സല്‍മാന്‍ ഖാനുമായുള്ള ബന്ധം, പണത്തിനുവേണ്ടി അധോലോകത്തിന്റെ ഭീഷണി; പ്രീതി സിന്റയുടെ കഥ

ബോളിവുഡിലെ എവര്‍ഗ്രീന്‍ താരമാണ് പ്രീതി സിന്റ. വിവാഹശേഷം അമേരിക്കയില്‍ താമസമാക്കിയ പ്രീതിയുടെ പ്രശസ്തിക്ക് ഇന്നും കോട്ടമൊന്നുമില്ല. കരിയറിലെന്നും അപവാദങ്ങളും ഭീഷണികളും നേരിട്ടിട്ടുണ്ട് പ്രീതി. അതിനെയെല്ലാം ധീരമായി നേരിടുകയും ചെയ്തു അവര്‍. ശക്തമായ തീരുമാനങ്ങളും നിലപാടുകളുമാണ് പ്രീതിയെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്നത്. പലരും പേടിച്ചു പിന്‍മാറിയപ്പോഴും പ്രീതി മുട്ടുമടക്കിയില്ല.
മുംബൈ അധോലോകത്തിനെതിരെ ശക്തമായ നിലപാട് എടുത്തതാണ് അവയിലേറ്റവും പ്രധാനമായത്. 'ചോരി ചോരി ചുപ്‌കെ ചുപ്‌കെ' എന്ന സിനിമയ്ക്കിടയിലായിരുന്നു സംഭവം. സിനിമയുടെ റിലീസിന് പിന്നാലെ നിര്‍മാതാക്കളായ ഭരത് ഷാ, നസീം റിസ്വി എന്നിവര്‍ അറസ്റ്റിലായി. സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അധോലോകത്തിന്റെ ഭീഷണിയിലും സമ്മര്‍ദത്തിലും പുറത്തിറക്കിയ സിനിമയായിരുന്നുവതെന്ന് പിന്നീട് തെളിഞ്ഞു. അധോലോകതലവന്‍ ഛോട്ടാ ഷക്കീലാണ് സിനിമയ്ക്കായി പണമിറക്കിയത്. സല്‍മാന്‍ ഖാന്‍ സിനിമയില്‍ അഭിനയിക്കണമെന്നും ലാഭവീതം കിട്ടണമെന്നുമുള്ള ഡിമാന്റിന്‍മേലായിരുന്നുവത്രേ ഛോട്ടാ ഷക്കീല്‍ സിനിമയുടെ ഭാഗമായത്.
ഷൂട്ടിങ്ങിനിടെയും അല്ലാതെയും അധോലോകത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് പ്രീതി സിന്റയും സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളും സംവിധായകന്‍ രാകേഷ് റോഷനും വെളിപ്പെടുത്തി. അതിനിടെ രാകേഷ് റോഷന് വെടിയേല്‍ക്കുകയും ചെയ്തു. കേസ് കോടതിയിലെത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മാറിയത്.
പലരും തങ്ങളുടെ നിലപാടില്‍നിന്ന് പിന്നോട്ടുപോയി. രാകേഷ് റോഷനും സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ആദ്യം നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞു. എന്നാല്‍, പ്രീതി അതിന തയ്യാറായില്ല. കോടതിയിലും തന്റെ മൊഴിയില്‍ അവര്‍ ഉറച്ചുനിന്നു. 50 ലക്ഷം ആവശ്യപ്പെട്ട് തനിക്ക് നിരന്തരം കോളുകള്‍ വന്നിരുന്നുവെന്നും പ്രീതി കോടതിയില്‍ വെളിപ്പെടുത്തി. നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസില്‍ പ്രോസിക്യൂഷനെ സഹായിച്ചത് പ്രീതിയുടെ മൊഴിയാണ്. അധോലോകത്തിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ പ്രീതിയെ അന്ന് ഒട്ടേറെ പേര്‍ പ്രശംസിച്ചു. ജീവന് ഭീഷണിയുള്ളതിനാല്‍ അവരുടെ സുരക്ഷയ്ക്കായി പോലീസ് സേനയെയും നിയോഗിച്ചു.
അതിനെക്കുറിച്ച് പിന്നീടവര്‍ വിശദീകരിച്ചിട്ടുണ്ട്. ''എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പിക്കുന്ന അധ്യായമാണത്. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഒരു മോശം അന്തരീക്ഷമായിരുന്നു. സെറ്റിലും ആ പേടി പലപ്പോഴും കണ്ടു. അതേസമയത്തുതന്നെയാണ് രാകേഷ് റോഷന് വെടിയേല്‍ക്കുന്നതും. അതോടെ സെറ്റിലുള്ളവരെല്ലാം മൊബൈല്‍ ഓഫ് ചെയ്തിടാന്‍ തുടങ്ങി. ഭീഷണിപ്പെടുത്തുന്ന കോളുകള്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്ന ഭയം തന്നെയായിരുന്നു അതിനുപിന്നില്‍. എന്നിട്ടും എനിക്ക് കോളുകള്‍ വന്നുകൊണ്ടേയിരുന്നു. പണം തന്നെയായിരുന്നു വിളിക്കുന്നവരുടെ ആവശ്യം''.
ഏകദേശം അതേ സമയത്തുതന്നെയാണ് ചില മാധ്യമങ്ങള്‍ ഒരു ഓഡിയോ ടേപ്പ് പുറത്തുവിടുന്നത്. ഐശ്വര്യ റായും സല്‍മാന്‍ ഖാനും തമ്മിലുള്ള ഫോണ്‍സംഭാഷണമായിരുന്നുവത്. അതില്‍ പ്രീതിയുമായി തനിക്കുള്ള ബന്ധം സല്‍മാന്‍ ഐശ്വര്യയോട് തുറന്നുസമ്മതിക്കുന്നുമുണ്ട്. ടേപ്പ് പുറത്തുവന്നപ്പോള്‍ സല്‍മാന്‍ മൗനംപാലിച്ചു. എന്നാല്‍ പ്രീതി മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ആ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞു.
തന്റെ ബോയ്ഫ്രണ്ടും പഞ്ചാബ് കിങ്‌സ് സഹ-ഉടമയുമായ നെസ് വാദിയയ്‌ക്കെതിരെ പ്രീതി 2014-ല്‍ കേസ് കൊടുത്തപ്പോള്‍ എല്ലാവരും ഞെട്ടി. മോശമായി സ്പര്‍ശിച്ചു, പൊതുവിടത്തില്‍ അപമാനിച്ചു എന്നായിരുന്നു പ്രീതിയുടെ പരാതി. ആദ്യമൊക്കെ വാദിയ ഇതെല്ലാം നിഷേധിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം വാദിയ, പ്രീതിയോട് മാപ്പ് പറഞ്ഞു. അങ്ങനെയാണ് ആ കേസ് പിന്‍വലിക്കുന്നത്.
താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളാണ് തന്നെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രീതി അഭിമുഖങ്ങളില്‍ പറയാറുണ്ട്. ആര്‍മിയിലായിരുന്നു അച്ഛന്‍. അത്രയും അച്ചടക്കത്തോടെയാണ് മാതാപിതാക്കള്‍ പ്രീതിയെയും സഹോദരങ്ങളെയും വളര്‍ത്തിയത്. എന്നാല്‍, പ്രീതിക്ക് 13 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഒരപകടത്തില്‍ മരിച്ചു. ഗുരുതരപരിക്കേറ്റ അമ്മ കിടപ്പിലായി. അതോടെ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കേണ്ട സാഹചര്യമുണ്ടായി. പന്ത്രണ്ടും പതിനാലും വയസ്സുള്ള സഹോദരന്‍മാര്‍ക്ക് അന്ന് വഴികാട്ടിയായതും പ്രീതി തന്നെ. അതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നും അവര്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
'ദില്‍ സേ'യിലൂടെയാണ് പ്രീതി സിനിമയിലെത്തിയത്. പിന്നീട് കല്‍ ഹോ ന ഹോ, വീര്‍ സറ, സലാം നമസ്‌തെ, കോയി മില്‍ ഗയാ, സോള്‍ജ്യര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ തന്റെ സ്ഥാനമുറപ്പിച്ചു. 'ലഹോര്‍ 1947' എന്ന സിനിമയിലൂടെ തിരിച്ചുവരാനിരിക്കുകയാണ് പ്രീതി.
Content Highlights: preity zinta scandal with salman khan to blackmailing by underworld