‘അന്ന് ആർക്കും ഡാഡിയെ അഭിമുഖീകരിക്കാനായില്ല; കഴിഞ്ഞ ക്രിസ്മസ് ഞങ്ങൾ അതിജീവിച്ചതാണ്’-സയനോര

കുട്ടിക്കാലത്തെ കണ്ണൂരിലെ ക്രിസ്മസ് എന്നു പറഞ്ഞാൽ... മമ്മി മുന്തിരിവൈനുണ്ടാക്കും. കുക്കീസുണ്ടാക്കും. ഡിസംബർ തുടങ്ങുമ്പോഴേ ഒരുക്കങ്ങളാണ്. വൈനിടുന്ന ദിവസം വലിയ ആഘോഷമാണ് ഞങ്ങൾക്ക്. ഡാഡി മുന്തിരി വാങ്ങിക്കൊണ്ടുവരുന്നു, നമ്മളെല്ലാവരും കൂടി മുന്തിരി വൃത്തിയാക്കാനിരിക്കുന്നു. മുന്തിരി ഭരണിയിലാവുംവരെ എല്ലാവരും എല്ലാത്തിലും സഹായിക്കും. കലകല, ബൂട്ട്സപ്പം, ഞവരി തുടങ്ങിയ ക്രിസ്മസ് പലഹാരങ്ങൾ മറ്റൊരു ദിവസമായിരിക്കും ഉണ്ടാക്കുക.
ഡാഡിയുടെ സഹോദരന്റെ ഭാര്യയുണ്ട്, പേളിമാമി, അവരും മകളുമൊക്കെ ഒന്നിച്ച് വീട്ടിലേക്ക് വരും. തറവാട്ടിലായിരുന്ന സമയത്ത് എല്ലാവരും ഒന്നിച്ചാണ് ആഘോഷിക്കുക. കലകലയുണ്ടാക്കുമ്പോൾ മാവു തയ്യാറാക്കിവെച്ചശേഷം കുട്ടികളെ കൈകഴുകിച്ച് അവിടെയിരുത്തും. എന്നിട്ട് മാവിൽ ഓരോരോ ആകൃതിയുണ്ടാക്കാൻ ഏൽപ്പിക്കും. ചെറിയ ഫോർക്കും ചീർപ്പുമൊക്കെ ഉപയോഗിച്ച് ആർട്ടുണ്ടാക്കും ഞങ്ങൾ. എന്നിട്ട് എണ്ണയിലിട്ട് വറുത്തുകോരി ഷുഗർ സിറപ്പിലിട്ടാണ് കലകല കഴിക്കുക. നല്ല ഓർമകളാണതെല്ലാം. ക്രിസ്മസിന് ഞാൻ ഷോകൾ എടുക്കില്ല. എന്റെ ക്രിസ്മസ് എന്നും കണ്ണൂരിൽ തന്നെയാണ്. ഇപ്രാവശ്യം ഡാഡിയും മമ്മിയും ഞാനും മോളുമാണ് വീട്ടിലുണ്ടാവുക. ചെറുപ്പത്തിലായിരുന്നു ആഘോഷങ്ങൾ.. മമ്മിയുടെ പോർക്ക് വിന്താലുവും സൺ അപ്പവും (വട്ടയപ്പം) ഉണ്ടാവും. ക്രിസ്മസിന് എപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട ഓർമകളാണെനിക്ക്.
ഇപ്പോൾ എല്ലാവരും നാട്ടിലുണ്ടാവാറില്ല. അനിയത്തി ബെംഗളൂരുവിൽ, അനിയൻ ദുബായിൽ അങ്ങനെ. ഇപ്പോൾ പലഹാരങ്ങളൊന്നും അങ്ങനെയുണ്ടാക്കാറുമില്ല.
ആ ക്രിസ്മസ് ഞാനൊരിക്കലും മറക്കില്ല
കഴിഞ്ഞ വർഷത്തെ ക്രിസ്മസ് എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നാണ്. ഒരു ഇമോഷണൽ ക്രിസ്മസായിരുന്നു അത്. ഡിസംബറില് രാവിലെ നടക്കാൻ പോയ സമയത്ത് ഡാഡിക്കൊരു ആക്സിഡന്റ് പറ്റി. ക്രിസ്മസിന്റെ തലേദിവസം ഞങ്ങളെല്ലാവരും ആശുപത്രിയിലാണ്. എനിക്കൊരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് മമ്മി വിളിച്ചുപറയുന്നത്. ‘ഡാഡിയുടെ കാല് മുറിച്ചുമാറ്റേണ്ടിവരും.’ അക്ഷരാർഥത്തിൽ ഒരു ദുരന്തസമയം.
കൊച്ചിയിൽ നിന്ന് പോകുമ്പോൾ ഞാനൊരു ക്രിസ്മസ് ട്രീ വാങ്ങി. ഗിറ്റാറുമായിട്ടാണ് ആശുപത്രിയിലെത്തുന്നത്. എല്ലാവരും ഭയങ്കര ഡൗൺ ആയിരുന്നു. മമ്മി, അനിയൻ സ്വരാഗ്, അനിയത്തി ശ്രുതി. ഞാൻ കയറിച്ചെല്ലുമ്പോൾ ആർക്കും ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. ആർക്കും ഡാഡിയെ അഭിമുഖീകരിക്കാനാവുന്നില്ല. വല്ലാത്തൊരു അവസ്ഥ. നമ്മളീ വിഷമങ്ങളെല്ലാംകൂടി വരുമ്പോൾ ആഘോഷങ്ങളെല്ലാം മാറ്റിവെക്കേണ്ടതില്ലല്ലോ... അതിപ്പോൾ ആശുപത്രിയിലാണെങ്കിലും മുറിക്കുള്ളിലാണെങ്കിലും നമ്മളെല്ലാവരും കൂടി ഒന്നിച്ചിരിക്കുമ്പോഴാണ് ക്രിസ്മസ്. കുറേ കാലമായി അങ്ങനെയാണത്. അങ്ങനെ, ആശുപത്രിയിൽ പപ്പയ്ക്കൊപ്പമിരുന്ന്, ക്രിസ്മസ് കരോളെല്ലം പാടി ഞങ്ങൾ ക്രിസ്മസ് ആഘോഷിച്ചു. എനിക്കൊരിക്കലും മറക്കാനാവാത്ത ക്രിസ്മസാണത്.
‘സ്റ്റോറി ഓഫ് വിക്റ്റിംഹുഡ്’ അല്ല. എങ്ങനെയാണ് ഒരു കൊടുങ്കാറ്റിനെ അതിജീവിക്കേണ്ടത് എന്നതിലാണ് കാര്യമെന്ന് കഴിഞ്ഞതവണത്തെ ക്രിസ്മസ് എന്നെ പഠിപ്പിച്ചു. എനിക്ക് എന്റെ കുടുംബത്തെയോർത്ത് വലിയ അഭിമാനം തോന്നി. ഇത്തരം കാര്യങ്ങൾ ഒരാൾക്ക് സംഭവിക്കുമ്പോഴേക്കും ജീവിതം അവിടെത്തീർന്നു എന്നാണ് പലരും ചിന്തിക്കുക. പക്ഷേ, അങ്ങനെയല്ല, അവിടെ തുടങ്ങുന്നതേയുള്ളൂ.
പുതിയ പ്രോജക്ടുകൾ
കുറച്ച് ഇൻഡിപെൻഡന്റ് പ്രോജക്ടുകളാണ് ഇപ്പോൾ ചെയ്യുന്നത്. ലൈവ് ഷോകളുണ്ട്. സന്തോഷത്തോടുകൂടി മുന്നോട്ടുപോവുന്നു. ‘ഒരു ജാതി ജാതകം’ എന്ന സിനിമയൽ അഭിനയിച്ചു. ആർമിക്കുവേണ്ടി ഒരു പാട്ട് കമ്പോസ് ചെയ്ത്, അതിൽ അഭിനയിച്ചിട്ടുമുണ്ട്.