ഗാന്ധിജിയ്ക്ക് ആരായിരുന്നു സൊരള?

ദക്ഷിണാഫ്രിക്കന്‍ ജീവിതം ഗാന്ധിജിക്ക് ആഴമേറിയ ഒരു സൗഹൃദം സമ്മാനിച്ചു. ജര്‍മ്മന്‍ വംശജനും ആര്‍ക്കിടെക്റ്റുമായ ഹെര്‍മന്‍ കല്ലന്‍ബാഷുമായുള്ള ആ സൗഹൃദത്തിന് ഗാന്ധിജി ഏറെ മൂല്യം നല്‍കി. അതിസമ്പന്നനായ കല്ലന്‍ബാഷ് സംഭാവന ചെയ്ത ആയിരം ഏക്കര്‍ ഭൂമിയിലാണ് ഗാന്ധിജി ടോല്‍സ്‌റ്റോയ് ഫാം സ്ഥാപിച്ചത്. സത്യാഗ്രഹത്തെ സമരരൂപമായി ആവിഷ്‌കരിക്കുന്നകാലത്ത് അദ്ദേഹത്തിനൊപ്പം സന്തതസഹചാരിയായി കല്ലന്‍ബാഷ് ഉണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിവന്ന ശേഷം അവരിരുവരും കത്തുകളിലൂടെ സൗഹൃദം തുടര്‍ന്നു. അക്കൂട്ടത്തില്‍ ഒരു കത്തില്‍ ഗാന്ധിജി കൊല്‍ക്കത്തക്കാരിയായ ഒരു സ്ത്രീയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. സൊരളാ ദേബി ചൗധരാണി എന്നായിരുന്നു അവരുടെ പേര്. തന്റെ ആത്മീയ പത്‌നി അഥവാ സ്പിരിച്വല്‍ വൈഫ് എന്ന വിശേഷണമാണ് കത്തില്‍ ഗാന്ധിജി അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഗാന്ധിയും സൊരളാ ദേബിയും തമ്മിലുള്ള ബന്ധത്തിന് പല വ്യാഖ്യാനങ്ങള്‍ ഉയരുകയും സബര്‍മതിയിലും കസ്തൂര്‍ബയുടെ മനസ്സിലും ആ വ്യാഖ്യാനങ്ങള്‍ വിഹ്വലതകള്‍ ഉയര്‍ത്തുകയും ചെയ്ത കാലത്താണ് അദ്ദേഹം കല്ലന്‍ബാഷിന് ഈ കത്ത് അയക്കുന്നത്.
ആരായിരുന്നു സൊരള ദേബി
1872 സെപ്റ്റംബര്‍ 9ന് ബംഗാളിലെ വരേണ്യ കുടുംബത്തിലായിരുന്നു സൊരള ദേബി ഗോശാലിന്റെ ജനനം. വിഖ്യാത എഴുത്തുകാരിയും രബീന്ദ്രനാഥ ടാഗോറിന്റെ സഹോദരിയുമായ സ്വര്‍ണ കുമാരി ദേബിയുടെയും ബംഗാള്‍ കോണ്‍ഗ്രസിന്റെ ആദ്യകാല സെക്രട്ടറിമാരില്‍ ഒരാളായ ജാനകി നാഥ് ഗോശാലിന്റെയും മകള്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത് സൊരള സാഹിത്യവും ഭൗതിക ശാസ്ത്രവും പഠിച്ചു. ആണ്‍കൂട്ടങ്ങള്‍ക്കിടയിലെ ഏക വിദ്യാര്‍ഥിനിയായിരുന്നു അവര്‍.
ശാസ്ത്രവും സാഹിത്യവും സൊരളയ്ക്ക് പരിചിത വിഷയങ്ങളായി. ചരിത്രത്തില്‍ അവര്‍ ആഴത്തിലുള്ള അറിവ് നേടി. ചരിത്രബോധം വ്യവസ്ഥിതിയെ തിരുത്താനുള്ള ധൈര്യമേകി. സമര്‍ഥയായ ആ പെണ്‍കുട്ടി വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തകയായി വളര്‍ന്നു. 1910-ല്‍ അലഹബാദില്‍ ഭാരത് സ്ത്രീ മഹാമണ്ഡല്‍ എന്ന പ്രസ്ഥാനത്തിന് സൊരള തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യ വനിതാ സംഘടനയാണത്. സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബംഗാളിന്റെ പലഭാഗങ്ങളില്‍ അവര്‍ വിധവാ ഗൃഹങ്ങള്‍ സ്ഥാപിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ സ്വര്‍ണമെഡലോടെ ബി.എ.പാസായ സൊരള ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. സമ്പന്ന കുടുംബാംഗമായിരുന്നിട്ടും അവര്‍ സ്വന്തമായൊരു തൊഴില്‍ തേടി. സ്ത്രീകള്‍ക്ക് തൊഴില്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്തയില്‍ കരകൗശല വിപണനകേന്ദ്രവും തുടങ്ങി. കുറച്ചുകാലം മൈസൂരില്‍ അധ്യാപികയായി ജോലിനോക്കി. സ്ത്രീ സ്വന്തമായി വരുമാനം നേടേണ്ടതുണ്ടെന്ന് സ്വന്തം ജീവിതംകൊണ്ട് പഠിപ്പിക്കുകയായിരുന്നു അവര്‍. കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയ ശേഷം അവര്‍ പത്രപ്രവര്‍ത്തകയായി. അമ്മയ്ക്കും സഹോദരി ഹിരണ്‍മൊയിക്കുമൊപ്പം ഭാരതി പത്രിക എന്ന ബംഗാളി ജേണലില്‍ ലേഖനങ്ങളെഴുതി. സൊരള തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന സൊരളയാണ് വന്ദേമാതരത്തിന് ഈണമിട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളന വേദിയില്‍ അവര്‍ ദേശീയ ഗീതം ആലപിക്കുകയുമുണ്ടായി.
പഞ്ചാബിലേക്ക്
1905ലായിരുന്നു സൊരളയുടെ വിവാഹം. അഭിഭാഷകനും ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ രാംഭുജ് ദത്ത് ചൗധരിയുടെ ജീവിതപങ്കാളിയായി. വിവാഹശേഷം കൊല്‍ക്കത്തയില്‍ നിന്ന് സൊരള പഞ്ചാബിലേക്കെത്തി. ഉര്‍ദു വാരികയായ ഹിന്ദുസ്ഥാന്റെ പ്രസാധനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹായിയായി. നിസ്സഹരണ പ്രസ്ഥാനം ശക്തിപ്രാപിച്ച കാലമായിരുന്നു അത്. രാം ഭുജ് ചൗധരി അറസ്റ്റിലായി. ഈ വേളയില്‍ മഹാത്മാഗാന്ധി ലാഹോറിലെ അവരുടെ വീട് സന്ദര്‍ശിച്ചു.
അവര്‍ തമ്മില്‍ കാണുന്നത് അതാദ്യമായായിരുന്നില്ല. 1901 തന്റെ പിതാവിനൊപ്പമാണ് സൊരള ആദ്യമായി ഗാന്ധിജിയെ കാണുന്നത്. എങ്കിലും ലാഹോറിലെ കൂടിക്കാഴ്ച ഗാഢമായൊരു ആത്മബന്ധത്തിന് തുടക്കമിട്ടു. സൊരളാ ദേബിയുടെ ബുദ്ധിശക്തിയും വാക്ചാതുരിയും ഗാന്ധിയെ ആകര്‍ഷിച്ചു. പില്‍ക്കാലത്ത് പ്രസംഗങ്ങളിലും ജേണലുകളിലും ഗാന്ധി അവരുടെ വരികള്‍ പരാമര്‍ശിച്ചുതുടങ്ങി. ദേശീയപ്രപസ്ഥാനത്തിന്റെ ഭാഗമായി സൊരള ഗാന്ധിക്കൊപ്പം ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. പരസ്പര ആരാധനയില്‍ ഉറച്ച ബന്ധമായിരുന്നു അത്.
കത്തുകളിലൂടെ
തമ്മില്‍ കാണാതിരുന്ന നാളുകളില്‍ അവര്‍ കത്തുകളിലൂടെ പരസ്പരം സംസാരിച്ചു. ഒരിക്കല്‍ സൊരളയ്‌ക്കെഴുതിയ കത്തില്‍ ഗാന്ധി ഇങ്ങനെ കുറിച്ചു:
നിങ്ങള്‍ എന്നെ ഉറക്കത്തില്‍പോലും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. പണ്ഡിറ്റ് ജി നിങ്ങളെ ഇന്ത്യയുടെ ശക്തി എന്ന് വിശേഷിപ്പിച്ചതില്‍ അതിശയോക്തിയേതുമില്ല. നിങ്ങളുടെ മാന്ത്രികത അദ്ദേഹം അറിഞ്ഞിട്ടുണ്ടാകാനിട. ആ മായാജാലം ഞാനിപ്പോള്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
കത്തുകളില്‍ ഗാന്ധിജി അവരെ ദേബി എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.
ആത്മീയ വിവാഹം
ദേശീയപ്രസ്ഥാനത്തിലേക്കുള്ള സൊരളാ ദേബിയുടെ വരവിനെ ഗാന്ധിജി ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സത്യാഗ്രഹത്തിന്റെ ആശയങ്ങളെ തനിമയോടെ അവര്‍ ഉള്‍ക്കൊണ്ടു. സബര്‍മതി ആശ്രമത്തിലെ മറ്റ് വനിതകളേക്കാളും കസ്തൂര്‍ബാ ഗാന്ധിയെക്കാളും മുമ്പ് അവര്‍ ഖാദിയണിഞ്ഞു. അതിമനോഹരമായ കവിതകള്‍ കുറിച്ചു. ഗാന്ധിക്ക് അവരോടുള്ള ആരാധന വളര്‍ന്നു. ശരീരത്തിന് പങ്കില്ലാത്ത പൂര്‍ണമായ ആത്മീയബന്ധമായി തങ്ങള്‍ക്കിടയിലെ അടുപ്പത്തെ വളര്‍ത്തിയെടുക്കണമെന്ന് ഗാന്ധി ആഗ്രഹിച്ചു. അത് തന്റെ ആത്മീയമായ വിവാഹമായിരിക്കുമെന്നും ഇന്ത്യയ്ക്കായി താന്‍ കണ്ട സ്വപ്നങ്ങളിലേക്ക് എത്തിച്ചേരാന്‍ അതില്‍ നിന്നുള്ള ഊര്‍ജം ബലമേകുമെന്നും അദ്ദേഹം കരുതി.
സബര്‍മതിയിലെ ചര്‍ച്ചാവിഷയം
സൊരളാ ദേബിയുമായുള്ള ബന്ധം സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളില്‍ നിന്നും ആശയ നിര്‍മാണങ്ങളില്‍ നിന്നും ഗാന്ധിയെ വ്യതിചലിപ്പിക്കുമെന്ന് രാജാജി ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പെട്ടു. അക്കാരണത്താല്‍ ആ ബന്ധം അവസാനിപ്പിക്കണമെന്ന് രാജാജി ഗാന്ധിയോട് ആവശ്യപ്പെട്ടുകപോലുമുണ്ടായി. ഗാന്ധിക്കും സൊരളയ്ക്കുമിടയിലെ ഇഴയടുപ്പം കസ്തൂര്‍ബാ ഗാന്ധിയേയും അലോസരപ്പെടുത്തിയതായി പറയപ്പെടുന്നു. സബര്‍മതി ആശ്രമത്തിലും സൊരള പലപ്പോഴും ചര്‍ച്ചാവിഷയമായി.
മനുഷ്യ സഹജവും ധീരതനിറഞ്ഞതും എന്നാണ് പില്‍ക്കാലത്ത് ഗാന്ധിജിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി ആ ബന്ധത്തെ വിശേഷിപ്പിച്ചത്. അതേ സമയം ആ ബന്ധം സങ്കടകരമായിരുന്നെന്നും അദ്ദേഹം പറയുന്നു. കസ്തൂര്‍ബയുടെയും സൊരളയുടെ ഭര്‍ത്താവ് രാം ഭുജ് ദത്തിന്റെയും വീക്ഷണകോണില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്.
എതിര്‍ക്കുന്ന പ്രകൃതം
സാമൂഹ്യമായ ഉത്തരരവാദിത്തങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാത്ത പ്രകൃതമായിരുന്നു സൊരളയുടേത്. എതിര്‍പ്പുകള്‍ അവര്‍ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും ഒരുപോലെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. സത്യാഗ്രഹത്തില്‍ ഗാന്ധിയുടെ ആശയങ്ങള്‍ അവര്‍ ഉള്‍ക്കൊണ്ടുവെങ്കിലും അഹിംസ എന്ന നിലപാടുമായി അവര്‍ക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളോടായിരുന്നു അവര്‍ക്ക് ചായ്‌വ്. ഗാന്ധിയും സൊരളാ ദേബിയും പങ്കിട്ട ബന്ധത്തിന്റെ വ്യാപ്തി പില്‍ക്കാല ലോകം മനസ്സിലാക്കിയത് ചരിത്രകാരന്മാരുടെ പക്കല്‍ എത്തിച്ചേര്‍ന്ന കത്തുകളില്‍ നിന്നാണ്. അവര്‍ കൈമാറിയ കത്തുകളില്‍ ചിലതു മാത്രമാണ് അവശേഷിച്ചതെങ്കിലും അതില്‍ നിന്നുതന്നെ തീവ്രമായ ആ ആത്മബന്ധത്തിന്റെ ഏടുകള്‍ വായിച്ചെടുക്കാനാകും.
ഗാന്ധിയുടെയും സൊരളയുടെയും ആത്മബന്ധത്തെ ആസ്പദമാക്കി മദ്രാസ് സര്‍വകലാശാല മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ പി.എം.ഗിരീഷ് സൊരള എന്ന പേരില്‍ ഒരു നാനോ നോവല്‍ രചിച്ചിട്ടുണ്ട്. അതില്‍ സൊരളയുടേതായ ചില വരികള്‍ എഴുത്തുകാരന്‍ കുറിച്ചിട്ടുണ്ട്. ഗാന്ധിയെപ്പറ്റിയാണ്... അതിങ്ങനെയാണ്...
അങ്ങാണ് എന്റെ പദാവലികള്‍ മാറ്റിയത്. സ്പര്‍ശം മാറ്റിയത്. എന്റെ നോട്ടങ്ങളുടെ അളവുകള്‍ നിശ്ചയിച്ചത്. എന്റെ തന്റേടങ്ങളുടെ ഭാഷ കുഴമറിച്ചത്. മാന്യമോ അമാന്യമോ എന്നൊന്നും നോക്കാതെ ആണുങ്ങള്‍ പറയുന്നതെന്തിനെയും വക്കടികള്‍ കൊണ്ട് അട്ടിമറിക്കാറുള്ള എന്റെ അഹന്തയുടെ ഉച്ചശൃംഖലയില്‍ നിന്ന് ലോലമായ മണ്ണിലേക്ക്, കനിവിന്റെ ഇഴകള്‍ച്ചേര്‍ത്ത പ്രണയപദാവലിയിലേക്ക് അങ്ങ് എന്നെ നയിച്ചു. ഞാന്‍ ആ ആത്മനിഘണ്ടു വായിച്ചുകൊണ്ടേയിരിക്കുന്നു.
കൊഴിയാത്ത ഇല പോലെ
സൊരളാ ദേബിയുടെ ഏക മകന്‍ ദീപക്, ഗാന്ധിയുടെ പേരക്കുട്ടി രാധയെയാണ് വിവാഹംകഴിച്ചത്. 1923-ല്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് സൊരളാ ദേബി കൊല്‍ക്കത്തയിലേക്ക് മടങ്ങിവന്നു. ഭാരതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവര്‍ വീണ്ടും സജീവമായി. 1930-ല്‍ അവര്‍ കൊല്‍ക്കത്തയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു വിദ്യാലയം തുറന്നു. 1935-ല്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവധിയെടുത്ത് ആത്മീയജീവിതധാര പിന്തുടര്‍ന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും അവര്‍ പാണ്ഡിത്യം നേടി. ദ സ്‌കാറ്റേഡ് ലീവ്‌സ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ അവര്‍ രചിച്ചിട്ടുണ്ട്. 1945ലായിരുന്നു സൊരളാ ദേബിയുടെ മരണം.
Content Highlights: relation between Mahatma Gandhi and Sarala Devi Chaudhurani