'മദ്യത്തിന് അടിമയായിരുന്നു, എന്നാൽ ഇന്ന് പുതിയ ജീവിതം ആസ്വദിക്കുകയാണ്' – ടോം ഹോളണ്ട്

ടോം ഹോളണ്ട് | Wikipedia
ടോം ഹോളണ്ട് | Wikipedia

ഹോളിവുഡ് സൂപ്പർതാരം ടോം ഹോളണ്ട് (Tom Holland) ഇപ്പോൾ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ക്രിസ്റ്റഫർ നോളന്റെ വിഖ്യാത ചിത്രം 'ദി ഒഡീസി'യിൽ (The Odyssey) മാറ്റ് ഡാമന്റെ കഥാപാത്രമായ ഒഡീസിയസിന്റെ മകൻ 'ടെലിമാക്കസാ'യി താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. കൂടാതെ, ജൂലൈ 31-ന് തിയേറ്ററുകളിലെത്തുന്ന 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' (Spider-Man: Brand New Day) എന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കരിയറിലെ വിജയങ്ങൾക്കിടയിലും, തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട വലിയ വെല്ലുവിളിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഈ 28-കാരൻ.

‘മദ്യമില്ലാതെ സമയം തള്ളിനീക്കാൻ കഴിഞ്ഞിരുന്നില്ല’

യുഎസ്എ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ മദ്യപാനം ഉപേക്ഷിച്ചതിനെക്കുറിച്ച് ടോം ഹോളണ്ട് സംസാരിച്ചത്.

"ഞാൻ മദ്യത്തിന് അടിമയായിരുന്നു, അത് തുറന്നുപറയാൻ എനിക്ക് യാതൊരു മടിയുമില്ല," - മൂന്ന് വർഷം മുൻപ് ജയ് ഷെട്ടിയുടെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തുകൊണ്ട് ടോം ഹോളണ്ട് വെളിപ്പെടുത്തി. 2022 ജനുവരിയിലാണ് മദ്യം ഉപേക്ഷിക്കാൻ താരം തീരുമാനിച്ചത്. എന്നാൽ ആ യാത്ര തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല.

"എപ്പോഴും ഒരു ഡ്രിങ്ക് കഴിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത. രാവിലെ ഉണരുമ്പോൾ മുതൽ അതിനെക്കുറിച്ചാണ് ആലോചിച്ചിരുന്നത്. ഇത് എന്നെ ശരിക്കും ഭയപ്പെടുത്തി," - ഹോളണ്ട് കൂട്ടിച്ചേർത്തു. 2022 ലെ 'ഡ്രൈ ജനുവരി' (Dry January) ചലഞ്ചിലൂടെയാണ് താരം മദ്യപാനം ഉപേക്ഷിക്കുന്നത്.

മാറ്റത്തിന്റെ ദിനങ്ങൾ

ജനുവരിയിലെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരിയിലും മദ്യപിക്കാതിരിക്കാൻ താരം തീരുമാനിച്ചു. ഒടുവിൽ ജൂൺ ഒന്നിന് തന്റെ ജന്മദിനം വരെ മദ്യം കഴിക്കില്ലെന്ന് താരം ഉറപ്പിച്ചു. ഈ തീരുമാനം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

മെച്ചപ്പെട്ട മാനസികാരോഗ്യവും നന്നായി ഉറങ്ങാനും, പ്രശ്നങ്ങളെ ശാന്തമായി നേരിടാനും സാധിച്ചു. സിനിമാ സെറ്റുകളിൽ മുൻപ് പെട്ടെന്ന് ദേഷ്യം വന്നിരുന്ന സാഹചര്യങ്ങളെപ്പോലും സമാധാനത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. കൂടുതൽ ആരോഗ്യവും ഉന്മേഷവും അനുഭവപ്പെട്ടു തുടങ്ങി.

ഒത്തുചേരലുകളിൽ ആളുകളോട് സംസാരിക്കാനും സുഹൃത്തുക്കൾക്കൊപ്പം ആസ്വദിക്കാനും വേണ്ടിയാണ് താൻ മദ്യപിച്ചു തുടങ്ങിയതെന്ന് താരം തിരിച്ചറിഞ്ഞു. ജോലി സംബന്ധമായ ചടങ്ങുകളിൽ പോലും മദ്യപിക്കാതെ ആസ്വദിക്കാൻ കഴിയില്ലെന്ന സമ്മർദ്ദം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകത്വത്തിലേക്ക്

മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചതിനെ തുടർന്ന്, 2024 ഒക്ടോബറിൽ താരം BERO എന്ന പേരിൽ നോൺ-ആൽക്കഹോളിക് ബീയറുകളുടെ ഒരു പ്രീമിയം ബ്രാൻഡ് ആരംഭിച്ചു. തന്നെപ്പോലെ മദ്യപാനം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ബദലാണെന്ന് താരം വിശ്വസിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെയോ സുഹൃത്തുക്കളിലൂടെയോ മറ്റുള്ളവരെ നിർബന്ധിച്ച് മദ്യപാനം ഉപേക്ഷിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ കുറഞ്ഞ അളവിൽ മാത്രം കുടിക്കാൻ പ്രചോദനം നൽകാൻ കഴിഞ്ഞാൽ അത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ഇപ്പോൾ മൂന്നര വർഷത്തിലേറെയായി മദ്യമില്ലാത്ത പുതിയൊരു ജീവിതം താരം ആസ്വദിക്കുകയാണ്. "ഇതൊരു പുതിയ വ്യക്തിത്വം ലഭിച്ചത് പോലെ തോന്നുന്നു," എന്നാണ് ഇതേക്കുറിച്ച് താരം പറയുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tom Holland has been sober for over three and a half years since January 2022., He struggled with alcohol dependency and the social pressure to drink at events., Sobriety led to improved mental health, better sleep, and calmer temperament on film sets., Launched BERO, a premium non-alcoholic beer brand, in October 2024., Advocates for personal choice rather than forcing sobriety on others.