'സത്യഭാമയുടെ അധിക്ഷേപങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല'-ആര്‍.എല്‍.വി രാമകൃഷ്ണന്‍

ആര്‍.എല്‍.വി രാമകൃഷ്ണന്‍
ആര്‍.എല്‍.വി രാമകൃഷ്ണന്‍

ജാതിയുടെയുടേയും നിറത്തിന്റേയും പേരിലുള്ള അധിക്ഷപങ്ങളും അവഗണനകളും അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് ആര്‍.എല്‍.വി.രാമകൃഷ്ണന്‍ പറഞ്ഞു. ''മോഹിനിയാട്ട കലാകാരന്‍ എന്നനിലയിലും മനുഷ്യന്‍ എന്നനിലയിലും ഇത്തരം അവഹേളനങ്ങള്‍ക്കെതിരെ അവസാനശ്വാസം വരെ പ്രതികരിക്കും, നിലപാടുകളുടെ പേരില്‍ ജയിലില്‍ പോകാനും ഒരുക്കമാണ്. കലയും സാഹിത്യവുമെല്ലാം പുതിയ ചുവടുവെപ്പുകളുമായി മുന്നോട്ടുകുതിക്കുമ്പോള്‍, സമൂഹത്തിനുമൊത്തം അപമാനകരമാകുന്ന കാഴ്ച്ചപാടുകളും നിലപാടുകളും ഉയര്‍ത്തുന്നവര്‍ക്കെതിരെ ചോദ്യമുയര്‍ത്തുകതന്നെ വേണം'', രാമകൃഷ്ണന്‍ ഗൃഹലക്ഷ്മി ഓണ്‍ലൈനോട് പറഞ്ഞു.

''ചാലക്കുടിക്കാരനായ മോഹിയാട്ടക്കാരന്‍ എന്നുപറഞ്ഞാല്‍ ആരെയാണ് ഉദേശിച്ചതെന്ന് വ്യക്തമാണ്, കലാരംഗത്തേക്ക് ഇറങ്ങിയ തുടക്കത്തില്‍ ജാതിയുടേയും നിറത്തിന്റേയും പേരില്‍ പലതരം അവഗണനകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഒരുപാട് ചെറുത്തുനില്‍പ്പുകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും കൈവരിച്ച മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളായിവേണം നിറത്തിന്റെ പേരില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ കാണാന്‍,''മോഹിനിയാട്ട നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി.രാമകൃഷ്ണനെ നിറംപറഞ്ഞ് അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാമകൃഷ്ണന്‍. ഒരു യൂട്യൂബ് ചാനലിനുനല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദപരാമര്‍ശം. 

''സുന്ദരികളായ സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ പാടുള്ളൂ എന്ന വാദം അംഗീകരിക്കാനാകില്ല, മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള പുരുഷന്‍മാരുടെ സാധ്യത മുന്‍നിര്‍ത്തി സമര്‍പ്പിച്ച ഗവേഷണപ്രബന്ധത്തിനാണ് എനിക്ക് ഡോക്ടറേറ്റ് ലഭിച്ചത്. വ്യക്തിപരമായൊരു അധിക്ഷേപം മാത്രമായിട്ടല്ല ഇതിനെ കാണുന്നത്, മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള പുരുഷന്‍മാരുടെ സ്വാതന്ത്ര്യംകൂടി മുന്‍നിര്‍ത്തിയുള്ളതാണ് എന്റെ പ്രതിഷേധം'', രാമകൃഷ്ണന്‍ വിശദീകരിച്ചു.

ഫോട്ടോ: കെ.കെ.സന്തോഷ്‌

സത്യഭാമയുടെ അധിക്ഷേപങ്ങള്‍ ഇന്നും ഇന്നലയും തുടങ്ങിയതല്ലെന്ന് രാമകൃഷ്ണന്‍ പറയുന്നു. ''സി.സി.ആര്‍.ടി സീനിയര്‍ ഫെലോഷിപ്പിനായി ഞങ്ങള്‍ ഇരുവരും അപേക്ഷിച്ചിരുന്നു, അന്ന് എന്റെ പേപ്പറിന് അംഗീകാരം ലഭിച്ചപ്പോള്‍ സത്യഭാമ അസ്വസ്ഥയായി, 2016-ലെ സംസ്ഥാനസര്‍ക്കാറിന്റെ ടൂറിസം പരിപാടിയിലെ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന സത്യഭാമ തന്നെ, അപേക്ഷ മുന്‍നിര്‍ത്തി ഫോണില്‍ വിളിച്ചു കളിയാക്കി സംസാരിച്ചത് ഇന്നും മനസ്സിലുണ്ട്. എനിക്ക് സംഗീതനാടക അക്കാദമി പുരസ്‌ക്കാരം ലഭിച്ചതിലും സത്യഭാമയ്ക്ക് കനത്ത വിയോജിപ്പുണ്ടായിരുന്നു. കലാരംഗത്ത് തുടരുന്ന വര്‍ണ്ണവിവേചനം അവസാനിപ്പിച്ചേ മതിയാകൂ,'' സത്യഭാമയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ആര്‍.എല്‍.വി.രാമകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി വ്യക്തികളും സംഘടനകളും രംഗത്തുവന്നുകഴിഞ്ഞു.

എം.ജി. സര്‍വകലാശാലയില്‍ എം.എ. മോഹിനിയാട്ടം ഒന്നാംറാങ്കോടെ പാസ്സായ വ്യക്തിയാണ് ആല്‍.എല്‍.വി. രാമകൃഷ്ണന്‍. പിഎച്ച്ഡിയും 15-ഓളം വര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ട്. 

Content Highlights: rlv ramakrishnan's response on kalamandalam sathyabhama comment