തളത്തിൽ ദിനേശൻമാർ ആഗോളപ്രതിഭാസമാണെന്നു പറഞ്ഞ ശ്രീനിവാസൻ

#ശ്രീകാന്ത് കോട്ടയ്ക്കൽ

നടനേക്കാൾ എന്നും എനിക്കിഷ്ടം ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിനേയാണ്. പഴുത്ത ചക്ക മുറിച്ചുവച്ചതുപോല മലയാളിയുടെ സാമൂഹ്യജീവിതവും മാനസികജീവിതവും നെടുകേ അരിഞ്ഞ് മലർത്തിവച്ച് തരുന്നതാണ് ശ്രീനിവാസൻ എഴുതിയ പ്രധാന സിനിമകളെല്ലാം. അവ വെറും സാമൂഹിക ആക്ഷേപഹാസ്യം മാത്രമായിരുന്നില്ല. അതിലപ്പുറം, പരിഹസിച്ച് പരിഹസിച്ച് പവിത്രീകരിക്കുക എന്ന മഹത്തായ സാംസ്‌കാരിക പ്രവർത്തനംകൂടിയായിരുന്നു. ഫലിതം പറയുന്നതിനേക്കാളും അഭിനയിക്കുന്നതിനേക്കാളും എത്രയോ വിഷമകരമാണ് അത് എഴുതി ഫലിപ്പിക്കാൻ; സിനിമയിൽ പ്രത്യേകിച്ചും.
ശ്രീനിവാസൻ എഴുതുന്നത് അതിന്റെ ഭാഷകൊണ്ടും മൗലികത കൊണ്ടും വി.കെ.എൻ. എഴുതിയതുപോലുള്ള ഫലിതമായിരുന്നു. അത് ചിത്രീകരിക്കുക എന്നത് അതിലധികം വെല്ലുവിളിയാണ്. (വി.കെ.എന്നിന്റെ മാസ്റ്റർപീസായ 'പയ്യൻ കഥകൾ' സ്വീകരിക്കപ്പെടാതെ പോയതിന്റെ കാരണവും ഇതുതന്നെ. വി.കെ.എൻ സാഹിത്യത്തെ അകംപുറം അറിയാവുന്നതുകൊണ്ടും സ്വതസിദ്ധമായ നർമം ഉള്ളതുകൊണ്ടുമാണ് സത്യൻ അന്തിക്കാടിന് 'അപ്പുണ്ണി'യിൽ അത് മറികടക്കാൻ സാധിച്ചത്). പക്ഷേ, സിനിമയുടെ പരിമിതി മറികടക്കാൻ വേണ്ടി ഒരിക്കലും തന്റെ അനന്യമായ സംഭാഷണ ശൈലിയിൽ വെള്ളം ചേർക്കാൻ ശ്രീനിവാസൻ തയ്യാറായില്ല.വി.കെ.എന്നിനോളം തലപ്പൊക്കത്തിലേയ്ക്ക് ശ്രീനിവാസൻ ഉയരുന്ന എത്രയോ സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ തിരക്കഥാസാഹിത്യത്തിൽനിന്ന് ഉദ്ധരിക്കാവുന്നതാണ്:

'സന്ദേശം' എന്ന സിനിമയിൽ, രാത്രി കാര്യമായി എന്തോ എഴുതുകയായിരുന്ന മകൻ കോട്ടപ്പള്ളി പ്രഭാകരന്റെ മുറിയിലേക്ക് കടന്നുവന്ന അച്ഛൻ രാഘവൻ നായർ ചോദിക്കുന്നു
രാഘവൻ നായർ: ലോ പോയിന്റ് ആണോ?
ഞെട്ടിത്തിരിഞ്ഞ് പ്രഭാകരൻ നൽകിയ മറുപടി നോക്കൂ...

'അച്ഛനാണോ, ഞാൻ വിചാരിച്ചു ഏതോ കുത്തക മുതലാളിയായിരിക്കുമെന്ന്. പേടിച്ചുപോയി...'

ശ്രീനിവാസനല്ല മറ്റാരെങ്കിലുമാണ് ഇതെങ്കിൽ 'അച്ഛനാണോ, ഞാൻ വിചാരിച്ചു വേറെയാരെങ്കിലുമായിരിക്കുമെന്ന്' എന്നതുപോലുള്ള ഒരു ഫ്ളാറ്റ് മറുപടിയായിരിക്കും എഴുതുക. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ കഥാപാത്രത്തിന്റെ ബോധമണ്ഡലത്തെക്കൂടി അറിഞ്ഞാണ് ഈ സംഭാഷണത്തിൽ ശ്രീനിവാസൻ ഓരോ വാക്കും പ്രയോഗിച്ചിരിക്കുന്നത്

വി.കെ.എന്നിന്റെ ലോക്കൽ സഖാവായ ചാത്തൻസ് കാലവർഷത്തിൽ മുള്ളിയ വയലുകളെ കണ്ടത് ഇങ്ങനെ:

'...വരമ്പുകൾ മുങ്ങി വെള്ളത്തിനടിയിലായ പാടത്തിന്റെ പരപ്പ് ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ ഭൂനയത്തെയാണ് ഓർമിപ്പിക്കുന്നത്.എല്ലാം സമം. എന്റേത്,നിന്റേത് എന്നു വേർതിരിവില്ല. വകതിരിവ് പിന്നെ പണ്ടേയില്ലല്ലോ...'

'സന്ദേശ'ത്തിൽത്തന്നെ കമ്യൂണിസ്റ്റുകാരനായ പ്രഭാകരൻ വിവാഹത്തെപ്പറ്റി താത്വികാചാര്യനായ കുമാരപിള്ള സാറിനോട് ചർച്ച ചെയ്യുന്ന രംഗത്ത് ശ്രീനിവാസൻ ഉപോയോഗിച്ച പദങ്ങൾ നോക്കൂ:

പ്രഭാകരൻ: വീട്ടിൽനിന്ന് ഭയങ്കരമായി നിർബന്ധിക്കുന്നു

കുമാരപിള്ള: എന്തിന്

പ്രഭാകരൻ: ഞാൻ പെണ്ണ് കെട്ടണമത്രേ

കുമാരപിള്ള: പെണ്ണ് കെട്ടാനോ?അയ്യേ. തനിക്ക് ഒരു Bright Political Future ഞാൻ കാണുന്നുണ്ട്. ഭാര്യയും കുടുംബവുമൊക്കെ അതിന് തടസ്സമാണ്

പ്രഭാകരൻ: അച്ഛൻ ഒരേ പിടിപിടിക്കുകയാണ്

കുമാരപിള്ള: കോട്ടപ്പള്ളീ,പാർട്ടിക്ക് ഇന്നാവശ്യം കെട്ടുപാടുകളും മറ്റ് ഉത്തരവാദിത്തങ്ങളുമില്ലാത്ത ഒരു നേതൃനിരയെയാണ്.

പ്രഭാകരൻ: പ്രകൃതിനിയമങ്ങൾക്ക് കുറച്ചൊക്കെ നമ്മൾ വഴങ്ങേണ്ടതല്ലേ?

കുമാരപിള്ള: വഴങ്ങരുത്,ലൈംഗികമായ തൃഷ്ണകളെ നമ്മൾ അതിജീവിക്കണം

പ്രഭാകരൻ: മാനവരാശിയുടെ നിലനിൽപ്പുതന്നെ കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിലല്ലേ

കുമാരപിള്ള: ഹ...ഹ...ഹ വിഡ്ഢിത്തം. എല്ലാ എസ്റ്റാബ്ലിഷ്മെന്റുകൾക്കുമെതിരെയാണ് നമ്മുടെ യുദ്ധം...

ഇന്നും നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റഡിക്ലാസുകളിൽപ്പോയാൽ ഇതേ Vocabulary കേൾക്കാൻ സാധിച്ചു എന്നുവരാം.

ചിന്താവിഷ്ടയായ ശ്യാമളയിൽനിന്നൊരു രംഗം

'ചിന്താവിഷ്ടയായ ശ്യാമള'യിൽ ശബരിമലയിൽപ്പോയി വന്നതിനുശേഷവും മാലയൂരാഞ്ഞ വിജയനോട് കരുണൻ മാഷ് ഇരുപത്തിനാല് മണിക്കൂറും ഭക്തിയും കൊണ്ട് നടക്കേണ്ട കാര്യമെന്താണ് എന്ന് ചോദിക്കുമ്പോൾ വിജയൻ ചോദിക്കുന്നു:

'ഞാനൊരു പാർട്ട് ടൈം ഭക്തനായാൽ മതീന്നാണോ അച്ഛാ...'

'പാർട്ട് ടൈം ഭക്തൻ' എന്ന പ്രയോഗം അതിനുമുമ്പ് ഒരു ഭാഷയിലും അത് വരെ പ്രയോഗിച്ച കേട്ടിട്ടില്ല.

പോലീസുകാരോട് 'ജീവിക്കാൻ വേണ്ടി പോലീസുകാരാവാൻപോലും ഞങ്ങൾക്ക് മടിയില്ല സാർ' എന്ന് പറയുന്ന സംഭാഷണം നോക്കുക. 'ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി'ൽ വീട്ടിൽക്കയറിയ കള്ളനെക്കുറിച്ച്് കോളനിയിലെ സെക്രട്ടറി സുകുമാരി പറയുന്നത്: 'അന്നുവന്ന അതേ കള്ളനാണ് ഇന്നലെ വന്നത്...' എന്നാണ്.അപ്പോൾ പോലീസുകാരനായ ഇന്നസെന്റ്് ചോദിക്കുന്നു:

'അന്നുവന്ന അതേ കള്ളനാണ് എന്ന് നിങ്ങൾക്ക് എങ്ങിനെ മനസ്സിലായി?'

അപ്പോൾ സെക്രട്ടറി പറയുന്നു: 'അത് ഞാൻ ഊഹിച്ചതാ...'

മറ്റാരെങ്കിലുമാണെങ്കിൽ 'അങ്ങനെയിപ്പം ഊഹിക്കേണ്ട...' എന്നു മാത്രമേ എഴുതൂ. ശ്രീനിവാസൻ എഴുതിയത് ഇങ്ങനെ:

'അങ്ങിനെയിപ്പോൾ ഊഹിക്കേണ്ട, ഊഹിക്കാൻ ഇവിടെ പോലീസ് ഡിപ്പാർട്ട്മെന്റുണ്ട്്'.സംഭാഷണത്തിന്റെ ഈ രണ്ടാംപാദത്തിലാണ് ശ്രീനിവാസൻ എന്ന എഴുത്തുകാരൻ വ്യത്യസ്തനാവുന്നത്.

'പട്ടണപ്രവേശ'ത്തിന്റെ അവസാനരംഗത്ത് പക്ഷി നിരീക്ഷകർ സി.ഐ.ഡികളെ പുസ്തകപ്രകാശനത്തിന് ക്ഷണിക്കുമ്പോൾ സി.ഐ.ഡി വിജയൻ പറയുന്ന മറുപടി നോക്കൂ:

'അക്രമം എവിടെയുണ്ടായാലും ഞങ്ങൾ അവിടെയെത്തിയിരിക്കും...'

പുസ്തകപ്രകാശനം ഒരു ഫാഷനാവാൻ പോവുന്ന ഭാവികാലത്തെ മുൻകൂട്ടിക്കണ്ട് ശ്രീനിവാസൻ എഴുതിയതായിരിക്കാം ഈ വാചകം.

**********************
 

എഴുതുമ്പോൾ മാത്രമല്ല, നിത്യജീവിതസംഭാഷണങ്ങളിലും ശ്രീനിവാസന്റെ നാവിൽ വികടസരസ്വതി വിളയാടാറുണ്ട്. ഒരിക്കൽ കോഴിക്കോട്ടെ പ്രശസ്തമായ ഒരു റിസോർട്ടിൽ ഇരുന്ന് കാപ്പി കുടിക്കുകയായിരുന്നു ഞങ്ങൾ. ആ റിസോർട്ടിന്റെ മാനേജർ വന്ന് ഞങ്ങൾക്കരികിൽ പരുങ്ങിനിന്നു. അല്പം കഴിഞ്ഞപ്പോൾ ചോദിച്ചു:

'പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ സാർ...'

താമസൗകര്യത്തെക്കുറിച്ച് everything is ok? എന്നാണ് അയാൾ ഉദ്ദേശിച്ചത്. അതിന് ശ്രീനിവാസന്റെ മറുപടി മറ്റൊരു ചോദ്യമായിരുന്നു:

'പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാവാറുണ്ടോ?'

മാനേജർ അന്തംവിട്ട് നിന്നു.

'മനസ്സിലായില്ല സാർ...' അയാൾ അല്പം പരിഭ്രമത്തോടെയാണ് പറഞ്ഞത്.

'പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ എന്നാണ് നിങ്ങൾ ചോദിച്ചത്. അതിനർത്ഥം ഇവിടെ പ്രശ്നങ്ങൾ എന്തൊക്കെയോ ഉണ്ടാവാറുണ്ട് എന്നല്ലേ?'

വാക്കുകൾ തിരിച്ചും മറിച്ചുമിട്ടുള്ള ഈ കളിയിൽ അയാൾനിന്ന് വിയർത്തു. അതുകണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ശ്രീനിവാസൻ അയാളെ തന്റെ വാചകങ്ങളുടെ വള്ളിക്കെട്ടിൽനിന്നും ഊരി സ്വതന്ത്രനാക്കിവിട്ടു.

മറ്റൊരിക്കൽ ശ്രീനിവാസന്റേയും ഭാര്യ വിമലയുടേയും കൂടെ കാറിൽ തിരുവനന്തപുരത്തേക്ക് യാത്രചെയ്യുകയായിരുന്നു. പുകവലിച്ച്, പല കാര്യങ്ങൾ സംസാരിച്ച് അങ്ങനെയങ്ങനെ. വിമലട്ടീച്ചർ സർവ്വീസിൽനിന്നും സ്വയം വിരമിച്ച സമയമായിരുന്നു അത്. ഞാൻ ചോദിച്ചു:

'ടീച്ചറെന്തേ സ്വയം വിരമിച്ചത്?'

എന്ത് മറുപടി പറയണം എന്നറിയാതെ ടീച്ചർ കുഴങ്ങിയപ്പോൾ മുൻസീറ്റിൽനിന്നും ശ്രീനിവാസന്റെ മറുപടി വന്നു:

'പഠിച്ചതെല്ലാം പഠിപ്പിച്ച് തീർന്നു!'

*******

വടക്കുനോക്കിയന്ത്രത്തിൽ ശ്രീനിവാസനും പാർവതിയും

ശ്രീനിവാസന്റെ ജീവിതം വളരെ ഗൗരവത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരുപാട് തവണ ഞങ്ങൾ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതുമായിരുന്നു. അവസാന നിമിഷം അദ്ദേഹം മത്സ്യം കയ്യിൽനിന്ന് വഴുതിപ്പോവുമ്പോലെ സ്വന്തം തിരക്കുകളുടെ സമുദ്രത്തിലേക്ക് ചാടും. ഒടുവിൽ സംഭാഷണങ്ങളിലൂടെ ഒരു ആത്മകഥ (Conversational Autobiography)യുണ്ടാക്കാം എന്ന് തീരുമാനിച്ചു. കവിയും ഗാനരചയിതാവുമായ ഗുൽസാറും മാധ്യമപ്രവർത്തകയായ നസ്റിൻ മുന്നി കബീറും ചേർന്ന് തയ്യാറാക്കിയ പുസ്തകമായിരുന്നു മാതൃക. എന്റെ കയ്യിൽനിന്ന് പുസ്തകം വാങ്ങി ശ്രീനിവാസൻ പറഞ്ഞു:

'ഞാനിതൊന്ന് വായിക്കട്ടെ. നമുക്ക് തുടങ്ങാം...'ആ പുസ്തകം എനിക്ക് നഷ്ടപ്പെട്ടു എന്നത് മാത്രമായിരുന്നു മിച്ചം.

ഏറ്റവുമൊടുവിൽ മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി എഴുത്തുകാരൻ എന്ന നിലയിലുള്ള തന്റെ ജീവിതം പരമ്പരയായി എഴുതാം എന്ന് ശ്രീനിവാസൻ ഏറ്റു.അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കിയിലാണ് അദ്ദേഹം രോഗത്തിലേക്കും ഓപ്പറേഷനുകളിലേക്കും കൂപ്പുകുത്തിയത്.

സ്വന്തം ജീവിതത്തേയും സർഗ്ഗ സിദ്ധികളേയും തീരെ ഗൗരവത്തിലെടുക്കാത്ത ഒരാളാണ് ശ്രീനിവാസൻ എന്നാണ് തോന്നിയിട്ടുള്ളത്.ആഴത്തിലുള്ള ചിന്തയും നിരീക്ഷണ ശേഷിയും അതിനൊത്ത ഫലിതവുമുള്ള ഈ മനുഷ്യൻ തന്നിലേക്കുംതന്റെ ഫേസ്ബുക്കിലേക്കും മിഴിനട്ടിരിക്കുന്ന ആത്മാനുരാഗികളുടെ പുതിയ കാലത്തിന് മനസ്സിലാവാത്ത പ്രതിഭയാണ്.

ശ്രീനിവാസൻ എപ്പോഴും ലോകത്തെ നോക്കുകയായിരുന്നു, ഉള്ളിൽ തിടം വച്ച് നിറയുന്ന ചിരിയോടെ.
**************************

ആറ് വർഷങ്ങൾക്ക് മുൻപ്, ജയ്പൂർ സാഹിത്യോത്സവത്തിനിടെ ഉച്ചഭക്ഷണസമയത്ത് മലയാളിയും പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനുമായ ആനന്ദ് നീലകണ്ഠൻ പറഞ്ഞു:

'സാഹിത്യ അക്കാദമി അവാർഡുകൾ വാങ്ങിയ പല എഴുത്തുകാരേക്കാളും വലിയ എഴുത്തുകാരനാണ് ശ്രീനിവാസൻ. സിനിമയിൽ ആയിപ്പോയതുകൊണ്ടാണ് ആ രീതിയിൽ അദ്ദേഹം പരിഗണിക്കപ്പെടാത്തത്...'

ആലോചിക്കുന്തോറും അന്ന് ആനന്ദ് നീലകണ്ഠൻ പറഞ്ഞത് ശരിയല്ലേ എന്ന് തോന്നും. കാലത്തിന്റെ വൻതിരകൾക്കുപോലും മായ്ക്കാൻ സാധിക്കാത്ത രചനാലോകമാണ് ശ്രീനിവാസൻ സൃഷ്ടിച്ചത്. വരുംകാലമെങ്കിലും അതിന്റെ വില തിരിച്ചറിയപ്പെടുമായിരിക്കാം. ?
*******************
'സന്ദേശ'ത്തിൽ എഴുതിയതിൽനിന്ന് പിറകോട്ടാണ് മലയാളിയുടെ രാഷ്ട്രീയയാത്ര. ശ്രദ്ധിച്ചാലറിയാം, 'സന്ദേശം' എന്ന സിനിമയിൽ അഴിമതിയും മതവുമില്ല. കാരണം, അക്കാലത്തെ മലയാളിയുടെ രാഷ്ട്രീയത്തിൽ ഇവരണ്ടും അത്ര പ്രബലമായിരുന്നില്ല. ഇവ രണ്ടും ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി എന്നതാണ് ഇക്കാലംകൊണ്ടുണ്ടായ നേട്ടം, അല്ലെങ്കിൽ 'പുരോഗതി'. മതത്തെയും ജാതിയെയും രാഷ്ട്രീയക്കാർ നന്നായി ഉപയോഗിച്ചുതുടങ്ങി. സ്ഥാനാർഥിനിർണയം മുതൽ തുടങ്ങുന്നു ഇത്. എന്നിട്ട് എല്ലാവരും മതേതരത്വം പറയുകയും ചെയ്യും. മുമ്പ് അഴിമതി മുകൾത്തട്ടിൽ മാത്രമായിരുന്നു. ഇപ്പോഴത് താഴേത്തട്ടിലേക്കുവരെ എത്തി. ജനാധിപത്യം എന്നത് തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യമായി മാറി. അധികാരമെന്നത് തൊട്ടുതാഴെയുള്ളവന്റെനേരെ പ്രയോഗിക്കാനുള്ള ആയുധമായി. അധികാരശ്രേണിയുടെ ഏറ്റവും മുകളിലുള്ളവർ മുതൽ താഴെയുള്ളവർവരെ തന്നാലാവുംവിധം താഴെയുള്ളവരുടെമേൽ തന്റെ അധികാരം പ്രയോഗിക്കുന്നുണ്ട്.
**********************
സന്ദേശ'ത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കഥാപാത്രമാണ് സിദ്ധിഖ് അവതരിപ്പിച്ച മണ്ണുദയഭാനു. ഇയാൾ കൃഷി ഓഫീസറാണ് എന്നത് മാത്രമേ എഴുതാനിരിക്കുമ്പോൾ സത്യനും ശ്രീനിയും തീരുമാനിച്ചിരുന്നുള്ളൂ. തിരക്കഥ പൂർത്തിയാവാനായിട്ടും കഥാപാത്രത്തിന് ഒരു ഭൂതകാലം ലഭിച്ചില്ല. ആ സമയത്താണ് എഴുത്തുമുറി വിട്ട് ഒരുനാൾ വസ്ത്രങ്ങൾ മാറിയെടുക്കാനായി സത്യൻ വീട്ടിലെത്തിയത്. അപ്പോഴാണ് മൂത്ത ജ്യേഷ്ഠൻ സഹപാഠിയും സത്യന്റെ സുഹൃത്തുമായ ഒരാളുടെ അമ്മ മരിച്ച വിവരം അറിയുന്നത്. ജ്യേഷ്ഠനും സത്യനും കൂടി മരണവീട്ടിലേക്ക് പോയി. തിരിച്ചുവരുമ്പോൾ ആ അമ്മയെക്കുറിച്ച് ജ്യേഷ്ഠൻ സത്യനോട് പറഞ്ഞു.

'അമ്മയ്ക്ക് ഒരു മകനേയുള്ളൂ. വയലിൽ കൂലിപ്പണിയെടുത്താണ് അവർ മകനെ പഠിപ്പിച്ചിരുന്നത്. രാവിലെ സ്‌കൂളിൽ ഫീസടയ്ക്കണം. നിശ്ചിതദിവസം അടച്ചില്ലെങ്കിൽ ഒരു ദിവസം ക്ലാസ്സിൽ എഴുന്നൽപ്പിച്ച് നിർത്തും. എന്നിട്ടും അടച്ചില്ലെങ്കിൽ ബെഞ്ചിൽ കയറ്റിനിർത്തും. മൂന്നാം ദിവസം പുറത്താക്കും. ഇതായിരുന്നു രീതി. ഈ സഹപാഠിക്ക് ഒരിക്കലും കൃത്യസമയത്ത് ഫീസടയ്ക്കാൻ സാധിച്ചിരുന്നില്ല. അടുത്ത ദിവസം മുഴുവൻ നിൽക്കും. മൂന്നാം ദിനം പകൽ മുഴുവൻ ബെഞ്ചിൽക്കയറിനിന്ന് ശിക്ഷ വാങ്ങും. ആ ദിവസം വൈകുന്നേരം സ്‌കൂൾ വിടുന്നതിന് മുമ്പ് അമ്മ ഓടിക്കിതച്ച് ക്ലാസ് മുറിയുടെ ജനലിനപ്പുറം വന്നുനിൽക്കും. വയൽച്ചെളിപുരണ്ട കൈകൾ മരയഴികൾക്കിടയിലൂടെ കടത്തി മകനെ വിളിച്ച് പണം കയ്യിൽ കൊടുക്കും. ആ നിമിഷം അവർ രണ്ടുപേരും കരയും. അമ്മ ഒന്നും മിണ്ടാതെ കണ്ണുതുടച്ച് വയലിലേക്ക് തന്നെ പോകും. മകൻ ചളിപുരണ്ട നോട്ടുമായി ഓഫീസ് മുറിയിലേക്കോടും. എല്ലാ മാസവും ഈ കാഴ്ച തുടർന്നു. ദാരിദ്ര്യത്തിലും മകൻ നന്നായി പഠിച്ചു. നല്ല ജോലി നേടി അമ്മയെ നന്നായി നോക്കി. ആ അമ്മയാണ് മരിച്ചത്.

തിരിച്ച് എഴുത്തുമുറിയിലെത്തി സത്യൻ ഈ സംഭവം ശ്രീനിവാസനോട് പങ്കുവെച്ചു. അതുകേട്ട് ശ്രീനി പറഞ്ഞു: 'മണ്ണുദയഭാനുവിന്റെ ഭൂതകാലം കിട്ടി. ഇതാണ്. ഇതിനുവേണ്ടിയാണ് നാം ഇത്ര കാലം കാത്തത്. ജനലഴികൾക്കപ്പുറത്ത് ആ അമ്മയെ എനിക്ക് കാണാൻ സാധിക്കുന്നു. പ്രേക്ഷകർക്കും അതിന് സാധിക്കും'. മലയാളസിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു രംഗം അങ്ങനെ പിറന്നു. ജീവിതത്തിൽനിന്ന് അയാൾ കയറിവന്നു.
***********************
വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശന്റേത് മലയാളിയുടെ മാത്രം മനോരോഗമാണോ?

തളത്തിൽ ദിനേശന്റെ പ്രശ്നം ഒരു ആഗോളപ്രതിഭാസമാണ്. ലോകത്ത് എല്ലായിടത്തും അതുണ്ട്. ഏറ്റക്കുറച്ചിലുകളുണ്ടാവാമെന്നുമാത്രം. തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തിന് എനിക്ക് മാതൃകയായത് ഒരു മലയാളിയായിരുന്നു. കൊല്ലത്തുകാരനായിരുന്നു അയാൾ. കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായിരുന്നു. മദിരാശിയിൽ ഉണ്ടായിരുന്ന കാലത്ത് ഞങ്ങൾ ഒന്നിച്ച് ഷട്ടിൽ കളിക്കുമായിരുന്നു. അയാളുടെ ജീവിതത്തിൽനിന്നുള്ള ഒരു സീനും ഞാൻ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. കാരണം, അത് ഉപയോഗിച്ചാൽ ജനങ്ങൾ വിശ്വസിക്കില്ല. അത്രയ്ക്ക് ക്രൂരമാണ്. ഭാര്യയെ വീട്ടിലിട്ട് പൂട്ടിയിട്ടായിരുന്നു അയാൾ ജോലിക്ക് പോയിരുന്നത്. കല്യാണം തീരുമാനിച്ച ദിവസം മുതൽ അയാൾ ചന്ദ്രശേഖരൻ എന്ന റൂംമേറ്റിനെ ഒഴിവാക്കി. പിന്നീടാണ് കാര്യം ഞങ്ങൾക്ക് പിടികിട്ടിയത്. താനുമായുള്ള ബന്ധം പറഞ്ഞ് ഭാവിയിൽ ഇയാൾ തന്റെ ഭാര്യയുടെ അടുത്തുവന്നാലോ.
(സ്റ്റാർ ആന്റ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the genius of Sreenivasan, acclaimed screenwriter and master of Malayalam satire. Discover his unique dialogue style and social commentary