ആരാണ് സോഷ്യല്‍ മീഡിയ തിരയുന്ന ജിസേല്‍ തക്രാള്‍?

പലര്‍ക്കും കണ്ടു പരിചയമില്ലാത്ത മുഖങ്ങളുണ്ട് ഇത്തവണ മലയാളം ബിഗ്ബോസിൽ. ലെസ്ബിയന്‍ കപ്പിള്‍സ് ആയ ആദിലയും നൂറയും മുതല്‍ രേണു സുധി വരെ നീളുന്ന പട്ടികയില്‍ സോഷ്യല്‍മീഡിയയില്‍ താരമാകുന്നത് ജിസേല്‍ തക്രാള്‍ എന്ന മോഡലാണ്. പാതി മലയാളിയായ പെണ്‍കുട്ടി ആരാണെന്ന അന്വേഷണം ഇന്റര്‍നെറ്റില്‍ ചൂടുപിടിക്കുമ്പോള്‍, മുന്‍ സീസണുകളില്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത ഒരു എന്‍ട്രിയാണ് ജിസേലിന്റേതെന്ന് പറയാം.
ഇതിനുകാരണം ജിസേല്‍ പങ്കെടുക്കുന്ന ആദ്യ ബിഗ് ബോസ് ഷോ ഇതല്ല എന്നുള്ളതുതന്നെയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒന്‍പതാം സീസണിലെ ഒരു മത്സരാര്‍ഥിയായിരുന്നു ജിസേല്‍.
ഇന്‍സ്റ്റഗ്രാമില്‍ 1.4 മില്യണ്‍ ആരാധകരുള്ള ജിസേല്‍, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛന്‍ പഞ്ചാബിയുമാണ്. മുംബൈയില്‍ താമസമാക്കിയ ജിസേല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്. പതിനാലാം വയസ്സില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ഇവർ, മിസ്സ് രാജസ്ഥാന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും സ്വന്തമാക്കി. 2011-ലെ കിങ്ഫിഷര്‍ കലണ്ടറില്‍ ഇടംപിടിച്ച ജിസേല്‍ തുര്‍ക്കിയില്‍ നടന്ന 'ഫോര്‍ട്ട് മോഡല്‍സ് സൂപ്പര്‍ മോഡല്‍ ഓഫ് ദി വേള്‍ഡി'ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
2016-ല്‍ 'ക്യാ കൂള്‍ ഹേ ഹം 3' എന്ന ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ജിസേല്‍ കാലെടുത്തുവച്ചു. തുടർന്ന് 'മസ്തിസാദെ' , 'ദി ഗ്രേറ്റ് ഇന്ത്യന്‍ കാസിനോ' തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി. ബോളിവുഡിന് പുറമെ, സര്‍വൈവര്‍ ഇന്ത്യ, വെല്‍ക്കം-ബാസി മെഹ്‌മാന്‍ നവാസി കി തുടങ്ങിയ റിയാലിറ്റി ഷോകളിലും, അമേരിക്കന്‍ റാപ്പർ റിക്ക് റോസിനൊപ്പം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.
എവിടെ പഠിച്ചാലും എവിടെ വളര്‍ന്നാലും തന്റെ മനസ്സ് മലയാളിയുടെത് തന്നെയാണെന്ന് ജിസേല്‍ പറയുന്നു. ജീവിതപങ്കാളിയായി ഒരു മലയാളിയെ കിട്ടിയാല്‍ കേരളത്തില്‍ തന്നെ സെറ്റില്‍ ആകും എന്നും താരം പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Gizele Thakral's journey bollywood to bigg boss malayalam