ആ അപകടത്തില്‍ പരിക്കേറ്റ് സൂപ്പര്‍മാന്‍ വീല്‍ചെയറിലായി;ദയാവധം മതിയെന്ന് തോന്നിത്തുടങ്ങി

അമാനുഷിക ശക്തിയും അസാമാന്യ വേഗവുമുള്ള സൂപ്പര്‍മാനായി വെള്ളിത്തിരയില്‍ വെന്നിക്കൊടി പാറിച്ച ക്രിസ്റ്റഫര്‍ റീവ്. 43-ാം വയസ്സില്‍ പ്രശസ്തിയുടെ ഉയരങ്ങളില്‍ നിന്ന് പരിക്കേറ്റുവീണു വീല്‍ചെയറിലായ, ഒമ്പത് വര്‍ഷങ്ങള്‍ ചക്രക്കസേരയില്‍ കഴിഞ്ഞ, അമ്പത്തിരണ്ടാം വയസ്സില്‍ വന്ന മരണം വരെ താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അടിയുറച്ചു വിശ്വസിച്ച ലോകത്തിന്റെ സൂപ്പര്‍മാന്‍. സിനിമയിലും ജീവിതത്തിലും അമാനുഷികനായി കടന്നുപോയ മഹാപ്രതിഭ. ഇടറാത്ത മനക്കരുത്തിന്റെ പര്യായമാണ് റീവ്.
''ഒരു പ്രശ്‌നത്തെപ്പറ്റി പഠിക്കാന്‍ പോലും മെനക്കെടാത്ത സെലിബ്രിറ്റികളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത്തരക്കാര്‍ സമൂഹത്തിന് മുതല്‍ക്കൂട്ടല്ല, ബാധ്യതയാണ്,'' തന്റെ താരപദവിയുടെ മൂല്യം ശരിയായി ഈടാക്കിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. സ്പൈനല്‍ കോഡിന് പരിക്കേറ്റവരെ മരണമടുത്തവര്‍ എന്ന് മുന്‍കൂര്‍ വിധിയെഴുതുന്ന ചികിത്സാരംഗത്തോട് അദ്ദേഹം നിരന്തരം കലഹിച്ചു. മനുഷ്യജീവിതത്തില്‍ സന്തോഷം നിറയ്ക്കാനുള്ള ശാസ്ത്രത്തിന്റെ നൂതനസങ്കേതങ്ങളെ അകമഴിഞ്ഞ് വരവേറ്റു. ജനിതകശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ഇന്ന് കാണുന്ന വളര്‍ച്ചയ്ക്ക് പിന്നില്‍ റീവിന്റെ പരിശ്രമങ്ങളുണ്ട്.
ലോകത്തിന്റെ സൂപ്പര്‍മാന്‍
തിയേറ്ററും ചെറുസിനിമകളുമായി നടന്ന റീവ് ആകസ്മികമായാണ് സൂപ്പര്‍മാന്‍ സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആറടി നാലിഞ്ച് (193 സെന്റീമീറ്റര്‍) ഉയരമുള്ള റീവിന് ഓഡിഷന് വന്ന മറ്റുള്ളവരെക്കാള്‍ തലപ്പൊക്കവും അഭിനയപാടവവും ഉണ്ടായിരുന്നു. 86 കിലോ ആയിരുന്നു റീവിന്റെ ഭാരം. പൊക്കത്തിന് അനുസൃതമായ ഭാരമില്ല. റീവിന്റെ താരതമ്യേന മെലിഞ്ഞ ശരീരപ്രകൃതം റോളിന്റെ പൂര്‍ണതയ്ക്ക് തടസ്സമാകുമെന്ന് കരുതിയ സംവിധായകന്‍ റീവിനെ പ്രത്യേക കുപ്പായമിടീച്ചു ഷൂട്ടിങ് തുടങ്ങി. ജിമ്മില്‍ മണിക്കൂറുകള്‍ വിയര്‍പ്പൊഴുക്കി രണ്ടു മാസത്തിനുള്ളില്‍ റീവ് തന്റെ ഭാരം 14 കിലോ വര്‍ധിപ്പിച്ചു. സിനിമ വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. കാര്‍ക് ക്ലെന്റായും സൂപ്പര്‍മാനായും റീവ് അത്യുജ്ജ്വലമായി പകര്‍ന്നാടി. സിനിമ പുറത്തിറങ്ങിയതും വമ്പന്‍ ഹിറ്റായി മാറി. തുടരെ വന്ന മൂന്ന് സൂപ്പര്‍മാന്‍ സിനിമകളിലും റീവ് തന്നെ നായകനായി. അമാനുഷികതയുടെ മനുഷ്യപ്പതിപ്പായി, റീവ് ലോകഭാവനയില്‍.
തീരാവേദന
കുതിരസവാരി റീവിന് എന്നും ഹരമായിരുന്നു. 1995 മെയ് 27-ന് ഒരു മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു റീവ്. ഓമനയായ ബക്ക് അന്നോളം റീവിന്റെ കടിഞ്ഞാണിനെ അനുസരിച്ചിട്ടേ ഉള്ളൂ. ആദ്യത്തെ രണ്ടു കടമ്പകളും ബക്ക് സുഗമമായി കുതിച്ചുകടന്നു. മൂന്നാം കടമ്പയുടെ മുന്നില്‍ ബക്ക് പൊടുന്നനെ നിന്നു. പെട്ടെന്നുണ്ടായ ആഘാതത്തില്‍ റീവിന് ബാലന്‍സ് കിട്ടിയില്ല. റീവ് മുന്നോട്ട് തെറിച്ചുവീണു. തല കുത്തി ഭൂമിയ്ക്ക് ലംബമായുള്ള വീഴ്ച.
നൂറു കിലോയിലധികം വരുന്ന ശരീരഭാരം വീഴ്ചയുടെ ആക്കം നൂറിരട്ടിയാക്കി. ഒന്നും രണ്ടും കശേരുക്കള്‍ പൊടിഞ്ഞുപോയി. പൊട്ടിയ കശേരുക്കള്‍ തറച്ച് മുറിവുകളുണ്ടായി, സുഷുമ്‌നാനാഡിയില്‍ രക്തക്കട്ടകള്‍ രൂപംകൊണ്ടു. ഹാങ്ങ്മാന്‍സ് ഇന്‍ജുറി അഥവാ തൂക്കിലേറ്റപ്പെട്ടവര്‍ക്ക് സംഭവിക്കുന്നതിന് സമാനമായ, ജീവനെടുക്കുന്ന പരിക്കുകളാണ് റീവിനുണ്ടായത്. കഴുത്തിന് താഴേക്ക് തളര്‍ന്ന് ചലനശേഷി നഷ്ടമായി. സ്പര്‍ശനശേഷിയും നഷ്ടപ്പെട്ടു. പോരാത്തതിന് വെന്റിലേറ്ററിന്റെ സഹായമില്ലാതെ റീവിന് ഇനിയൊരിക്കലും ശ്വസിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുത്ത് നടത്തി.
പ്രപഞ്ചത്തിന്റെ വലിയ കരുനീക്കങ്ങളിലെവിടെയോ നിസ്സാരനായ ഒരു അണു മാത്രമാണ് മനുഷ്യന്‍ എന്ന് കണ്ണുതുറപ്പിക്കുന്നതാണ് റീവിന്റെ പരിക്കുകളെക്കുറിച്ചുള്ള പില്‍ക്കാല നിരീക്ഷണങ്ങള്‍. ഇടതുവശത്തേക്ക് 6.25% എങ്കിലും ചെരിവിലാണ് വീണിരുന്നതെങ്കില്‍ തല്‍ക്ഷണം മരണം സംഭവിച്ചേനെ. ചെരിവ് വലത്തോട്ടായിരുന്നെങ്കില്‍ രക്തസ്രാവം ഉണ്ടാകുമായിരുന്നെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ റീവ് ജീവിതം തിരിച്ചുപിടിച്ചേനെ.
കൈപിടിച്ചവര്‍
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും റീവിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടായിരുന്നു. ചര്‍മത്തിലെ മുറിവുകള്‍, ശരീരത്തിലേറ്റ ചതവുകള്‍, ന്യുമോണിയ, മൂത്രനാളത്തിലെ അണുബാധ, അള്‍സറുകള്‍...റീവിന്റെ ആശുപത്രി ജീവിതം നീണ്ടുപോയി. അരങ്ങില്‍ പകര്‍ന്നാട്ടമില്ലാത്ത ജീവിതം തനിക്ക് വേണ്ടെന്നായി റീവ്. വെള്ളിവെളിച്ചത്തില്‍ പ്രപഞ്ചം പറന്നുകീഴടക്കിയ അതിമാനുഷികന് ആശുപത്രിക്കിടക്കയില്‍ മരണം കാത്തുകിടക്കാന്‍ മനസ്സുവന്നില്ല. ദയാവധം മതി ഇനിയെന്ന് റീവിനു തോന്നിത്തുടങ്ങി. തളര്‍ന്ന ശരീരത്തിനുള്ളില്‍ മനസ്സിന് ജീവനറ്റു.
ഭാര്യ ഡാനയും ഉറ്റചങ്ങാതി റോബിന്‍ വില്യംസും പകര്‍ന്ന ഉള്‍ക്കരുത്താണ് റീവിനെ മടക്കിക്കൊണ്ടുവന്നത്. ഡാന റീവിനെ തനിച്ചാക്കാതെ നിഴലായിക്കൂടി. ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാതില്‍ തള്ളിത്തുറന്ന് തന്നെ ചിരിപ്പിച്ച വില്യംസിനെക്കുറിച്ച് റീവ് പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിക്കിടക്കയിലായ ശേഷം നാളുകള്‍ പിന്നിട്ട് അന്നാണ് റീവിന്റെ മുഖത്ത് ചിരി തെളിഞ്ഞത്.
പറക്കാന്‍ കൊതിച്ച്
ആത്മധൈര്യം വീണ്ടെടുത്തതോടെ റീവ് ജീവിതത്തില്‍ സൂപ്പര്‍മാനായി. തന്നെപ്പോലെ സ്പൈനല്‍ കോഡിന് പരിക്കുപറ്റിയവര്‍ക്കും പരാലിസിസ് ബാധിച്ചവര്‍ക്കും അദ്ദേഹം ശബ്ദമായി. ഒരിക്കല്‍ ഞാന്‍ ഈ ചക്രക്കസേരയില്‍ നിന്നെഴുന്നേല്‍ക്കും എന്ന് റീവ് ലോകത്തോട് പറഞ്ഞു. പ്രശസ്തിയുടെ മത്തുപിടിച്ച അധികപ്രസംഗിയെന്ന് പലരും നെറ്റി ചുളിച്ചു. തനിക്കു പറ്റിയ അപകടത്തിന്റെ ആഘാതം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്തതിന്റെ നിഷേധിക്കലായി മറ്റുള്ളവര്‍ സഹതപിച്ചു. രണ്ടും റീവിനെ ഏശിയില്ല.
അപകടത്തിന്റെ രണ്ടാം വര്‍ഷം റീവിന്റെ കാലിന് അള്‍സര്‍ ബാധിച്ചു. ആരോഗ്യം മോശമായി. കാല്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. റീവ് പൊരുതി. അള്‍സറിനെ കീഴടക്കി. ''എന്റെ കാല്‍ നീക്കം ചെയ്യാന്‍ ആരെയും അനുവദിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ആ വാശി ചികിത്സയെ ഫലിപ്പിച്ചു എന്ന് ഞാന്‍ കരുതുന്നു.'' ആരോഗ്യവിദഗ്ധരെ അമ്പരപ്പിച്ച മടങ്ങിവരവിനെ റീവ് ഓര്‍ത്തെടുത്തു.
പതിയെ റീവിന്റെ സുഷുമ്‌നാനാഡിയുടെ കീഴ്ഭാഗത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടു. കഴുത്തിന്റെ ചലനം സാധാരണ ഗതിയിലായി. ശ്വസനവ്യായാമങ്ങളിലൂടെ വെന്റിലേറ്ററില്ലാതെ ശ്വസിക്കാനായി. ഓരോ പുരോഗതിയിലും ഡോക്ടര്‍മാര്‍ അന്തിച്ചുനിന്നു. അവരുടെ കണക്കുകൂട്ടലുകള്‍ ഇന്നോളം ആരും ഇങ്ങനെ തെറ്റിച്ചിട്ടില്ല. പക്ഷേ, ഒന്നിലും റീവ് അമിതമായി സന്തോഷിച്ചില്ല. അടുത്ത വിജയത്തിനായുള്ള ദാഹമായിരുന്നു റീവിന്.
ഒരിക്കല്‍ മാത്രം റീവ് വികാരാധീനനായി. സ്പര്‍ശനശേഷി വീണ്ടെടുത്തപ്പോഴായിരുന്നു അത്. ''എന്റെ കുട്ടികളുടെ സ്പര്‍ശം വീണ്ടും അനുഭവിക്കാനായി- ഏറ്റവും അനുഭൂതി തന്ന അനുഭവം.'' ഇടംകയ്യിലെ ചൂണ്ടുവിരല്‍, വലംകയ്യിലെ പേശികള്‍, കാലുകള്‍ എന്നിങ്ങനെ പല ചെറുചലനങ്ങളെയും അദ്ദേഹം ജയിച്ചു.
മാറ്റത്തിനായി
അപകടത്തിന് ശേഷവും റീവ് വെറുതെയിരുന്നില്ല. തൊട്ടടുത്ത വര്‍ഷം ഒരു സിനിമയ്ക്ക് നരേറ്ററായി. മറ്റൊന്നില്‍ അഭിനയിച്ചു. 1997-ല്‍ സംവിധായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റീവ് പുരസ്‌കാരങ്ങള്‍ നേടി. പിന്നീടങ്ങോട്ടും റീവ് സിനിമയില്‍ തുടര്‍ന്നു. അഭിനേതാവായും സംവിധായകനായും സിനിമയിലും ടെലിവിഷനിലും നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ആത്മകഥ 'സ്റ്റില്‍ മി' ദീര്‍ഘകാലം ബെസ്റ്റ്‌സെല്ലര്‍ ലിസ്റ്റില്‍ ഒന്നാമതായിരുന്നു. വീണുപോയവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ധൈര്യം പകരാന്‍ തന്നാലാകും വിധം അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ഭ്രൂണത്തില്‍ നിന്ന് മൂലകോശങ്ങള്‍ വേര്‍തിരിച്ചെടുത്തുള്ള ചികിത്സാവിധി വ്യാപകമാക്കാന്‍ റീവ് ശ്രമിച്ചു. യാഥാസ്ഥിതികരുടെ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ക്ക് വിലങ്ങുതടിയായി. ജീവന്‍ നല്‍കേണ്ട കോശങ്ങളെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് മതനേതാക്കന്മാര്‍ക്ക് പൊറുക്കാവുന്നതായിരുന്നില്ല. റീവിന്റെ വാക്കുകള്‍ ദൈവനിന്ദയായി വരെ വ്യാഖ്യാനിക്കപ്പെട്ടു. ഇറാഖ് യുദ്ധത്തിന്റെ തിരക്കുകളില്‍ ആടിയുലഞ്ഞതും ആരോഗ്യമേഖലയില്‍ അമേരിക്കയുടെ ശ്രദ്ധ കുറയുന്നതിന് കാരണമായി. 2004 ഒക്ടോബര്‍ 10-ന് മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ജീവനെടുക്കുന്നത് വരെ നൂതനചികിത്സാരീതികള്‍ക്ക് വേണ്ടി റീവ് വാദിച്ചുകൊണ്ടേയിരുന്നു.
Content Highlights: the inspiring life of christopher reeve