ആഷിഖി, തിരുടാ തിരുടാ എന്നിവയിലെ നായിക; അപകടശേഷം 29 ദിവസം കോമയില്‍

1990-ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും ഹിറ്റായത് 'ആഷിഖി'യാണ്. അന്നത്തെ കൗമാരം അതിലെ ഓരോ പാട്ടുകളും ഏറ്റുപാടി. അതിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചൊരു താരമുണ്ട്, അനു അഗര്‍വാള്‍. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് സോഷ്യോളജി ഗോള്‍ഡ് മെഡലോടെ പാസായശേഷമാണ് അനു മോഡലിങ്ങിലേക്കെത്തുന്നത്. പാരിസിലും ന്യൂയോര്ക്കിലുമായിട്ടാണ് മോഡലിങ് തുടങ്ങിയത്. അതുകഴിഞ്ഞ് ദൂരദര്‍ശനില്‍ ഒരു സീരിയലില്‍ അഭിനയിച്ചു. പിന്നീട് അവിചാരിതമായി 'ആഷിഖി'യിലേക്കും.
സിനിമയ്ക്കൊപ്പം തന്നെ താരങ്ങളും ഹിറ്റായി. പുറകെ തമിഴില്‍ 'തിരുടാ തിരുടാ' എന്ന സിനിമയിലും അനു അഭിനയിച്ചു. ഈ രണ്ടുസിനിമകളും അവര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. അതുകഴിഞ്ഞ് രണ്ടുമൂന്ന് സിനിമകളില്‍ അഭിനയിച്ചെങ്കിലും, കാര്യമായി വിജയിച്ചില്ല.
അതിനിടയിലാണ് അനുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ആ കാറപകടമുണ്ടാവുന്നത്. 1999-ലാണത്. മുംബൈയിലെ ഒരു പാര്‍ട്ടിക്കുശേഷം വീട്ടിലേക്ക് തിരികെ വരികയായിരുന്നു. അതില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും, ദേഹമാകെ മുറിവായിരുന്നു. മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുമെല്ലാം ഗുരുതരപരിക്കുകള്‍ പറ്റി. 29 ദിവസമാണ് കോമയില്‍ കിടന്നത്. കോമയില്‍നിന്ന് പുറത്തുവന്നത് പുതിയൊരു അനുവായിരുന്നു. പഴയകാലത്തെ കാര്യങ്ങളൊന്നും തന്നെ ഓര്‍മയില്ല.
''അപകടം നടന്നത് എങ്ങനെയെന്നോ ആരെങ്കിലും കാറിലുണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ശരീരം പകുതി തളര്‍ന്നു. മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോയി. മനസ്സ് മുഴുവന്‍ ബ്ലാങ്കായിരുന്നു. സിനിമയില്‍ അഭിനയിച്ചതോ നടിയാണെന്നതോ ഒന്നും ഓര്‍മയില്ല. പേരും നാടും വീടും മറന്നുപോയി. അമ്മയെയും സഹോദരനെയും മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കിക്കിടക്കുമായിരുന്നു. ഇനിയൊരിക്കലും ഞാനാ കിടക്കയില്‍നിന്ന് എഴുന്നേല്ക്കില്ലെന്ന് ഡോക്ടര്‍മാരും പറഞ്ഞു. ഒരുപാട് ശസ്ത്രക്രിയകള്‍ നടത്തി. പക്ഷേ, പതുക്കെ പതുക്കെ എല്ലാം ശരിയായി. എഴുന്നേറ്റുനടന്നു'', അനു ഓര്‍ക്കുന്നു. എന്നിട്ടും ഓര്‍മകള്‍ പലപ്പോഴും അവരെ വിട്ടകന്നുനിന്നു.
''അപകടശേഷം അമ്മ പലപ്പോഴും എനിക്ക് 'ആഷിഖി' വെച്ചുതന്നു. പക്ഷേ, അതിലെ അനുവിനെ എനിക്ക് അംഗീകരിക്കാനേ പറ്റിയില്ല. ഞാനുമായി ബന്ധമില്ലാത്ത ആരെയോ പോലെ തോന്നി. അമ്മ അപ്പോഴൊക്കെ പറഞ്ഞുതന്നു, 'ഇത് നീയാണ്'. ഞാനൊരു കുട്ടിയെ പോലെ അതില്‍ നോക്കിയിരിക്കുമായിരുന്നു'', അപ്പോഴും മുഖത്ത് മുറിവുകളും പാടുകളും ബാക്കിയായി. മൂന്നുവര്‍ഷമാണ് തുടര്‍ച്ചയായി ചികിത്സകള്‍ വേണ്ടിവന്നത്.
പിന്നീടവര്‍ സിനിമയിലേക്ക് തിരിച്ചുവന്നിട്ടില്ല. തന്റേത് പുതിയ ജന്മമാണെന്നാണ് അനു പറയുന്നത്. അത് മനസ്സിനേറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നതാണ് അവരുടെ ആഗ്രഹം. അങ്ങനെ പതുക്കെ യോഗയിലേക്ക് കടന്നു. തുടര്‍ച്ചയായുള്ള പരിശീലനത്തിനുശേഷം ഇപ്പോള്‍ യോഗ ടീച്ചറായി ജോലി ചെയ്യുന്നു. അതിനൊപ്പം യോഗ സെന്ററും നടത്തുന്നു.
Content Highlights: story of anu aggarwal who is former indian model and actress