വിജയങ്ങളിലും വിവാദങ്ങളിലും നായിക- സാനിയ മിര്‍സ

സാനിയ മിർസ
സാനിയ മിർസ

ടെന്നീസിന് അധികം വളക്കൂറില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ ഒരു പെണ്‍കുട്ടി വേരുറപ്പിച്ച് വാനോളം വളര്‍ന്നു. പേസിനും ഭൂപതിക്കും ബൊപ്പണ്ണക്കും നടുവില്‍ ഇന്ത്യയുടെ പെണ്‍ ടെന്നീസ് തുരുത്തായി സാനിയ മിര്‍സ. അന്താരാഷ്ട്ര വേദികളില്‍ റാക്കറ്റേന്തിയ ഈ ഹൈദരാബാദുകാരിയുടെ പകിട്ടില്‍ ഇന്ത്യയിലെത്തിയ കിരീടങ്ങള്‍ അനവധി. വിജയങ്ങളുടെയും വിവാദങ്ങളുടെയും വാര്‍ത്തകള്‍ എന്നും സാനിയക്ക് ചുറ്റുമുണ്ടായിരുന്നു. 

മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും മൂന്ന് ഡബിള്‍സ് കിരീടങ്ങളുമായി ആറ് ഗ്രാന്‍ഡ് സ്ലാമുകള്‍. രണ്ട് കോമണ്‍വെല്‍ത്ത് മെഡലുകളും എട്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകളും. 43 ഡബ്‌ള്യു.ടി .എ ഡബിള്‍സ് കിരീടങ്ങള്‍. 2007-ല്‍ വനിതാ ടെന്നീസിലെ സിംഗിള്‍സ് ലോകറാങ്കിങ്ങില്‍ സാനിയ 27-ാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിലോ വനിതാ വിഭാഗത്തിലോ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്. 2015-ല്‍ സാനിയ ഡബിള്‍സില്‍ ലോക ഒന്നാം റാങ്കായി. 2017-ല്‍ റാങ്കിങ്ങില്‍ പതനമുണ്ടാകുന്നത് വരെ 21 മാസമാണ് ഇന്ത്യന്‍ ഇതിഹാസം അജയ്യയായി തുടര്‍ന്നത്.  

2004-ല്‍ അര്‍ജുന അവാര്‍ഡ്,  2006-ല്‍ പദ്മ ശ്രീ, 2015-ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന,  2016-ല്‍ പദ്മ ഭൂഷണ്‍... രാജ്യം സാനിയയുടെ കേളീമികവിനെ ആദരപൂര്‍വം നെഞ്ചേറ്റി. 2005-ല്‍ വിമന്‍സ് ടെന്നീസ് അസോസിയേഷന്റെ മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരം നേടിയത് സാനിയയെ ആഗോള തലത്തില്‍ പ്രശസ്തയാക്കി. 2020-ല്‍ ഫെഡ് കപ്പ് ഹാര്‍ട്‌സ്  നേടിയ സാനിയ ഈ അംഗീകാരത്തിന് അര്‍ഹയായ ആദ്യ ഇന്ത്യന്‍ വ്യക്തിയാണ്. 2014-ല്‍ സൗത്ത് ഏഷ്യയുടെ യു.എന്‍ ഗുഡ് വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സാനിയ. ലോകത്തെ ഏറ്റവും ശക്തരായ 100 പേരുടെ പട്ടികയില്‍ 2016-ല്‍ ടൈംസ് മാഗസിന്‍ സാനിയയെ ഉള്‍പ്പെടുത്തിയിരുന്നു.

ടെന്നീസ് വഴിയിലേക്ക്    

സാനിയ മിര്‍സ എന്ന പേര് ലോക കായികഭൂപടത്തില്‍ തിളങ്ങുന്നുണ്ടെങ്കില്‍ അത് ഇമ്രാന്‍ മിര്‍സ എന്ന പിതാവിന്റെ ദീര്‍ഘദര്‍ശനത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമാണ്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഇമ്രാനാണ്  ചെറുപ്രായത്തിലേ മകളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനെ വളര്‍ത്തിയെടുത്തത്. 

മിര്‍സ കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രിയം ക്രിക്കറ്റായിരുന്നു. കോളേജ് കാലഘട്ടത്തില്‍ ടെന്നീസ് കളിച്ച ഇമ്രാന്‍ പോലും ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. മറ്റു കുട്ടികള്‍ ബാറ്റുമായി വഴിവക്കില്‍ ക്രിക്കറ്റ് കളിച്ചു നടന്നപ്പോള്‍ സാനിയ റാക്കറ്റുമായി കൂട്ടുകൂടി. മകളുടെ ടെന്നീസ് കമ്പം ശ്രദ്ധിച്ച ഇമ്രാന്‍ അവളെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചു. ആറാം വയസ്സ് മുതല്‍ സാനിയയുടെ  ടെന്നീസ് കോച്ചിങ് ആരംഭിക്കുകയായി. ആദ്യ കോച്ച് കെ.സി ഭൂപതി, മഹേഷ് ഭൂപതിയുടെ പിതാവ്. പില്‍ക്കാലത്ത് ഇമ്രാന്‍ തന്നെ മകളുടെ കോച്ചായി. ടെന്നീസ് അക്കാദമിയുടെ ഉയര്‍ന്ന ഫീസ് താങ്ങാനാകാതെ കുടുംബം വല്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിലാണ് അവളുടെ പ്രതിഭ തിരിച്ചറിഞ്ഞ് ചില സ്പോണ്‍സര്‍മാര്‍ എത്തുന്നത്. അവര്‍ സാനിയയെ പരിശീലനത്തിനായി അമേരിക്കയിലെ വിഖ്യാതമായ ഏസ് ടെന്നീസ് അക്കാദമിയിലേക്ക് അയച്ചു.

സൂപ്പര്‍ സാനിയ 
2002-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍,  ലിയാണ്ടര്‍ പേസിനൊപ്പം സാനിയ ഏഷ്യന്‍ ഗെയിംസിന്റെ മിക്സഡ് ഡബിള്‍സില്‍ വെങ്കലം നേടി. യു.എസ് ഓപ്പണിന്റെ ഗേള്‍സ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ കടമ്പ കടന്നു. 2003 വിംബിള്‍ഡണ്‍ ഗേള്‍സ് ഡബിള്‍സ് ചാമ്പ്യന്‍ഷിപ് ജയിച്ച സാനിയ, അതേ വര്‍ഷം യു.എസ് ഓപ്പണ്‍ ഗേള്‍സ് ഡബിള്‍സില്‍ സെമി എത്തി. 2003-ല്‍ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ ജന്മനാടായ ഹൈദരാബാദില്‍ വെച്ച് നാല് സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയ സാനിയ അടുത്ത വര്‍ഷം കരിയറിലെ കന്നി ഡബ്ള്യു.ടി.എ. ഡബിള്‍സ് കിരീടം ചൂടി. 2005-ല്‍ ഹൈദരാബാദ് ഓപ്പണ്‍ വിജയിച്ച് ഡബ്ള്യു.ടി.എ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. ഇന്നോളം മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും പിന്തുടര്‍ച്ച അവകാശപ്പെടാനായിട്ടില്ല.  2007-ല്‍ നാല് ഡബിള്‍സ് കിരീടനേട്ടവുമായി 27-ാം റാങ്കിലേക്കുയര്‍ന്ന സാനിയ ആദ്യ മുപ്പതില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.  

2015-ല്‍ മാര്‍ട്ടിന ഹിന്‍ഗിസ് എന്ന സ്വിസ് പ്രതിഭയുമായി സാനിയ കൈകോര്‍ത്തു. ടെന്നീസ് ആരാധകര്‍ സാന്റിന എന്ന് ഓമനപ്പേര് ചാര്‍ത്തിയ സഖ്യം കിരീടങ്ങള്‍ വാരിക്കൂട്ടി. സാനിയ ഡബിള്‍സില്‍ ലോക ഒന്നാംനമ്പറായി. മൂന്നു സ്ലാമുകള്‍ നേടിയ ഈ സഖ്യം പിന്നീട് 2016ല്‍ വേര്‍പിരിഞ്ഞു.  

സാനിയാ മിർസ- മാര്‍ട്ടിന ഹിന്‍ഗിസ്

സ്ലാം തിളക്കം
2005 ഓസ്ട്രേലിയന്‍ ഓപ്പൺ സിംഗിള്‍സില്‍ മൂന്നാം റൗണ്ട് വരെയെത്തിയ സാനിയയെ പരാജയപ്പെടുത്തിയത് സാക്ഷാല്‍ സെറീന വില്യംസ്. അതേ വര്‍ഷം യു.എസ് ഓപ്പണിന്റെ നാലാം റൗണ്ടിലെത്തിയ സാനിയക്ക് മരിയ ഷറപ്പോവയോട് അടിയറവു പറയേണ്ടി വന്നു. 2008-ലും സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് വിഭാഗത്തില്‍ മൂന്നാം റൗണ്ട് വരെ മുന്നേറി. ഇത്തവണ വഴിമുടക്കിയത് വീനസ് വില്യംസ്. ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സാനിയ. ഒരിക്കലല്ല, രണ്ടു തവണ സാനിയ ഈ നേട്ടം ആവര്‍ത്തിച്ചു. 2008 ഓസ്ട്രേലിയന്‍ ഓപ്പണില്‍ മഹേഷ് ഭൂപതിയോടൊപ്പം മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലിലെത്തിയ സാനിയയ്ക്ക് അവിടെയും തോല്‍വി. തോല്‍വിയുടെ മുറിവിനു മരുന്നായി സാനിയ-ഭൂപതി സഖ്യം അടുത്ത സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജേതാക്കളായി. സാനിയയുടെ കന്നി സ്ലാം. 2011 ഫ്രഞ്ച് ഓപ്പണിന്റെ ഡബിള്‍സ് ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. 2012 ഫ്രഞ്ച് ഓപ്പണില്‍ ജയം സാനിയ-ഭൂപതി സഖ്യത്തിന്. രണ്ടു വര്‍ഷത്തിന് ശേഷം 2014 യു.എസ് ഓപ്പണിലും സാനിയയ്ക്ക് മിക്‌സഡ് ഡബിള്‍സില്‍ സ്ലാം നേട്ടം. ഇത്തവണ പങ്കാളി ബ്രസീലിയന്‍ താരം ബ്രൂണോ സൊരസ്.  

മൂന്നു മിക്‌സഡ് ഡബിള്‍സ് സ്ലാമുകള്‍ക്ക് ശേഷം സാനിയ നേടിയത് മാര്‍ട്ടിന ഹിന്‍ഗിസിനൊപ്പം തുടരെ മൂന്ന് ഡബിള്‍സ് സ്ലാമുകള്‍. 2015ല്‍ വിംബിള്‍ഡണും യു. എസ് ഓപ്പണും നേടിയ കൂട്ടുകെട്ട് 2016-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണിലും വിജയികളായി.

സാനിയ-ബൊപ്പണ്ണ സഖ്യം

ഒളിമ്പിക്‌സും ഏഷ്യന്‍ ഗെയിംസും 
രണ്ടു പതിറ്റാണ്ടിന്റെ കരിയറില്‍ നാല് ഒളിമ്പിക്സുകളുടെ ഭാഗമായ സാനിയക്ക് ലോക കായിക മാമാങ്കത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 2008-ല്‍ പരിക്ക് വില്ലനായി. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും പേസിനൊപ്പം മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ വരെ പൊരുതി. സാനിയ-ബൊപ്പണ്ണ സഖ്യം വെങ്കലം കൈവിട്ട 2016 റിയോ ഒളിമ്പിക്സ് ഇന്ത്യന്‍ കായികപ്രേമികളുടെ വേദനിപ്പിക്കുന്ന ഓര്‍മയാണ്. 2020-ല്‍ തന്റെ അവസാന ഒളിമ്പിക്സില്‍ ഡബിള്‍സ് വിഭാഗത്തില്‍ മത്സരിച്ച സാനിയയ്ക്ക് ആദ്യ റൗണ്ടിനപ്പുറം കടക്കാനായില്ല. 

2002-ല്‍ ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റം മിക്സഡ് ഡബിള്‍സ് കിരീടമണിഞ്ഞ് സാനിയ ഗംഭീരമാക്കി. 2010 ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സില്‍ വെങ്കലവും മിക്സഡ് ഡബിള്‍സില്‍ വെള്ളിയും. 2014-ല്‍  മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണവും ഡബിള്‍സില്‍ വെങ്കലവും. 2010-ല്‍ ദുബായില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാനിയയുടെ പ്രകടനം അസാമാന്യമായിരുന്നു. സിംഗിള്‍സില്‍ വെള്ളി നേടി വെട്ടിത്തിളങ്ങിയ സാനിയ ഡബിള്‍സില്‍ വെങ്കലവും സ്വന്തമാക്കി. 

പൂര്‍ണവിരാമം
2018-ല്‍ പരിക്ക് സാനിയയെ കളിക്കളത്തില്‍ നിന്നകറ്റി. അതേ വര്‍ഷമായിരുന്നു മകന്റെ ജനനവും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2020-ല്‍ മാസ്മരിക തിരിച്ചുവരവ്. ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ ഡബിള്‍സില്‍ ജയിച്ച് മടങ്ങിവരവിലെ ആദ്യ ഡബ്‌ള്യു.ടി. എ കിരീടം. ഫെഡ് കപ്പ് ടീമില്‍ ഇന്ത്യയെ ആദ്യമായി പ്ലേ ഓഫ് വരെയെത്തിച്ചത് സാനിയ പിടിച്ചെടുത്ത നിര്‍ണായക ജയങ്ങളാണ്. 2022 വിംബിള്‍ഡണില്‍ സാനിയയുടെ കുതിപ്പ് മിക്‌സഡ് ഡബിള്‍സ് സെമി ഫൈനല്‍ വരെ നീണ്ടു. ശരീരത്തിന്റെ കായിക ശേഷി നഷ്ടപ്പെടുകയാണെന്നും പഴയ ഊര്‍ജത്തോടെ കളിക്കാനാവുന്നില്ലെന്നും തുറന്നുപറഞ്ഞ സാനിയ 2023 ഓസ്ട്രേലിയന്‍ ഓപ്പണോടെ സ്ലാമുകളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 2023 ദുബായ് ഓപ്പണോട് കൂടി എല്ലാ ഫോര്‍്മാറ്റുകളില്‍ നിന്നും സാനിയ വിരമിച്ചു.

ഭർത്താവ് ഷൊയബ് മാലിക്, മകൻ ഇസാൻ എന്നിവർക്കൊപ്പം

തന്റെ അവസാന സ്ലാം കളിക്കാന്‍ സാനിയ എത്തിയത് മിക്‌സഡ് ഡബിള്‍സില്‍ കരിയറിലെ ആദ്യ പങ്കാളിയായ രോഹന്‍ ബൊപ്പണ്ണയുമൊത്ത്. ഉജ്ജ്വല ഫോമില്‍ കളിച്ച സഖ്യം ഫൈനല്‍ കയറി. പക്ഷേ, അപൂര്‍ണതയുടെ അനല്പ സൗന്ദര്യത്തോടെ വിട വാങ്ങേണ്ടി വന്നു, സാനിയക്ക്. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സാനിയയുടെ നാല് വയസ്സുകാരന്‍ മകന്‍ സമീപകാല കായികലോകത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നായി. വിടവാങ്ങല്‍ പ്രസംഗത്തില്‍ വിതുമ്പിപ്പോയ സാനിയ, അവസാന സ്ലാമില്‍ മകന്റെ മുന്നില്‍ ഫൈനല്‍ കളിക്കാനായതില്‍ അഭിമാനം പ്രകടിപ്പിച്ചു. പതിനാലാം വയസ്സ് മുതല്‍ ഒരുമിച്ച് കളിക്കുന്ന, അടുത്ത സുഹൃത്ത് ബൊപ്പണ്ണയ്‌ക്കൊപ്പം അവസാന മത്സരം കളിക്കാനായത് ഭാഗ്യമായി കാണുന്നെന്ന് സാനിയ കൂട്ടിച്ചേര്‍ത്തു. ദുബായ് ഓപ്പണില്‍ അമേരിക്കയുടെ മാഡിസണ്‍ കീയുമായി കളിക്കാനിറങ്ങിയ സാനിയയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി. സമ്മോഹനമായ ടെന്നീസ് കരിയറിന് തോല്‍വിയോടെ തിരശീല വീണു.

വിവാദങ്ങളിലും നായിക
അസൂയാവഹമായ നേട്ടങ്ങളിലേക്കുള്ള കുതിപ്പിനിടെ വിവാദങ്ങളും സാനിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഫാഷനും ഗ്ലാമറിനും പേരുകേട്ട വനിതാ ടെന്നീസില്‍ സാനിയയുടെ ഉദയം മുതല്‍ വിവാദക്കെട്ടഴിയുകയായി. സാനിയയുടെ വസ്ത്രധാരണം വരെ ചര്‍ച്ചയായി.

2006-ല്‍ ഇസ്രായേലി കളിക്കാരി ഷഹാര്‍ പിയറുമായി സഖ്യം ചേരുന്നതില്‍ നിന്ന് സാനിയ പിന്മാറിയിരുന്നു. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് സാനിയ എന്ന് വാര്‍ത്തകള്‍ വന്നു. സാനിയയുടെ നടപടി അത്‌ലറ്റിക്‌സിന് ചേര്‍ന്നതല്ലെന്നും ചിലര്‍ പറഞ്ഞു. ഏതായാലും  2007-ല്‍ സാനിയ പിയറുമായി ചേര്‍ന്ന് ടൂര്‍ണമെന്റുകളുടെ ഭാഗമായി. 2008-ല്‍ സാനിയ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. സാനിയ ദേശീയ പതാകയെ  അവഹേളിച്ചെന്ന് ആരോപണങ്ങള്‍ പൊങ്ങി. പതാക വെച്ചിരുന്ന മേശയില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ഫോട്ടോ മുന്‍നിത്തിയായിരുന്നു പ്രചരണം. ബെയ്ജിങ് ഒളിമ്പി്ക്‌സിലെ പരേഡില്‍ പതാക പൊക്കിപ്പിടിച്ചില്ലെന്നും ആരോപണമുണ്ടായി. സാനിയ തളര്‍ന്നില്ല. എന്നാല്‍ 2010-ല്‍ പാക് ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ പ്രണയിച്ചു വിവാഹം കഴിച്ചതോടെ സാനിയക്ക് നേരിടേണ്ടി വന്നത് വെറുപ്പിന്റെ വാക്കുകള്‍. സാനിയയുടെ രാജ്യസ്‌നേഹവും കൂറും ചോദ്യം ചെയ്യപ്പെട്ടു. ശത്രുരാജ്യത്തിന്റെ മരുമകളെന്ന് അവര്‍ ആക്ഷേപിക്കപ്പെട്ടു.  

2012 ഒളിമ്പിക്സില്‍ പേസിനൊപ്പം കളിക്കാനില്ലെന്ന് ഭൂപതിയും ബൊപ്പണ്ണയും നിലപാടെടുത്തു. സാനിയ-പേസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കാന്‍ ധാരണയായി. സഖ്യം ക്വാര്‍ട്ടര്‍ വരെയെത്തുകയും ചെയ്തു. കളിക്കാര്‍ക്കിടയിലെ സംഘര്‍ഷങ്ങളിലേക്ക് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ തന്നെ വലിച്ചിടുകയായിരുന്നു എന്ന് സാനിയ പിന്നീട് ആരോപിച്ചിരുന്നു.

സാനിയയുടെ വിരമിക്കലിനു ശേഷവും വിവാദങ്ങളുടെ തിര അടങ്ങിയിട്ടില്ല. ഭര്‍ത്താവുമായി അകന്നു ജീവിക്കുകയാണ് സാനിയയും മകനുമെന്ന്  മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ സാനിയയ്ക്ക് ട്വിറ്ററിലൂടെ ആശംസകള്‍ ചൊരിഞ്ഞ ഷോയിബ് അവസാന മത്സരശേഷം വീട്ടിലെത്തിയ സാനിയയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ദമ്പതികള്‍ പിരിഞ്ഞോ ഇല്ലയോ എന്ന ചര്‍ച്ച ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

 മത്സര ടെന്നീസ് വിടുകയാണെങ്കിലും റാക്കറ്റ് ഉപേക്ഷിക്കുന്നില്ലെന്ന് താരം ശുഭസൂചന തന്നിട്ടുണ്ട്. രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ കെല്‍പ്പുള്ള കുട്ടികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് വിരമിക്കലിനു ശേഷം അവര്‍ പറഞ്ഞു. ടെന്നീസ് അക്കാദമികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും. ഇന്ത്യന്‍ വനിതാ ടെന്നീസിന്റെ  അമരത്തേക്ക് കരുത്തരായ പുതുമുഖങ്ങള്‍ വരട്ടെ. സാനിയ അവസാനിപ്പിച്ചിടത്ത് നിന്ന് അവര്‍ക്ക് തുടങ്ങാനും കഴിയട്ടെ. പക്ഷേ, ആരും ഒരിക്കലും സാനിയയ്ക്ക് പകരമാകില്ല. 

Content Highlights: the inspiring tennis journey of sania mirza