സെലീന ഗോമസ് എങ്ങനെ ബില്യണയര്‍ പട്ടികയിലെത്തി

സെലീന ഗോമസ് | AP
സെലീന ഗോമസ് | AP

ആഗോളതലത്തിലെ ശതകോടീശ്വരരുടെ പട്ടികയിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ് അമേരിക്കന്‍ ഗായിക സെലീന ഗോമസ്. തന്റെ ബ്യൂട്ടി ബ്രാന്‍ഡായ റെയര്‍ ബ്യൂട്ടിയടക്കമുള്ള സ്ഥാപനങ്ങളാണ് സെലീന ഗോമസിനെ ശതകോടീശ്വര പട്ടികയിലെത്തിച്ചത്. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബില്യണയര്‍മാരിലൊരാളായിരിക്കുകയാണ് താരമിപ്പോള്‍. 32 വയസ്സാണ് സെലീനയ്ക്ക്. 

2019-ലാണ് റെയര്‍ ബ്യൂട്ടി എന്ന സ്ഥാപനം ആരംഭിക്കുന്നത്. 1.3 ബില്യണ്‍ ഡോളറാണ് സെലീനയുടെ ആസ്തി. ഇതില്‍ സിംഹഭാഗവും സംഭാവന ചെയ്തിരിക്കുന്നത് ഈ സ്ഥാപനമാണ്. ഏകദേശം 81.4 ശതമാനം. മാനസികാരോഗ്യസ്ഥാപനമായ വണ്ടമൈന്റ്, മ്യൂസിക് ആല്‍ബങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റമെന്റുകള്‍, ബ്രാന്‍ഡ് പാര്‍ട്‌നര്‍ഷിപ്പുകള്‍, ഗാനമേളകള്‍, അഭിനയം തുടങ്ങിയ രംഗങ്ങളില്‍ നിന്നുള്ള ആദായവും ഇതിനൊപ്പമുണ്ട്. 

അമേരിക്കന്‍ വിനോദമേഖലയിലെ പ്രധാനവ്യക്തിത്വമായി സെലീന ഇതിനകം മാറിക്കഴിഞ്ഞു. ജനപ്രിയ പരമ്പരയായ 'ഒണ്‍ലി മര്‍ഡേഴ്സ് ഇന്‍ ദ ബില്‍ഡിങ്ങി'ല്‍ താരമായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രശംസ നേടുകയാണ് സെലീനയിപ്പോള്‍. അഞ്ചാം സീസണിലേക്ക് ചുവടെടുത്തുവെച്ച ഈ ഷോ, കോമഡി സീരീസിലെ മികച്ച നായികയ്ക്കുള്ള ആദ്യ എമ്മി അവാര്‍ഡ് നോമിനേഷന്‍ സെലീന ഗോമസിന് നേടിക്കൊടുത്തു.

Content Highlights: selena gomez joins youngest billionaires club