‘എന്നോടൊപ്പം ജോലി ചെയ്യാൻ ആരും തയ്യാറായിരുന്നില്ല, അഭിനയമെന്ന സ്വപ്നം തന്നെ ഉപേക്ഷിക്കേണ്ടി വന്നു’

റിയ ചക്രബർത്തി | PTI
റിയ ചക്രബർത്തി | PTI

ഏകദേശം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി റിയ ചക്രബർത്തി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. സംവിധായകൻ ഹൻസൽ മേത്തയുടെ പുതിയ സീരീസിലൂടെയാണ് റിയയുടെ മടങ്ങിവരവ്. 2020 ജൂണിൽ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തും റിയയും 2019 മുതൽ ഡേറ്റിങ്ങിലായിരുന്നു. നടന്റെ മരണത്തെത്തുടർന്നുണ്ടായ നിയമപോരാട്ടങ്ങൾക്കും മാധ്യമങ്ങളുടെ വേട്ടയാടലുകൾക്കും ശേഷമാണ് റിയ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

താൻ പത്ത് വർഷത്തിലേറെയായി കൊണ്ടുനടന്ന അഭിനയമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ച് റിയ മനസ്സ് തുറന്നു. "അഭിനയം ഉപേക്ഷിക്കുക എന്നത് വലിയ പ്രയാസമായിരുന്നു. അതിനായി എനിക്ക് ഒട്ടേറെ തെറാപ്പി സെഷനുകൾ ആവശ്യമായി വന്നു. അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തേണ്ടി വന്നു," ഹിന്ദുസ്ഥാൻ ടൈംസിനോട് റിയ പറഞ്ഞു.

തുടക്കത്തിൽ പുതിയ സീരീസിലെ ഈ വേഷം വേണ്ടെന്ന് വെച്ചിരുന്നതായും അവർ വെളിപ്പെടുത്തി. "ഹൻസൽ സാറും എഴുത്തുകാരനും എന്നോട് ചോദിച്ചു എന്താണ് എന്നെ തടയുന്നതെന്ന്. ഞാൻ അഭിനയം നിർത്തിയെന്ന് അവരോട് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിച്ചു ഫലിപ്പിക്കുമോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും അതുകൊണ്ട് തന്നെ ഈ വേഷം ചെയ്യണമെന്നുമാണ് അവർ പറഞ്ഞത്. ഇപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒരു വലിയ ജീവിതം തന്നെ ഞാൻ ജീവിച്ചുതീർത്തു. ഇത് സൈക്കിൾ ചവിട്ടുന്നത് പോലെയാണ്, ഒരിക്കലും മറന്നുപോകില്ല."

2021-ൽ പുറത്തിറങ്ങിയ 'ചെഹ്‌രെ' ആയിരുന്നു റിയയുടെ അവസാന ചിത്രം. പിന്നീട് 'റോഡീസ്' പോലുള്ള റിയാലിറ്റി ഷോകളിൽ പങ്കെടുത്തുവെങ്കിലും സിനിമാ അഭിനയത്തിൽ നിന്ന് അവർ വിട്ടുനിൽക്കുകയായിരുന്നു. "ഈ ഇടവേള ഞാൻ സ്വയം തിരഞ്ഞെടുത്തതല്ല. വേദനയോടെയും അസ്വസ്ഥതയോടെയും എനിക്ക് ജീവിക്കേണ്ടി വന്നതാണ്. എന്റെ സുഹൃത്തുക്കളും കുടുംബവും കൂടെയില്ലായിരുന്നുവെങ്കിൽ എനിക്ക് ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമായിരുന്നില്ല," റിയ കൂട്ടിച്ചേർത്തു.

തന്നെ പിന്തുണച്ചതിന്റെ പേരിൽ നടി ഷിബാനിക്ക് പല ബ്രാൻഡ് കരാറുകളും നഷ്ടമായെന്നും അത് താൻ വളരെ വൈകിയാണ് അറിഞ്ഞതെന്നും റിയ പറഞ്ഞു. "മനുഷ്യന്റെ ഏറ്റവും മോശം വശവും ഏറ്റവും മനോഹരമായ വശവും ഞാൻ ഈ കാലയളവിൽ കണ്ടു. സോഷ്യൽ മീഡിയ യഥാർത്ഥ ജീവിതമല്ല. അത് നിങ്ങളെ ആര് സ്നേഹിക്കണം എന്ന് തീരുമാനിക്കുന്ന ഒന്നല്ല."

പ്രണയത്തെക്കുറിച്ച് ഇപ്പോഴും റിയയ്ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. തെറാപ്പി തന്റെ ജീവൻ രക്ഷിച്ചു എന്നും ജീവിതം തന്നെ എവിടെ എത്തിച്ചാലും പ്രണയത്തിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെടില്ലെന്നും താരം പറഞ്ഞു. 
നിലവിൽ അഭിനയത്തിന് പുറമെ സ്വന്തം ബിസിനസ്സ് കാര്യങ്ങളിലും റിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rhea Chakraborty makes a comeback to acting after a 7-year hiatus. She opens up about the pain of giving up her dream and finding strength to return.