'ശരിക്കും ഞാന്‍ ഞെട്ടിപ്പോയി'- ടി-സീരീസിന്റെ ആദ്യ മലയാളം ആല്‍ബത്തില്‍ പാടിയഭിനയിച്ച അനാമിക പറയുന്നു

പാടി അഭിനയിച്ച ആദ്യത്തെ മ്യൂസിക്ക് ആല്‍ബം തന്നെ ഏറെ പ്രശസ്തമായ മ്യൂസിക്ക് കമ്പനി പുറത്തിറക്കുക, അതിന്റെ ആവേശത്തിലാണ് ഇപ്പോഴും അനാമിക ജയന്‍ എന്ന പത്തൊമ്പതുകാരി. കോഴിക്കോട്ടെ വീട്ടില്‍വെച്ച് കാണുമ്പോള്‍ ആ സന്തോഷം മുഴുവന്‍ അനാമികയുടെ മുഖത്തുകാണാം.
'ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ടി-സീരീസ് ആദ്യമായാണ് ഒരു മലയാളം ആല്‍ബം ലോഞ്ച് ചെയ്യുന്നതെന്ന് കേട്ടപ്പോള്‍ കൂടുതല്‍ ആവേശമായി,' അനാമികയുടെ വാക്കുകളില്‍ ആവേശം നിറയുന്നു.
'ഹര്‍ദിശ'യുടെ പിറവി
'ദുബായിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അച്ഛനും അമ്മയും ഞാനും എല്ലാ വര്‍ഷവും വെക്കേഷന് നാട്ടില്‍വരും. കഴിഞ്ഞ തവണ നാട്ടില്‍ വന്ന് ബോറടിച്ചിരിക്കുമ്പോഴാണ് ഒരു മ്യൂസിക്ക് ആല്‍ബം ചെയ്താലോ എന്ന് അമ്മ റീഷ ചോദിക്കുന്നത്. എനിക്കതിനെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെ കുടുംബസുഹൃത്ത് കൂടിയായ സംവിധായകന്‍ ശിവപ്രസാദ് അങ്കിളിനെ വിളിച്ചു. അങ്കിള്‍ ഒരു ആശയം പറഞ്ഞു. ഹിന്ദി ആല്‍ബം ചെയ്യാമെന്ന് അപ്പോഴാണ് തീരുമാനിക്കുന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കൊച്ചിയില്‍വെച്ച് പാട്ട് റെക്കോഡ് ചെയ്തു. രാജസ്ഥാനിലായിരുന്നു പ്രധാനമായും ഷൂട്ട്. പിന്നെ ബംഗളൂരുവിലും ഫോര്‍ട്ട് കൊച്ചിയിലും'. സംവിധായകന്‍ എം.പദ്മകുമാറിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ് സംവിധായകന്‍ ശിവപ്രസാദ് കെ.ടി. കുറേ പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട്.
'പ്രണയമല്ലാത്ത എന്തെങ്കിലുമൊരു കോണ്‍സെപ്റ്റില്‍ ആല്‍ബം ചെയ്യണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. അപ്പോഴേ ടി-സീരീസ് എന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം ഏറ്റവും മികച്ചത് വേണമെന്നും തീരുമാനിച്ചു. ലൊക്കേഷന്‍, കൊറിയോഗ്രഫി, കോസ്റ്റിയൂം, ക്യാമറ...ഇങ്ങനെ ഒരു കാര്യത്തിലും കോമ്പ്രമൈസ് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. ഈ ആല്‍ബത്തില്‍ പ്രവര്‍ത്തിച്ചവരെല്ലാം സിനിമാമേഖലയില്‍ നിന്നുള്ളവരായിരുന്നു. ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് എങ്ങനെയാണോ, അതേപോലെ തന്നെയായിരുന്നു ആല്‍ബത്തിന്റെ ഷൂട്ടിങ്ങും',
പാട്ടിന് വരികളെഴുതിയത് ഫൗസിയ അബൂബക്കറാണ്. സംഗീതസംവിധാനം ശ്യാമപ്രസാദും. മനോഹരമായ പാട്ടിനൊപ്പം ഭംഗിയുള്ള വിഷ്വലുകള്‍ കൂടിയായപ്പോള്‍ 'ഹര്‍ ദിശ' എന്ന ആല്‍ബം അടിപൊളിയായി.
പോസ്റ്റ് പ്രൊഡക്ഷനെല്ലാം കഴിഞ്ഞപ്പോഴും എങ്ങനെ ടി-സീരിസിന് മുന്നില്‍ ആല്‍ബം എത്തിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. സംവിധായകന്‍ ശിവപ്രസാദിന്റെ സുഹൃത്ത് സുഭാഷ് പിള്ള വഴിയാണ് ടി-സീരീസിന്റെ പ്രതിനിധികളെ പാട്ട് കേള്‍പ്പിക്കുന്നത്. 'അവര്‍ക്കത് ഇഷ്ടമായി. അനാമികയുടെ ശബ്ദത്തിനെപ്പറ്റിയും വിഷ്വലുകളെക്കുറിച്ചുമൊക്കെ നല്ല അഭിപ്രായം പറഞ്ഞു. മൂന്ന് മീറ്റിങ്ങുണ്ടായിരുന്നു അവരുമായിട്ട്. മൂന്നാമത്തെ മീറ്റിങ്ങിലാണ് എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന കാര്യമൊക്കെ തീരുമാനമായത്,' ശിവപ്രസാദ് പറയുന്നു.
സംഗീതവും നൃത്തവും മാത്രം
അനാമികയുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും ചിറകായി അച്ഛനും അമ്മയുമുണ്ട്. ട്യൂബ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഫ്രീസോണ്‍ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായ ജയചന്ദ്രന്റെയും ഷാര്‍ജയിലെ ഇബ്ന്‍ സീന സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ റീഷയുടെയും മകളാണ് അനാമിക.
'അവള്‍ നാലാമത്തെ വയസ്സുമുതല്‍ പാട്ട് പഠിക്കുന്നുണ്ട്. ഒപ്പം ഡാന്‍സും കീബോര്‍ഡും. ഷാര്‍ജയില്‍ ഏകത നവരാത്രി മണ്ഡപ സംഗീതോത്സവം എന്ന പേരില്‍ എല്ലാ വര്‍ഷവും ഒമ്പതുദിവസം പരിപാടികള്‍ നടത്തുന്നുണ്ട്. ഈ ഒമ്പത് ദിവസവും പലരുടെയും കച്ചേരിയുണ്ടാവും. ഒപ്പം കുട്ടികളുടെ അരങ്ങേറ്റവും. മൂന്ന് വര്‍ഷം അനാമിക അവിടെ കച്ചേരി നടത്തിയിരുന്നു. ഒരിക്കല്‍ ഡോ.ഓമനക്കുട്ടി ടീച്ചര്‍ ഇതുകേട്ട് ഒരുപാട് അഭിനന്ദിക്കുകയും ചെയ്തു. അതൊക്കെ അവള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങളാണ്. പിന്നെ ചെറുപ്പം മുതലേ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ശ്യാമക് ദവാര്‍ എന്ന ബോളിവുഡ് കൊറിയോഗ്രാഫറുടെ ഡാന്‍സ് സ്റ്റുഡിയോ ദുബായിലുണ്ട്. പതിനൊന്ന് വയസ്സായപ്പോള്‍, മോള്‍ അവിടെ ചേര്‍ന്നു. നൃത്തത്തെക്കുറിച്ചുള്ള ബേസിക് ട്രെയിനിങ് അവള്‍ക്ക് കിട്ടിയത് അവിടുന്നാണ്. അവര്‍ ഒരു വര്‍ഷം ആ സ്ഥാപനം നിര്‍ത്തിയപ്പോള്‍ അവള്‍ ട്രാന്‍സ്‌ഫോമേഴ്‌സ് ഡാന്‍സ് സ്റ്റുഡിയോ എന്ന പേരിലുള്ള മറ്റൊന്നിലേക്ക് മാറി. അവിടുന്ന് അവള്‍ക്കൊരുപാട് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. ദില്‍ജിത് ദോസാഞ്ച്, ഹണി സിങ് തുടങ്ങിയവരുടെ മ്യൂസിക്ക് ആല്‍ബങ്ങള്‍ക്കുവേണ്ടി കൊറിയോഗ്രാഫി ചെയ്യാന്‍ പറ്റി,' അമ്മയുടെ വാക്കുകളില്‍ അഭിമാനം
സ്വപ്‌നങ്ങള്‍
'ഇനി ഗിറ്റാര്‍ പഠിക്കണം. കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍നിന്നും എ-ലെവല്‍ പൂര്‍ത്തിയാക്കിയശേഷം, ഇപ്പോള്‍ പഠനത്തിനൊരു ഗ്യാപ്പ് എടുത്തിരിക്കുകയാണ്. അതുകഴിഞ്ഞ് പെര്‍ഫോമിങ് ആര്‍ട്‌സില്‍ മേജര്‍ ചെയ്യണം. അതിനിടയില്‍ ഒരു മലയാളസിനിമയില്‍ അഭിനയിക്കാനും പാടാനുമുള്ള അവസരം കിട്ടിയിട്ടുണ്ട്. അടുത്തുതന്നെ ഷൂട്ടിങ് തുടങ്ങും. പിന്നെ വീണ്ടുമൊരു മ്യൂസിക്ക് ആല്‍ബം കൂടി മനസ്സിലുണ്ട്,' അനാമിക സ്വപ്‌നങ്ങളിലൂടെ പാറിപ്പറക്കുകയാണ്.
Content Highlights: t-series singer and actor anamika jayan's achievements