കാമുകിക്ക് രക്തത്തിൽ കത്തെഴുതിയ ആമിർ; ആദ്യവിവാഹത്തിന് ചെലവായത് 10 രൂപ; ആദ്യപ്രതിഫലം 1000 രൂപ

ആമിർ ഖാൻ / GettyImages
ആമിർ ഖാൻ / GettyImages

വിവിധ ജോണറിലുള്ള സിനിമകളിലൂടെ ആരാധകരുടെ ഹൃദയത്തിലിടം കണ്ടെത്തിയ ആമിർ ഖാൻ. വിദ്യാഭ്യാസം, ജെൻഡർ ഇക്വാലിറ്റി, പോസിറ്റിവിറ്റി തുടങ്ങിയ പലതും തന്റെ സിനിമകളിലും കൊണ്ടുവന്ന താരമാണ് അദ്ദേഹം. 30 വർഷത്തിലേറെയുള്ള അഭിനയജീവിതത്തിനിടയിൽ നാല് ദേശീയപുരസ്‌കാരങ്ങൾ നേടി. 

ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. പിന്നീട് നായകനായെത്തുന്നത് 'ഖയാമത്ത് സെ ഖയാമത്ത് തക്' എന്ന സിനിമയിലൂടെയും. ഗംഭീരമായ ലോഞ്ചിങ്ങാണ് ആമിറിന് അണിയറപ്രവർത്തകർ നൽകിയത്. ആമിറും തന്റേതായ രീതിയിൽ പ്രൊമോഷൻ നടത്തി. മുഖമില്ലാത്ത ഒരു പോസ്റ്റർ അതിനായി തയ്യാറാക്കി. അതിനുതാഴെ 'who is Aamir Khan? Ask the girl next door' എന്ന കുറിപ്പും. മുംബൈയിലുള്ള റിക്ഷകളിലെല്ലാം ഈ പോസ്റ്റർ ഒട്ടിക്കാൻ ആമിർ തന്നെയാണ് പോയതും. ആദ്യസിനിമയെക്കുറിച്ച് ഏറെ ആശങ്കാകുലനായിരുന്നു അദ്ദേഹം. ''എനിക്ക് പേടിയുണ്ടായിരുന്നു ആ സിനിമയെക്കുറിച്ച്. അത് വിജയിക്കുമോ ഇല്ലയോ എന്നറിയില്ലല്ലോ. ഞങ്ങൾ സിനിമയുടെ പോസ്റ്റർ ഒട്ടിക്കാനിറങ്ങി. പലരും ഓടിച്ചുവിട്ടു. ചിലർ ചോദിച്ചു, ആരാണ് നായകൻ? ആമിർ ഖാൻ എന്ന ഉത്തരം കേൾക്കുമ്പോൾ, അതാരെന്നാവും മറുചോദ്യം.   

പക്ഷേ, ആദ്യസിനിമയ്ക്കുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം. ലഗാൻ, ത്രീ ഇഡിയറ്റ്‌സ്, പികെ, ദംഗൽ, രാജാ ഹിന്ദുസ്ഥാനി, ദിൽ ഹെ കി മാൻതാ നഹീം, ഇഷ്‌ക്, മൻ, ഗുലാം, രംഗ് ദേ ബസന്തി, ഫനാ, ഗജിനി, സീക്രട്ട് സൂപ്പർസ്റ്റാർ...എത്രയെത്ര മനോഹരചിത്രങ്ങൾ. 

ഇന്ത്യൻസിനിമയെ ആഗോളതലത്തിലേക്ക് എത്തിച്ചതിലും ആമിർ ഖാന് വലിയൊരു പങ്ക് തന്നെയുണ്ട്. ഒരു റൊമാന്റിക് നായകനിൽനിന്ന് ബോക്‌സോഫീസിനെ പിടിച്ചുകുലുക്കുന്ന വലിയ താരത്തിലേക്ക് എത്താൻ കാരണം ആമിറിന്റെ കഠിനാധ്വാനം തന്നെ. ആദ്യസിനിമയ്ക്ക് 1000 രൂപയായിരുന്നു പ്രതിഫലം. നടനിൽനിന്ന് തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായി മാറി. 

പ്രതിഫലമാണെങ്കിൽ ലക്ഷങ്ങളും കോടികളും കടന്നു. 'ദംഗൽ' എന്ന സിനിമയ്ക്കായി ആമിറിന് കിട്ടിയ പ്രതിഫലം 275 കോടിയാണ്. 35 കോടിയായിരുന്നു സിനിമയ്ക്കായി ആമിർ ആദ്യം വാങ്ങിയത്. അതിനൊപ്പം ലാഭം പങ്കിടുന്ന കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അതിൻപ്രകാരം സാറ്റലൈറ്റ് റൈറ്റുകളും വിദേശത്തുനിന്നുള്ള ലാഭവും എല്ലാം കൂടി ചേർത്ത് 240 കോടിയും ആമിറിന് കിട്ടി. അങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം 275 കോടിയായത്. 

റീന ദത്തയ്‌ക്കൊപ്പം / AFP

ആമിറിന്റെ പല സിനിമകളും ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഇന്നും ടോപ് ലിസ്റ്റിലുണ്ട്. 'ലഗാൻ' മുതലാണ് ഈ വിജയക്കുതിപ്പ് തുടരുന്നത്. 250 ദശലക്ഷത്തിനാണ് സിനിമ നിർമിച്ചത്. തിരിച്ചുപിടിച്ചത് 660 ദശലക്ഷവും. ആമിർ ഖാൻ പ്രൊഡക്ഷൻസ് ആദ്യമായി നിർമിച്ച സിനിമയും ഇതുതന്നെ. ദേശീയപുരസ്‌കാരത്തിലും സിനിമ തിളങ്ങിനിന്നു. മികച്ച സിനിമയടക്കം എട്ട് പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. 

ആമിർ നായകനായി, അദ്ദേഹം തന്നെ നിർമിച്ച സിനിമയായ 'താരെ സമീൻ പർ' ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. അതും മികച്ച സിനിമയുൾപ്പെടെയുള്ള ദേശീയപുരസ്‌കാരങ്ങൾ നേടി. അടുത്തതായി ആമിറിന്റേതായി വന്ന ഹിറ്റ് 'പികെ' ആയിരുന്നു. 122 കോടി രൂപയ്ക്കാണ് സിനിമ നിർമിച്ചത്. പക്ഷേ ആഗോളവ്യാപകമായി തിരിച്ചുപിടിച്ചത്, 800 കോടി രൂപയാണ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻസിനിമകളിൽ എട്ടാം സ്ഥാനമാണ് 'പികെ'യ്ക്കുള്ളത്. 

ആമിറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് 2016-ൽ പുറത്തിറങ്ങിയ 'ദംഗൽ'. 70 കോടിക്ക് നിർമിച്ച സിനിമ തിരിച്ചുപിടിച്ചത് 2200 കോടി രൂപയെന്ന ഞെട്ടിക്കുന്ന സംഖ്യയാണ്. ആഗോളതലത്തിൽ 2000 കോടി എന്ന മാന്ത്രികസംഖ്യ എത്തിപ്പിടിച്ച ഏക ഇന്ത്യൻസിനിമയും 'ദംഗൽ' തന്നെ. ചൈനയിലാണ് ചിത്രം ഏറ്റവും കൂടുതൽ വിജയിച്ചത്.  

ബോളിവുഡിലെ എക്കാലത്തെയും ബ്ലോക്ബസ്റ്ററുകളിലൊയ 'സീക്രട്ട് സൂപ്പർസ്റ്റാർ' നിർമിച്ചതും ആമിർ തന്നെ. 15 കോടിക്കാണ് സിനിമ നിർമിച്ചത്. തിരിച്ചുപിടിച്ചത് 912 കോടി രൂപയും. 1800 സ്‌ക്രീനുകളിലായാണ് ഇന്ത്യയിൽ സിനിമ പ്രദർശനത്തിനെത്തുന്നത്. പക്ഷേ ആദ്യം വലിയ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല സിനിമ. അത് വമ്പൻ ബ്ലോക്ബസ്റ്ററാവുന്നത് ചൈനയിലെ വൻവിജയത്തോടെയാണ്. 2018 ജനുവരിയിലാണ് ചൈനയിൽ സിനിമ റിലീസാവുന്നത്. ചൈനയിൽ മാത്രം 11,000 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.

ചൈനയിൽ അക്കാലത്ത് വലിയ ഹോളിവുഡ് സിനിമകൾക്ക് മാത്രമായിരുന്നു റെവന്യൂ ഷെയറിങ് ഡീലുണ്ടായിരുന്നത്. കിട്ടുന്ന ലാഭത്തിൽനിന്ന് ഒരു നിശ്ചിതശതമാനം നിർമാണക്കമ്പനിക്കും നൽകുന്നതാണ് റെവന്യൂ ഷെയറിങ് ഡീൽ. ചൈനയിൽ ഇത് പ്രാവർത്തികമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻസിനിമയായി മാറി 'സീക്രട്ട് സൂപ്പർസ്റ്റാർ'. ആമിർ ഖാൻ തന്നെ നിർമിച്ച 'ദംഗൽ' (2016) ആണ് ആദ്യസിനിമ. 'ദംഗലി'ന്റെ കാര്യത്തിൽ 12.5 ശതമാനമായിരുന്നു ഷെയറെങ്കിൽ, 'സീക്രട്ട് സൂപ്പർസ്റ്റാർ' അതിന്റെ നേരെ ഇരട്ടിയായി. അതായത് ലാഭത്തിന്റെ 25 ശതമാനം നിർമാതാവിന് ലഭിക്കുമെന്നർഥം. 

2017-ലെ ഏറ്റവും ലാഭംനേടിയ സിനിമ, എക്കാലത്തെയും പണം വാരിക്കൂട്ടിയ ഹിന്ദിസിനിമകളിൽ ആറാം സ്ഥാനം, വിദേശത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻസിനിമകളിൽ രണ്ടാം സ്ഥാനം, ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ നോൺ ഇംഗ്ലീഷ് സിനിമകളിൽ രണ്ടാം സ്ഥാനം...സകല റെക്കോഡുകളും തകർത്തുകൊണ്ടാണ് സിനിമ മുന്നേറിയത്. 

മകളുടെ വിവാഹവേളയിൽ കുടുംബസമേതം / ANI

സ്വകാര്യജീവിതവും ചർച്ചയായി
ആമിറിന്റെ സിനിമയ്‌ക്കൊപ്പം തന്നെ എന്നും ചർച്ചയായിരുന്നു അദ്ദേഹത്തിന്റെ കുടുംബജീവിതവും. 1986-ലായിരുന്നു റീന ദത്തയുമായുള്ള ആദ്യവിവാഹം. അന്ന് ആമിറിന് 21 വയസ്സ്, റീനയ്ക്ക് 19-ഉം. അയൽവാസികളായിരുന്നു അവർ. വീട്ടിലെ ജനാലകളിലൂടെ മണിക്കൂറുകളോളം അവർ പരസ്പരം നോക്കിക്കൊണ്ടേയിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് ആമിർ തന്റെ പ്രണയം പറഞ്ഞു. പക്ഷേ, റീന എതിർത്തു. കുറേനാൾ പുറകെ നടന്നു, രക്തംകൊണ്ട് കത്തെഴുതി. പക്ഷേ, ആ ഐഡിയ തിരിച്ചടിച്ചു. അത് റീനയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പ്രണയം പ്രകടിപ്പിക്കുന്നത് ഇങ്ങനെയല്ലെന്ന് ആമിറിന് പിന്നീട് ബോധ്യമാവുകയും ചെയ്തു. ഇത് നേരമ്പോക്കല്ലെന്ന് മനസ്സിലായപ്പോഴാണ് റീന സമ്മതിച്ചത്. ഒടുവിൽ വിവാഹം. പത്തുരൂപ മാത്രമേ തന്റെ വിവാഹത്തിന് ചെലവ് വന്നുള്ളൂവെന്നും ആമിർ പറഞ്ഞിട്ടുണ്ട്. 

''രജിസ്റ്റർ മാര്യേജായിരുന്നു. 50 പൈസ ടിക്കറ്റെടുത്ത് ബസിലാണ് പോയത്. സ്‌റ്റോപ്പിലിറങ്ങി അവിടുന്ന് നടന്ന് രജിസ്റ്റർ ഓഫീസിലെത്തി. സ്റ്റാമ്പിനും മറ്റുമായി ബാക്കിയുള്ള പണവും''. 'ഖയാമത്ത് സെ ഖയാമത്ത് തകി'ൽ ഒരു ചെറിയ റോളിൽ അഭിനയിച്ചിട്ടുമുണ്ട് റീന. 16 വർഷത്തിനുശേഷമാണ് അവർ വിവാഹമോചിതരായത്. ജുനൈദ്, ഇറ എന്നീ രണ്ടുമക്കളാണ് ഈ ബന്ധത്തിലുള്ളത്.

സംവിധായികയും നിർമാതാവുമായ കിരൺ റാവുവുമായുള്ള വിവാഹം നടക്കുന്നത് 2005-ലാണ്. ആമിറിന്റെ 'ലഗാൻ' എന്ന സിനിമയിൽ സഹസംവിധായികയായാണ് കിരൺ കരിയർ തുടങ്ങുന്നത്. ആ സെറ്റിൽവെച്ചാണ് ആമിറും കിരണും പരിചയപ്പെടുന്നത്. 'ലഗാനി'ലൂടെ പരിചയപ്പെട്ടെങ്കിലും കൂടുതൽ അടുപ്പത്തിലാവുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. അശുതോഷ് ഗൗരികർ സംവിധാനം ചെയ്ത കുറേ പരസ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനിടയിലാണ് പ്രണയത്തിലാവുന്നതും വിവാഹത്തിലെത്തുന്നതും. 16 വർഷങ്ങൾക്കുശേഷം ഇരുവരും പിരിഞ്ഞു. ഇരുവർക്കും ഒരുമകനുണ്ട്, അബുൾ കലാം ആസാദ്.

മുൻപങ്കാളികളുമായി അങ്ങേയറ്റം ബഹുമാനം കലർന്ന ബന്ധമാണ് ആമിറിനുള്ളത്. ''എന്റെ ജീവിതത്തിലെ മനോഹരമായ ബന്ധമായിരുന്നു അവരുമായുണ്ടായിരുന്നത്. ഞങ്ങൾ പിരിഞ്ഞുവെങ്കിലും, അതിനർഥം പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും നഷ്ടപ്പെട്ടുവെന്നല്ല''.

ആമിർ വീണ്ടും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബംഗളൂരു സ്വദേശിയാണെന്നും ഒരുകുഞ്ഞിന്റെ അമ്മയാണെന്നും ഇപ്പോൾ ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നുമൊക്കെയായിരുന്നു വാർത്തകൾ. അതിനോടൊന്നും അദ്ദേഹം പ്രതികരിച്ചില്ല. തന്റെ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ, തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ആമിർ. ഗൗരി സ്പ്രാറ്റ് എന്ന ബംഗളൂരു സ്വദേശിനി. നിലവിൽ ആമിർ ഖാൻ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണവർ. ഗൗരിയുടെ മകനൊപ്പം മുംബൈയിലാണിപ്പോൾ ആമിറും ഗൗരിയും. 

കിരൺ റാവുവിനൊപ്പം, ഗൗരി സ്പ്രാറ്റ് / UNI

''ഞങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. ഇക്കാര്യം തുറന്നുപറയുന്നതിൽ ഞങ്ങൾ രണ്ടുപേർക്കും പ്രശ്‌നമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്'', ആമിർ പറഞ്ഞതിങ്ങനെ. 25 വർഷങ്ങൾക്കുമുമ്പാണ് ഗൗരിയുമായി പരിചയപ്പെടുന്നത്. എന്നാൽ, അതിനുശേഷം രണ്ടുപേരും തിരക്കുകളിലേക്ക് പോയി, ആ സൗഹൃദം മുറിയുകയും ചെയ്തു. രണ്ടുവർഷം മുമ്പാണ് വീണ്ടും കാണുന്നത്. വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിനും ആമിർ മറുപടിപറഞ്ഞു, ''ഞാൻ രണ്ടുതവണ വിവാഹിതനായിക്കഴിഞ്ഞു. ഈ 60-ാം വയസ്സിൽ ഇനിയും ഉചിതമാണെന്ന് കരുതുന്നില്ല''. 

ഇതിനുമുമ്പ് റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിലും തന്റെ ബന്ധങ്ങളെക്കുറിച്ച് ആമിർ തുറന്നുപറഞ്ഞിട്ടുണ്ട്. ''എനിക്ക് ഒറ്റയ്ക്ക് താമസിക്കാനിഷ്ടമില്ല. എനിക്കൊരു പങ്കാളി വേണം''. 
 

Content Highlights: successful career of aamir khan