ക്രിസ്മസിന് സ്‌നോമാനും റീത്തും വീട്ടിൽ തന്നെ ഉണ്ടാക്കാം

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

ക്രിസ്മസിനെ വരവേൽക്കാൻ വീടുകളെല്ലാം ഒരുങ്ങിത്തുടങ്ങി. ക്രിസ്മസ് ട്രീയും പുൽക്കൂടുമെല്ലാം സ്ഥാപിക്കുന്ന തിരക്കുകളിലാണ് വീട്ടുകാർ. ക്രിസ്മസ് ട്രീയിൽ വെക്കാനുള്ള പല അലങ്കാരങ്ങളും വീട്ടിൽ തന്നെ തയ്യാറാക്കാം. അതെങ്ങനെയെന്ന് നോക്കാം.

ബലൂണും കട്ടിയുള്ള നൂലും കൊണ്ട് സ്‌നോമാൻ ഉണ്ടാക്കാം. രണ്ടു ബലൂണെടുത്ത് വ്യത്യസ്ത വലുപ്പങ്ങളിൽ ഊതിവീർപ്പിക്കുക. ശേഷം ഒരു പാത്രത്തിൽ പശയും അല്പം വെള്ളവും യോജിപ്പിക്കുക. നൂൽ അതിൽ മുക്കിയെടുത്ത് ബലൂണിനുമുകളിലൂടെ മുഴുവനായി ചുറ്റിയെടുക്കുക. നന്നായി ചുറ്റിയെടുത്ത് ഉണങ്ങാൻവെക്കുക. അതിനുമുകളിൽ മാർക്കർ കൊണ്ട് വായും മൂക്കും കണ്ണുമെല്ലാം വരയ്ക്കണം. ഉണങ്ങിക്കഴിഞ്ഞാൽ ഉള്ളിലെ ബലൂൺ പൊട്ടിച്ച് മാറ്റുക. ഇനി ചെറിയ ബലൂൺ മുകളിലും, വലുത് താഴെയും വരുന്ന രീതിയിൽ ഒട്ടിക്കുക. ഉള്ളിൽ സീരിയൽബൾബിട്ട്, കഴുത്തിൽ ചുവന്നതുണി ചുറ്റിയെടുക്കാം. മാർക്കറിനുപകരം കണ്ണിന്റെ സ്ഥാനത്ത് കറുത്ത ബട്ടൺ ഒട്ടിക്കാം. ചുണ്ടിനുപകരം ചുവന്ന ചെറിയ ബട്ടണുകളും.

മിനി ക്രിസ്മസ് റീത്തുകളും വീട്ടിലുണ്ടാക്കാം. ആദ്യം ഒരു നേർത്ത കയർ എടുത്ത് അത് കെട്ടുക. അധികം വലിയ കയർ വേണ്ട. ഇനി ആ കയർ കാണാത്ത വിധത്തിൽ പൈൻട്രീയുടെ ചെറിയ ഇലകളോ അല്ലെങ്കിൽ അതുപോലെ നേർത്ത ഇലകളോ ഒട്ടിക്കുക. പൂക്കളും ചെറിയ നക്ഷത്രങ്ങളുമൊക്കെ വെച്ച് അലങ്കരിക്കാം.

മറ്റൊരു രീതിയിലും ക്രിസ്മസ് റീത്ത് തയ്യാറാക്കാം. വലിയ വളകളെടുത്ത് അതിൽ മുഴുവനായി പച്ചനിറത്തിലുള്ള ക്രോഷ്യേ കോട്ടൺ ത്രെഡ് ചുറ്റിയെടുക്കുക. നല്ല കട്ടിയിൽ വേണം ചുറ്റാൻ. എന്നിട്ട് അവിടവിടെയാണ് ചെറിയ മുത്തുകൾ പിടിപ്പിച്ചുകൊടുക്കാം.

ക്രിസ്മസ് ട്രീയുടെ ചെറിയ ആകൃതികളുണ്ടാക്കാൻ ഐസ്‌ക്രീം സ്റ്റിക്കുകളോ ചെറിയ കാർഡ് ബോർഡ് കഷണങ്ങളോ മതി. നന്നായി കഴുകിയെടുത്ത് ഉണക്കിയ ക്രിസ്മസ് സ്റ്റിക്കിന്റെ വശം വെട്ടിയെടുത്ത് മാറ്റിവെക്കുക. ഇനി ത്രികോണാകൃതിയിൽ ഒട്ടിച്ചെടുത്ത്, താഴെ ഒരു സ്റ്റിക്ക് കൂടി ഒട്ടിക്കുക. എന്നിട്ട് പച്ചനിറം അടിച്ചുകൊടുക്കാം. അതിൽ അവിടവിടെയായി ചെറിയ നക്ഷത്രങ്ങളും മുത്തുകളും പിടിപ്പിക്കാം. കാർഡ്‌ബോർഡും ഇതേരീതിയിൽ വെട്ടിയെടുത്ത് ഒട്ടിച്ച് തയ്യാറാക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn easy DIY Christmas crafts! Make a snowman & wreath at home using simple materials. Perfect for christmas decorations