സൽമാൻ, ഹൃത്വിക് എന്നിവർക്കൊപ്പം അഭിനയിച്ച താരം; ഒടുവിൽ ദൈവത്തെ കണ്ടെത്താനായി ജോലിവിട്ടു

കനേഡിയൻ നടിയും വി.ജെയും ടെലിവിഷൻ അവതാരകയുമായ റൂബി ഭാട്ടിയ, ഇന്ത്യക്കാരായ ദമ്പതിമാരുടെ മകളായിട്ടാണ് ജനനം. എന്നാൽ മൂന്നാമത്തെ വയസ്സിൽ അമ്മാവനും ഭാര്യയും ആ കുഞ്ഞിനെ ദത്തെടുത്തു. അതുകൊണ്ട് വളർന്നത് കാനഡയിലായിരുന്നു. വലുതായപ്പോൾ ലണ്ടനിലെ ഒരു സ്‌കൂളിൽനിന്ന് ബാലെ, ജാസ്, മോഡേൺ ഡാൻസ് എന്നിവ പഠിച്ചു. മിസ് ഇന്ത്യ കാനഡ കോണ്ടസ്റ്റിൽ വിജയിച്ചതുമുതലാണ്, റൂബിയുടെ ജീവിതം മാറുന്നത്.
ആ മത്സരശേഷം ഇന്ത്യയിലേക്ക് മാറി. 1994-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഐശ്വര്യ റായ്, സുഷ്മിത സെൻ എന്നിവർ വിജയികളായ മിസ് ഇന്ത്യ മത്സരത്തിലാണ് റൂബിയും പങ്കെടുത്തത്. അതിനുശേഷം വി.ജെ.യായി. 1996-ൽ ഇന്ത്യയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ റൂബി സഹ-അവതാരകയായി. അതിനിടെ ചില സീരിയലുകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടു. സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ എന്നിവരുടെ സിനിമകളിലാണ് താരം ചെറിയ റോളുകൾ അവതരിപ്പിച്ചത്.
അവസരങ്ങൾ പിന്നെയും അവരെ തേടിയെത്തി. അതിനിടയിലാണ് മാതാപിതാക്കളുടെ നിർബന്ധം മൂലം വിവാഹം കഴിക്കുന്നത്. ആദ്യവിവാഹം 20-ാം വയസ്സിലായിരുന്നു. ''ഗായകനായ നിതിൻ ബാലിയാണ് എന്റെ ആദ്യഭർത്താവ്. എനിക്ക് 20 വയസ്സ്, അദ്ദേഹത്തിന് 22-ഉം. വിവാഹം ആർഭാടത്തോടെ നടത്തി. സത്യത്തിൽ ഞങ്ങളുടെ രക്ഷിതാക്കൾ വിവാഹത്തിലേക്ക് തള്ളിവിടുകയായിരുന്നു. രണ്ടുവർഷത്തിനുള്ളിൽ വിവാഹമോചനവും''.
വിവാഹമോചനത്തോടെ എല്ലാ ബന്ധങ്ങളിൽനിന്നും ഒഴിഞ്ഞുമാറി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ലൈംലൈറ്റ് മടുത്തുതുടങ്ങി. ഗ്ലാമറസ് ലോകവും തന്റെയുള്ളിലെ ആത്മീയതയും തമ്മിൽ നിരന്തരം തർക്കങ്ങളിലായിരുന്നുവെന്ന് പിന്നീട് റൂബി പറഞ്ഞിട്ടുണ്ട്. രണ്ട് ജീവിതങ്ങൾക്കിടയിൽ പെട്ടതായിട്ടാണ് തനിക്കന്ന് തോന്നിയതെന്നും അവർ വിശദീകരിച്ചു. അങ്ങനെ താരപദവിക്ക് പകരം ആത്മീയത തിരഞ്ഞെടുത്തു. പൊതുവിടത്തിൽനിന്ന് പൂർണമായും അകന്നു. ''അപ്പോഴേക്കും സിനിമയും സീരിയലും ശരിക്ക് മടുത്തിരുന്നു. ദൈവത്തെ കണ്ടെത്താനായി എന്റെ ജോലിയെല്ലാം വിട്ടു. ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. പല ആശ്രമങ്ങളിലാണ് അക്കാലത്ത് ജീവിച്ചത്. ഭക്ഷണവും അവിടെ തന്നെ''. അതിനിടയിലാണ് ഒരാശ്രമത്തിൽവെച്ച് കൊറിയോഗ്രാഫറായ അജിത്. എസ്.ദത്തയെ കണ്ടുമുട്ടുന്നത്. ആ സൗഹൃദം ഒടുവിൽ വിവാഹത്തിലെത്തി.
തന്റെ ഗുരുവും വളരെയടുത്ത കൂട്ടുകാരനുമെന്നാണ് അജിത്തിനെ റൂബി വിശേഷിപ്പിക്കുന്നത്. വിവാഹശേഷവും പൊതുസമൂഹത്തിനുമുന്നിലേക്ക് വരാൻ അവർ തയ്യാറായില്ല. വർഷങ്ങൾക്കുശേഷമാണ് അവർ അഭിമുഖങ്ങൾ പോലും കൊടുക്കാൻ തുടങ്ങിയത്. അതിനിടെ 2024-ൽ അവർ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ''വ്യക്തിത്വ വികസനം, ശരീരഭാരം കുറയ്ക്കൽ, ഭയം, ഉത്കണ്ഠ, വിഷാദം, പാനിക് അറ്റാക്ക്...ഇങ്ങനെ എന്താണെങ്കിലും എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. 1000 രൂപയാണ് ഫീസ്. ഇതെന്റെ ചെറിയ സ്റ്റാർട്ടപ്പ് ആണ്, ചെറിയ സൈഡ് ബിസിനസ് ആണ്''. സിനിമയിൽനിന്ന് അകന്നുള്ള ജീവിതം ആസ്വദിക്കുകയാണിപ്പോൾ റൂബി ഭാട്ടിയ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Ruby Bhatia`s journey from Bollywood, acting with Salman & Hrithik, to finding peace in spirituality. Discover her life post-stardom.