'ആശിച്ചു പണിത വീട് അവള്‍ കണ്ടിട്ടില്ല', ആനന്ദ ബോസ് എന്ന അച്ഛന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ പൊഴിഞ്ഞു

സി.വി. ആനന്ദബോസ്, ലക്ഷ്മി | ഫോട്ടോ: എൻ.എം. പ്രദീപ്
സി.വി. ആനന്ദബോസ്, ലക്ഷ്മി | ഫോട്ടോ: എൻ.എം. പ്രദീപ്

മലയാളിയുടെ രണ്ടാംവീടാണ് കൊല്‍ക്കത്ത. കഥകളിലൂടെയും കവിതകളിലൂടെയും രാഷ്ട്രീയത്തിലൂടെയും മലയാളിയും ബംഗാളിയും സമാനമായത് പലതും പങ്കിട്ടു. കലയും കാല്‍പ്പന്തുകളിയും കമ്യൂണിസവും ബംഗാളിനെന്നപോലെ കേരളത്തിനും പ്രിയപ്പെട്ടതായി. അതിരാവിലെയാണ് കൊല്‍ക്കത്തയില്‍ വിമാനമിറങ്ങുന്നത്. ബംഗാളിന്റെ തനതായ മഞ്ഞ അംബാസഡര്‍ കാര്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. വണ്ടി വെള്ളം കണ്ടിട്ട് കാലം ഒരുപാടായെന്ന് തോന്നുന്നു.   
''ഹായ് ബോസ്, എങ്ങോട്ടാണ് പോകേണ്ടത്..?'' ഡ്രൈവറുടെ ചോദ്യം. '' പോകേണ്ടത് ഒരു ബോസിനെ കാണാനാണ്.'' കാണേണ്ട ആളുടെ വിലാസം കൂടി പറഞ്ഞതോടെ ഡ്രൈവറുടെ മുഖത്ത് അമ്പരപ്പ്.  അയാളുടെ മുഖം കണ്ടപ്പോള്‍ അത് പറയാതിരിക്കാന്‍ തോന്നിയില്ല. ''ബംഗാളിന്റെ ഗവര്‍ണര്‍  മലയാളിയാണ്.'' പക്ഷേ, അദ്ദേഹം അത് അംഗീകരിച്ചില്ല. ''അതെങ്ങനെ ശരിയാകും. സി.വി. ആനന്ദബോസ് എന്നാണ് ഗവര്‍ണറുടെ പേര്. ബോസും ബസുവുമെല്ലാം ഞങ്ങളുടെ സ്വന്തമാണ്.'' ഗൂഗിളില്‍ സെര്‍ച്ച്് ചെയ്ത് അയാളെ വിശ്വസിപ്പിച്ചു. 

അതിനിടെ കാര്‍ പഴയ കെട്ടിടങ്ങളും പതുക്കെ നീങ്ങുന്ന ട്രാമുകളും താണ്ടി വലിയ ഗേറ്റിന് മുന്നില്‍ നിര്‍ത്തി. രാജ്ഭവന്റെ ഗേറ്റാണിത്. മുന്നില്‍ വന്‍ പോലിസ് പട. പരിശോധന കഴിഞ്ഞുമാത്രമേ അകത്തേക്ക് കടത്തിവിടൂ. നേരത്തേ സമയം അനുവദിച്ചതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. അകത്തേക്ക് കടന്നു. ഇളംമഞ്ഞ ചുമരുകളുള്ള പടുകൂറ്റന്‍ ബംഗ്ലാവ്. പാതിമുറിഞ്ഞ സൂര്യനെപ്പോലെ മേല്‍ക്കൂര. 

ഡല്‍ഹിക്കു മുന്‍പ് കൊല്‍ക്കത്തയായിരുന്നു രാജ്യതലസ്ഥാനം. അന്ന് ഗവര്‍ണര്‍ ജനറല്‍മാരുടെയും പിന്നീട് വൈസ്രോയിയുടെയും താമസസ്ഥലമായിരുന്ന ഈ കെട്ടിടം വര്‍ഷങ്ങള്‍ക്ക്ശേഷം രാജ്ഭവനാക്കി മാറ്റി.
വലത്തോട്ട് തിരിഞ്ഞ് രാജ്ഭവന്റെ പുല്‍ത്തകിടിയിലേക്ക്. അവിടെ പതിവ് യോഗയിലാണ് ഗവര്‍ണര്‍ ആനന്ദബോസ്. തൂവെള്ള പാന്റും കുപ്പായവുമണിഞ്ഞ് പ്രാണായാമം ചെയ്യുന്നു. മുഴുവന്‍ ശ്രദ്ധയും യോഗയില്‍. ഒരുവേള പ്രാണായാമം അവസാനിച്ചപ്പോള്‍ കോട്ടയം ശൈലി കലര്‍ന്ന മലയാളത്തില്‍ സംസാരം ഉയര്‍ന്നു.
''ബംഗാള്‍ എന്റെ രണ്ടാമത്തെ വീടാണ്. കേരളംപോലെ പ്രിയപ്പെട്ട ഇടം. ഗവര്‍ണര്‍ എന്ന ഉത്തരവാദിത്വം ഏറെ സന്തോഷത്തോടെ നിര്‍വഹിക്കുകയാണ്. ഒപ്പം എഴുത്തും വായനയുമൊക്കെ നടക്കുന്നു.'' സംസാരത്തിനിടെ അടുത്ത പോസിലേക്ക് യോഗഗുരു അദ്ദേഹത്തെ നയിച്ചു. അനുസരണയുള്ള വിദ്യാര്‍ഥിയെപ്പോലെ അദ്ദേഹം അത് ചെയ്തു.

''ബംഗാളുമായുള്ള ബന്ധം ചെറുപ്പം തൊട്ടേയുണ്ട്. ആദ്യം കഥകളിലൂടെയും കവിതകളിലൂടെയും നമ്മള്‍ ബംഗാളിനെ അറിഞ്ഞു. സുഭാഷ് ചന്ദ്രബോസിനെയും രവീന്ദ്രനാഥ ടാഗോറിനെയും ഏറെ ഇഷ്ടമായിരുന്നു. എനിക്ക് ആദ്യമായി ജോലികിട്ടിയത് ബംഗാളിലായിരുന്നു. സ്റ്റേറ്റ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായിട്ട്. കുറച്ച് വര്‍ഷം ബംഗാളിലുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു''- ഇത് പറയുമ്പോള്‍ ആനന്ദബോസിന്റെ മുഖത്ത് ലാളിത്യമുള്ള പുഞ്ചിരി.
 
ബോസിന്റെ ആരാധകന്‍
രാജ്ഭവന്റെ മൂന്നാംനിലയിലാണ് ആനന്ദബോസിന്റെയും കുടുംബത്തിന്റെയും താമസം. പുരാതനമായ കോണിപ്പടികള്‍ കയറി അവിടെയെത്തി.  പ്രാതല്‍ തയ്യാറാണ്. നല്ല ഒന്നാന്തരം പുട്ടും കടലയും. ''എവിടെയാണെങ്കിലും ഭക്ഷണത്തില്‍ മാറ്റമില്ല. തനി നാടന്‍ തന്നെയാണ് ഇഷ്ടം.''  ആനന്ദബോസ് ഇഷ്ടം വെളിപ്പെടുത്തി. ടാക്‌സി ഡ്രൈവര്‍ ഉന്നയിച്ച ആ സംശയം ഭക്ഷണത്തിനിടെ പലയാവര്‍ത്തി തലപൊക്കി. ഒരു മലയാളി എങ്ങനെ ബോസ് ആയി എന്ന സംശയം. അത് ചോദിച്ചപ്പോള്‍ ഒരു രസകരമായ കഥ അദ്ദേഹം ഓര്‍ത്തെടുത്തു. ''കോട്ടയം മാന്നാനത്താണ് വീട്. അച്ഛന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ഗാന്ധിജിയോട് ബഹുമാനവും ഇഷ്ടവുമായിരുന്നു അച്ഛന്. എന്നാല്‍, സുഭാഷ് ചന്ദ്രബോസിനോടായിരുന്നു ആരാധന. ആ ഇഷ്ടം ഞങ്ങള്‍ മക്കളുടെ പേരിലും പ്രതിഫലിച്ചു. മൂത്ത ചേട്ടന്‍ വേണു. ചേച്ചി ഓമന. ഞാനുള്‍പ്പെടെ ഞങ്ങള്‍ മറ്റെല്ലാ കൂടപ്പിറപ്പുകളുടെയും പേരിനൊപ്പം ബോസ് ഉണ്ട്. മോഹന്‍ ബോസ്, സുന്ദര്‍ ബോസ്, സുകുമാര്‍ ബോസ്, കോമളാ ബോസ്, ഇന്ദിരാ ബോസ് പിന്നെ ഞാനും.'' 
ആ മക്കളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സുഭാഷ്ചന്ദ്ര ബോസിന്റെ നാട്ടില്‍ ഗവര്‍ണറായത് കാലത്തിന്റെ നിയോഗമായിരിക്കാം.
  
മാന്നാനം ടു കല്‍ക്കത്ത
മാന്നാനം ഗ്രാമത്തില്‍ നിന്ന്  ഇന്ത്യയിലെ അറിയപ്പെടുന്ന ബ്യൂറോക്രാറ്റിലേക്കും ബംഗാളിലെ പ്രഥമപൗരനിലേക്കുമുള്ള യാത്രയെക്കുറിച്ചായി പിന്നീടുള്ള സംസാരം. ''മാന്നാനത്തുതന്നെയായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കെ.ഇ. കോളേജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. സ്റ്റേറ്റ് ബാങ്കിലായിരുന്നു ആദ്യ ജോലി. ബംഗാളിലും ചെന്നൈയിലും മിസോറാമിലുമെല്ലാം പ്രവര്‍ത്തിച്ചു. പക്ഷേ, ബാങ്കിങ്ങിനോട് മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. മടുപ്പായിരുന്നു. അങ്ങനെ സിവില്‍ സര്‍വീസ് ലക്ഷ്യംവച്ചു. 
പഠിക്കുന്ന സമയത്ത് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല. രണ്ടാമൂഴത്തില്‍ തയ്യാറെടുപ്പ് കടുപ്പിച്ചു. ചേട്ടന് ചെന്നൈയിലാണ് ജോലി. അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. പരീക്ഷയെഴുതി. ഇരുപത്തഞ്ചാംറാങ്ക് കിട്ടി. അതോടെ, ഐ.എ.എസ്. തിരഞ്ഞെടുത്തു,'' വലിയൊരു യാത്ര ആനന്ദബോസ് ചെറിയ വാക്കുകളില്‍ ഓര്‍ത്തെടുത്തു.
കണ്ണൂരിലായിരുന്നു പരിശീലനം. കാസര്‍കോട് സബ് കളക്ടറായി ആദ്യ നിയമനം. പാലായിലും സബ് കളക്ടറായി. പിന്നീട്, കൊല്ലം കളക്ടറടക്കമുള്ള പല പദവികളിലും നിയമിതനായി. സംസ്ഥാന, കേന്ദ്ര പദവികള്‍. ഒടുവില്‍ കേരളത്തിലെത്തി ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ചു.

മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, ഒരുവര്‍ഷം മുന്‍പാണ് ഗവര്‍ണറായുള്ള നിയമനം.
ഭക്ഷണം കഴിച്ച് അല്പം കുശലം പറഞ്ഞ് അദ്ദേഹം തന്റെ ഓഫീസിലേക്ക് കടന്നു. ഫയലുകളുമായി കുറേപേര്‍ കാത്തിരിക്കുന്നുണ്ട്. എല്ലാവരോടും ചിരിക്കുന്നു. ബംഗാളിഭാഷയില്‍ കുശലം പറയുന്നു. ഒപ്പം സൂക്ഷ്മമായി ഓരോ ഫയലും നോക്കുന്നു.
''ബംഗാളികള്‍ സ്‌നേഹമുള്ളവരാണ്. ഇവിടെ താമസിച്ചാല്‍  അവരോട് ഇഷ്ടം തോന്നും. മലയാളികളെപ്പോലെ സാഹിത്യവും സിനിമയും ഇവര്‍ക്കും പ്രിയം. രബീന്ദ്രനാഥ ടാഗോര്‍ ജീവനും. ഈയിടെ രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിന് രബീന്ദ്രനാഥ ടാഗോറിന്റെ പേര് നല്‍കി. ഗുരുവിനോട് എനിക്ക് കാണിക്കാന്‍ പറ്റുന്ന ചെറിയ ആദരവാണത്.'' ആനന്ദബോസ് ആ ഗേറ്റിലേക്ക് വിരല്‍ചൂണ്ടി.

മകളേ നിനക്കായ്
ഫയലുകളുടെ തിരക്കൊഴിഞ്ഞപ്പോള്‍ ആനന്ദബോസ് ബാല്‍ക്കണിയിലേക്ക് നടന്നു. രാജ്ഭവനിലെ മുളങ്കൂട്ടത്തില്‍നിന്ന് ഇളങ്കാറ്റ് വീശിയടിക്കുന്നുണ്ട്. അതിനിടയിലേക്കായിരുന്നു ഭാര്യ ലക്ഷ്മിയുടെ വരവ്.
''പാലാ സബ് കളക്ടറായിരുന്ന സമയം. അന്ന് എന്റെ സുഹൃത്തായ രാധാകൃഷ്ണനാണ് കോട്ടയം സബ് കളക്ടര്‍. ഒരിക്കല്‍ അവനെ കാണാന്‍ അമ്മ വന്നു. അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമായി. ഒപ്പം മകളെ എനിക്ക് വിവാഹമാലോചിക്കുകയും ചെയ്തു. എന്റെ അമ്മയും സമ്മതിച്ചു. അങ്ങനെയാണ് എന്റെയും ലക്ഷ്മിയുടെയും വിവാഹം നടക്കുന്നത്.''

മക്കളുടെ കാര്യം ചോദിച്ചപ്പോള്‍ ആനന്ദബോസിന്റെ മുഖത്ത് സങ്കടം കൂടുകൂട്ടി. നീണ്ട മൗനവും. ഒടുവില്‍ പറഞ്ഞുതുടങ്ങി:
''രണ്ട് മക്കളാണ്. ഒരു മകളും മകനും. മകള്‍ നന്ദിത ഇന്ന് ഞങ്ങള്‍ക്കൊപ്പമില്ല. കാന്‍സര്‍ കാരണം അവള്‍ വിടപറഞ്ഞു. കുടുംബവുമൊത്ത് ജര്‍മനിയിലായിരുന്നു. ഭര്‍ത്താവ് അവിടത്തെ കോണ്‍സല്‍ ജനറല്‍. അക്കാലത്ത് ഞങ്ങള്‍ നോയിഡയില്‍ ഒരു വീടുവെച്ചു. അവള്‍ നല്‍കിയ നിര്‍ദേശമനുസരിച്ചായിരുന്നു നിര്‍മാണം. ആ വീട് കാണാനുള്ള വരവില്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ അവള്‍ക്ക് കാലിന് അസഹ്യമായ വേദന തോന്നി. അവള്‍ അമ്മയെ വിളിച്ച് തിരികെപ്പോവുകയാണെന്ന് പറഞ്ഞു. പിന്നീടത് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു. ജര്‍മനിയിലും അമേരിക്കയിലുമായി കിട്ടാവുന്നതില്‍ നല്ല ചികിത്സ നല്‍കി. ആദ്യം ഭേദപ്പെട്ടെങ്കിലും പിന്നീട് വീണ്ടും രോഗമെത്തി. പെട്ടെന്ന് ഒരുദിവസം അവള്‍ വിടചൊല്ലി. ആശിച്ചു പണിത വീട് അവള്‍ കണ്ടിട്ടില്ല.'' ആനന്ദ ബോസ് എന്ന അച്ഛന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ പൊഴിഞ്ഞു. ഇടറിയ ശബ്ദത്തോടെ തുടര്‍ന്നു: ''മകന്റെ പേര് വാസുദേവ ബോസ്. ലോസ് ആഞ്ജലിസിലെ സ്റ്റെല്ലാ അഡ്ലര്‍ ആക്ടിങ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കുന്നു. അഭിനയമാണ് അവന്റെ സ്വപ്‌നം. നന്ദിതയുടെ മകന്‍ അദ്വൈത് ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്.'' 
 
എഴുത്തിന്റെ ആശാന്‍
രാജ്ഭവന്റെ താഴ്‌നിലയിലാണ് ലൈബ്രറി. ഒരു കോളേജ് ലൈബ്രറിയോളം വലുപ്പമുണ്ട്. ഇംഗ്ലീഷ്, ബംഗാളി പുസ്തകങ്ങളാണ് നിറയെ. ചില പുസ്തകങ്ങള്‍ ടേബിളിലുമുണ്ട്. അതിലൊന്നിലേക്കായിരുന്നു ശ്രദ്ധ പോയത്. ആനന്ദബോസ് എഴുതിയപുസ്തകം. നോവലുകള്‍ ഉള്‍പ്പെടെ 55 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. എങ്ങനെ എഴുത്തിലേക്കെത്തിയെന്ന് ചോദിച്ചപ്പോള്‍ മറുപടിയെത്തി: ''ചെറുപ്പത്തില്‍ ഞങ്ങള്‍ സഹോദരങ്ങള്‍ അക്ഷരശ്ലോകം കളിക്കുമായിരുന്നു. ഇക്കാര്യം മലയാളം അധ്യാപകനും അറിയാം. അദ്ദേഹം കവിതയെഴുതാന്‍ പ്രേരിപ്പിച്ചു. അങ്ങനെ എഴുതി. കൊല്ലത്ത് കളക്ടറായിരുന്നപ്പോള്‍ ഒരിക്കല്‍ എന്‍.വി. കൃഷ്ണവാരിയര്‍ സാറുമായി വേദി പങ്കിട്ടു. അദ്ദേഹം എന്നോട് എഴുത്ത് തുടരണമെന്ന് പറഞ്ഞു. അങ്ങനെ തുടങ്ങിയതാണ് എഴുത്ത്. രണ്ട് നോവലുകള്‍ പൂര്‍ത്തിയാക്കി. ഒരു നോവലെഴുതി പകുതിയുമായി. ഒഴിവുള്ള സമയത്തൊക്കെ എന്തെങ്കിലും എഴുതും...'' ഗവര്‍ണര്‍ എഴുത്തോര്‍മ്മകള്‍ പങ്കുവെച്ചു. സംസാരം തുടരുന്നതിനിടെ ഓഫീസില്‍നിന്ന് ഗവര്‍ണര്‍ക്ക് വിളിയെത്തി. ചില പ്രധാനപ്പെട്ട മീറ്റിങ്ങുകളുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകള്‍. ഞങ്ങളെ യാത്രയാക്കി അദ്ദേഹം പതിവ് തിരക്കുകളിലേക്ക് നടന്നു.  

Content Highlights: west bengal governor cv ananda bose