അന്ന് പാകിസ്താന്‍ പിടികൂടിയെന്ന് അവകാശപ്പെട്ട വനിതാ റഫാല്‍ പൈലറ്റ്; ഇന്ന് രാഷ്ട്രപതിക്കൊപ്പം ശിവാംഗി സിങ്

ഹരിയാനയിലെ അംബാല എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറക്കല്‍ നടത്തിയത് വാര്‍ത്തയായിരുന്നു. ഈ ചരിത്രമുഹൂര്‍ത്തത്തിന് പിന്നാലെ വിവിധ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള രാഷ്ട്രപതിയുടെ ഫോട്ടോകളും പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ഏക വനിതാ റഫാല്‍ പൈലറ്റായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിങ്ങുമായുള്ള ഫോട്ടോയും അതിനൊപ്പം ഉണ്ടായിരുന്നു. പാകിസ്താന്‍ പടച്ചുവിട്ട കള്ളക്കഥകളെ പൊളിച്ചെഴുതുന്നതാണ് ഈ ഫോട്ടോ. ആരാണ് ഈ ശിവാംഗി സിങ്?
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജനിച്ച ശിവാംഗി സിങ്ങിന്, കുട്ടിക്കാലത്ത് ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്‌സ് മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് പറക്കലിനോട് താല്‍പ്പര്യം ജനിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ (ബിഎച്ച്യു) നിന്ന് ബിരുദം നേടിയ അവര്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) എയര്‍ വിങ്ങിന്റെ ഭാഗമായിരുന്നു. ഇത് ഇന്ത്യന്‍ വ്യോമസേനയിലെ ഒരു കരിയറിലേക്ക് അവരെ നയിച്ചു. അങ്ങനെ അവര്‍ ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ (എഎഫ്എ) ചേര്‍ന്നു.
അവിടെ അവര്‍ കഠിനമായ പരിശീലനം നേടുകയും വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിന്റെ ഭാഗമായി 2017-ല്‍ ഐഎഎഫില്‍ കമ്മീഷന്‍ ചെയ്യപ്പെടുകയും ചെയ്തു. 2020-ല്‍ ഐഎഎഫിന്റെ റഫാല്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, സങ്കീര്‍ണ്ണവും അതിവേഗ വിമാനവുമായ മിഗ്-21 ബൈസണിലായിരുന്നു ശിവാംഗി തന്റെ ഫ്‌ളൈയിങ് കരിയര്‍ ആരംഭിച്ചത്.
നിലവില്‍ ഐഎഎഫിന്റെ ആദ്യത്തെ റഫാല്‍ യൂണിറ്റായ അംബാലയിലെ 17 സ്‌ക്വാഡ്രണ്‍ 'ഗോള്‍ഡന്‍ ആരോസി'ലാണ് അവര്‍ സേവനമനുഷ്ഠിക്കുന്നത്. ഫ്രാന്‍സില്‍ നടന്ന എക്‌സര്‍സൈസ് ഓറിയോണ്‍ 2023 ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സൈനികാഭ്യാസങ്ങളില്‍ അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാക്ക്, നിയന്ത്രണ രേഖ (എല്‍ഒസി) എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലകളിലും ഇവര്‍ ഓപ്പറേഷന്‍ പറക്കലുകള്‍ നടത്തിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയായ 'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് ശിവാംഗി സിങ്ങിനെ പിടികൂടിയതായി പാകിസ്താന്‍ വ്യാപകമായി നുണപ്രചാരണങ്ങള്‍ നടത്തിയിരുന്നു. യുദ്ധവിമാനം വെടിവെച്ചിട്ട് പിടികൂടിയെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ഇന്ത്യ അന്നു തന്നെ സ്ഥിരീകരിച്ചിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് രാഷ്ട്രപതിക്കൊപ്പം ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശിവാംഗി സിങ്. കഴിഞ്ഞദിവസം രാഷ്ട്രപതി സഞ്ചരിച്ച റഫാല്‍ വിമാനം പറത്തിയവരില്‍ ഒരാള്‍ ശിവാംഗിയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: president droupadi murmu met squadron leader shivangi singh, india`s sole woman rafale pilot, at ambala air force station. learn about her inspiring journey and breaking pakistani propaganda.