കാറപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായി; അഞ്ചേക്കറില്‍ വനം തീര്‍ത്ത് ദേവകിയമ്മ

കൊല്ലകല്‍ തറവാട്ടില്‍ ദേവകിയമ്മയുണ്ടാക്കിയ 'തപോവനം' ഒരു വാത്സല്യത്തുരുത്താണ്. സീതത്താലി തോരണംകെട്ടിയ നക്ഷത്രമരങ്ങള്‍ക്കും കൈതക്കാടുകള്‍ക്കും തൊടിയിലെ പൂവരശിനും പുല്ലാഞ്ഞിക്കും ദേവകിയമ്മയുടെ വാത്സല്യത്തിന്റെ കഥ പറയാനുണ്ട്. വെള്ളത്താമരയും ആമ്പലും വിരിയുന്ന പാടങ്ങള്‍. ശിഖരങ്ങളില്‍ ലൈക്കണുകളെയും പന്നല്‍ച്ചെടികളെയും തഴുകിവളര്‍ത്തി ആഡംബരത്തോടെ നില്‍ക്കുന്ന വന്‍മരങ്ങള്‍, നട്ടുപിടിപ്പിച്ച അപ്പൂപ്പന്‍ താടി... വൈവിധ്യമാര്‍ന്ന ഈ ജൈവസമൃദ്ധി അഞ്ചേക്കറില്‍ പരന്നുകിടക്കുന്നു.
തറവാടിന്റെ പടിക്കലെത്തിയപ്പോള്‍ കമണ്ഡലുമരം കണ്ണിലുടക്കി. ഇളംപച്ചനിറത്തില്‍ തുടുത്തുരുണ്ട കായ്കളുമായി അധികം ഉയരമില്ലാത്ത വൃക്ഷം. ''പണ്ടുകാലങ്ങളില്‍ ഋഷിമാര്‍ ഇതിന്റെ കായ്കളുടെ കാമ്പുകളഞ്ഞ് തൊണ്ടുകൊണ്ട് കമണ്ഡലു ഉണ്ടാക്കിയിരുന്നെന്നും ഈ മരത്തിന്റെ കമ്പാണ് അവരുടെ കൈയിലെ ദണ്ഡെന്നുമാണ് കരുതപ്പെടുന്നത്. മൂന്നുകൊല്ലംകൊണ്ടാണ് ഞങ്ങള്‍ക്കിത് കായ്ച്ചുകിട്ടിയത്,'' ദേവകിയമ്മയുടെ മൂത്ത മകളും തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് വിഭാഗം മുന്‍ എച്ച്.ഒ.ഡി.യുമായ പ്രൊഫസര്‍ തങ്കമണി ടീച്ചര്‍ പറഞ്ഞു. കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കുന്ന സസ്യജാലങ്ങളുടെ വിശേഷങ്ങള്‍ പറയാന്‍ എണ്‍പത്തൊന്‍പതിലും ചുറുചുറുക്കോടെ ദേവകിയമ്മ പൂമുഖത്തിരുന്നു.
കൃഷിക്കാരിയമ്മ
''തലമുറകളായി നെല്‍ക്കൃഷിയായിരുന്നു ഞങ്ങള്‍ക്ക്. എനിക്കു മുകളില്‍ ഏഴാങ്ങളമാരാണ്. ചേട്ടന്മാര്‍ക്കെല്ലാം ജോലിയുണ്ടായിരുന്നതിനാല്‍ ഞാനും അമ്മയും കൃഷി നോക്കിനടത്തി. അന്നൊക്കെ ഇവിടം നീണ്ടുകിടക്കുന്ന പാടമാണ്. നിറയെ തോടുകളും. എട്ടുകെട്ടിനോടു ചേര്‍ന്ന സ്ഥലം കച്ചിവിരിക്കാനും പാ വിരിച്ച് കറ്റ ചവിട്ടി മെതിക്കാനുമുള്ള കളങ്ങളായിരുന്നു. 44 വര്‍ഷം മുന്‍പ് ഒരു കാറപകടത്തില്‍പ്പെട്ട് ഞാന്‍ രണ്ടുകൊല്ലത്തോളം കിടപ്പിലായി. ആസമയത്താണ് കൃഷി പതിയെ നിലച്ചത്. കളങ്ങള്‍ ഒഴിഞ്ഞുകിടന്നു. അവിടെയെല്ലാം മരങ്ങള്‍ നടാന്‍ ആലോചിക്കുന്നത് അപ്പോഴാണ്. വയ്യാതിരുന്നതിനാല്‍ നടന്നെത്താവുന്ന ദൂരത്തില്‍ എന്തെങ്കിലുമൊക്കെ നടാന്‍ തുടങ്ങി,'' ദേവകിയമ്മയുടെ മനസ്സ് ആ ഓര്‍മയിലേക്ക് പറന്നു. ചുമ്മാകിടക്കുന്ന സ്ഥലമല്ലേ, എന്തേലും നടാമെന്നുതോന്നിയത് ഭൂമീദേവിയുടെ അനുഗ്രഹമായി ഈ അമ്മ കരുതുന്നു.
കിട്ടിയതെല്ലാം നട്ടു
വെള്ളം വാര്‍ന്നുപോകുന്ന വെളുത്ത മണല്‍മണ്ണിനെ വകവെക്കാതെ ചെറുതൈകള്‍ നട്ടാണ് ദേവകിയമ്മ തുടങ്ങിയത്. ബക്കറ്റില്‍ വെള്ളം കൊണ്ടുപോയി നനച്ചു. തൈകള്‍ക്ക് വേരു പൊടിച്ചുതുടങ്ങിയപ്പോള്‍ ഉന്മേഷംതോന്നി. ''കിട്ടുന്ന തൈകളെല്ലാം വെച്ചു. മക്കളും ബന്ധുക്കളും യാത്ര പോയിവരുമ്പോള്‍ പലതരം തൈകള്‍ കൊണ്ടുതരും. അത് ഗുണമുള്ളതോ ഇല്ലാത്തതോ, കാട്ടുവൃക്ഷമോ നാട്ടുവൃക്ഷമോ എന്നൊന്നും നോക്കിയില്ല. പേരുപോലുമറിയാത്ത പലമരങ്ങളും ഇവിടെ പൂത്തും കായ്ച്ചും നില്‍ക്കുന്നു. കാണാന്‍ വരുന്നവര്‍ പറഞ്ഞാണ് പലതിന്റെയും പേരറിയുന്നത്. ഇന്ന ഭാഗത്ത് ഇന്നത് നടണമെന്ന നിര്‍ബന്ധമൊന്നുമില്ല. എല്ലാം ഒന്നിച്ചങ്ങ് നടും. അങ്ങനെ ഓരോന്നും കൈകൊണ്ടു നട്ടുവളര്‍ത്തി വനമില്ലാത്ത ആലപ്പുഴ ജില്ലയില്‍ ഒരു വനമുണ്ടായി. ഇപ്പോള്‍ മക്കളും കൊച്ചുമക്കളുമെല്ലാം ചേര്‍ന്ന് കാടിനെ പരിപാലിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഭൂമിദേവിയെ സേവിച്ചു; ദേവി അതിന് ഫലം തന്നു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതുതന്നെയല്ലേ നിങ്ങളിവിടെ വരാനും കാരണം?'' ദേവകിയമ്മ ചോദിച്ചു.
സംസാരം തുടരുന്നതിനിടെ ദേവകിയമ്മയും തങ്കമണി ടീച്ചറും കൊച്ചുമകള്‍ ശരണ്യയും തപോവനത്തിലേക്ക് വഴികാട്ടി. ഓരോ ചെടിയോടും പൂത്തോ കായ്‌ച്ചോ മുളവന്നോ ശിഖരംവന്നോ എന്നൊക്കെയന്വേഷിച്ചാണവരുടെ നടപ്പ്. സസ്യജാലങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവെച്ച മൂന്നുതലമുറയിലെ സ്ത്രീകള്‍. കരിയില ചവിട്ടി, കാട്ടരുവികള്‍ കണ്ട്, തടിയന്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ നടന്നു. ഉപ്പനും കൊറ്റിയും മരംകൊത്തിയും കുളക്കോഴിയുമൊക്കെ അടുക്കലെവിടെയൊക്കെയോനിന്ന് കലപില കൂട്ടുന്നു. പച്ചപ്പുതേടിയെത്തിയ പക്ഷികളെത്തിച്ച വിത്തുകളും കാടിന്റെ വളര്‍ച്ചയ്ക്ക് സംഭാവനചെയ്തു. ഓരോ പൂവിനെയും ചെടിയെയും കുറിച്ച് അവര്‍ വാചാലരായി. കൂട്ടത്തില്‍ അപൂര്‍വമായവ പ്രത്യേകം കാണിച്ചുതന്നു. മരങ്ങളില്‍ പൊടിച്ചുവരുന്ന ഫംഗസുകളെവരെ അദ്ഭുതത്തോടെ നോക്കിക്കാണുകയാണവര്‍.
ചുറ്റും കാടുള്ള വീട്
ഇപ്പോള്‍ മൂവായിരത്തില്‍പ്പരം വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളുടെ അകമ്പടിയില്‍ രാജകീയമായൊരു തറവാടാണത്. ദേവകിയമ്മ, മൂത്ത മകള്‍ തങ്കമണി, ഇളയ മകന്‍ നന്ദകുമാര്‍, മരുമകള്‍ ജയ, കൊച്ചുമക്കള്‍ ശരണ്യ, സൂര്യ- ഇത്രയുംപേരാണ് ഇവിടെയുള്ളത്.
കായ്ച്ച രുദ്രാക്ഷം, മഞ്ഞക്കടമ്പ്, കുളവ്, ഇടംപിരി വലംപിരി, രാമനാമപ്പച്ച, പന്നല്‍മരം, എര്‍ത്ത് ഓര്‍ക്കിഡ്, എല്ലൂറ്റി, പലതരം വേങ്ങ, എലിഫന്റ് ആപ്പിള്‍, ഊദുമരം, ചന്ദനം, രക്തചന്ദനം, മെഴുകുതിരിമരം, മഞ്ഞണാത്തി, അഞ്ചാറുവിധം വേപ്പ്... എഴുതിയാല്‍ തീരാത്ത സസ്യസമ്പത്ത്. ഹിമാലയത്തില്‍നിന്ന് കൊണ്ടുവന്ന ചെമ്പകവും ഇവിടെ പൂവിട്ടിരുന്നു.
''എല്ലാ ചെടികളും ഔഷധഗുണമുള്ളവയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് തിരിച്ചറിയുംവരെ സാധാരണ ചെടിയായിരിക്കുമെന്നുമാത്രം. സ്‌കൂള്‍ക്കുട്ടികളും അധ്യാപകരും തൊട്ട് ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ വരെ ഇവിടെ വരാറുണ്ട്. 'ഗേറ്റ് കടക്കുമ്പോള്‍ ഒരു സുഖമാണ്, തണുപ്പാണ്' എന്നൊക്കെയാണ് ആരുവന്നാലും പറയുക. കാഴ്ചക്കാര്‍ക്ക് ഭയമില്ലാതെ കയറിവരാനായി അടിക്കാടെല്ലാം തെളിച്ചിട്ടിട്ടുണ്ട്. പശുവിനെയും തീറ്റും. കാടിനെപ്പോഴും നനവുകിട്ടാന്‍ പൈപ്പുവഴി വെള്ളം കൊടുക്കുന്നു'' തങ്കമണി ടീച്ചര്‍ പറഞ്ഞു.
കിളികുടുംബങ്ങള്‍
''കാട്ടില്‍ കുളങ്ങളുണ്ട്. നാട്ടുമീനുകളും വളര്‍ത്തുമീനുകളുമാണതില്‍. കരിയിലയുംമറ്റും വീണ് കുളത്തിലെ വെള്ളം കുടിക്കാനത്ര നല്ലതല്ല. വേനലില്‍ കിളികളെല്ലാം ഞങ്ങള്‍ വെക്കുന്ന വെള്ളമാ കുടിക്കുന്നെ. മരപ്പൊത്തുകളില്‍ വെള്ളം നിറച്ചിടും. ചിലരതില്‍ വന്നു കുളിക്കും. മരംകൊത്തി കുഞ്ഞുങ്ങളുമായി വരാറുണ്ട്. പ്രത്യേകയിനത്തില്‍പ്പെട്ടൊരു മൂങ്ങ ഏഴെട്ടു തലമുറയായി ഇവിടെയുണ്ട്.'' കാട്ടില്‍ വന്നുപോകുന്ന ഓരോ കിളിയും ഇവരുടെ കണ്ണില്‍പ്പെടാതിരിക്കില്ലെന്ന് തങ്കമണി ടീച്ചറുടെ വാക്കുകളില്‍ നിന്ന് വ്യക്തം. കായ്കള്‍ തിന്നാനും കൂടുകൂട്ടാനും നാകമോഹന്‍, പലതരം മഞ്ഞക്കിളികള്‍, എമറാള്‍ഡ് തുടങ്ങി നാട്ടുകിളികളും പരുന്തുകളും ദേശാടനപ്പക്ഷികളും ഒരുപാടെത്തും. ധാരാളം ചിത്രശലഭങ്ങളും ഈ കുഞ്ഞുവനത്തില്‍ പറന്നുനടക്കുന്നു.
തലമുറകളിലേക്ക്...
''ചെടികളും മരങ്ങളുമൊക്കെയായുള്ള ചങ്ങാത്തം എനിക്കും അമ്മവഴി കിട്ടിയതാണ്. അമ്മയ്‌ക്കൊപ്പം ഞങ്ങള്‍ മക്കളും കാടിനെ വളര്‍ത്താന്‍ തുനിഞ്ഞിറങ്ങി. എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് നമ്മുടെ നാട്ടുമ്പുറത്ത് ഉണ്ടായിരുന്ന പലതിന്റെയും പാരിസ്ഥിതികപ്രാധാന്യം എനിക്കു മനസ്സിലായത്. അങ്ങനെ മനസ്സിലാക്കിയ പലതും അമ്മയോടു പറയുമായിരുന്നു.'' ടീച്ചര്‍ പറഞ്ഞു. ഇന്ദിരാകുമാരി, ഉഷാകുമാരി, പത്മകുമാര്‍, നന്ദകുമാര്‍ എന്നിവരാണ് ദേവകിയമ്മയുടെ മറ്റു മക്കള്‍. അവരുടെ മക്കളും കൊച്ചുമക്കളുമെല്ലാം ഈ കാടിനെ സ്‌നേഹിക്കുന്നുവെന്ന് പറയുമ്പോള്‍ ആ അമ്മയുടെ മുഖം വിടര്‍ന്നു.
നാരീശക്തി പുരസ്‌കാരം
2018-ലാണ് രാജ്യത്തെ സ്ത്രീകള്‍ക്കുള്ള പരമോന്നത സിവിലിയന്‍ ബഹുമതിയായ നാരീശക്തി പുരസ്‌കാരം കിട്ടുന്നത്. ''ശേഷം 2020-ല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമ്മയടക്കം കുറച്ചുപേരെ നേരിട്ട് വിളിപ്പിച്ചിരുന്നു. ട്രാന്‍സ്ലേറ്ററായിട്ട് എന്നെയും വിളിപ്പിച്ചു. 'ശ്വസിക്കാന്‍ ഓക്‌സിജന്‍ തരുന്നത് പച്ചിലയാണ്. നമുക്ക് ശ്വസിക്കാന്‍ വേണ്ട ആ പച്ചപ്പ് നിങ്ങള്‍ നട്ടുവളര്‍ത്തണം. നമ്മുടെ ആഹാരരീതി എന്തുമാവട്ടെ, നിങ്ങളുടെ ഭക്ഷണത്തിനുവേണ്ട പച്ചപ്പ് നട്ടുപിടിപ്പിക്കുക,' രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ അമ്മ പറഞ്ഞ വാക്കുകളിതായിരുന്നു. അതുകേട്ട് രാഷ്ട്രപതി കൈയടിച്ചു. അമ്മ എല്ലാവരോടും ഇതുതന്നെയാണ് പറയാറ്. റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അമ്മയുടെ പേര് രാഷ്ട്രപതി എടുത്തുപറഞ്ഞു''- തങ്കമണി ഓര്‍ത്തു.
2003 മുതല്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ദേവകിയമ്മയെ തേടിയെത്തി. കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കാര്‍ഷികവന പുരസ്‌കാരം, കേരളസര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം, സ്വദേശി സയന്‍സ് മൂവ്‌മെന്റിന്റെ ഭൂമിത്ര അവാര്‍ഡ്, കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ഗ്രീന്‍ ഇന്‍ഡിവിജ്വല്‍ പുരസ്‌കാരം, കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രകൃതിമിത്ര അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ചിലതാണ്.
സസ്യശാസ്ത്രം പഠിക്കുന്ന കൊച്ചുമകള്‍
കൊച്ചുമകള്‍ ശരണ്യ ആലപ്പുഴ എസ്.ഡി. കോളേജില്‍ എം.എസ്സി. ബോട്ടണി വിദ്യാര്‍ഥിനിയാണ്. എല്ലാവിഷയത്തിലും എപ്ലസ് വാങ്ങിയ കുട്ടിയെന്തിനാ ജോലിസാധ്യത കുറഞ്ഞ സസ്യശാസ്ത്രം പഠിക്കുന്നതെന്ന് അധ്യാപകരടക്കം പലരും ചോദിച്ചു. അതിനുമറുപടി അവള്‍തന്നെ പറഞ്ഞു: ''എന്നെ വീട്ടുകാര്‍ ഒന്നിനും നിര്‍ബന്ധിക്കാറില്ല. ചെറുപ്പത്തിലേ ബോട്ടണി ഇഷ്ടമായിരുന്നു. അത് ഞാന്‍ ആഴത്തില്‍ പഠിക്കും. എത്ര രസകരമായാണ് നമുക്കുചുറ്റിലുമുള്ള ചെടികള്‍ ആശയവിനിമയം നടത്തുന്നത്. ഇങ്ങനത്തെ കാര്യങ്ങളില്‍ എനിക്ക് ജിജ്ഞാസയുണ്ട്. അത്തരം ഈ മേഖലയിലേക്ക് എന്റെതായ എന്തെങ്കിലും സംഭാവന ചെയ്യണമെന്നുമുണ്ട്,'' ശരണ്യ പറഞ്ഞു.
''യു ആര്‍ ഗിഫ്‌റ്റെഡ് വിത് എ ലാബ് ഇന്‍ യുവര്‍ ബാക് യാർഡ്'- തപോവനം സന്ദര്‍ശിച്ച ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ പറഞ്ഞതിങ്ങനെയാണ്. ഈ മണ്ണിലെ ഫംഗസിന്റെ എണ്ണം പഠിക്കുകയാണിപ്പോള്‍. ജൈവവൈവിധ്യം വികസിച്ചുവരുന്നൊരിടമാണിത്. തരിശായിക്കിടന്ന ഒരിടത്ത് മൂന്നു പതിറ്റാണ്ടില്‍ വന്നിട്ടുള്ള മൈക്രോ ഓര്‍ഗാനിസങ്ങളും ഫംഗസുകളുമൊക്കെ വളരെ പ്രധാനപ്പെട്ടവയാണ്. അതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ഇവിടെ പഠിക്കാനുണ്ടെന്നാണ് പഠനത്തിനായി വന്നുപോയവരെല്ലാം പറഞ്ഞത്'' ശരണ്യ വിശദീകരിച്ചു.
അന്നം തരുന്ന കാട്
ഭക്ഷണം തരുന്ന കാടാണ് തപോവനം. കാട് നിലനിര്‍ത്തുന്നതിനൊപ്പം കുടുംബത്തിനുവേണ്ട കാച്ചില്‍, ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, തെങ്ങ് എല്ലാം ഇതിനുള്ളിലുണ്ട്. ''ഇപ്പോഴും അമ്മമ്മയുടെ അഞ്ചുമക്കള്‍ക്കും ആവശ്യമായത്ര വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു. ഒരിക്കല്‍പ്പോലും വെളിച്ചെണ്ണ പുറത്തുപോയി വാങ്ങേണ്ടിവന്നിട്ടില്ല. വെയില്‍ കുറവായതിനാലും വളപ്രയോഗമില്ലാത്തതിനാലും സാധാരണ കര്‍ഷകര്‍ക്ക് കിട്ടുന്ന വിളവ് കിട്ടില്ലെന്നുമാത്രം,'' ശരണ്യ പറഞ്ഞു.
വെള്ളക്കെട്ടെന്ന ദുരന്തം
ഇപ്പോഴിവിടെ വേനലിലും വെള്ളക്കെട്ടാണെന്നതാണ് പ്രധാന പ്രശ്‌നം. തെക്കോട്ടും വടക്കോട്ടും ഒഴുക്കില്ല. ''പെയ്യുന്ന വെള്ളം തങ്ങിനിന്ന് ഞങ്ങളുടെ അപൂര്‍വശേഖരത്തിലുണ്ടായിരുന്ന കൃഷ്ണ ആല്‍ അടക്കം പല വൃക്ഷങ്ങളും ചെടികളും വേരളിഞ്ഞ് നശിച്ചുപോയി. വയലും ചതുപ്പും നികത്തിയതാണ് നീരൊഴുക്കിന് തടസ്സമായത്. മുമ്പിവിടെ കുറെ തോടുകളൊഴുകിയിരുന്നു. അതൊന്നും ഇപ്പോഴില്ല. വെള്ളം കോരി നനച്ചുണ്ടാക്കിയത് വെള്ളക്കെട്ടുകാരണം നശിക്കുമ്പോള്‍ വിഷമം തോന്നും. വരണ്ട മണ്ണിനെയും വെള്ളക്കെട്ടിനെയും അതിജീവിച്ച മരങ്ങളാണ് ഇവിടെയുള്ളത്,'' തങ്കമണി ടീച്ചര്‍ പറഞ്ഞു.
പെന്‍സിലിന്‍ മരത്തിന്റെയും കമണ്ഡലുമരത്തിന്റെയും തൈകള്‍ സ്‌നേഹസമ്മാനമായി തന്ന് യാത്രയാക്കുമ്പോള്‍ കാടിനെക്കുറിച്ച് പറയാന്‍ ഇനിയും കഥകള്‍ അവര്‍ക്ക് ബാക്കിയായിരുന്നു. അത് പിന്നീടൊരിക്കലാവാമെന്ന് പറഞ്ഞ് പുല്ലാഞ്ഞിയും കരിയിലകളും നടപ്പാതകളിലുണര്‍ത്തിയ ഗൃഹാതുരതയില്‍ കുളിര്‍ന്ന് തപോവനത്തിന്റെ പടികളിറങ്ങി.
Content Highlights: Story of Devaki Amma who grow forest in five acres