'അന്ന് ആന കുത്തിക്കൊന്ന അച്ഛനെ അവരും കണ്ടിരുന്നു, ഇങ്ങനെ ജീവിക്കാനാവില്ല'

#എ കെ ശ്രീജിത്ത്
വയനാട് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കാപ്പാട് കാട്ടാന കുത്തിക്കൊന്ന മാനുവിന്റെ ഭാര്യ ചന്ദ്രിക | ഫോട്ടോ: പി ജയേഷ്
വയനാട് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കാപ്പാട് കാട്ടാന കുത്തിക്കൊന്ന മാനുവിന്റെ ഭാര്യ ചന്ദ്രിക | ഫോട്ടോ: പി ജയേഷ്

''രാത്രി ഞെട്ടിയുണര്‍ന്ന് മൂന്നുപേരും അച്ഛാ... അച്ഛാ എന്ന് വിളിക്കും. കിടന്നുറങ്ങാന്‍ പറഞ്ഞാലും കേള്‍ക്കില്ല. അന്ന് ആന കുത്തിക്കൊന്ന അച്ഛനെ അവരും കണ്ടിരുന്നു.'' കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ അമ്പലമൂലയില്‍ അട്ടക്കടവിനടുത്തുള്ള പറമ്പിലെ ഷെഡിലിരുന്ന് ചന്ദ്രിക പറഞ്ഞു. ഷെഡ് എന്നുവിളിക്കാന്‍ പാകത്തിലൊന്നുമല്ലാത്ത, ചുമരും വാതിലും മേല്‍ക്കൂരയുമില്ലാത്ത അതിന്റെ മുകളില്‍ രണ്ടുമൂന്ന് മരക്കഷണങ്ങളും പഴയ രണ്ടുമൂന്ന് ഷീറ്റിന്റെ കഷണങ്ങളുമുണ്ട്. വീടേതെന്ന് ചോദിച്ചപ്പോള്‍ അതിനുള്ളിലേക്ക് അവര്‍ വിരല്‍ചൂണ്ടി. പണ്ടെങ്ങോ വീണുപോയൊരു വീടിന്റെ മണ്‍തറയോട് ചേര്‍ന്നാണ് ചന്ദ്രികയുടെയും മക്കളുടെയും ഈ 'വീടു'ള്ളത്. അവിടെയാണ് വെറും മണ്ണില്‍ ചന്ദ്രികയും മൂന്ന് ചെറിയ പെണ്‍കുട്ടികളും കിടന്നുറങ്ങുന്നതും ഉണരുന്നതും. 

കഴിഞ്ഞ ഫെബ്രുവരി 11-ന് വയനാട് നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കാപ്പാട് കാട്ടാന കുത്തിക്കൊന്ന മാനു എന്ന 46-കാരന്റെ ഭാര്യയാണ് 36-കാരിയായ ചന്ദ്രിക. മാനു കൊല്ലപ്പെട്ടശേഷം മൂന്നുപെണ്‍മക്കളുമായി അമ്മ കറപ്പിയുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് വന്നതാണവര്‍. മണ്ണില്‍ ബബിനയുടെയും സംഗീതയുടെയും സനീഷയുടെയും പുസ്തകങ്ങളില്‍നിന്ന് കീറിപ്പോയ പേജുകള്‍ക്കൊപ്പം പഴകിപ്പിഞ്ഞിയ പായകളും പുതപ്പുകളും പലയിടത്തായി കിടക്കുന്നു. മൂക്കാത്തൊരു വാഴക്കുല, കുറച്ച് പാത്രങ്ങള്‍ ഇത്രയുമാണ് ആ വീട്ടിലെ ആഡംബരം. അമ്മയുടെ അമ്മ മൂക്കിയാണ് ഇവിടെ ചന്ദ്രികയ്ക്കും മക്കള്‍ക്കും തുണ.

മക്കള്‍ക്കൊപ്പം

മാനു കൊല്ലപ്പെട്ടപ്പോള്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതില്‍ 9,500 രൂപ കിട്ടിയെന്ന് ചന്ദ്രിക പറയുന്നു. ബാക്കി എന്തായെന്നറിയില്ല. ആരും പറഞ്ഞില്ല. ആരോടും ചോദിച്ചിട്ടുമില്ല. നഷ്ടപരിഹാരത്തുകയുടെ 10 ശതമാനം ചന്ദ്രികയ്ക്കും ബാക്കി 30 ശതമാനം വീതം മൂന്നുമക്കളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്കും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി മക്കളുടെ ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രദേശത്തെ പ്രമോട്ടര്‍ പറഞ്ഞു. സ്വന്തമായി വീടില്ലാത്ത ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെയോ മറ്റോ മേല്‍നോട്ടത്തില്‍ വീടുണ്ടാക്കിനല്‍കുകയാണ് വേണ്ടതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

മണ്ണില്‍ വീഴുന്നു, കണ്ണീരും ചോരയും  
കാപ്പാട് ഉന്നതിയിലെ വീട്ടില്‍നിന്ന് ഇരുനൂറുമീറ്റര്‍ അകലെയാണ് മാനുവിനെ ആന കുത്തിക്കൊന്നത്. കാടിനോടുചേര്‍ന്നുള്ള ഇവിടെ ഒറ്റപ്പെട്ട മൂന്ന് വീടുകളാണുള്ളത്. ആറ് കുടുംബങ്ങള്‍. സംസ്ഥാനസര്‍ക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിവഴി ജനറല്‍ വിഭാഗത്തിലുണ്ടായിരുന്ന ഏഴ് കുടുംബങ്ങള്‍ ആന ശല്യം രൂക്ഷമായതോടെ മാറിത്താമസിച്ചു. എല്ലാ ദിവസവും ആനകളെത്തുന്നതിനാല്‍ ഭയപ്പാടോടെയാണ് ഇവിടത്തെ ജീവിതം. വീടിന്റെ തൊട്ടടുത്ത് വയലില്‍ മാനു കൊല്ലപ്പെട്ടതോടെ മറ്റ് വീടുകളിലെ കൊളുമ്പിയും പാലനും ഭാമയും മഞ്ഞയും പ്രശാന്തുമെല്ലാം വീടുകള്‍ പൂട്ടിപ്പോയി. പാലനാണെങ്കില്‍ ആന ആക്രമിച്ച് മുന്‍പ് കാലിന് പരിക്കേറ്റിരുന്നു. 

വയനാട്ടില്‍ കാപ്പാടിനെപ്പോലെ കാടിനോട് ചേര്‍ന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമങ്ങളും ഉന്നതികളുമേറെയുണ്ട്. തൊട്ടടുത്തുള്ള കുണ്ടൂര്‍ ഉന്നതിയുടെയും അവസ്ഥ ഇതുതന്നെ. ജനറല്‍ വിഭാഗത്തിലുള്ള ഏഴ് കുടുംബങ്ങളില്‍ ആറും സ്വയംസന്നദ്ധ പുനരധിവാസപദ്ധതി വഴി വീടും സ്വത്തും കാടിന് നല്‍കി കുടിയിറങ്ങി. എട്ട് പണിയ കുടുംബങ്ങള്‍ ബാക്കിയുണ്ട്. പരിസരത്തുള്ളവര്‍ക്കെല്ലാം ഇവിടെ ഭൂമിയുണ്ടെങ്കിലും ആനകള്‍ വിഹരിക്കാന്‍ തുടങ്ങിയതോടെ കൃഷി ഉപേക്ഷിച്ചു. 

500 കവുങ്ങുകളുണ്ടായിരുന്നു തന്റെ ഭൂമിയിലെന്ന് സമീപവാസിയായ സജിത്ത്. ഇപ്പോള്‍ എണ്ണാന്‍ പോലുമൊന്നുമില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ ആനകള്‍ പോയ വഴികളില്‍ നീളെ വീണുകിടക്കുന്ന കവുങ്ങുകള്‍ കാണിച്ചു. വൈകീട്ട് വെയിലുചായുമ്പോഴേക്കും ഇതുവഴിയൊക്കെ ആനകളെത്തും. രാത്രി മുറ്റത്തൊക്കെവരും. അഞ്ചാറ് കോഴികളെ പോറ്റിയിരുന്നു. ഒരു ദിവസം രാത്രി കോഴിക്കൂട് ചവിട്ടി തകര്‍ത്തുകളഞ്ഞു. സന്ധ്യയായാല്‍ പുറത്തിറങ്ങാനാവില്ല. എന്തേലും അസുഖം വന്നാല്‍ നേരം വെളുക്കുന്നതുവരെ സഹിക്കുകയേ നിവൃത്തിയൂള്ളൂ'' ഉന്നതിയിലെ ശാന്തയും ബിന്ദുവും ഒരേ സ്വരത്തില്‍ പറയുന്നു. 

ഉന്നതിയുടെ ചുറ്റിലുമുള്ള 13 ഏക്കര്‍ സ്ഥലത്ത് മൂന്നുകൊല്ലം മുന്‍പുവരെ നെല്ല് വിളഞ്ഞിരുന്നു. നെല്ല് കൊയ്താല്‍ വാഴ. വയലിനപ്പുറം കവുങ്ങുകള്‍. ഇപ്പോള്‍ എല്ലാം പോയി. കാപ്പിയും കുരുമുളകും കൃഷിചെയ്ത് രണ്ടും മൂന്നും ലക്ഷം വരുമാനമുണ്ടാക്കിയ കര്‍ഷകരാണ് ഇവിടുന്ന് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെ പുറംലോകത്തേക്ക് രക്ഷപ്പെട്ടത്. മൂന്നേക്കര്‍ ഇവിടെയുണ്ടായിരുന്ന കര്‍ഷകര്‍ക്കൊക്കെ പദ്ധതി വഴി 10-15 സെന്റാണ് കിട്ടിയത്. അഞ്ചേക്കര്‍ വരെയുള്ളവര്‍ക്ക് 15 ലക്ഷം രൂപയാണ് കിട്ടുക. അഞ്ചിനുമുകളില്‍ എത്രയുണ്ടെങ്കിലും 20 ലക്ഷം. അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാട് യഥാര്‍ഥ നഷ്ടപരിഹാരം കൊടുക്കുമ്പോഴാണ് കേരളത്തില്‍ ഈ അവസ്ഥയെന്ന് കര്‍ഷകന്‍ പ്രമോദ്. കാട്ടില്‍ വയ്യാതായതോടെയാണ് ഈ ചെറിയ നഷ്ടപരിഹാരം വാങ്ങി ആളുകള്‍ കുടിയിറങ്ങിയത്. 

ഉന്നതിയുടെ പിറകില്‍ ഉപേക്ഷിക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു. ആനച്ചൂര് അന്തരീക്ഷത്തിലുണ്ട്. ഇവിടം പൂര്‍ണമായി കാടാവുന്നതോടെ ഉന്നതിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ആനക്കാട്ടിന് നടുവിലാവും. എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന് ശാന്ത കണ്ണുകളില്‍ ഒരു ഭാവവുമില്ലാതെ പറഞ്ഞു. വയനാട്ടിലെ മിക്കവാറും ഗ്രാമങ്ങള്‍ക്കും ജീവനില്ലാത്ത മരവിച്ച ഭാവമാണ്. 

ആന, കടുവ, കാട്ടുപോത്ത്, മയില്‍ 
''ഒരു തരത്തിലും ജീവിക്കാന്‍ പറ്റാതായി... '' തെക്കന്‍കാശിയായി പേരുകേട്ട തിരുനെല്ലി ക്ഷേത്രത്തിനുസമീപത്തെ കൊല്ലിമൂലയില്‍ പ്രസന്നകുമാരിയമ്മ ഒറ്റവാക്കില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയുന്നു. കാട് വലംവെച്ചുനില്‍ക്കുന്ന തിരുനെല്ലി ഗ്രാമത്തിലാണ് വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വന്യമൃഗശല്യം അനുഭവപ്പെടുന്നത്. കടുത്ത വരള്‍ച്ചയുള്ള പഞ്ചായത്തുകളിലൊന്നും ഇതുതന്നെ. രണ്ടിനും പ്രധാന കാരണം ഇവിടത്തെ തേക്ക്, യൂക്കാലി പ്ലാന്റേഷനാണ്. 221 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തിരുനെല്ലി ഗ്രാമപ്പഞ്ചായത്തില്‍ 182.32 ചതുരശ്ര കിലോമീറ്ററും വനമാണ്. ഇതില്‍ മുക്കാല്‍ഭാഗവും തേക്ക്, യൂക്കാലി പ്ലാന്റേഷനാണ്. 1981 മുതല്‍ ഇതുവരെ 87 പേരാണ് ഇവിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

''ആന, പുലി, കടുവ, കുരങ്ങ്, മലയണ്ണാന്‍, പന്നി, മുള്ളന്‍പന്നി, തിരുനെല്ലിയില്‍ ഇറങ്ങാത്ത ഒരു മൃഗവുമില്ല. ഇതിനൊപ്പം മയിലുകളും കൃഷി നശിപ്പിക്കുന്നു.'' നാലഞ്ചുകൊല്ലംകൊണ്ടാണ് ഇതൊക്കെ ഇങ്ങനെ കൂടിയതെന്ന് ഇവിടെ ജീവിക്കുന്നവരെല്ലാം പറയുന്നു. 

''പണ്ടൊക്കെ കൊല്ലത്തിലൊരിക്കല്‍ ഒരു കടുവ ഇറങ്ങിയാലായി. ഇപ്പോള്‍ എന്നും കടുവയാണ്. വാഴ, കപ്പ, തേങ്ങ, നെല്ല്, കാപ്പി എന്നുവേണ്ട ഒരു വിളയും കൃഷിചെയ്യാനാവാത്ത സാഹചര്യമാണ്. ഇങ്ങനെ പോയാല്‍ ഒരു വഴിയുമില്ല, ഈ സ്ഥലമൊക്കെ ഇട്ടിട്ട് പോവേണ്ടിവരും.'' കഴിഞ്ഞ ദിവസം ആനയിറങ്ങി 200 വാഴകള്‍ നശിപ്പിച്ച തോട്ടത്തിനരികില്‍നിന്ന് കാളന്‍കോട് പുലിമല അഗസ്റ്റിന്‍ പറഞ്ഞു. ''എല്ലാ ദിവസവും ഉറക്കമൊഴിച്ച് കാവലാണ്. ഒരുദിവസം പുലര്‍ച്ചെ തോട്ടത്തില്‍നിന്ന് ഒന്ന് മാറിയപ്പോഴാണ് വാഴ മുഴുവന്‍ ആനക്കൂട്ടം ചവിട്ടിയരച്ചത്. ഒരുവര്‍ഷത്തെ അധ്വാനമാണ് പാഴായത്. സ്വന്തമായുള്ള ഒന്നരയേക്കറിലും രണ്ടേക്കര്‍ പാട്ടത്തിനെടുത്തുമാണ് വാഴക്കൃഷി ചെയ്തത്. അതെങ്കിലും ആനകള്‍ക്ക് കൊടുക്കാതെ രക്ഷിച്ചില്ലെങ്കില്‍ എല്ലാം വെള്ളത്തിലാവും.'' 

വയനാടിന്റെ നെല്ലറയായിരുന്നു ഒരുകാലത്ത് തിരുനെല്ലി. ഇപ്പോള്‍ നെല്‍ക്കൃഷി ചെയ്യുന്നവര്‍ വിരലിലെണ്ണാവുന്നവര്‍മാത്രം. പാടത്ത് പണിക്ക് തൊഴിലാളികളെ കിട്ടാനില്ല. പാരമ്പര്യമായി ചെയ്തുവരുന്നതുകൊണ്ട് പലര്‍ക്കും വയല്‍ തരിശിടാന്‍ മടി. ഈ കഷ്ടപ്പാടൊക്കെ സഹിച്ച് കൃഷിയിറക്കിയാല്‍ രാവും പകലുമില്ലാതെ കാവല്‍ നില്‍ക്കണം. ഇല്ലെങ്കില്‍ നെല്ല് ആനയും മയിലും മാനും കുരങ്ങുമെല്ലാംകൂടി നശിപ്പിക്കും. രണ്ടാംകൃഷിയായി പയറോ കപ്പയോ നട്ടാല്‍ അതും അവര്‍ക്കുള്ളതാണ്. വന്യമൃഗങ്ങള്‍ നെല്‍ക്കൃഷി നശിപ്പിച്ചാല്‍ ഹെക്ടറിന് 11,000 രൂപമാത്രമാണ് നഷ്ടപരിഹാരം.

അത്രയും സ്ഥലത്ത് ഉത്പാദനച്ചെലവ് 75,000 രൂപയെങ്കിലും വരുമെന്ന് വയനാട് വന്യമൃഗശല്യപ്രതിരോധ കര്‍മസമിതി ചെയര്‍മാന്‍ ടി.സി. ജോസഫ്. 2015 - നുശേഷം ഈ സംഖ്യ കൂട്ടിയിട്ടേയില്ല. യഥാര്‍ഥനഷ്ടം യഥാസമയം കൊടുത്താല്‍ കര്‍ഷകര്‍ വനംവകുപ്പിനെ ഇങ്ങനെ പൂര്‍ണമായും ശത്രുപക്ഷത്ത് നിര്‍ത്തില്ലെന്നാണ് ജോസഫിന്റെ പക്ഷം. കൃഷി കൈവിടാന്‍ മടിയുള്ളവരെല്ലാം സ്വന്തം നിലയില്‍ ഫെന്‍സിങ് ഒരുക്കിയാണ് പിടിച്ചുനില്‍ക്കുന്നത്. അതിന് രണ്ടുലക്ഷത്തോളം രൂപ ചെലവിടണം. ഇത്രയും ചെലവിട്ട് ഫെന്‍സിങ് ഒരുക്കാന്‍ പറ്റാത്തവരുടെ മണ്ണ് തരിശുകയറുന്നു. ഒന്നും മുളയ്ക്കാത്ത ഭൂമിയായി നെല്ലറയായിരുന്ന തിരുനെല്ലി മാറുന്നു. തിരുനെല്ലിപോലെ നെല്ല് വിളയുകയും കാപ്പിയുടെ സുഗന്ധം പരക്കുകയും ചെയ്ത ഗ്രാമങ്ങളൊക്കെ തരിശായിമാറാന്‍ ഇനി അധികകാലമൊന്നുമില്ല.
 
തീരാതെ വേദന
''ഇന്നലെ രാത്രികൂടി കിടക്കുമ്പോള്‍ കഴുത്തൊന്ന് പിടഞ്ഞു.'' മുത്തങ്ങയ്ക്കടുത്ത് ഇടത്തറ പൂവനിക്കുന്നേല്‍ സുലോമണിയെന്ന ഷൈലജയ്ക്ക് ഏഴുകൊല്ലം മുന്‍പുള്ള ഒരു പ്രഭാതം മറക്കാനാവില്ല. വീടിനുപിന്നിലെ തൊഴുത്തില്‍ രാവിലെ പശുവിനെ കറന്ന് മടങ്ങാന്‍ നോക്കുമ്പോഴാണ് തനിക്കുനേരേ ഒരാന ഓടിവരുന്നത് അവര്‍ കണ്ടത്. കണ്ണില്‍ ഇരുട്ടുകയറിയെങ്കിലും കിട്ടിയ വഴിയേ ഓടാന്‍ നോക്കി. തൊഴുത്തിനടുത്ത് കൂട്ടിയിട്ട ചാണകക്കൂനയില്‍ കാലുടക്കി ആന കുറച്ചുനേരം നിന്നു. പിന്നെയും കുതിച്ചുവന്ന് സുലോമണിയെ തുമ്പിക്കൈകൊണ്ട് തട്ടിയെറിഞ്ഞു.

ശബ്ദംകേട്ടെത്തിയ ഭര്‍ത്താവ് രാജന്‍ നിലത്ത് വീണുകിടക്കുന്ന സുലോമണിയെ ആനയുടെ മുന്നില്‍നിന്ന് വലിച്ചെടുക്കാന്‍ നോക്കിയെങ്കിലും കൊമ്പന്‍ വിട്ടില്ല. പിന്നെ സുലോമണിയെ തുമ്പിക്കൈയില്‍ കോരിയെടുത്ത് ഒരേറായിരുന്നുവെന്ന് രാജന്‍. പറമ്പുകടന്ന് വീട്ടുമുറ്റത്തെ കിണറിനുമുകളിലൂടെ പത്തടിയെങ്കിലും ദൂരെപ്പോയാണ് വീണത്. ആ വീഴ്ചയില്‍ തുടയെല്ല് പൊട്ടി. പിന്‍ഭാഗത്തും കഴുത്തിലും സാരമായി പരിക്കേറ്റു. ഓര്‍മയില്ലാതെ കിടന്ന അവരെ ആന പോയശേഷം ആസ്പത്രിയിലെത്തിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഉള്‍പ്പെടെ ഏഴുമാസം കിടന്നകിടപ്പായിരുന്നു. ആസ്പത്രിച്ചെലവുമാത്രം മൂന്നരലക്ഷം രൂപയായി. നഷ്ടപരിഹാരമായി 30,000 രൂപയാണ് കിട്ടിയതെന്ന് രാജന്‍. ജോലി ചെയ്യാനൊന്നും പറ്റില്ലെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന് സുലോമണി. ''ഇപ്പോള്‍ ഇടയ്ക്ക് ഓര്‍മക്കുറവിന്റെ പ്രശ്‌നമുണ്ട്. രാത്രി കഴുത്തില്‍ കോളറിട്ടാണുറങ്ങുന്നത്.'' കാലം കുറേ കഴിഞ്ഞെങ്കിലും ആന എടുത്തെറിഞ്ഞതിന്റെ പരിക്കുംവേദനയുമൊടുങ്ങാത്തതിന്റെ നിസ്സഹായതയാണ് അവരുടെ മുഖത്തും വാക്കുകളിലും. 

ഇതുപോലെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് വേദനതിന്നുകഴിയുന്നവര്‍ ഒരുപാടുണ്ട് വയനാട്ടിലും കേരളത്തിന്റെ മലയോരങ്ങളിലുമെല്ലാം. ''എത്ര തെങ്ങും കവുങ്ങും ഉണ്ടായിരുന്നതാ, എല്ലാം പോയി. കൃഷിചെയ്താല്‍ ഒന്നും കിട്ടില്ല. പശുവിനെക്കൊണ്ട് ജീവിക്കുകയാണ്.'' വിത്തുംവളവും വീണിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ പാടത്തേക്കുനോക്കി രാജന്‍ നെടുവീര്‍പ്പിടുന്നു. 

രാധ, പഞ്ചാരക്കൊല്ലിയുടെ നോവ്
''ആനയും കടുവയുമൊക്കെ വരാറുണ്ടായിരുന്നെങ്കിലും അതുവരെ അങ്ങനെ ആരെയും ഉപദ്രവിച്ചിട്ടൊന്നുമില്ലായിരുന്നു,'' വീടിനുമുന്നിലെ റോഡിനപ്പുറം പടര്‍ന്നുകിടക്കുന്ന തേയിലത്തോട്ടത്തിലേക്ക് നോക്കി അനീഷയുടെ വാക്കുകള്‍ മുറിഞ്ഞു. ജനുവരി 24-നാണ് പഞ്ചാരക്കൊല്ലിയിലെ തോട്ടത്തില്‍ കാപ്പി പറിക്കാന്‍പോയ അനീഷയുടെ അമ്മ മീന്‍മുട്ടി തറാട്ട് രാധ(46)യെ കടുവ കൊന്നുതിന്നത്. ''അമ്മ പണിക്കൊന്നും പോവാറില്ലായിരുന്നു. വല്യച്ഛന്റെ വീട്ടില്‍ കാപ്പി പറിക്കാനുള്ളതുകൊണ്ടാണ് പോയത്. പാതിവഴിവരെ അച്ഛന്‍ കൊണ്ടുവിട്ടതാണ്...'' വനംവകുപ്പ് താത്കാലിക വാച്ചറായ ഭര്‍ത്താവ് അച്ചപ്പന്‍ എസ്റ്റേറ്റിലെത്തിച്ച് മടങ്ങിയശേഷമാണ് കടുവ രാധയെ ആക്രമിച്ച് കൊന്നുതിന്നത്. തോട്ടത്തില്‍വെച്ച് ആക്രമിച്ചശേഷം ഉള്‍ക്കാട്ടില്‍ കൊണ്ടുപോയിത്തിന്ന രാധയുടെ മൃതദേഹം, മാവോവാദി സാന്നിധ്യമുണ്ടായിരുന്ന ഇവിടത്തെ പതിവുപരിശോധനയ്ക്കിടെ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളാണ് കണ്ടത്. 

10 വര്‍ഷത്തിനിടെ വയനാട്ടില്‍ കടുവ കൊന്ന എട്ടാമത്തെയാളാണ് രാധ. ഇതില്‍ രാധയുള്‍പ്പെടെ നാലുപേരെ കടുവ തിന്നു. പാതിതിന്ന നിലയിലാണ് ഇവരുടെയെല്ലാം മൃതദേഹം കിട്ടിയത്. 2024 ജനുവരി മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെ ഏഴുപേരെയാണ് വയനാട്ടില്‍ കാട്ടാനകള്‍ കൊന്നത്. വന്യമൃഗപ്രതിരോധ കര്‍മസമിതി ശേഖരിച്ച കണക്കുപ്രകാരം 1981 മുതല്‍ 157 പേര്‍ വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആകെ വിസ്തൃതിയുടെ 37 ശതമാനത്തോളം വനമായ വയനാട്ടില്‍ കാടും നാടും തമ്മില്‍ വേര്‍തിരിവില്ലാത്തവിധം എല്ലാമുക്കിലും മൂലയിലും നഗരങ്ങളിലുംവരെ വന്യമൃഗങ്ങളിറങ്ങുന്നുണ്ട്. 

കടുവയും ആനയും കാട്ടുപോത്തും പന്നിയും പാമ്പുമെല്ലാമായി ഒന്നരപ്പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് 1515 പേരുടെ ജീവനാണെടുത്തത്. 1150 പേര്‍ വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചപ്പോള്‍ കാട്ടാനകളാണ് 279 പേരുടെ ജീവനെടുത്തത്. കാട്ടുപന്നികളുടെ ആക്രമണത്തില്‍ 63 പേര്‍ മരിച്ചപ്പോള്‍ കടുവകള്‍ 11 പേരെ കൊന്നു. 10 പേര്‍ കാട്ടുപോത്തുകളുടെ കൊമ്പില്‍ കുരുങ്ങി. 273 പഞ്ചായത്തുകളിലായി 12 മേഖലകളില്‍ രൂക്ഷമായ വന്യജീവിപ്രശ്‌നമുള്ളതായാണ് വനംവകുപ്പിന്റെ കണക്ക്.
   
നശിക്കുന്ന കാടും ഫലിക്കാത്ത പ്രതിരോധവും

വനത്തിനുള്ളില്‍ തേക്ക്, യൂക്കാലി മരങ്ങള്‍ വളര്‍ത്തിയതാണ് പലയിടത്തും വനനശീകരണത്തിനും മൃഗങ്ങളുടെ കാടിറക്കത്തിനും കാരണമായതെന്ന് വൈകിയാണ് വനംവകുപ്പിന് മനസ്സിലായത്. അധിനിവേശസസ്യമായ മഞ്ഞക്കൊന്നയും സ്വാഭാവികമായ ആവാസവ്യവസ്ഥയെ തകിടംമറിച്ചു. വെള്ളവും ഭക്ഷണവുമില്ലാതായതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ തുടങ്ങി. കാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥായിയായതും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ പദ്ധതികളൊന്നും ഇതുവരെ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടില്ല. വന്യജീവിസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ആദിവാസികള്‍ പ്രയോഗിക്കുന്ന പരമ്പരാഗത മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാനും കാട്ടിനുള്ളില്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും വന്യമൃഗങ്ങളുടെ സ്വഭാവമാറ്റത്തെക്കുറിച്ച് പഠിക്കാനുമെല്ലാം അടുത്തിടെ നടന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ആരെങ്കിലും മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ ഇതൊക്കെ വീണ്ടും പൊടിതട്ടിയെടുക്കുമെന്നല്ലാതെ കാടും നാടും വേര്‍തിരിക്കാന്‍ ശാസ്ത്രീയമായ നടപടികളിലേക്കൊന്നും ഇതുവരെ നീങ്ങിയിട്ടില്ല. 

കാട്ടില്‍ വിഭവങ്ങള്‍ കുറയുമ്പോഴും വന്യമൃഗങ്ങളുടെ എണ്ണത്തിലെ വര്‍ധന നിയന്ത്രിക്കാനാവാത്തതാണ് പ്രധാനപ്രശ്‌നമായി കര്‍ഷകസംഘടനകള്‍ ഉന്നയിക്കുന്നത്. 2024-ലെ കണക്കുപ്രകാരം വയനാട് ജില്ലയില്‍ 84 കടുവകളാണുള്ളത്. 230 കാട്ടാനകളാണ് വനംവകുപ്പ് ഔദ്യോഗികമായി എലഫന്റ് റിസര്‍വില്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്. ട്രഞ്ചുകള്‍മുതല്‍ പലതരം ഫെന്‍സിങ്ങുകള്‍വരെ മൃഗങ്ങളെ തടയാന്‍ വനംവകുപ്പ് പല കാലങ്ങളിലായി ഒരുക്കിയെങ്കിലും ഒന്നും പൂര്‍ണമായും ഫലംകണ്ടിട്ടില്ല. തൊട്ടടുത്ത് തമിഴ്‌നാട് ന്യൂജെന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കാടിറങ്ങുന്ന ആനകളെ തടയാന്‍ തുടങ്ങിയിട്ടുണ്ട്. കൊമ്മരംപാളയം പഞ്ചായത്തിലാണ് ആദ്യമായി എഐ അധിഷ്ഠിത പ്രതിരോധത്തിന് തുടക്കമിട്ടത്. കേരളവും ഈ നിലയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനൊട്ടും വേഗം പോരാ.

കാട്, എന്‍ വീട് വയനാട്  
2131 ചതുരശ്ര കിലോമീറ്ററാണ് വയനാടിന്റെ വിസ്തൃതി. ഇതില്‍ 82,113 ഹെക്ടര്‍ വനവും 1,19,015 ഹെക്ടര്‍ കൃഷിഭൂമിയുമാണ്. വടക്കേ വയനാട് വനം ഡിവിഷന്റെയും വയനാട് വന്യജീവി സങ്കേതത്തിന്റെയും പരിധിയില്‍വരുന്ന തിരുനെല്ലിയിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വന്യമൃഗശല്യം അനുഭവപ്പെടുന്നത്. 224 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയാണ് വടക്കേ വയനാടിനുള്ളത്. 221 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തിരുനെല്ലി ഗ്രാമപ്പഞ്ചായത്തില്‍ 182.32 ചതുരശ്ര കിലോമീറ്ററും വനമാണ്. ഇതില്‍ ഭൂരിഭാഗവും വനമെന്ന പേരിലുള്ള തേക്ക്, യൂക്കാലിത്തോട്ടമാണ്. ഇവിടങ്ങളിലൊക്കെ സ്വാഭാവിക വനം നശിച്ചതോടെ വന്യമൃഗശല്യത്തിനൊപ്പം കാലാവസ്ഥയിലും വലിയ മാറ്റമുണ്ടായി.

Content Highlights: wayanad animal attack mental trauma tribals children