12 വയസ്സുള്ളപ്പോൾ ഒരുകോടി രൂപ ചാരിറ്റിക്കായി നൽകിയ സിതാര; വ്യാജ അക്കൗണ്ടുകൾക്കെതിരെ മഹേഷ് ബാബു

സിതാര ഘട്ടമനേനി, സിതാരയും മഹേഷ് ബാബുവും / Instagram
സിതാര ഘട്ടമനേനി, സിതാരയും മഹേഷ് ബാബുവും / Instagram

തെലുഗുനടൻ മഹേഷ് ബാബുവിന്റെയും മുൻകാലനടി നമ്രത ശിരോദ്കറിന്റെയും ഇളയമകളാണ് സിതാര ഘട്ടമനേനി. സോഷ്യൽമീഡിയയിൽ ഇപ്പോൾ തന്നെ താരമാണ് ഈ 13-കാരി. ഇപ്പോൾ തന്റെ വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിതാര. ''എന്റെ പേരിൽ ഒരുപാട് വ്യാജ അക്കൗണ്ടുകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതാണ് എന്റെ ഔദ്യോഗിക അക്കൗണ്ട്. ഇൻസ്റ്റഗ്രാം ഒഴിച്ച് മറ്റൊന്നിലും ഞാൻ ആക്ടീവല്ല'', സിതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മുമ്പ് ഇതിനെതിരെ മഹേഷ് ബാബു കേസ് കൊടുക്കുകയും ചെയ്തിരുന്നു. 2023-ൽ സിതാരയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്ന് മറ്റ് പല അക്കൗണ്ടുകളിലേക്കും ലിങ്കുകൾ അയച്ചത് അറിഞ്ഞപ്പോഴാണ്, കേസുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്. 2 മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടാണ് സിതാരയുടേത്.

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി കിഡാണ് സിതാര. 2022-ൽ മഹേഷ് ബാബുവിന്റെ 'സർക്കാരു വാരി പാട്ട' എന്ന സിനിമയിലെ പാട്ടുസീനിലൂടെ ബിഗ് സ്‌ക്രീനിലുമെത്തി ആ പെൺകുട്ടി. ഡിസ്‌നിയുടെ 'ഫ്രോസൺ 2' എന്ന അനിമേഷൻ സിനിമയിലെ മുഖ്യകഥാപാത്രത്തിനായി തെലുഗുവിൽ ഡബ്ബ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞവർഷം മുതൽ പ്രശസ്ത ജ്വല്ലറി ബ്രാൻഡായ പി.എം.ജെ ജ്വൽസിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സിതാര. പരസ്യം ആദ്യമായി പ്രദർശിപ്പിച്ചത് ന്യൂയോർക്കിലെ ടൈം സ്‌ക്വയറിലാണ്. 'സിതാര കളക്ഷൻ' എന്ന പേരിൽ ഒരു ശേഖരം പോലും ബ്രാൻഡ് പുറത്തിറക്കി. അതിനായി ലഭിച്ച ഒരു കോടി രൂപ, സിതാര ചാരിറ്റിപ്രവർത്തനങ്ങൾക്കായി നൽകിയത് വലിയ വാർത്തയായിരുന്നു. അതിനുശേഷം മഹേഷ് ബാബുവും സിതാരയും ഒരു ക്ലോത്തിങ് ബ്രാൻഡിനുവേണ്ടിയുള്ള പരസ്യത്തിൽ ഒരുമിച്ചെത്തുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mahesh Babu`s 13-year-old daughter Sitara, addresses fake social media accounts. She clarifies her official presence and urges fans to follow the right account