'ഉണ്ണീശോയേയും ആട്ടിടയൻമാരെയും പുൽക്കൂട്ടിൽ കിടത്തി അതിനുതാഴെ ഞങ്ങൾ കുട്ടികളും കിടന്നുറങ്ങും'

റാണി ടോമി / instagram
റാണി ടോമി / instagram

സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ആരാധകരെ സൃഷ്ടിക്കുകയാണ് ഗായിക റിമി ടോമിയുടെ അമ്മയായ റാണി ടോമി. നിഷ്‌കളങ്കമായ തന്റെ സംസാരശൈലിയും എനർജിയുമാണ് അവരെ വേറിട്ടുനിർത്തുന്നത്. പാലായിൽ ജനിച്ചു വളർന്ന റാണിക്ക് ക്രിസ്മസ് ആഘോഷങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. അതേ ആവേശത്തോടെ തന്നെ തന്റെ ഓർമകളിലെ ക്രിസ്മസ് കാലങ്ങളെക്കുറിച്ച് വാചാലയാവുകയാണ് അവർ.

'ക്രിസ്മസ് എപ്പോഴും നല്ലൊരു ഓർമ്മയാണ്. ഉണ്ണിയേശു പിറക്കുന്ന ദിവസമാണല്ലോ. എല്ലാവർഷവും പുൽക്കൂട് കെട്ടി, കിസ്മസ് പാട്ടുകൾ പാടും. അപ്പവും ഉണ്ടാക്കും. എല്ലാ ക്രിസ്മസിനും ഈസ്റ്ററിനും ഓണത്തിനും ഞാൻ തന്നെയാണ് വീട്ടിൽ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്. അത് എനിക്ക് സന്തോഷമാണ്. മക്കൾക്കെല്ലാം എന്റെ അപ്പവും ചിക്കൻ കറിയും ബീഫ് കറിയും ഒക്കെ ഒരുപാട് ഇഷ്ടമാണ്. ഭർത്താവിന്റെ അമ്മയിൽ നിന്നാണ് പാചകം പഠിച്ചത്. ആ കൈപ്പുണ്യം മക്കളടക്കം വീട്ടിലെല്ലാവർക്കും കിട്ടിയിട്ടുമുണ്ട്. ഒരുപാട് കൂട്ടം കറികൾ ഞാൻ ഒറ്റയ്ക്ക് ഉണ്ടാക്കും. കള്ളപ്പം, ബീഫ് കറി, ചിക്കൻ റോസ്റ്റ്, പുളിശ്ശേരി, തേങ്ങാക്കൊത്തിട്ട് മീൻ വറ്റിച്ചത്, പ്ലം കേക്ക് ഇതൊക്കെയാണ് ക്രിസ്മസിന്റെ സ്‌പെഷ്യൽ വിഭവങ്ങൾ.'

ക്രിസ്മസ് രുചികളുടെ ഓർമകളോടൊപ്പം തന്നെ തന്റെ കുട്ടിക്കാലവും അവരുടെ മനസിലേക്കെത്തി. 'ചെറുപ്പകാലത്തെ ക്രിസ്മസ് എന്നുപറയുമ്പോൾ അന്ന് അടുത്തടുത്ത് ഒരുപാട് വീടുകൾ ഉണ്ട്. ഒരുപാട് കൂട്ടുകാരുമുണ്ട്. ഞങ്ങളെല്ലാവരും കൂടി ചേർന്ന് ചെറുതാണെങ്കിലും ഓരോ വീട്ടിലും ഓരോ പുൽക്കൂട് വീതം ഉണ്ടാക്കും. പുൽക്കൂട് കെട്ടാൻ ഈന്തലിന്റെ ഇലയും പൂൽക്കൂടിനായുള്ള പുല്ലും തേടി ഒരുപാടലഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം പോകുന്നത് വളരെ രസമാണ്.

വീട്ടിൽ എല്ലാവരും ഒത്തുകൂടുന്നതും ഇങ്ങനെയുള്ള ദിവസങ്ങളിലാണല്ലോ. അതുപോലെ പുൽക്കൂട് കെട്ടി ഉണ്ണീശോയേയും ആട്ടിടയൻമാരെയും മാതാവിനെയുമൊക്കെ വാങ്ങി പൂൽക്കൂട്ടിൽ കിടത്തി അതിനു താഴെ പുല്ലിൽ ഞങ്ങൾ കുട്ടികളും കിടന്നുറങ്ങും. ക്രിസ്മസ് രാവുകളിൽ നല്ല തണുപ്പല്ലേ, അറിയാതെ ഉറങ്ങിപ്പോവും. ഇന്നാലോചിക്കുമ്പോൾ എന്തു മനോഹരമാണതൊക്കെ. ആശംസ കാർഡുകളും ഒക്കെ ഉണ്ടാക്കുമായിരുന്നു.'

'അന്ന് പാതിരാകുർബാനയ്ക്കുപോകുന്നതും ആവേശമായിരുന്നു. കാരണം അതുകഴിഞ്ഞു വരുമ്പോഴേക്കും നല്ല അപ്പവും ഇറച്ചിക്കറിയും വീട്ടിൽ തയ്യാറാക്കി വെച്ചിട്ടുണ്ടാവും. അന്നൊക്കെ എല്ലാദിവസവും കിട്ടുന്ന ഒന്നല്ലല്ലോ ഇത്തരത്തിലുള്ള ഭക്ഷണം. ഇന്ന് കരോളുമായി തൊട്ടടുത്തുള്ള കുട്ടികളൊക്കെ വീട്ടിലേക്ക് വരും. അവർക്കു വേണ്ടി നേരത്തെ തന്നെ ഞാൻ കേക്ക് ഉണ്ടാക്കി വെക്കും. വരുമ്പോൾ എടുത്തു കൊടുക്കും. തിരിച്ചുപോയി അത് കഴിക്കാൻ വീണ്ടും അവർ വരും. കുട്ടികളെ എനിക്ക് അന്നും അന്നും വളരെ ഇഷ്ടമാണ്' റാണി പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Rani Tomy`s heartwarming Christmas memories and culinary traditions. From childhood festivities to special festive dishes, get a taste of her nostalgic holiday tales.