‘പാകിസ്ഥാനിൽ നിന്ന് ഒരു തീവ്രവാദിയെ കൊണ്ടുവന്ന് സിനിമ ചിത്രീകരിക്കണോ?’

വിവേക് സിൻഹ | Instagram
വിവേക് സിൻഹ | Instagram

'ധുരന്ധർ' (Dhurandhar) റെക്കോർ‍ഡുകൾ തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഹൈജാക്കർ സഹൂർ മിസ്ത്രിയുടെ വേഷം ചെയ്ത നടൻ വിവേക് സിൻഹ, തന്റെ ചെറുതെങ്കിലും ശ്രദ്ധേയമായ പ്രകടനത്തിന് ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് സംസാരിക്കവെ, തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ചും വെളിപ്പെടുത്തി. ഈ സ്പൈ ത്രില്ലറിൽ ഇത്തരമൊരു വേഷം സ്വീകരിച്ചതിന് താൻ ലജ്ജിക്കണമെന്ന് ഒരു പ്രേക്ഷക പറഞ്ഞതായും, അതിന് താൻ നൽകിയ മറുപടിയും വാർത്താ ഏജൻസിയായ പിടിഐയോട് വിവേക് പങ്കുവെച്ചു.

'ധുരന്ധറിൽ' സഹൂർ പറയുന്ന ഒരു സംഭാഷണം ഇങ്ങനെയാണ്: "ഹിന്ദുക്കൾ ഭീരുക്കളായ ഒരു സമൂഹമാണ്, ഞങ്ങൾ നിങ്ങളുടെ അയൽപക്കത്താണ് താമസിക്കുന്നത്, നിങ്ങളുടെ സർവ്വശക്തിയും എടുത്ത് ഞങ്ങളെ എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കൂ." നടന്റെ ഈ വില്ലൻ വേഷം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

"കുറച്ചുദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഏതാനും രൂപയ്ക്ക് വേണ്ടി സിനിമയിൽ ഇങ്ങനെയൊരു വേഷം സ്വീകരിച്ചതിൽ ഞാൻ ലജ്ജിക്കണമെന്നാണ് അതിൽ പറഞ്ഞിരുന്നത്. ഒരു ഹിന്ദുവായിരുന്നിട്ടും ഹിന്ദുക്കളെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കാൻ എങ്ങനെ കഴിഞ്ഞു എന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു. അവർക്ക് മറുപടി നൽകണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചു. ഒടുവിൽ എന്റെ ഭാഗം വ്യക്തമാക്കാൻ തീരുമാനിച്ചു. അവർക്ക് ഞാൻ ഒരു വോയിസ് നോട്ട് അയച്ചു," അഭിമുഖത്തിനിടെ വിവേക് പറഞ്ഞു.

 "സമൂഹത്തിന്റെ കണ്ണാടിയായ ഒരു സിനിമയിൽ, കഥാപാത്രങ്ങൾ എങ്ങനെ പെരുമാറുന്നു എന്നാണ് നമ്മൾ കാണിക്കുന്നത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന അപകടകാരിയായ ഒരു തീവ്രവാദിയെയാണ് നമുക്ക് അവതരിപ്പിക്കേണ്ടതെങ്കിൽ, തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തുന്ന അയാളുടെ ചിന്താഗതിയും അയാൾ എങ്ങനെയാണ് ഹിന്ദുക്കളെ ഭീരുക്കൾ എന്ന് വിളിക്കുന്നതെന്നും കാണിക്കേണ്ടതുണ്ട്. അങ്ങനെയൊരു കഥാപാത്രത്തെ കാണിക്കാൻ പാകിസ്ഥാനിൽ നിന്ന് ഒരു തീവ്രവാദിയെ കൊണ്ടുവന്ന് സിനിമ ഷൂട്ട് ചെയ്യണോ? ക്രൂരതയുടെ അങ്ങേയറ്റം കാണിക്കാൻ നമ്മൾ തന്നെയല്ലേ അത് ചെയ്യേണ്ടത്? സിനിമയിൽ ഒരു കൊലപാതകം കാണിക്കാൻ ജയിലിൽ നിന്ന് യഥാർത്ഥ കൊലയാളികളെ വിളിച്ചു വരുത്തണോ ഇക്കാര്യങ്ങളാണ് ഞാൻ വോയിസ് നോട്ടിൽ പറഞ്ഞത്. അതിന് അവർ ഇതുവരെ മറുപടി നൽകിയിട്ടില്ല."

കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത രൺവീർ സിങ് നായകനായ 'ധുരന്ധർ', ചരിത്രം സൃഷ്ടിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറി. രണ്ടാം ഭാഗവും ഹിറ്റ് തന്നെ. പാകിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തേക്കും രാഷ്ട്രീയ കുറ്റകൃത്യങ്ങളിലേക്കും നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ചാരന്റെ കഥയാണിത്. 1999-ലെ ഐസി-814 വിമാനം റാഞ്ചൽ, 2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, എന്നിവയുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Vivek Sinha defends playing a terrorist in the film Dhurandhar., Addresses social media criticism regarding his portrayal of anti-Hindu sentiments., Explains the necessity of realistic villain portrayals in cinematic storytelling., Provides insights into the plot of the high-grossing spy thriller Dhurandhar.