കടലിലെ കൊടുംതണുപ്പില്‍നിന്ന് ഒളിമ്പിക്‌സിലേക്ക് നീന്തിക്കയറിയ അഭയാര്‍ഥിയുടെ കഥ

2016-ലെ റിയോ സമ്മര്‍ ഒളിമ്പിക്‌സ് വേദി. നീന്തലില്‍ 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, ബട്ടര്‍ഫ്‌ളൈ മത്സരങ്ങള്‍ നടക്കുന്നു. 45 പേരാണ് മത്സരിക്കുന്നത്. അതില്‍ 41-ാമത് നീന്തിക്കയറിയ യുസ്ര മര്‍ഡിനി എന്ന പതിനെട്ടുകാരി കണ്ടുനിന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി. 41-ാം സ്ഥാനംപോലും യുസ്ര നടത്തിയ പോരാട്ടത്തിന്റെ പ്രതീകമാണെന്നതായിരുന്നു കാരണം.
യുസ്രയുടെ ശരിക്കുള്ള കഥ തുടങ്ങുന്നത് അതിനും ഒരു വര്‍ഷം മുമ്പാണ്. സിറിയയില്‍ ജനിച്ചുവളർന്ന യുസ്രയും സഹോദരി സാറയും ചെറുപ്പത്തില്‍ തന്നെ നീന്തൽ പഠിച്ചുതുടങ്ങിയിരുന്നു. പിതാവായിരുന്നു ഗുരു. സിറിയന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സഹായമുണ്ടായിരുന്നു പഠനത്തിന്.
അങ്ങനെ ജീവിതം മുന്നോട്ടുപോവുന്നതിനിടയിലാണ് സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷമാവുന്നത്. യുസ്രയ്ക്കൊപ്പമുണ്ടായിരുന്ന രണ്ട് നീന്തല്‍താരങ്ങള്‍ കൊല്ലപ്പെട്ടു. പിതാവ് അറസ്റ്റിലായി. അവര്‍ പരിശീലനം നടത്തിയിരുന്ന സെന്റര്‍ ബോംബ് വീണ് തകരുകയും ചെയ്തു. ആകെ പ്രശ്‌നം. അതോടെ സിറിയയില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് അമ്മ യുസ്രയോടും സാറയോടും ആവശ്യപ്പെട്ടു. ലെബനന്‍ വഴി തുര്‍ക്കി, അവിടുന്ന് ഗ്രീസ്. ഇതായിരുന്നു ലക്ഷ്യം. തുർക്കിയിലെ മനുഷ്യക്കടത്തുസംഘത്തിന് പണംനൽകി അവര്‍ ഗ്രീസിലേക്ക് പോവാന്‍ തുനിഞ്ഞു.
അക്കാലത്തെക്കുറിച്ച് യുസ്ര പിന്നീട് തുറന്നുപറഞ്ഞു. ''അനധികൃതമായി ആളുകളെ കൊണ്ടുപോവുന്ന സംഘങ്ങളെയാണ് ഞങ്ങള്‍ സമീപിച്ചത്. സാറയും ഞാനുമടക്കം 18 പേരുണ്ടായിരുന്നു. ഞങ്ങള്‍ കടല്‍ത്തീരത്തെത്തി കാത്തുനിന്നു. അവിടെ എത്തിയപ്പോഴാണ് സംഭവത്തിന്റെ ഭീകരത മനസ്സിലായത്. ഓരോ ദിവസം ഇരുന്നൂറും മുന്നൂറും പേരാണ് കടല്‍ത്തീരത്ത് കാത്തുനില്‍ക്കുക. കടലില്‍ പട്രോളിങ് ഒന്നുമില്ലെന്ന് കണ്ടാല്‍, അവര്‍ യാത്ര പുറപ്പെടും. അങ്ങനെയായിരുന്നു. അവസാനം ഞങ്ങള്‍ക്ക് പോവാനുള്ള ദിവസമെത്തി. ഒരു കൊച്ചുബോട്ടായിരുന്നു. ഏഴുപേരെ കയറ്റാനുള്ള സൗകര്യമേയുള്ളൂ. എന്നിട്ടും ഞങ്ങള്‍ പതിനെട്ട് പേരും അതില്‍ കയറിപ്പറ്റി. കടലില്‍ മുങ്ങിച്ചാവുമോ, അതോ രക്ഷപ്പെടുമോ എന്നറിയാതെ, കടലിലെ കനത്ത ഇരുട്ടിലൂടെയുള്ള യാത്ര. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞുകാണും. പെട്ടെന്ന് ബോട്ടിലെ മോട്ടോറിന്റെ പ്രവര്‍ത്തനം നിലച്ചു. അതുവരെയുണ്ടായിരുന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട് എല്ലാവരുടെയും മുഖം ആകെ വിളറി. എന്തുചെയ്യണമെന്നറിയാതെ കുറച്ചുസമയം. തിരമാലകളില്‍പ്പെട്ട് ഏതുനിമിഷവും ബോട്ട് മറിയാം. ഒന്നുകില്‍ ഇങ്ങനെ വെറുതെയിരുന്ന് മരണത്തിന് കീഴടങ്ങാം, അല്ലെങ്കില്‍ അവസാനം വരെ ശ്രമിച്ചശേഷം മരിക്കാം. ഏതുവേണമെന്ന് ഒരുനിമിഷം ഞങ്ങള്‍ ചിന്തിച്ചു. പിന്നെ ഞാനും സാറയും വെള്ളത്തിലേക്ക് ചാടി, ഒപ്പം അതിലുള്ള വേറെ രണ്ട് പുരുഷന്‍മാരും''.
വമ്പന്‍ തിരമാലകളെയും ഐസ് തോല്‍ക്കുന്ന കടലിലെ തണുപ്പിനെയും അതിജീവിക്കുക, പിന്നെ ബോട്ട് തിരമാലകളിലുലയാതെ, മറിയാതെ നേരെ നിര്‍ത്തുക ഇതായിരുന്നു അവരുടെ ആദ്യത്തെ ദൗത്യം. അതിനുശേഷം ഒരു കൈയും കാലുകളും ഉപയോഗിച്ച് തുഴയാന്‍ തുടങ്ങി. ''ഒരു കൈകൊണ്ട് ബോട്ടിലുള്ള കയര്‍ പിടിച്ച്, വലിച്ചുകൊണ്ടേയിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ശരീരം തളരുന്നത് അറിയുന്നുണ്ടായിരുന്നു. കടല്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. കടലിലെ ഉപ്പ് കണ്ണുനീറ്റാന്‍ തുടങ്ങി, ഉടുത്ത വസ്ത്രം നനഞ്ഞ് അതിന്റെ ഭാരം താഴേക്ക് വലിക്കാനും. ഓരോ ചെറുവെളിച്ചങ്ങള്‍ കാണുമ്പോഴും സഹായത്തിനായി ഉറക്കെ അലറിവിളിച്ചു, ആരും വന്നില്ല. ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ നാലുപേരും വീണ്ടും നീന്താന്‍ തുടങ്ങി. ഇടയ്ക്ക് നീന്തല്‍ നിര്‍ത്തും, ബോട്ട് മാത്രം താങ്ങിപ്പിടിക്കും. അങ്ങനെ മൂന്നര മണിക്കൂര്‍'', ഒടുവില്‍ അവര്‍ ഗ്രീസിന്റെ തീരം തൊട്ടു.
ആ മൂന്നര മണിക്കൂര്‍ അനുഭവിച്ചത് വെറും തുടക്കം മാത്രമായിരുന്നു. അവിടെയും തീര്‍ന്നില്ല അവരുടെ ദുരിതം. പോലീസിനെ ഒളിച്ചുനടക്കേണ്ടിവന്നു, സാധനങ്ങളും പണവും കവര്‍ച്ച ചെയ്യപ്പെട്ടു. ഭക്ഷണം പോലും കിട്ടാതെ, സെര്‍ബിയ, ഹംഗറി, ഓസ്ട്രിയ തുടങ്ങി പല രാജ്യങ്ങളിലൂടെ സഞ്ചരിച്ചു, ഒടുവില്‍ ജര്‍മനിയില്‍. അവിടുത്തെ അഭയാര്‍ഥി ക്യാമ്പിലേക്കാണ് അവരെത്തിച്ചേര്‍ന്നത്.
അതിനടുത്തുള്ള പ്രാദേശിക സ്വിമ്മിങ് ക്ലബിലെ കോച്ചാണ് പിന്നീട് അവര്‍ക്ക് പരിശീലനം നല്‍കിയത്. കഠിനപരിശീലനത്തിന്റെ നാളുകള്‍. യുസ്രയുടെ കഥ ആളുകളറിയാന്‍ തുടങ്ങിയത് 2016-ലാണ്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി, ആദ്യമായി റെഫ്യൂജി ഒളിമ്പിക് ടീമിന് രൂപംകൊടുക്കാന്‍ തീരുമാനിച്ചു. അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നതായിരുന്നു അതിനുപിന്നിലെ ലക്ഷ്യം. ആ ടീമില്‍ പത്തുപേരാണുണ്ടായിരുന്നത്. പല രാജ്യങ്ങളില്‍നിന്നുള്ളവര്‍. അതിലൊരാളായി യുസ്രയും ഒളിമ്പിക്‌സില്‍ പങ്കെടുത്തു. ലോകം യുസ്രയെ സ്‌നേഹത്തോടെ എതിരേറ്റു. 2020-ലെ ഒളിമ്പിക്‌സിലും യുസ്ര പങ്കാളിയായി.
''ഒളിമ്പിക്‌സിനുശേഷം എനിക്കൊരു കാര്യം മനസ്സിലായി. ഇതെന്റെ കഥ മാത്രമല്ല ഇനി. ലോകത്താകമാനമുള്ള അഭയാര്‍ഥികള്‍ക്കായി സംസാരിക്കുകയും അവരില്‍ പ്രതീക്ഷയുണ്ടാക്കുകയും ചെയ്യുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അഭയാര്‍ഥികളും സാധാരണമനുഷ്യരാണ്. അങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്'', യുസ്ര പിന്നീട് പറഞ്ഞു.
യുണൈറ്റഡ് നേഷന്‍സ് റെഫ്യൂജി ഏജന്‍സിയുടെ അംബാസഡറായിരുന്നു യുസ്ര. 2018-ല്‍ അവരുടെ ആത്മകഥയും പുറത്തിറങ്ങി. ഗുഡ്‌നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ് എന്ന ചെറുകഥാസമാഹാരത്തിലും അവരുടെ കഥയുണ്ട്. യുസ്രയുടെ ജീവിതാനുഭവത്തെ അടിസ്ഥാനമാക്കി 2022-ല്‍ നെറ്റ്ഫ്‌ളിക്‌സ് ഒരു സിനിമയും പുറത്തിറക്കി, ദ സ്വിമ്മേഴ്‌സ് എന്ന പേരില്‍.
യുസ്രയുടെ സഹോദരി സാറയാണെങ്കില്‍, അഭയാര്‍ഥികളെ സഹായിക്കുന്ന സംഘടനയ്‌ക്കൊപ്പം ചേര്‍ന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലെസ്‌ബോസിലെത്തി. 2018-ല്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സാറയെ അറസ്റ്റ് ചെയ്തു. മൂന്നുമാസത്തെ ജയില്‍വാസത്തിനുശേഷം അവരെ വിട്ടയച്ചെങ്കിലും കേസിപ്പോഴും തുടരുന്നു.
ടൈം മാഗസിന്‍ പുറത്തിറക്കിയ, ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരില്‍ യുസ്രയും സാറയുമുണ്ട്. സ്വപ്‌നങ്ങള്‍ക്കുപിന്നാലെ പറക്കാനുള്ള ആവേശവും ഊര്‍ജവുമാണ് ഇരുവരും.
Content Highlights: the survival story of yusra mardini, who was a member of refugee olympics team