ്ദം' അനുഭവപ്പെടുന്നുവെന്നത് സത്യമാണ്. കിട്ടിയ വിശ്രമവും ആനന്ദവുമെല്ലാം ഓഫീസില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുന്നുവെന്ന തോന്നല്‍ ഇവരിലുണ്ടാവും.

1970-കളില്‍ പ്രഗത്ഭരായ യുഎസിലെ കാര്‍ഡിയോളജിസ്റ്റുകളായ മേയര്‍ ഫ്രീഡ്മാനും റേ റോസെന്‍മാനും അഭിപ്രായപ്പെട്ടത് മിക്ക തൊഴില്‍ സാഹചര്യങ്ങളുടെയും അനന്തരഫലം പെട്ടെന്നുവരുന്ന രോഗമാണെന്നാണ്. സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയാണ് ജോലി സംബന്ധമായ അനാരോഗ്യ കേസുകളില്‍ 51 ശതമാനവുമെന്ന് യു.കെ.യിലെ ഏറ്റവും പുതിയ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി സംബന്ധമായ അനാരോഗ്യം മൂലം പ്രവൃത്തി ദിവസങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടമാവുകയും ചെയ്യുന്നു. 

ചുരുക്കത്തില്‍, മിക്ക ജോലികളും സമ്മര്‍ദ്ദപൂരിതമാണ്, വിശ്രമവേളകളും സ്വയം വീണ്ടെടുക്കലും അനിവാര്യവുമാണ്. അവധിക്ക് ശേഷമുള്ള പിരിമുറുക്കം ഒഴിവാക്കാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും ചില വഴികള്‍. 

സഹപ്രവര്‍ത്തകരുമായി ബന്ധം നിലനിര്‍ത്തുക 
ജോലിയില്‍ തിരിച്ചെത്തിയ ആദ്യമണിക്കൂറുകള്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കാനും അവധിക്കാലത്തെ അനുഭവങ്ങള്‍ പങ്കിടാനുമൊക്കെയായി ഉപയോഗിക്കാം. നമ്മുടെ ആരോഗ്യവും ക്ഷേമവും നിലനിര്‍ത്തുന്നതിന്, സാമൂഹികബന്ധം അത്യാവശ്യമാണ്.

ജോലിഭാരം നിയന്ത്രിക്കുക
നേരെ വന്ന് ജോലിയില്‍ പ്രവേശിച്ച് കഠിനമായ ജോലിഭാരത്തിലേക്ക് കടക്കുന്നത് ഒഴിവാക്കുക. എല്ലാ ജോലികളും ആദ്യദിവസം തന്നെ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അമിതഭാരമാവുകയും നിങ്ങളെ തളര്‍ത്തുകയും ചെയ്യും. മിതമായി തുടങ്ങി വലിയ ഭാരങ്ങള്‍ പതിയെ എടുക്കുക.

ചെറിയ ഇടവേളകള്‍ എടുക്കുക
തിരിച്ചുവന്നശേഷമുള്ള ആദ്യ ആഴ്ചയില്‍ എല്ലാ ദിവസവും ചായ കുടിക്കാനും ഉച്ചഭക്ഷണം കഴിക്കാനുമുള്ള ഇടവേളകള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വ്യത്യസ്തരായ സഹപ്രവര്‍ത്തകരുമായി ഈ ഇടവേളകള്‍ പങ്കിടാം. ഓഫീസ് ജോലിയാണ് ചെയ്യുന്നതെങ്കില്‍ ഉച്ചഭക്ഷണത്തിന് ഓഫീസിനു പുറത്തുള്ള എവിടെയെങ്കിലും തിരഞ്ഞെടുക്കാവുന്നതുമാണ്. 

കൃത്യസമയത്ത് വീട്ടില്‍ പോകാന്‍ ശ്രദ്ധിക്കാം, അധികസമയം ഒഴിവാക്കാം
വീട്ടിലെത്തിയാലും സജീവമായിരിക്കാന്‍ ശ്രദ്ധിക്കാം. ടിവിയുടെ മുമ്പില്‍ ചടഞ്ഞുകൂടാതെ, ജിമ്മില്‍ പോകുകയോ ഓടാന്‍ പോവുകയോ ഒക്കെ ചെയ്യാം. അല്ലെങ്കില്‍ കുടുംബവുമൊത്ത് ആരോഗ്യകരമായി ചെലവഴിക്കാം. 

ഒട്ടേറെ യോഗങ്ങള്‍ വെക്കരുത് 
മിക്ക ജോലിസ്ഥലങ്ങളുടെയും അന്തരീക്ഷം വേഗതയുടേതാണ്. നിങ്ങള്‍ തിരിച്ചെത്തിയ ഉടനെ ഒട്ടേറെ ജോലികള്‍ ചെയ്യുന്നുവെന്ന് മറ്റുള്ളവരെ കാണിക്കാന്‍ വ്യഗ്രത കാട്ടരുത്. ഒറ്റയടിക്ക് എല്ലാംകൂടി ചെയ്യാന്‍ ശ്രമിക്കുന്നത് സമ്മര്‍ദ്ദം നല്‍കും.

സഹപ്രവര്‍ത്തകരോട് സഹിഷ്ണുത പുലര്‍ത്തുക
ഒരു പ്രശ്നത്തിന് പരിഹാരമില്ലെന്ന് നിരന്തരം പരാതിപ്പെടുന്ന സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ കഴിയും, അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പ്രത്യേകിച്ചും. അത്തരം സംഭാഷണങ്ങളെ ക്ഷമയോടെ, സഹിഷ്ണുതയോടെ, ഗൗരവമായി എടുക്കാതെ അവഗണിക്കാന്‍ ശ്രമിക്കുക.
 

Content Highlights: holiday over? tips for how to avoid back to work stress