പാക് ഭീകരരെ നേരിട്ട ധീര വനിത; 35 വര്‍ഷങ്ങള്‍ക്കിപ്പുറം സർള ഭട്ടിന്റെ കൊലപാതകം ചർച്ചയാകുമ്പോൾ...

സർള ഭട്ട്
സർള ഭട്ട്

ഇരുപത്തിയേഴ് വയസ്സുള്ള കശ്മീരി പെണ്‍കുട്ടി. തൊണ്ണൂറുകളിൽ കശ്മീരിലരങ്ങേറിയ ഭീകരവാദപ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കാന്‍ ധൈര്യം കാണിച്ച സര്‍ള ഭട്ട്. സര്‍ക്കാര്‍ ജോലികള്‍ ഉപേക്ഷിച്ച് താഴ്വര വിട്ടുപോകാന്‍ കശ്മീരി പണ്ഡിറ്റുകളോട് ആവശ്യപ്പെട്ട ഭീകരരുടെ കല്‍പ്പനകളെ, പരസ്യമായി ധിക്കരിച്ചിരുന്ന സര്‍ളയെ അവർ ക്രൂരമായി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മുപ്പത്തിയഞ്ച് വർഷം. വർഷങ്ങൾക്കിപ്പുറം സർള ഭട്ടിന്റെ കൊലപാതകം വീണ്ടും ചർച്ചയാവുകയാണ്.

1990-ന്റെ തുടക്കത്തില്‍ കശ്മീരി പണ്ഡിറ്റുകൾ കൂട്ടത്തോടെ താഴ്വര വിടാൻ കാരണമായ സംഭവങ്ങളിലൊന്നായിരുന്നു സര്‍ള ഭട്ടിന്റെ കൊലപാതകം. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ പാകിസ്താൻ പിന്തുണയുള്ള സംഘടനകള്‍ പണ്ഡിറ്റുകളെ കൊലപ്പെടുത്തുകയും  ഉച്ചഭാഷിണികളിലൂടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ശ്രീനഗറിലെ സൗരയിലുള്ള ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സായിരുന്നു സർള. 1990 ഏപ്രില്‍ മാസം 18-ന് ഒരു കൂട്ടം ആയുധധാരികളായ തീവ്രവാദികള്‍ സര്‍ളയെ ഹബ്ബാ ഖാത്തൂണ്‍ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടുപോയി. പിറ്റേദിവസം മല്ലാബാഗിലെ ഉമര്‍ കോളനിയില്‍ വെടിയുണ്ടകള്‍ തുളച്ചുകയറി സര്‍ളയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 'പോലീസ് ഇന്‍ഫോര്‍മര്‍' എന്നെഴുതിയ ഒരു കുറിപ്പും മൃതദേഹത്തിനടുത്ത് ഉപേക്ഷിച്ചിരുന്നു.

സർളയുടെ മരണശേഷവും, സംസ്‌കാരചടങ്ങുകളില്‍ നിന്നുപോലും  കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി മാറ്റിനിർത്തി. പോലീസ് കേസെടുത്തെങ്കിലും പതിറ്റാണ്ടുകളോളം എങ്ങുമെത്താതെ കിടന്നു.

നിലവില്‍ ജമ്മുകശ്മീരിലെ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, സര്‍ളയുടെ കൊലപാതക കേസ് റീഓപ്പണ്‍ ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശ്രീനഗറിലെ എട്ടോളം പ്രദേശങ്ങളില്‍ അന്വേഷണസംഘം പരിശോധന ശക്തമാക്കി. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെങ്കിലും 'ഹീനമായ ഭീകരപ്രവര്‍ത്തനങ്ങളിലെ' കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ തീരുമാനമാണ്  ഈ പുതിയ ശ്രമങ്ങളെന്ന് ഏജന്‍സി പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sarla Bhat, a Kashmiri Pandit nurse, defied terrorists and was killed in 1990.