'എനിക്ക് എയ്ഡ്‌സുണ്ട്, മരിക്കാന്‍ ഭയമില്ല'- ടെന്നിസ് ഇതിഹാസം ആര്‍തര്‍ ആഷെ അന്ന് പറഞ്ഞു

ലോകമെമ്പാടും എയ്ഡ്‌സ് എന്ന പകര്‍ച്ചവ്യാധി ഭീതി വിതച്ച കാലമാണ് 1980-കളും 90-കളും. ചികിത്സിക്കാന്‍ മരുന്നില്ലാത്ത രോഗത്തെ എല്ലാവരും ഭയപ്പാടോടെ മാത്രം കണ്ടു. ആളുകള്‍ക്കിടയില്‍ രോഗത്തെപ്പറ്റി അവബോധം വളര്‍ത്തിയടുക്കാന്‍ ലക്ഷ്യമിട്ട് സന്നദ്ധസംഘടനകളും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയിടെയാണ് ടെന്നിസ് ഇതിഹാസം ആര്‍തര്‍ ആഷെ താനൊരു എയ്ഡ്‌സ് ബാധിതനാണെന്ന് തിരിച്ചറിയുന്നത്. കൃത്യമായി പറഞ്ഞാല്‍ 1988-ല്‍. എയ്ഡ്‌സ് അവബോധം വളര്‍ത്താന്‍ 'ലോക എയ്ഡ്‌സ് ദിനം' ആചരിക്കാന്‍ തുടങ്ങിയതും അതേവര്‍ഷം തന്നെ.
അമേരിക്കന്‍ ഡേവിസ് കപ്പ് ടീമിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരനായ കളിക്കാരനാണ് ആഷെ. മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സും രണ്ട് ഡബിള്‍സും. 1968-ല്‍ അമേരിക്കന്‍ ഓപ്പണും 1970-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 1975-ല്‍ വിംബിള്‍ഡണും നേടിയ ആഷെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വംശജനായി. ഇന്ന് യു.എസ്. ഓപ്പണ്‍ നടക്കുന്ന പ്രധാന വേദി അറിയപ്പെടുന്നത് ആഷെയുടെ പേരിലാണ്.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ആഷെയെ രോഗങ്ങള്‍ അലട്ടുന്നത്. എയ്ഡ്‌സിനും മുമ്പേ ഹൃദയാഘാതമുണ്ടായി. 30-കളിലായിരുന്നു അദ്ദേഹമപ്പോള്‍. ചെറിയ പ്രായത്തില്‍ ഹൃദയാഘാതം സംഭവിച്ചത് ആഷെയുടെ കരിയറില്‍ വലിയ തിരിച്ചടിയായി. ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടിവന്നതിനാല്‍ 36-ാം വയസ്സില്‍ അദ്ദേഹം സ്‌പോര്‍ട്‌സില്‍ നിന്ന് വിരമിച്ചു. വിശ്രമമവും എഴുത്തും സന്നദ്ധപ്രവര്‍ത്തനവുമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടെയാണ് എച്ച്.ഐ.വി. തിരിച്ചറിഞ്ഞത്.
കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയ അദ്ദേഹം വര്‍ഷങ്ങളോളം രോഗവിവരം രഹസ്യമാക്കിവെച്ചു. ഒടുവില്‍ 1992 ഏപ്രില്‍ മാസത്തില്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ തന്റെ രോഗവിവരം വെളിപ്പെടുത്തി. ആരാധകരെ അക്ഷരാര്‍ഥത്തില്‍ അത് ഞെട്ടിച്ചു.
രക്തത്തിലൂടെ പകര്‍ന്നത്
1983-ല്‍ ബൈപാസ് ശസ്ത്രക്രിയക്കിടെ സ്വീകരിച്ച രക്തം വഴിയാണ് എച്ച്.ഐ.വി. രോഗാണുക്കള്‍ ആഷെയുടെ ശരീരത്തിലെത്തുന്നത്. അമേരിക്കയില്‍ രക്തദാനത്തിന് എച്ച്.ഐ.വി. പരിശോധന നിര്‍ബന്ധമാക്കുന്നതിന് രണ്ടുവര്‍ഷം മുമ്പായിരുന്നു ആ ശസ്ത്രക്രിയ. എന്നാല്‍ ആരെയും കുറ്റപ്പെടുത്താതെ, വളരെ ശുഭപ്രതീക്ഷയോടെ അദ്ദേഹം അതിനെ നേരിട്ടു. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും രോഗം രഹസ്യമാക്കിവെക്കുകയായിരുന്നു.
രഹസ്യമാക്കിവെച്ചതില്‍ വിവാദം
ആരോഗ്യവിവരം രഹസ്യമായി സൂക്ഷിക്കാനുള്ള ആഷെയുടെ തീരുമാനത്തെ പലരും വിമര്‍ശിച്ചു. എയ്ഡ്‌സ് രോഗസാധ്യതയില്‍ കഴിയുന്ന ആളുകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമിടയില്‍ അവബോധം വളര്‍ത്താന്‍ അദ്ദേഹം സ്വന്തം അനുഭവം തുറന്നുപറയേണ്ടിയിരുന്നെന്ന തരത്തിലായിരുന്നു ചര്‍ച്ച. അദ്ദേഹത്തെപ്പോലെയൊരു പ്രശസ്തന്‍ അതിന് മുന്‍കൈ എടുക്കണമായിരുന്നെന്നും. കുടുംബത്തിന്റെയും തന്റെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആഷെയ്ക്ക് തുറന്നുപറയേണ്ടിവന്നു.
എയ്ഡ്‌സ് വെളിപ്പെടുത്തിയതിനു പിന്നാലെ, ഒരു പുതിയ കാമ്പെയ്‌ന് ആഷെ തുടക്കമിട്ടിരുന്നു. എയ്ഡ്‌സിനെപ്പറ്റിയുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതുകയായിരുന്നു ലക്ഷ്യം. എയ്ഡ്സ് നിയന്ത്രണം ലക്ഷ്യമിട്ടുള്ള ആര്‍തര്‍ ആഷ് ഫൗണ്ടേഷനും സ്ഥാപിച്ചു.
1993 ഫെബ്രുവരിയില്‍ എച്ച്.ഐ.വി. രോഗബാധയുമായി ബന്ധപ്പെട്ടുവന്ന ന്യുമോണിയ ബാധിച്ചാണ് ആഷെ ലോകത്തോടു വിടപറയുന്നത്. 49 വയസ്സായിരുന്നു മരിക്കുമ്പോള്‍ പ്രായം. വൈറസ് ബാധയുള്ള ആളുകളെ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിതം നയിക്കാന്‍ സഹായിക്കുന്ന ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ ലഭ്യമാകുന്നതിന് മുമ്പായിരുന്നു ഇത്. 1992-ല്‍ അദ്ദേഹം സുഹൃത്ത് റെഡ്‌ഗ്രേവിനോട് പറഞ്ഞു: 'എനിക്ക് മരിക്കാന്‍ ഭയമില്ല. എപ്പോഴും പ്രതീക്ഷയുണ്ട്, നിങ്ങളുടെ ജീവിതം നിങ്ങള്‍ ജീവിക്കണം, പ്രത്യാശ ഒരു സ്വാര്‍ഥമായ പ്രതീക്ഷയാകരുത്. എനിക്ക് പ്രതീക്ഷയുണ്ട്, എയ്ഡ്‌സിന് ചികിത്സയില്ലായിരിക്കാം, പക്ഷേ തീര്‍ച്ചയായും മറ്റെല്ലാവര്‍ക്കും അത് ലഭിക്കും.'
അമേരിക്കയില്‍ വര്‍ണവിവേചനം നടമാടുന്ന കാലത്ത്, 1943-ലാണ് ആര്‍തര്‍ ജനിച്ചത്. ചെറുപ്പം മുതല്‍ ടെന്നീസ് കളിച്ചുതുടങ്ങിയ ആഷെയുടെ കഴിവ് തിരിച്ചറിഞ്ഞത് ഡോക്ടര്‍ വാള്‍ട്ടര്‍ ജോണ്‍സണ്‍ എന്ന കോച്ചാണ്.
Content Highlights: tennis champion arthur ashe who told the world he had aids