'അയാളോട് നോ പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന്നും എന്റെ ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവമാണ്'

ഉര്‍ഫി ജാവേദ് എന്ന പേര് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്, 2021-ലെ ബിഗ് ബോസ് ഒ.ടി.ടി.യിലൂടെയായിരുന്നു. ബിഗ് ബോസില്‍ ഉര്‍ഫി ധരിച്ച വസ്ത്രങ്ങളാണ് ആളുകളെ ഞെട്ടിച്ചത്. മോശം വസ്ത്രധാരണമെന്ന് പറഞ്ഞ് പലരും അവരെ ആക്രമിച്ചെങ്കിലും, അതൊന്നും അവരെ തളര്‍ത്തിയില്ല. ഒരാഴ്ച കൊണ്ട് പുറത്തുപോവേണ്ടി വന്നുവെങ്കിലും, സീരിയലുകളില്‍ അഭിനയിച്ചപ്പോള്‍ പോലും കിട്ടാത്ത പ്രശസ്തി അവര്‍ നേടിയെടുത്തു.
അതായിരുന്നു ഉര്‍ഫിയുടെ ജീവിതത്തിലെ വഴിത്തിരിവ്. തന്റെ സ്റ്റൈല്‍ കൊണ്ട് പിന്നെയും പിന്നെയും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങി. ഡിസ്‌കോ ബോളുകള്‍ തുന്നിപ്പിടിപ്പിച്ച സ്ലീവ് ലെസ് ഷോര്‍ട്ട് ഡ്രസ്, ഉര്‍ഫിയുടെ ചിത്രങ്ങള്‍ ഒട്ടിച്ച ഡ്രസ്, ബ്ലെയ്ഡ് കൊണ്ടുള്ള ഷോര്‍ട്ട് ഡ്രസ്, വാച്ചുകള്‍ ഘടിപ്പിച്ച മിനി സ്‌കര്‍ട്ട്...ഒരിക്കല്‍ ബൈക്കിലെയും സൈക്കിളിലെയും ചെയിന്‍ കൊണ്ട് ശരീരം മറച്ചാണ് ഉര്‍ഫിയെത്തിയത്.
ട്രോള്‍ ചെയ്യപ്പെടുന്ന വസ്ത്രങ്ങള്‍
ഇങ്ങനെയുള്ള വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ ട്രോള്‍ ചെയ്യപ്പെടുന്നതിന് കൈയും കണക്കുമില്ല. അതിന് ഉര്‍ഫിയുടെ മറുപടിയിങ്ങനെ. ''എപ്പോഴും മറ്റുള്ളവരില്‍നിന്ന് ശ്രദ്ധകിട്ടാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരു പാര്‍ട്ടിയില്‍ പോവുമ്പോള്‍ ആളുകളെന്നെ തന്നെ നോക്കണം, എല്ലാവരും എന്നെ ശ്രദ്ധിക്കണം, എന്നെക്കുറിച്ച് സംസാരിക്കണം. സംസാരിക്കുന്നത് മോശമാണെങ്കിലും നല്ലതാണെങ്കിലും എനിക്ക് കുഴപ്പമില്ല. അതിനാണ് ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്. പിന്നെ എന്റെ ശരീരമല്ലേ? അതില്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നതും എന്റെ മാത്രം അവകാശമാണ്''.
തന്റെ നിലപാടുകളും വസ്ത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാന്‍ ഉര്‍ഫി എപ്പോഴും ശ്രമിക്കാറുണ്ട്. ബോളിവുഡില്‍ നെപ്പോട്ടിസം ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത്,
'നോട്ട് എ നെപ്പോ ബേബി' എന്ന് പ്രിന്റ് ചെയ്ത ക്രോപ്പ് ടീഷര്‍ട്ടുമായാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. അതുപോലെ വര്‍ധിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയും പുകവലിക്കെതിരെയും അവര്‍ തന്റെ നിലപാട് വ്യക്തമാക്കി. പ്ലാസ്റ്റിക് ബോട്ടിലില്‍നിന്ന് ചെറിയ പൂക്കളുടെ ഇതളുകളുടെ ആകൃതിയില്‍ മുറിച്ചെടുത്ത്, അത് കൂട്ടിച്ചേര്‍ത്തുള്ള ബ്രാലെറ്റും മിനി സ്‌കര്‍ട്ടുമാണ് ധരിച്ചത്. മറ്റൊരിക്കല്‍ ആളുകള്‍ റോഡില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റുകള്‍ ശേഖരിച്ച്, അതിന്റെ ബട്ട്‌സുകളെടുത്ത് ഒട്ടിച്ച് ഒരു ബോഡി ഹഗ്ഗിങ് ഡ്രസ് ആണ് തയ്യാറാക്കിയത്. കളിയാക്കലുകളിലും ട്രോളുകളിലും തളരാത്ത ഉര്‍ഫിയെ, അംഗീകരിക്കുന്നവരുമുണ്ട്.
ദുരിതം നിറഞ്ഞ കുട്ടിക്കാലം
ലക്‌നൗവിലെ ഒരു യാഥാസ്ഥിതികകുടുംബത്തിലാണ് ഉര്‍ഫി ജനിച്ചത്. ചെറുപ്പകാലം മുതല്‍ തന്നെ താനും സഹോദരിമാരും വളരെ മോശം ചുറ്റുപാടിലാണ് ജീവിച്ചിരുന്നതെന്ന് ഉര്‍ഫി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''പുറത്തുപോകാനോ ടി.വി.കാണാനോ പോലുമുള്ള അനുവാദമുണ്ടായിരുന്നില്ല വീട്ടില്‍. അച്ഛന്‍ ഞങ്ങളെയും അമ്മയെയും അടിക്കുകയും ഇടിക്കുകയും ചെയ്തതിന് കണക്കില്ല. അതിനൊപ്പം വളരെ മോശം ഭാഷയിലുള്ള ചീത്തവിളിയും. ഇത് സഹിച്ച് മടുത്തപ്പോള്‍, കുറേ തവണ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അദ്ഭുതകരമായിട്ടാണ് അന്നൊക്കെ രക്ഷപ്പെട്ടത്''. അച്ഛനറിയാതെ കണ്ട ടി.വി.സീരിയലുകളിലെ നായികമാര്‍ ഉര്‍ഫിയുടെ മനസ്സിനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചു. താരമാകണമെന്ന മോഹമുണ്ടായതും അങ്ങനെയാണ്.
പതിനഞ്ചാമത്തെ വയസ്സില്‍ ഉര്‍ഫിയുടെ ഒരു ഫോട്ടോയെടുത്ത് ആരോ പോണ്‍ സൈറ്റിലിട്ടു. അതോടെ ആളുകള്‍ ഉര്‍ഫിയെ കളിയാക്കാനും അധിക്ഷേപിക്കാനും തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും തളര്‍ന്നപ്പോള്‍, അവര്‍ ആരോടും പറയാതെ വീടുവിട്ടു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള ആ പെണ്‍കുട്ടി ഡല്‍ഹിയിലേക്കാണ് വണ്ടികയറിയത്. അവിടെയുള്ള ഒരു കോള്‍സെന്ററില്‍ ജോലി ചെയ്തു. അപ്പോഴും മനസ്സില്‍ സിനിമയും സീരിയലും തന്നെയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മുംബൈയിലേക്ക് മാറി. തുടര്‍ച്ചയായി ഓഡിഷനുകളില്‍ പങ്കെടുത്തു. അതിനിടയില്‍ ചെറിയ ചില സീരിയലുകളില്‍ മുഖംകാണിച്ചു.
മുംബൈയില്‍നിന്ന് കിട്ടിയ ആത്മവിശ്വാസം
മുംബൈയില്‍വെച്ചാണ് ഇന്ന് കാണുന്ന വ്യക്തിയായി താന്‍ മാറിയതെന്ന് ഉര്‍ഫി പറയുന്നു. ''മുംബൈയില്‍ ഒരുപാട് നല്ല ആളുകളെ കണ്ടു. പക്ഷേ, സിനിമാ ഇന്‍ഡസ്ട്രിയിലുള്ളത് അധികവും വേട്ടക്കാരാണ്. അവിടെ നമുക്കും പിടിച്ചുനില്‍ക്കാന്‍ കഴിയണം. അതിന് ആത്മവിശ്വാസമാണ് വേണ്ടത്. നമുക്ക് പറ്റാത്ത കാര്യങ്ങളോട് 'നോ' പറയാനുള്ള ആത്മവിശ്വാസം വേണം. ഒരിക്കല്‍ ഒരു ഓഡിഷന് പോയപ്പോള്‍ സംവിധായകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സന്ദര്‍ഭം പറഞ്ഞുതന്നിട്ട് അതുപോലെ അഭിനയിക്കാന്‍ പറഞ്ഞു. കാമുകീകാമുകന്‍മാരായി അഭിനയിക്കാനാണ് അയാള്‍ ആവശ്യപ്പെട്ടത്. ഞാന്‍ വളരെ ചെറുപ്പമായിരുന്നു അന്ന്. പതിനെട്ട് വയസ്സുപോലും ആയിട്ടില്ല. അയാളോട് നോ പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന്നും എന്റെ ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവമാണ്. പക്ഷേ അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ പിന്നീടൊഴിവാക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായി.''
ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഉര്‍ഫി. സാമ്പത്തികപരമായും അല്ലാതെയുമുള്ള കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലമായിരുന്നു മുംബൈയില്‍. ''ബിഗ്‌ബോസില്‍ പോകുമ്പോള്‍ പോലും എനിക്ക് നല്ല വസ്ത്രങ്ങളുണ്ടായിരുന്നില്ല. പലരുടെ കൈയില്‍നിന്നും പണം കടം വാങ്ങിയാണ് പുതിയ ഡ്രസ്സ് വാങ്ങിയത്. ചിലപ്പോഴൊക്കെ സ്വയം ഡിസൈന്‍ ചെയ്തു. ഒരു ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീടിന്റെ വാടക കൊടുത്തുകഴിഞ്ഞാല്‍, ഭക്ഷണം കഴിക്കാന്‍ കൈയില്‍ പണമില്ലാത്ത അവസ്ഥ പോലുമുണ്ടായിട്ടുണ്ട്''.
ഒരിക്കല്‍ ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍വെച്ച് എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത്, ഉര്‍ഫിയെ കുറിച്ച് അശ്ലീലകരമായി ഒരു കമന്റ് നടത്തി. ഉര്‍ഫിയുടെ വസ്ത്രധാരണം പുരുഷന്‍മാരെ വഴിതെറ്റിക്കുന്നുവെന്ന രീതിയിലായിരുന്നുവത്. ഇതിന് ഉര്‍ഫി ഉടനെ തന്നെ മറുപടി കൊടുത്തു, ''പുരുഷന്‍മാരുടെ സ്വഭാവവൈകൃതത്തിന് സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഞാനല്ല, നിങ്ങളെ പോലുള്ള ആളുകളാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്''. തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ അവര്‍ക്ക് മടിയില്ല, പേടിയുമില്ല. അതാണ് ഉര്‍ഫിയുടെ കരുത്തും.
Content Highlights: social media influencer and serial artist urfi javed